വൃശ്ചിക ഷഷ്ഠി 12 ഷഷ്ഠിയുടെ തുടക്കം; മക്കളുടെ നന്മയ്ക്കും രക്ഷയ്ക്കും ഉത്തമം
ഡോ. രാജേഷ് പുല്ലാട്ടിൽ
ശൂരസംഹാരം നടന്ന തുലാമാസത്തിലെ സ്കന്ദഷഷ്ഠി കഴിഞ്ഞാൽ ഏറ്റവും പ്രധാനം വൃശ്ചിക മാസത്തിലെ കുമാരഷഷ്ഠിയാണ്. ഒരു വര്‍ഷം കൊണ്ട് 12 ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവർ അത് ആരംഭിക്കുന്ന ഷഷ്ഠിയാണ് വൃശ്ചികത്തിലെ ഷഷ്ഠി. ഇത്തവണ 2024 ഡിസംബർ 7 ശനിയാഴ്ചയാണ് വൃശ്ചിക മാസത്തിലെ ഷഷ്ഠി വ്രതം.
പാർവതി ദേവിക്ക് സർപ്പരൂപം വെടിഞ്ഞ് മകനെ തിരിച്ചു കിട്ടിയ ദിവസമാണ് വൃശ്ചികത്തിലെ ഷഷ്ഠിയെന്ന് പറയുന്നു. ആ ഐതിഹ്യം ഇങ്ങനെ: ഓങ്കാരത്തിന്റെ അര്‍ത്ഥമറിയാത്ത ബ്രഹ്മാവിനെ സുബ്രഹ്മണ്യന് തടവിലാക്കി. പിന്നീട് ശ്രീ പരമേശ്വരന്റെ ഉപദേശപ്രകാരം കുമാരന് ബ്രഹ്മാവിനെ മോചിപ്പിച്ചു. ബ്രഹ്മദേവനെ തടവിലാക്കിയത് ബ്രഹ്മഹത്യാപാപത്തിന് കാരണമായി. ഇതിന് പ്രായശ്ചിത്തമായി സ്കന്ദന് സ്വയം സര്‍പ്പരൂപം സ്വീകരിച്ച് സഞ്ചരിച്ചു. പുത്രന്റെ ദോഷങ്ങള്‍ ശമിക്കാന്‍ പാര്‍വതിദേവി ഭഗവാൻ പരമേശ്വരന്റെ ഉപദേശപ്രകാരം ഒന്‍പതു വര്‍ഷം കൊണ്ട് 108 ഷഷ്ഠിവ്രതം അനുഷ്ഠിച്ചു. അതേ തുടർന്ന് സര്‍പ്പരൂപിയായ സുബ്രഹ്മണ്യന് വിഷ്ണുഭഗവാന്റെ സ്പര്‍ശനത്താല്‍ സ്വരൂപത്തിലേക്ക് തിരിച്ചെത്തി.
ഒരു വൃശ്ചിക മാസത്തിലെ ഷഷ്ഠിക്ക് കര്‍ണാടകയിലെ സുള്ളിയ, കുക്കെ സുബ്രഹ്മണ്യത്ത് വച്ച് ഇപ്രകാരം സംഭവിച്ചു എന്നാണ് ഐതിഹ്യം. തന്മൂലം സര്‍പ്പശാപം, മഹാരോഗങ്ങള്‍, സന്തതിദുഃഖം, ത്വക് രോഗങ്ങൾ മുതലായവയില്‍ നിന്ന് മോചനം ലഭിക്കുവാന്‍ ഭക്തര്‍ ഈ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നു. പാപമോചനമാണ് കുമാരഷഷ്ഠി എന്നും അറിയപ്പെടുന്ന വൃശ്ചികത്തിലെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നതിൻ്റെ പ്രധാനഫലം.
സുബ്രഹ്മണ്യന്റെയും ദേവസേനയുടെയും വിവാഹം നടന്ന ദിവസം എന്ന ഐതിഹ്യവും വൃശ്ചികത്തിലെ ഷഷ്ഠിയെ സംബന്ധിച്ചുണ്ട്. ശൂരാസുരനെ നിഗ്രഹിച്ചതിൽ സംതൃപ്തനായ ഇന്ദ്രൻ മകളായ ദേവസേനയെ സ്വീകരിച്ച് വിവാഹം കഴിക്കാൻ കുമാരസ്വാമിയോട് പ്രാർത്ഥിച്ചു. മാർഗശീർഷ ഷഷ്ഠി ദിവസം കുമാര പർവതത്തിൽ വച്ച് ദിവ്യ വിവാഹം നടന്നു. അതുകൊണ്ടാണത്രേ വൃശ്ചിക മാസത്തിലെ ഷഷ്ഠിക്ക് വലിയ പ്രാധാന്യം കൈവന്നത്. തെലുങ്കാന, ആന്ധ്രാപ്രദേശ്, കർണ്ണാടക, നേപ്പാൾ വടക്കേയിന്ത്യയിലെ ചില സ്ഥലങ്ങൾ എന്നിവിടങ്ങിൽ മാർഗ്ഗശീർഷത്തിലാണ് സകന്ദഷഷ്ഠി ആചരിക്കുന്നത്.
