Thursday, 21 Nov 2024
AstroG.in

വാവ് ബലി സമസ്ത പിതൃക്കൾക്കും വേണ്ടി; എല്ലാവരും കർക്കടക വാവ് ബലി ഇടണം

അശോകൻ
എല്ലാവരും കർക്കടക വാവ് ബലി ഇടണം. കാരണം സമസ്ത പിതൃക്കൾക്കും വേണ്ടിയാണ് കർക്കടക വാവ് ബലി തർപ്പണം. മരിച്ചുപോയ അച്ഛൻ, അമ്മ, അച്ഛന്റെയും അമ്മയുടെയും, വംശ പരമ്പരയിൽ പെട്ട പൂർവികർ, ഗുരുക്കന്മാർ, ഗുരു സ്ഥാനത്ത് ഉണ്ടായിരുന്നവർ, അറിഞ്ഞോ അറിയാതെയോ തനിക്കു ഗുണം ചെയ്തിട്ടുള്ളവരും, മരിച്ചുപോയവരുമായ എല്ലാവർക്കും വേണ്ടി കർക്കടക വാവ് ബലി തർപ്പണം ചെയ്യാം. പ്രിയപ്പെട്ട എല്ലാവരെയും ബലിയടുമ്പോൾ
സ്മരിക്കാം.

പിതൃപിതാമഹ, പ്രപിതാമഹാ, മാതൃപിതാമഹി പ്രപിതാമഹി, മാതാമഹ, മാതുപിതാമഹ, മാതുപ്രപിതാമഹ, മാതാമഹി, മാതുപിതാമഹി, മാതുപ്രപിതാമഹി, ആചാര്യ, ആചാര്യ പത്‌നീ, ഗുരു, ഗുരുപത്‌നീ, സഖീ, സഖീപത്‌നീ, ഞാതി ( ഭൂമി വിട്ടുപോയ അകന്ന ബന്ധു ), ഞാതി പത്‌നീ, സർവ, സര്‍വ്വാ
എന്നാണ് പ്രമാണം.

കർക്കടക വാവ് ബലിയും ഏകോദിഷ്ട ശ്രാദ്ധവും
വ്യത്യസ്തതമാണ്. പുല തീരും വരെ 16 ദിവസവും പിന്നെ ആ വ്യക്തി മരിച്ച നക്ഷത്രവും (ബ്രാഹ്മണർ തിഥിയും) നോക്കി മാസ ബലി, ആണ്ടുബലി എന്നിവ ഇടുന്നതാണ് ഏകോദിഷ്ട ശ്രാദ്ധം.

ഈ ലോകത്ത് ജീവിക്കുവാന്‍ നമുക്ക് അവകാശം തന്ന മരിച്ചുപോയ മാതാപിതാക്കള്‍ക്കും പൂര്‍വ്വികര്‍ക്കും വേണ്ടി, ബന്ധുക്കള്‍ ആയവര്‍ക്കും, അല്ലാത്തവര്‍ക്കും വേണ്ടി സമസ്ത ജീവജാലങ്ങള്‍ക്കും വേണ്ടി ഈ പ്രാര്‍ത്ഥനചൊല്ലിയാണ് കർക്കടകവാവ് ബലികര്‍മ്മങ്ങള്‍ ചെയ്യുന്നത്.

പിതൃബലി പ്രാര്‍ത്ഥന
ആബ്രഹ്മണോ യേ പിതൃവംശ
ജാതാമാതൃ തഥാ വംശ ഭവാ മദീയാ
വംശ ദ്വയെസ്മിന്‍ മമ ദാസ
ഭൂതഭൃത്യ തഥൈവ ആശ്രിത
സേവകാശ്ച
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ
ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാര
ജന്മാന്തരൈ യെ മമ സംഗതാശ്ച
തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃവംശേ മൃതിയെശ്ച
പിതൃവംശേ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ
ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര
ദാരാ വിവര്‍ജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ
ജാത്യന്താ പങ്കവസ്ഥതാ
വിരൂപാ ആമഗര്‍ഭാശ്ചാ
ജ്ഞാതാജ്ഞാതാ കുലേ മമ
ഭൂമ ദത്തെനബലിനാ
തൃപ്തായാന്തു പരാം ഗതിം
അതീത കുല കുടീനാം സപ്ത ദ്വീപ
നിവാസീനാം
പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപതിഷ്ഠതു

