Wednesday, 18 Dec 2024
AstroG.in

ആവശ്യപ്പെടാതെ തന്നെ ശ്രീകൃഷ്ണൻ ഭക്തരുടെ ദുരിതം മാറ്റുന്ന പുണ്യദിനം ഇതാ

ജ്യോതിഷ രത്നം വേണു മഹാദേവ്

ആവശ്യപ്പെടാതെ തന്നെ ഭക്തരുടെ ദുരിത ദു:ഖങ്ങൾ ഭഗവാൻ ശ്രീകൃഷ്ണൻ മാറ്റിത്തരുന്ന പുണ്യ ദിനമാണ് ധനുമാസത്തിലെ ആദ്യ ബുധനാഴ്ച സമാഗതമാകുന്ന കുചേല അവിൽ ദിനം. സ്വന്തം ഭക്തരെ ഭഗവാൻ അറിഞ്ഞ് അനുഗ്രഹിക്കുന്ന ഈ ദിനം ഇത്തവണ 2024 ഡിസംബർ 18 നാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ വളരെ പ്രധാന്യത്തോടെ ആചരിക്കുന്ന ആണ്ടു വിശേഷമാണിത്.

ഒരു പിടിയവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ വരികയായ് ദ്വാരക തേടി.. ഗുരുവായൂർ കണ്ണനെ തേടി….
എന്ന പ്രസിദ്ധമായ പാട്ടിലെ വരികൾ പാടുന്നത് ശരിക്കും കുചേലൻ്റെ മനസ്സാണ്. കൊടിയ ദാരിദ്ര്യത്തിന്റെ പാരമ്യത്തിൽ കഴിയുമ്പോൾ ഭാര്യയുടെ ആഗ്രഹപ്രകാരം ഒരു പിടി അവിലുമായ് സതീർത്ഥ്യനായ ശ്രീകൃഷ്ണ ഭഗവാനെ കാണാൻ ദ്വാരകയിൽ എത്തിയ സുദാമാവ് എന്ന കുചേലന്റെ ദയനീയമായ, ഗതികെട്ട മനസ്സ്.

കിഴി കെട്ടുക എന്ന് കേൾക്കുമ്പോൾ തന്നെ നമ്മൾ ഏവരും ഒരു അവിൽക്കിഴിയുമായി സതീർത്ഥ്യനെ കാണാനെത്തിയ കുചേലനെയാണ് ഓർക്കുക. ആ അവിൽ പൊതിയാൽ കുചേലന്റെ ദാരിദ്ര്യം നീങ്ങിയ
കഥ എല്ലാവർക്കും പരിചിതവുമാണ്. ഭഗവാനെ കണ്ടപ്പോൾ തന്നെ സംതൃപ്തനായി എല്ലാം മറന്ന്,
ഒന്നും ആവശ്യപ്പെടാതെ തിരിച്ചുപോയ കുചേലനെ സർവൈശ്വര്യങ്ങളും നൽകി കൃഷ്ണൻ അനുഗ്രഹിച്ചു. അങ്ങനെ കുചേലനെ ഭഗവാൻ കുബേരനാക്കിയ പുണ്യദിനമായാണ് ഈ ദിവസത്തെ സങ്കല്പിക്കുന്നത്.

ദാരിദ്ര്യം നീങ്ങി സമൃദ്ധിയുണ്ടാകാൻ കുചേല ദിനത്തിൽ അവിൽ കിഴി കെട്ടി ശ്രീകൃഷ്ണസ്വാമിക്ക് സമർപ്പിക്കുന്ന വഴിപാട് എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലുമുണ്ട്. സതീർത്ഥ്യനായ സുദാമാവ് ദൂരെ നിന്നും വരുന്നത്
മാളിക മുകളിൽ നിന്ന് കണ്ട ഭഗവാൻ ഓടിയെത്തി ആശ്ലേഷപൂർവം സ്വീകരിച്ചു. സുദാമാവ് കൊണ്ടു വന്ന അവൽ ഭക്ഷിച്ച് കൂട്ടുകാരനെ അയാൾപോലും അറിയാതെ ഋണത്തിൽ നിന്നും മുക്തനാക്കി; കാൽകഴുകിച്ചൂട്ടി; കുശലം പറഞ്ഞു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് താൻ ആവശ്യപ്പെടാതെ തന്നെ തന്റെ സങ്കടങ്ങളെല്ലാം അറിഞ്ഞ് ഭഗവാൻ അനുഗ്രഹിച്ച് കുബേരനാക്കിയ യാഥാർത്ഥ്യം സുദാമാവ് മനസിലാക്കിയത്.

ഈ സംഭവത്തിന്റെ ഓർമ്മ പുതുക്കലാണ് എല്ലാ വർഷവും ആചരിക്കുന്ന കുചേല അവൽ ദിനം. അതിനാൽ ഈ ദിനത്തിൽ അവിൽക്കിഴി ഭഗവാന് വഴിപാടായി സമർപ്പിക്കുന്നതിലൂടെ ദാരിദ്ര്യം നീങ്ങുമെന്ന് മാത്രമല്ല കുടുംബത്തിൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുെമെന്നും വിശ്വസിക്കുന്നു.

കുചേലദിനം ഏറ്റവും വിപുലമായി ആചരിക്കുന്നത് ഗുരുവായൂരിലാണ്. കുചേലദിനത്തില്‍ ഗുരുവായൂരപ്പന് ആയിരങ്ങള്‍ അവിൽ‍ നിവേദ്യം വഴിപാട് സമർപ്പിക്കും. ഈ ദിവസം അവിൽ ദാനം നല്‍കുന്നതും ഉത്തമമാണ്.

എല്ലാ ദിവസവും ഒരു നാണയം നീക്കിവച്ച് കുചേല ദിനത്തിൽ ക്ഷേത്ര ദർശനം നടത്തുന്ന അവസരത്തിൽ
ശ്രീകൃഷ്ണന് കിഴികെട്ടി സമർപ്പിക്കുന്നത് ദാരിദ്ര്യദുഃഖം നീങ്ങാനും ധനധാന്യ വർദ്ധനയ്ക്കും ഉത്തമമാണെന്നും
വിശ്വസിക്കപ്പെടുന്നു. എപ്പോഴെങ്കിലും നേർന്ന വഴിപാട് മറന്നുവെങ്കിൽ ഒരു പിടി നാണയം കിഴികെട്ടി വഴിപാട് നേർന്ന ഭഗവാന്റെ അല്ലെങ്കിൽ ഭഗവതിയുടെ ക്ഷേത്രത്തിൽ സമർപ്പിക്കുന്നത് പരിഹാരമാണ്. തെറ്റു പണം എന്ന സങ്കല്പത്തിൽ മൂന്ന് തവണ ഉഴിഞ്ഞു വേണം സമർപ്പിക്കാൻ.

ജ്യോതിഷ രത്നം വേണു മഹാദേവ്,
+91 9847475559

Story Summary: Significance of Kuchela Dinam 2024

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!