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമ വ്രതമാണ് ഷഷ്ഠിവ്രതം. വെളുത്തപക്ഷത്തിലെ
ഷഷ്ഠിയാണ് ഇതിനെടുക്കുന്നത്. വ്രതമെടുക്കുന്നവര്‍ പഞ്ചമിനാളിൽ ഉപവസിക്കണം. ഷഷ്ഠിനാളില്‍ പ്രഭാതസ്നാനം, ക്ഷേത്രദര്‍ശനം എന്നിവ നടത്തുകയും വേണം. ഷഷ്ഠിദിവസം ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന നിവേദ്യം ഭക്ഷിച്ചാണ് പാരണ വിടുക.
12 മാസം തുടർച്ചയായി ഷഷ്ഠി നോൽക്കുന്നവര്‍ക്ക് ഏതെങ്കിലും കാരണത്താല്‍ ഒരു മാസം വ്രതമെടുക്കാൻ
തടസം നേരിട്ടാല്‍ അടുത്തു വരുന്ന കാര്‍ത്തിക നാളിൽ വ്രതമെടുത്താൽ പരിഹാരമാകും.
അഭിഷേകപ്രിയനാണ് സുബ്രഹ്മണ്യന്. പാല്, പനിനീര്, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്, ഭസ്മം എന്നിവ കൊണ്ടാണ് അഭിഷേകം നടത്തുന്നത്. പഴം, കല്‍ക്കണ്ടം, നെയ്യ്, ശര്‍ക്കര, മുന്തിരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന നിവേദ്യമാണ് പഞ്ചാമൃതം. ഈ അഞ്ചു വസ്തുക്കള്‍ പഞ്ചഭൂതതത്ത്വങ്ങളെ പ്രതിനിധീകരിക്കുന്നു. ആഗ്രഹസാഫല്യമാണ് പഞ്ചാമൃതാഭിഷേകത്തിന്റെ ഫലം. പനിനീര് കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖം, പാല്, നെയ്യ്, ഇളനീര് എന്നിവ കൊണ്ട് അഭിഷേകം നടത്തിയാല്‍ ശരീരസുഖം ലഭിക്കും. എണ്ണ അഭിഷേകം രോഗനാശത്തിനും, ഭസ്മാഭിഷേകം നടത്തിയാല്‍ പാപനാശവും, തൈര് അഭിഷേകം സന്താനലാഭവും നൽകും. അഗ്നിസ്വരൂപനാണ് കുജന്. അതുകൊണ്ടു സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപം തെളിക്കുക, എണ്ണസമര്‍പ്പിക്കുക, നെയ്വിളക്ക് നടത്തുക മുതലായവ കുജദോഷ പരിഹാരത്തിനുള്ള ഉത്തമ മാര്‍ഗ്ഗങ്ങളാണ്.
സര്‍പ്പരൂപിയായ ഭഗവാൻ സ്വരൂപത്തിൽ തിരിച്ചെത്തിയ കുക്കെ കുമാരധാരാ നദിക്കരയിലെ സുബ്രഹ്മണ്യനെ ഭജിക്കുന്ന സ്തുതിയായ ഷഡാനനം എന്ന് തുടങ്ങുന്ന സുബ്രഹ്മണ്യ പഞ്ചരത്നം വൃശ്ചികത്തിലെ ഷഷ്ഠിനാളിൽ ജപിക്കുന്നത് സർപ്പദോഷം മൂലമുളള രോഗക്ലേശങ്ങൾ, സന്താനദുരിതം എന്നിവയ്ക്ക് ഏറെ നല്ല പരിഹാരമാണ്. ഈ പഞ്ചരത്നം നിത്യ ജപത്തിനും ഉത്തമമാണ്. എന്നും ആറുതവണ ജപിക്കുക, അല്ലെങ്കിൽ ശ്രവിക്കുക. എല്ലാ ഗ്രഹദോഷങ്ങളുമകറ്റാം.
സുബ്രഹ്മണ്യ പഞ്ചരത്നം
ഡോ. രാജേഷ് പുല്ലാട്ടിൽ,
+91 9895502025
Story Summary: Significance of Kumara Shashti in Vrichikam
Copyright 2024 Neramonline.com. All rights reserved