Friday, 20 Dec 2024
AstroG.in

ഒരു വര്‍ഷത്തെ ഏകാദശി ആചരണം ഈ ഏകാദശി മുതൽ തുടങ്ങണം

ഡോ രാജേഷ് പുല്ലാട്ടിൽ

വിഷ്ണുപ്രീതി നേടാനുള്ള ഏറ്റവും ശ്രേഷ്ഠമായ വ്രതാനുഷ്ഠാനമാണ് ഏകാദശി. കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും വരുന്ന പതിനൊന്നാമത്തെ തിഥിയാണിത്. കൃഷ്ണപക്ഷ ഏകാദശി പിതൃപ്രീതിയും ശുക്ലപക്ഷ ഏകാദശി ദേവപ്രീതിയും നല്‍കും. വിഷ്ണുഭഗവാനെ മുരാസുരന്റെ ഉപദ്രവത്തില്‍ നിന്നും രക്ഷിച്ച ദേവിയാണ് ഏകാദശി. അസുരനുമായുള്ള യുദ്ധത്തില്‍ ക്ഷീണിതനായ വിഷ്ണുഭഗവാന്‍ ബദര്യാശ്രമത്തിലെ സിംഹവതി ഗുഹയില്‍ പ്രവേശിച്ച് യോഗനിദ്ര പ്രാപിച്ചു. ഈ സമയത്ത് ആക്രമിക്കാന്‍ തുനിഞ്ഞ മുരനെ ഭഗവാന്റെ ദേഹത്ത് നിന്നും ജനിച്ച ഏകാദശിദേവി ഭസ്മമാക്കി. സന്തുഷ്ടനായ ഭഗവാൻ ഏകാദശി നാളില്‍ വ്രതം അനുഷ്ഠിക്കുന്നവരുടെ എല്ലാ ആഗ്രഹങ്ങളും സാദ്ധ്യമായിത്തീരുമെന്ന് ആ ദേവിയെ അനുഗ്രഹിച്ചു.

ഒരു മാര്‍ഗ്ഗശീര്‍ഷത്തിലെ കൃഷ്ണപക്ഷ ഏകാദശിക്ക് ആവിര്‍ഭവിച്ച ദേവി ഒരു വര്‍ഷം നീണ്ട യുദ്ധത്തിന് ശേഷം വന്ന ശുക്ലപക്ഷ ഏകാദശിനാളില്‍ മുരാസുരനെ വധിച്ചു എന്നാണ് വിശ്വാസം. മാര്‍ഗ്ഗശീര്‍ഷമാസം കേരളത്തിൽ ധനുമാസമാണ്. അതുകൊണ്ട് ഒരു വര്‍ഷത്തെ എല്ലാ ഏകാദശിയും നോൽക്കുന്ന ആചരണം ധനുവിലെ ഈ ദിവസം മുതൽ തുടങ്ങുന്നത്. ധനുമാസത്തിലെ കറുത്തപക്ഷ ഏകാദശി മുതല്‍ എല്ലാ ഏകാദശികളും ആചരിക്കുകയും ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയോടുകൂടി അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് രീതി.

ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്ന് ദിവസങ്ങളും ഏകാദശി വ്രതത്തിൽ പ്രധാനമാണ്. ദശമിനാളില്‍ ഉച്ചയ്ക്കു മാത്രമേ അരി ആഹാരം കഴിക്കാന്‍ പാടുള്ളൂ. അന്ന് രാത്രി പഴങ്ങളോ ഗോതമ്പിന്റെ നുറുക്കരി കഞ്ഞിയോ കഴിക്കാം. ഏകാദശി നാൾ പൂര്‍ണ്ണമായും ഉപവസിക്കണം. അതിനു സാധിക്കാത്തവര്‍ക്ക് ഗോതമ്പുകഞ്ഞി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ കഴിച്ച് വ്രതം അനുഷ്ഠിക്കാം. ദ്വാദശി നാൾ രാവിലെ വിഷ്ണു ക്ഷേത്രത്തിലെ തീര്‍ത്ഥം സേവിച്ചോ തുളസിയിലയിട്ട തീർത്ഥം സേവിച്ചോ പാരണ വീടാം. ദ്വാദശി ദിനത്തിലും ഉച്ചയ്ക്കു മാത്രമേ അരിഭക്ഷണം പാടുള്ളൂ. അന്ന് രാത്രി പഴങ്ങള്‍ കഴിക്കാം.

