Thursday, 21 Nov 2024
AstroG.in

ഗണപതി ഒരുക്ക് എങ്ങനെ വേണം; വീടുകളിൽ ഏത് വിഗ്രഹം ആകാം ?

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്

ഏതെങ്കിലും പ്രധാന കര്‍മ്മം ആരംഭിക്കുന്നതിന് മുൻപ് സാധാരണയായി വീടുകളിലാണ് ഗണപതിക്ക്
ഒരുക്കുന്നത്. ഇത് സമര്‍പ്പിക്കുന്നതിന് മുൻപ് പൂജാമുറി അഥവാ കർമ്മം നടത്തുന്നതിനുള്ള മുറി കഴുകി ശുദ്ധിയാക്കി നിലവിളക്ക് കൊളുത്തി, അതിനു മുന്നില്‍ നാക്കിലയില്‍ അവില്‍, മലര്‍, ശര്‍ക്കര, തേങ്ങാ പൂള്, കദളിപ്പഴം, കരിമ്പ്, തേന്‍, കല്‍ക്കണ്ടം, മുന്തിരി, മാതളം തുടങ്ങിയ പഴങ്ങള്‍ എന്നിവ നിവേദ്യമായി വയ്ക്കണം.
അല്പം നെല്ല്, പുഷ്പങ്ങള്‍, ജലം തുടങ്ങിയവയും വയ്ക്കുന്നു. പിന്നീട് ചന്ദനത്തിരി കൊളുത്തി വയ്ക്കും. തൊഴുതു പ്രാര്‍ത്ഥിച്ച ശേഷം കര്‍മ്മങ്ങള്‍ തുടങ്ങാം. കർമ്മം കഴിഞ്ഞ് ഒടുവില്‍ കർപ്പൂരം ഉഴിഞ്ഞ് തൊഴുത് ഗണപതിക്ക് ഒരുക്കിയ നിവേദ്യങ്ങള്‍ പ്രസാദമായി കഴിക്കുന്നു.

വീടുകളിൽ വാമമുഖി വിഗ്രഹം ഇടത്തോട്ടും വലത്തോട്ടും തുമ്പിക്കൈ ഉള്ള ഗണപതി ഭഗവാൻ്റെ വിഗ്രഹങ്ങൾ രണ്ട് തരത്തിലുണ്ട്. തുമ്പിക്കൈ ഇടത് വശത്തേക്കും വലത് വശത്തേക്കും തിരിഞ്ഞിരിക്കുന്ന വിധത്തിലാണ് അവ. വലത് ഭാഗം സൂര്യനാഡിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ തെക്ക് ദിശ യമലോകത്തെ സൂചിപ്പിക്കുന്നതുമാണ്. ആരാണോ യമലോക ദിശയെ ധൈര്യത്തോടെ നേരിടുന്നത് അവനെ ശക്തിശാലിയായി കണക്കാക്കുന്നു. കൂടാതെ സൂര്യനാഢി പ്രവര്‍ത്തന ക്ഷമമായിട്ടുള്ളവര്‍ തേജസ്വിയായിരിക്കും. ഈ രണ്ട് കാരണത്താൽ വലത് ഭഗത്തേക്ക് തുമ്പിക്കൈയുള്ള ഗണപതി ശക്തിയുള്ള ഗണപതിയാണ് എന്നാണ് വിശ്വാസം. മാത്രമല്ല വലത്തോട്ട് തുമ്പിക്കൈയുള്ള വിഗ്രഹം പൂജിക്കുമ്പോൾ കര്‍മ്മകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചിരിക്കണം. വലത് ഭഗത്തേക്ക് തുമ്പിക്കൈയുള്ള ഗണേശ വിഗ്രഹങ്ങൾ വീടുകളിൽ സൂക്ഷിക്കരുതെന്ന് പറയുന്നത് ഈ കാരണത്താലാണ്.

ഇടത് വശത്തേക്ക് വളഞ്ഞിരിക്കുന്ന തുമ്പിക്കൈയുള്ള ഗണേശ വിഗ്രഹത്തെ വാമമുഖി എന്ന് പറയുന്നു. ഇടത് ഭാഗത്തേയും വടക്ക് ദിശയേയും സൂചിപ്പിക്കുന്നതാണ് വാമം. അതുപോലെ വടക്ക് ദിശ ആദ്ധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമാണ്. വീടുകളിൽ ഗണപതി ആരാധനക്ക് ഉത്തമം വാമമുഖി ഗണപതിയാണ്.

ചുവന്ന പുഷ്പങ്ങൾ
വിഘ്നേശ്വരന്‍റെ നിറം ചുവപ്പായതിനാൽ പൂജകളിൽ ചുവന്ന വസ്ത്രം, ചുവന്ന പുഷ്പങ്ങൾ, രക്തചന്ദനം, എന്നിവ ഉപയോഗിക്കുന്നത് ഉത്തമമാണ്. ചുവപ്പ് നിറത്തിന് അന്തരീക്ഷത്തിലെ പവിത്ര കണങ്ങളെ അഥാവാ നല്ല കാര്യങ്ങളെ കൂടുതലായി ആകര്‍ഷിക്കാൻ കഴിവുണ്ട്. പൂജാവേളകളിൽ കൂടുതൽ ചൈതന്യം ലഭിക്കുമെന്നതിനാലാണ് ഗണപതി ഭഗവാന് ചുവപ്പ് നിറത്തിന് പ്രാധാന്യം നൽകിയത്.

ഗണപതി പൂജയിൽ കറകപ്പുല്ല്
ഗണേശാരാധനയിൽ കറകപ്പുല്ലിന് വളരെയധികം പ്രാധാന്യമുണ്ട്. ദുര്‍വ എന്നാണ് കറുക അറിയപ്പെടുന്നത്.
ദു എന്നാൽ ദൂരെയുള്ളത്. അവ എന്നാൽ സമീപത്ത് കൊണ്ടു വരുന്നത് എന്നുമാണ് അര്‍ത്ഥമാക്കുന്നത്. ദൂരെയുള്ള പവിത്രകങ്ങളെ സമീപത്ത് കൊണ്ടു വരുന്നതെന്തോ അത് ദുര്‍വയാകുന്നു. അതിനാലാണ് ഗണപതി പൂജയിൽ കറുകപ്പുല്ല് പ്രധാന ദ്രവ്യമായി ഉപയോഗിക്കുന്നത്.

തരവത്ത് ശങ്കരനുണ്ണി , പാലക്കാട്
+91 9847118340

Story Summary: Significance of Ganapati Orukk and Ganesha Worshipping

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!