ഭക്തന്റെ മനസ്സറിഞ്ഞ് കാര്യസാദ്ധ്യംനൽകുന്ന മാണിക്യപ്പുരത്തപ്പൻ
പി എം ദാമോദരൻ നമ്പൂതിരി
കലികാലദോഷ നിവൃത്തിക്കായി ശിരസ് നമിക്കേണ്ട ദിവ്യസന്നിധിയാണ് മാണിക്യപുരം ശാസ്താക്ഷേത്രം.
ശ്രീ ധർമ്മശാസ്താവ് സ്വവാഹനമായ കുതിരപ്പുറത്ത് എഴുന്നെള്ളി ഇഷ്ടഭുവിൽ വന്നിറങ്ങി ഭക്തർക്ക് ഇഷ്ടങ്ങൾ അനസ്യൂതമായി നൽകുന്ന ഈ തിരുനട മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പട്ടണത്തിലാണ്. വള്ളുവനാട്ടിലെ ശബരിമല എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
ശ്രീ തിരുമാന്ധാം കുന്നിൽ വച്ച് മാന്ധാതാവ് മഹർഷിക്ക് ദേവീദർശനമുണ്ടായ അതേ കാലത്തു തന്നെ മാണിക്യപുരത്തും ഭഗവത് ചൈതന്യം പരിലസിച്ചിരുന്നു എന്ന് ദേവപ്രശ്ന വിധി അനുസരിച്ച് മനസ്സിലാക്കുവാൻ കഴിഞ്ഞു. മറഞ്ഞും തെളിഞ്ഞും നിലനിന്നിരുന്ന ആ ചൈതന്യത്തിന്റെ പ്രസരണം ആദ്യമായി അനുഭവപ്പെട്ടത് ഒരു സ്ത്രീക്കാണ്. ഈ ചൈതന്യ പൂരകങ്ങൾ ഒരു മാണിക്യം തിളങ്ങുന്ന പ്രതീതി അവരിലുണ്ടാക്കി. അക്കാരണം കൊണ്ടാണ് ഈ സ്ഥലം മാണിക്യപുരം എന്ന് പ്രസിദ്ധമായത്. തിരുമാന്ധാം കുന്നുമായി ഈ ക്ഷേത്രത്തിന് അഭേദ്യമായ ബന്ധമുണ്ട്. ദേവീരൂപം കളമെഴുതിയാണ് ഇവിടെ കളംപാട്ടു നടത്തുന്നത്. ഒപ്പം അയ്യപ്പൻ പാട്ടുമുണ്ടാകും.
കാനനവാസനായ ശബരിമല ശ്രീധർമ്മ ശാസ്താവിനെ തൊഴുതു മാറുമ്പോൾ ലഭിക്കുന്ന മനോബലത്തിനും സുഖത്തിനും സമാന്തരമായ ദർശനാനുഭവമാണ് മാണിക്യപുരത്തെ സന്നിധാനത്തിലും ലഭിക്കുന്നത്. പ്രാർത്ഥനയിലെ ആത്മാർത്ഥതയ്ക്ക് അത്രമേൽ അഭിഷ്ട വരദായകനായ അയ്യപ്പനിലുളള ദൃഢവിശ്വാസമാണ് നിത്യമുള്ള തിരക്കിൻ്റെ അടിസ്ഥാനം. ഏകാന്തവാസിയായ അയ്യപ്പനെ ഓർമ്മപ്പെടുത്തുന്ന പ്രശാന്ത പ്രകൃതിയാണ് ക്ഷേത്രത്തിലേത്.അശ്വമാണ് വാഹനം എന്ന അപൂർവ്വ വിശേഷമാണ് പ്രതിഷ്ഠയുടെ വൈശിഷ്ട്യം. ശക്തിയും വേഗവുമാർന്ന് തടസ്സങ്ങളെ ഉല്ലംഘിച്ചുള്ള അശ്വസഞ്ചാരത്തെ ഓർമ്മപ്പെടുത്തുന്നു കാര്യസാദ്ധ്യ പുഷ്പാഞ്ജലിയുടെ ഫലശ്രുതി.