പ്രാര്‍ത്ഥനയുടെ അര്‍ത്ഥം
ഈ ലോകത്ത് എന്‍റെ അച്ഛന്‍റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും എന്‍റെ കഴിഞ്ഞ രണ്ട് ജന്മങ്ങളിലായി എന്‍റെ ദാസന്മാര്‍ ആയവര്‍ക്കായും എന്നെ ആശ്രയിച്ചവര്‍ക്കും, എന്നെ സഹായിച്ചവര്‍ക്കും, എന്‍റെ സുഹൃത്തുക്കള്‍ക്കും, ഞാനുമായി സഹകരിച്ചവര്‍ക്കും ഞാന്‍ ആശ്രയിച്ച സമസ്തജീവജാലങ്ങള്‍ക്കും, ജന്തുക്കള്‍ക്കും നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവര്‍ക്കും കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഈ അന്നവും പുഷ്പവും ജലവും പ്രാര്‍ത്ഥനയും സമര്‍പ്പിക്കുന്നു. എന്‍റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പ്പെട്ടുപോയ എല്ലാവര്‍ക്കും എന്‍റെ അച്ഛന്‍റെ, ഗുരുവിന്‍റെ ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പ്പെട്ടുപോയ എല്ലാവര്‍ക്കും കഴിഞ്ഞ കാലത്തില്‍ പിണ്ഡ സമര്‍പ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവര്‍ക്കും മക്കളോ, ഭാര്യയോ ഭര്‍ത്താവോ ഇല്ലാത്തതുകാരണം വിഷമിക്കേണ്ടി വന്ന എല്ലാവര്‍ക്കും പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവര്‍ക്കും. പട്ടിണിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത എല്ലാവര്‍ക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്കുവേണ്ടിയും, ആയുസ്സെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും, ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ മരിച്ചവര്‍ക്കുവേണ്ടിയും എന്‍റെ അറിവില്‍പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കുവേണ്ടിയും ഇവര്‍ക്കെല്ലാം വേണ്ടിയും ഞാന്‍ ഈ പ്രാര്‍ത്ഥനയും അന്നവും ജലവും പുഷ്പവും സമര്‍പ്പിക്കുന്നു. ഈ ലോകത്തിലുള്ളതെല്ലാം ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിര്‍ത്തുന്നതിനായി സമര്‍പ്പിക്കുന്നു. ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവജാലങ്ങള്‍ക്കും ഈ ഏഴുലോകത്തിലും അനേകലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന ജീവിച്ചിരുന്ന എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഈ പുഷ്പവും, അന്നവും ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു. അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിച്ചിരിക്കുന്നതായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും ജലവും അന്നവും സമര്‍പ്പിക്കുന്നു.

ഒരിക്കൽ പ്രധാനം
കർക്കടക വാവ് ബലിയിടുന്നവർ ആഗസ്റ്റ് 2 കാലത്ത് മുതൽ വ്രതം നോൽക്കണം. അമാവാസി തിഥി തുടങ്ങുക
ആഗസ്റ്റ് 3 വൈകിട്ടും അവസാനിക്കുന്നത് 4 നും ആണ്. പണ്ഡിതന്മാർക്കിടയിൽ ഇത്തവണത്തെ ബലി ദിനത്തെ
സംബന്ധിച്ച് തർക്കം ഉണ്ടെങ്കിലും തിരുവല്ലം, തിരുനെല്ലി, തിരുന്നാവായ തുടങ്ങി മിക്ക ബലി സന്നിധികളിലും ആഗസ്റ്റ് 3ന് രാവിലെയാണ് വാവ് ബലിയിടൽ തുടങ്ങുക.

കർക്കടക വാവിന്റെ തലേന്ന് ഒരിക്കൽ മാത്രം ആഹാരം എന്ന അർത്ഥത്തിലാണ് ‘ഒരിക്കൽ അനുഷ്ഠിക്കുക’ എന്ന വാക്ക് ഉപയോഗിക്കുന്നത്. അതായത്, തലേന്ന് ഉച്ചയ്ക്ക് സാധാരണ പോലെ ഊണു കഴിക്കാം. രാത്രി ഊണ് പാടില്ല. പൂർണ ഉപവാസമാണു വേണ്ടത്. എങ്കിലും അരിയാഹാരം ഒഴിവാക്കി മറ്റെന്തെങ്കിലും ലഘുഭക്ഷണം ആകാം എന്ന ആചാരമാണ് ഇപ്പോൾ പൊതുവേയുള്ളത്. കർക്കടക വാവിനും തലേന്നും മത്സ്യമാംസാദികൾ പൂർണമായും ഒഴിവാക്കണം. ബ്രഹ്മചര്യം പാലിക്കണം. മനസിൽ യാതൊരുവിധ ദുർചിന്തകളും പരദ്രോഹവും
പാടില്ല.

അതിരാവിലെ ബലിയിടണം
കർക്കടകവാവു ദിവസം അതിരാവിലെയാണ് ബലി തർപ്പണം നടത്തേണ്ടത്. വീട്ടിലാണെങ്കിൽ മുറ്റത്തിന്റെ തെക്കുഭാഗത്ത് തെക്കോട്ടു തിരിഞ്ഞ് ഇരുന്ന് ബലിയിടണം. ബലിയിടുന്ന സ്ഥലം നേരത്തേ തന്നെ വൃത്തിയാക്കണം. ബലിതർപ്പണ സ്ഥലത്തിനടുത്ത് പ്രത്യേക അടുപ്പു കൂട്ടി ബലിച്ചോറ് തയ്യാറാക്കണം. അഞ്ചോ ആറോ ഉരുളയ്ക്ക് ബലിച്ചോറ് ആണ് വേണ്ടത്. ഇതിന് ഉണക്കലരി വേണ്ടത്ര വെള്ളമൊഴിച്ച് വേവിക്കണം. വെള്ളം ഊറ്റിക്കളയാതെ വറ്റിച്ചാണ് ബലിച്ചോറ് ഒരുക്കുക. ഇതാണ് ബലി പിണ്ഡം.

Story Summary: Significance of Karkidaka Vavu Bali

Copyright 2024 Neramonline.com. All rights reserved

error: Content is protected !!