അരുണോദയസമയത്ത് ദശമി തിഥിയില്ലാത്ത ദിനമാണ് ഏകാദശി അനുഷ്ഠിക്കേണ്ടത്. ദശമി സംബന്ധം വന്നാല്‍ അടുത്ത ദിവസം വ്രതമനുഷ്ഠിക്കണം. ഏകാദശിയുടെ അവസാനത്തെ പതിനഞ്ചു നാഴികയും ദ്വാദശിയുടെ ആദ്യത്തെ പതിനഞ്ചു നാഴികയും ചേര്‍ന്ന സമയമാണ് ഹരിവാസരം. ഇത് ഏകദേശം പന്ത്രണ്ടു മണിക്കൂറാണ്. വിഷ്ണുഭഗവാന്റെ സാന്നിദ്ധ്യം ഭൂമിയില്‍ ഉണ്ടായിരിക്കുന്ന പുണ്യമുഹൂര്‍ത്തമാണ് ഹരിവാസരം. ഈ സമയത്ത് ചെയ്യുന്ന വിഷ്ണുകീര്‍ത്തനം, വൈഷ്ണവ ക്ഷേത്രദര്‍ശനം മുതലായവ പൂര്‍ണ്ണഫലം നല്‍കും. ഹരിവാസരം കഴിഞ്ഞ ശേഷം വ്രതസമാപ്തി വരുത്താം. വിധിപ്രകാരം ഒരു വര്‍ഷം ഏകാദശി അനുഷ്ഠിച്ചാല്‍ മുജ്ജന്മ പാപങ്ങള്‍ കൂടി നശിക്കും. 24 ഏകാദശി വ്രതം ആരംഭിക്കേണ്ട ധനുമാസത്തിലെ ഏകാദശി മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ഏകാദശി ദിവസങ്ങളും ഹരിവാസര സമയവും താഴെ ചേര്‍ക്കുന്നു.

