കണ്ണൂരിലെ നാലമ്പല ദർശനം രാമായണ പാരായണ പുണ്യം തരും
ജ്യോതിഷി സുജാത പ്രകാശൻ
ശ്രീരാമന്റെയും സഹോദരങ്ങളായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും നാമധേയത്തിലുള്ള നാല് ക്ഷേത്രങ്ങളാണ് നാലമ്പലം എന്നറിയപ്പെടുന്നത്. ഈ നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തുന്നതിനെ നാലമ്പല ദർശനം എന്ന് പറയുന്നു. നാലമ്പല ദർശനം നടത്തിയാൽ രാമായണം മുഴുവൻ പാരായണം ചെയ്ത പുണ്യം ലഭിക്കും എന്നാണ് വിശ്വാസം. നാലമ്പലദർശനം ഒരേദിവസം ഉച്ചപൂജയ്ക്ക് മുമ്പ് പൂർത്തിയാക്കുന്നതാണ് ഉത്തമം. കേരളത്തിൽ തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം ജില്ലകൾക്ക് പുറമെ കണ്ണൂരിലെ നാലമ്പലത്തെ കുറിച്ച് അറിയാം:
നീർവേലി ശ്രീരാമ ക്ഷേത്രം:
അതിപുരാതനമായ ഒരു ശ്രീരാമ ക്ഷേത്രമാണ് നീർവേലി ശ്രീരാമ ക്ഷേത്രം.കണ്ണൂർ ജില്ലയുടെ കിഴക്ക് ഭാഗത്തായി കൂത്തുപറമ്പ് ഇരിട്ടി റൂട്ടിൽ നീർവേലി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവായ വിഷ്ണു രൂപത്തിലാണ് ഇവിടുത്തെ ശ്രീരാമ പ്രതിഷ്ഠ. അഞ്ജന ശിലയിൽ തീർത്ത ഈ വിഗ്രഹം ശംഖും, ചക്രവും, വില്ലും, പുഷ്പഹാരവും നാലു കൈകളിലായി വഹിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഭാവത്തിലാണ് നില കൊള്ളുന്നത്. നെയ്‌വിളക്ക്, പുഷ്പാഞ്ജലി, കളഭം ചാർത്ത്, മഞ്ഞ പട്ട് സമർപ്പണം എന്നിവയാണ് പ്രധാന വഴിപാടുകൾ.
എളയാവൂർ ഭരതക്ഷേത്രം:
കണ്ണൂരിൽ എളയാവൂർ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.താപസ വേഷത്തിൽ ജപമാലയുമായി രാജ്യം ഭരിച്ച ആത്മീയ ഭാവത്തിലുള്ള ഭരതനെയാണ് ഇവിടെ ആരാധിക്കുന്നത്. ശ്രീരാമൻ വനവാസത്തിന് പോയപ്പോൾ രാമപാദുകം പൂജിച്ച് നാട് ഭരിച്ച
ഭരതനാണ് ഇവിടുത്തെ പ്രതിഷ്ഠ. താമര മാലയാണ് പ്രധാന വഴിപാട്.
പെരിഞ്ചേരി വിഷ്ണു ക്ഷേത്രം:
കണ്ണൂർ മട്ടന്നൂരിനടുത്തുള്ള ഉരുവച്ചാലിൽ നിന്ന് മണക്കായി റോഡിലായിട്ടാണ് പെരിഞ്ചേരി വിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രതിഷ്ഠ ലക്ഷ്മണ സങ്കൽപത്തിലുള്ളതാണ്. ആയിരത്തിലേറെ വർഷം പഴക്കമുള്ള ക്ഷേത്രമാണ് ഇതെന്നാണു കണക്കാക്കുന്നത്.സീതയ്‌ക്കു കാവൽ നിൽക്കുന്ന രൗദ്രമൂർത്തിയായ ലക്ഷ്മണനെയാണ് ഇവിടെ ആരാധിക്കുന്നത്.അലങ്കാര പൂജ , നിറമാല, ചുറ്റുവിളക്ക് എന്നിവയാണ് പ്രധാന വഴിപാടുകൾ.
പായം മഹാവിഷ്ണു ക്ഷേത്രം:
ശത്രുഘ്ന സങ്കൽപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇരിട്ടി പേരാവൂർ റോഡിൽ നിന്നു കരിയാൽ വഴിയാണ് കാടമുണ്ടയിലെ പായം മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തുക. ബാവലി പുഴക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൃത്താകാരത്തിലുള്ള ശ്രീലകത്ത് വിജയ ഭാവത്തിൽ നിൽക്കുന്ന ശത്രുഘ്നനെ ആണ് ഇവിടെ ആരാധിക്കുന്നത്. സുദർശന സമർപ്പണമാണ് ഇവിടത്തെ പ്രധാന വഴിപാട്. ദുരിതദുഖങ്ങളകറ്റാനും ഐശ്വര്യം കൈവരാനും ഈശ്വര ചൈതന്യം വർധിപ്പിക്കാനും ഭക്തർ കർക്കടകത്തിൽ നാലമ്പല ദർശനം ചെയ്യുന്നു.
ജ്യോതിഷി സുജാത പ്രകാശൻ,
ശങ്കരം, കാടാച്ചിറ, കണ്ണൂർ
+91 9995 960 923
Email : sp3263975@gmail.com
Story Summary: Significance of Kannur Nalambala Temple visit in Karkkada Month