കാര്യസാദ്ധ്യ പുഷ്പാഞ്ജലി
കാലം മനുഷ്യനിലേൽപ്പിക്കുന്ന അസ്വസ്ഥതകൾക്ക് മറുമരുന്നു കൂടിയാണ് കലികാലത്തിലെ ദേവൻ കൂടിയായ അയ്യപ്പനോടുള്ള പ്രാർത്ഥനയും അർച്ചനയും. എല്ലാ ശനിയാഴ്ചകളിലും മലയാള മാസത്തിലെ ആദ്യ ബുധനാഴ്ചയിലും മാണിക്യപുരം തിരുസന്നിധിയിൽ എത്തുന്നത് ആയിരക്കണക്കിനു ഭക്തരാണ്. അവരുടെ ദുഃഖങ്ങൾ, ദുരിതങ്ങൾ, എണ്ണിപ്പെറുക്കലുകൾ, താപ കോപങ്ങൾ, എല്ലാത്തിനും പരിഹാരം അശ്വാരൂഢ ശാസ്താവിൻ്റെ ദർശന സൗഭാഗ്യമാണ്. ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്ത്വത്തിൽ ഏകദേശം മൂന്നു മണിക്കൂർ നീളുന്ന അർച്ചന കാര്യസാദ്ധ്യ പുഷ്പാഞ്ജലി ശീട്ടാക്കുന്നവരുടെ പേരും നാളും നോക്കി പ്രത്യേകം പൂജ നടത്തുന്നു.ഉച്ചപൂജക്ക് ശേഷം 11 മണിക്ക് അർച്ചനാ പ്രസാദം നല്കുന്നു. ശ്രീലകത്ത് തന്ത്രി നടത്തുന്ന വേദാർച്ചനയെ ഭക്തർ കാര്യസാദ്ധ്യ പുഷ്പാഞ്ജലി എന്നു പറയുന്നു. ഈ പുഷ്പാഞ്ജലിയിൽ പങ്കുചേർന്നാൽ
സർവ്വകാര്യസാധ്യമാണ് ലഭിക്കുക എന്ന വിശ്വാസം ഭക്തരുടെ അനുഭവത്തിന്റെ പ്രതിഫലനമാണ്.
കന്നിമൂല ഗണപതി
ക്ഷേത്രത്തിൻ്റെ കന്നിമൂലയിൽ മഹാഗണപതി പ്രതിഷ്ഠയുണ്ട്.മിഥുനമാസത്തിലെ പൂയ്യം നക്ഷത്രം പ്രതിഷ്ഠാദിനമായി കൊണ്ടാടുന്നു.അന്നേ ദിവസം നവകം, പഞ്ചഗവ്യം, പ്രത്യേക പൂജകൾ എന്നിവ നടത്തുന്നു.കർക്കിടക മാസത്തിലെ ആദ്യ വെള്ളിയാഴ്ച അഷ്ടദ്രവ്യത്തോടെ മഹാഗണപതി ഹോമവും ഇവിടെ നടക്കുന്നുണ്ട്.കന്നിമൂലയിലുള്ള ഗണപതി പ്രതിഷ്ഠയ്ക്കു മുന്നിലെ പ്രാർത്ഥന വിഘ്നങ്ങൾ തരണം ചെയ്യുന്നു. ഉദ്ദിഷ്ട ഫലത്തിന് ഒറ്റയപ്പം വഴിപാടുമുണ്ട്.
സർപ്പപ്രതിഷ്ഠ
നാഗദൈവങ്ങൾ പ്രകൃതീശ്വരന്മാർ കൂടിയാണ്. ക്ഷേത്രത്തിന്റെ ധനുരാശി പദത്തിൽ നാഗരാജാവിൻ്റെയും നാഗയക്ഷിയുടെയും പ്രതിഷ്ഠയുണ്ട്. ഇവിടെ എല്ലാ ആയില്യത്തിനും പ്രത്യേക പൂജയും ശിവരാത്രിക്കു മുമ്പുള്ള ആയില്യത്തിന് പായസഹോമവും സർപ്പബലിയും നടത്തുന്നു.സർപ്പദോഷപരിഹാരത്തിനും രോഗശമനത്തിനും കുടുംബ ഐശ്വര്യത്തിനും വളരെ ഉത്തമമാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്.