1) 2024 ഡിസംബര്‍ 26: വ്യാഴാഴ്ച കൃഷ്ണപക്ഷ ഏകാദശി വ്രതം. ഡിസംബർ 26 വൈകിട്ട് 6:09 മുതല്‍ ഡിസംബർ 27-ാം തീയതി രാവിലെ 6:44 വരെ ഹരിവാസരം. ഒരു വര്‍ഷത്തേക്ക് ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ ഈ ദിവസം മുതല്‍ക്കാണ് വ്രതം ആരംഭിക്കേണ്ടത്.
2) 2025 ജനുവരി 10: വെള്ളിയാഴ്ച സ്വര്‍ഗ്ഗവാതില്‍ ഏകാദശി വ്രതം. അന്ന് വെളുപ്പിന് 4:51 മുതല്‍ പകൽ 3.51 വരെ ഹരിവാസരം.
3) 2025 ജനുവരി 25: ശനിയാഴ്ച . കൃഷ്ണപക്ഷ ഏകാദശി വ്രതം. പകൽ 2:11 മുതല്‍ രാത്രി 2.34 വരെ ഹരിവാസരം.
4) 2025 ഫെബ്രുവരി 8: ശനിയാഴ്ച . ശുക്ലപക്ഷ ഏകാദശി വ്രതം. പകൽ 2:36 മുതല്‍ രാത്രി 2:06 വരെ ഹരിവാസരം.
5) 2025 ഫെബ്രുവരി 24: തിങ്കൾ കൃഷ്ണപക്ഷ ഏകാദശി വ്രതം. രാവിലെ 7:43 മുതല്‍ രാത്രി 7:26 വരെ ഹരിവാസരം. തിരുവില്വാമല ഏകാദശി എന്ന പേരില്‍ കേരളത്തില്‍ ഇത് പ്രസിദ്ധം.
6) 2025 മാര്‍ച്ച് 10: തിങ്കൾ : ശുക്ലപക്ഷ ഏകാദശി വ്രതം.
രാത്രി 1:46 പകല്‍ 1:54 വരെ ഹരിവാസരം. തിരുന്നാവായ ഏകാദശി എന്ന പേരില്‍ ഇത് പ്രസിദ്ധം.
7) 2025 മാര്‍ച്ച് 25: ചൊവ്വ :
കൃഷ്ണപക്ഷ ഏകാദശി വ്രതം. രാത്രി 10:04 മുതല്‍ 26 രാവിലെ 9:13 വരെ ഹരിവാസരം.
8) 2025 ഏപ്രില്‍ 8: ചൊവ്വ . ശുക്ലപക്ഷ ഏകാദശി വ്രതം. പകൽ 2:59 മുതല്‍ രാത്രി 3:43 വരെ ഹരിവാസരം.
9) 2025 ഏപ്രില്‍ 24: വ്യാഴാഴ്ച . കൃഷ്ണപക്ഷ ഏകാദശി വ്രതം. രാവിലെ 9 നും
രാത്രി 7:47 നും മദ്ധ്യേ ഹരിവാസരം.
10) 2025 മേയ് 8: വ്യാഴാഴ്ച . ശുക്ലപക്ഷ ഏകാദശി വ്രതം.
വെളുപ്പിന് 5:59 മുതല്‍ വൈകിട്ട് 7:08 വരെ ഹരിവാസരം.
11) 2025 മേയ് 23 : വെള്ളിയാഴ്ച . കൃഷ്ണപക്ഷ ഏകാദശി വ്രതം. പകൽ 5:08 മുതൽ രാത്രി 3:40 വരെ ഹരിവാസരം.
12) 2025 ജൂണ്‍ 6: വെള്ളിയാഴ്ച . ശുക്ലപക്ഷ ഏകാദശി വ്രതം. അന്ന് രാത്രി 10.11 നും പിറ്റേന്ന് 11:26 നും മദ്ധ്യേ ഹരിവാസരം.
13) 2025 ജൂണ്‍ 21: ശനിയാഴ്ച . കൃഷ്ണപക്ഷ ഏകാദശി വ്രതം. അന്ന് രാത്രി 11:11 നും ജൂൺ 22 രാവിലെ 9:42 മണിക്കും മദ്ധ്യേ ഹരിവാസരം.
14) 2025 ജൂലൈ 6: ഞായർ . ശുക്ലപക്ഷ ഏകാദശി വ്രതം. അന്നേ ദിവസം പകൽ 2:40 മുതല്‍ രാത്രി 3:43 വരെ ഹരിവാസരം.
15) 2025 ജൂലൈ 21: തിങ്കളാഴ്ച . കൃഷ്ണപക്ഷ ഏകാദശി വ്രതം. വെളുപ്പിന് 4:18 മുതല്‍ പകൽ 3.02 വരെ ഹരിവാസരം.
16) 2025 ആഗസ്റ്റ് 5: ചൊവ്വ
ശുക്ലപക്ഷ ഏകാദശി വ്രതം. അന്ന് രാവിലെ 6:47 മുതല്‍ വൈകിട്ട് 7:23 വരെ ഹരിവാസരം.
17) 2025 ആഗസ്റ്റ് 19: ചൊവ്വാഴ്ച . കൃഷ്ണപക്ഷ
ഏകാദശി വ്രതം. രാവിലെ 10.02 മുതല്‍ രാത്രി 9:12 മണി വരെ ഹരിവാസരം.
18) 2025 സെപ്തംബര്‍ 3: ബുധൻ.
ശുക്ലപക്ഷ ഏകാദശി വ്രതം. രാത്രി 10: 15 മണി മുതല്‍ പിറ്റേന്ന് രാവിലെ 10: 18 മണി വരെ ഹരിവാസരം.
19) 2025 സെപ്തംബര്‍ 17 : ബുധൻ.
കൃഷ്ണപക്ഷ ഏകാദശി വ്രതം.
സെപ്തംബർ 18 രാവിലെ 5.36 വരെ ഹരിവാസരം.
20) 2025 ഒക്‌ടോബര്‍ 3: വെള്ളിയാഴ്ച.
ശുക്ലപക്ഷ ഏകാദശി വ്രതം.
ഒക്‌ടോബര്‍ 4 പകൽ 12.12 വരെ ഹരിവാസരം.
21) 2025 ഒക്‌ടോബര്‍ 17. വെള്ളിയാഴ്ച .
കൃഷ്ണപക്ഷ ഏകാദശിവ്രതം.
ഒക്‌ടോബര്‍ 17 വൈകിട്ട് 5.29 വരെ ഹരിവാസരം.
22) 2025 നവംബര്‍ 2: ഞായർ. . ശുക്ലപക്ഷ ഏകാദശിവ്രതം.
നവംബർ 2 പകൽ 12.56 വരെ ഹരിവാസരം.
23) 2025 നവംബര്‍ 15: ശനി
കൃഷ്ണപക്ഷ ഏകാദശി വ്രതം. ഇത് തൃപ്രയാര്‍ ഏകാദശിയായി അറിയപ്പെടുന്നു.
നവംബർ 16 രാവിലെ 9.10 വരെ ഹരിവാസരം.
24) 2025 ഡിസംബര്‍ 1: തിങ്കളാഴ്ച
ശുക്ലപക്ഷ ഏകാദശി വ്രതം. ഇത് ഗുരുവായൂര്‍ ഏകാദശി എന്നറിയപ്പെടുന്നു.
ഡിസംബർ 2 രാത്രി 12.15 വരെ ഹരിവാസരം.
25) 2025 ഡിസംബര്‍ 15: തിങ്കളാഴ്ച.. കൃഷ്ണപക്ഷ ഏകാദശിവ്രതം.
26) 2025 ഡിസംബര്‍ 31: ബുധൻ
ശുക്ലപക്ഷ ഏകാദശി വ്രതം.

ഡോ. രാജേഷ് പുല്ലാട്ടിൽ, +9895502025

Story Summary: Significance of Ekadeshi Vritham And Ekadeshi Dates 2025

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!