പ്രധാന വഴിപാടുകൾ
മാണിക്യപുരം ക്ഷേത്ര ശ്രീകോവിലിന്റെ ലക്ഷണവും വാസ്തുവും പ്രതിഷ്ഠാ രീതിയും കണക്കാക്കുമ്പോൾ ഈശ്രീലകത്തെ ശാസ്താവിഗ്രഹം ഉഗ്രമൂർത്തീഭാവത്തിലെ അശ്വാരൂഢ ശാസ്താവാണ്. അത്താഴപ്പൂജ വേളയിൽ എല്ലാ മുപ്പട്ടു ശനിയാഴ്ചയും അപ്പം വഴിപാടും ബുധനാഴ്ച അടവഴിപാടും നടത്തുന്നു. അത്താഴപ്പൂജ വേളയിൽ ഉഗമൂർത്തി ഭാവം ധരിക്കുന്ന ശാസ്താവിന് അപ്പവും അടയും നിവേദിക്കുന്നത് കൗളാചാരപ്രകാരമുള്ള സ്വാതിക ആചാരരീതിയാണ്. മകരവിളക്കു ദിവസം അത്താഴപ്പൂജക്ക് അപ്പം, അട, എന്നിവക്കു പുറമെ പാനകവും നിവേദിക്കാറുണ്ട്. ഉദ്ദിഷ്ടകാര്യം സാധിച്ചാൽ ഭക്തർ നടത്തുന്ന പ്രധാന വഴിപാടുകളാണ് ഉദയാസ്തമന പൂജയും കളഭാഭിഷേകവും. ഈ ക്ഷേത്രത്തിലെ മറ്റു പ്രധാന വഴിപാടുകൾ കൂട്ടുപായസം, കഠിന പായസം, നക്ഷത്ര പൂജ, ത്രികാല പൂജ, പ്രഭാ മണ്ഡലവും ഗോളകയും ചാർത്തൽ, വലിയ വിളക്ക്, ചന്ദനം ചാർത്തൽ, തുലാഭാരം, ഒറ്റ, കൂട്ടു ഗണപതി ഹോമം എന്നിവ.
ക്ഷേത്രത്തിൽ എത്തിച്ചേരാൻ
കോഴിക്കോട്, പാലക്കാട് ദേശീയപാതയിൽ ശ്രീ തി രു മാന്ധാംകുന്നു ക്ഷേത്രഗോപുരത്തിന് മുൻവശത്തുള്ള പരി യാ പുരം റോഡിൽ ഉദ്ദേശം 300 മീററർ ദൂരത്തിൽ മാണിക്യ പുരത്തപ്പൻ്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തീവണ്ടിയിൽ വരുന്നവർക്ക് ഷൊർണൂർ, നിലമ്പൂർ പാതയിലെ പ്രധാന സ്റേറഷനായ അങ്ങാടിപ്പുറം റെയിൽവേ സ്റേറഷ നിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ ക്ഷേത്രത്തിലെത്താം.
(തിരുമാന്ധാംകുന്ന് ക്ഷേത്രം മേൽശാന്തിയും മാണിക്യപുരം അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രിയുമാണ്
ലേഖകൻ പി എം ദാമോദരൻ നമ്പൂതിരി. മൊബൈൽ: 98479 59749)
( അടുത്ത പോസ്റ്റിൽ മാണിക്യപുരം ക്ഷേത്രത്തിലെ
മണ്ഡല – മകരവിളക്ക് വിശേഷങ്ങൾ )
Story Summary: Significance of Malappuram Angadippuram Manikkapuram Satha Temple
Copyright 2024 Neramonline.com. All rights reserved