എല്ലാ മാസവും ആയില്യം പൂജ തൊഴുതാൽ ദുരിതങ്ങൾക്ക് അതിവേഗം പരിഹാരം
മംഗള ഗൗരി
മാസന്തോറും ആയില്യം നാളിൽ നാഗദേവതകളെ തൊഴുത് വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ എല്ലാ സങ്കടങ്ങൾക്കും അതിവേഗം പരിഹാരം ലഭിക്കും. ജീവിത ക്ലേശങ്ങളിൽ നിന്നും മോചനം നേടാൻ ഏറ്റവും ഉത്തമ മാർഗ്ഗമാണ് നാഗപൂജ. ആയുരാരോഗ്യം, സമ്പൽ സമൃദ്ധി, മന:ശാന്തിയുള്ള ജീവിതം, സന്താനഭാഗ്യം, സന്താന ദുരിത മോചനം എന്നിവയ്ക്കെല്ലാം നാഗാരാധന പോലെ ഫലപ്രദമായ മറ്റൊരു ഉപാസനാ വഴിയില്ല. 2024 ഡിസംബർ 19 വെള്ളിയാഴ്ചയാണ് ധനുമാസത്തിലെ ആയില്യം.
ത്വക് രോഗങ്ങളും മാനസിക പ്രയാസം മാറാനും വിദ്യയിലും വിവാഹത്തിലുമുള്ള തടസം നീങ്ങാനും സന്താനലബ്ധിക്കും കുടുംബ കലഹം തീർക്കാനും ഉദ്യോഗ സംബന്ധമായ വിഷമങ്ങൾ അകറ്റാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റുന്നതിനും ശത്രു ദോഷശാന്തിക്കും ക്ഷേത്രങ്ങളിൽ നടത്താവുന്ന അതി ലളിതമായ കർമ്മമാണ് ആയില്യപൂജ. ജാതകത്തിലെ രാഹു ദോഷങ്ങൾ പരിഹരിക്കാനും ആയില്യത്തിന് നൂറുംപാലും മറ്റും നടത്തുന്നത് അത്യുത്തമമാണ്. സർപ്പ ദേവതകൾക്കുള്ള സുപ്രധാന വഴിപാട് നൂറുംപാലുമാണ്. ആയില്യദിവസം സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പിക്കുന്നതിന് നാഗരൂട്ട്, സർപ്പ ഊട്ട്, ആയില്യമൂട്ട് എന്നെല്ലാം പറയും. സർപ്പക്കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവയാൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ടലങ്കരിച്ചിട്ടാണ് നൂറുംപാലും തർപ്പിക്കുന്നത്. അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്, കദളിപ്പഴം എന്നിവ ചേർത്താണ് നൂറും പാലും ഉണ്ടാക്കുന്നത്. എല്ലാ മാസവും ആയില്യം നാളിൽ സർപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ നൂറും പാലും നേദിക്കും.
നാഗദേവതകളെ പ്രീതിപ്പെടുത്താൻ ഒട്ടേറെ മന്ത്രങ്ങൾ പ്രചാരത്തിലുണ്ട്. മന: ശുദ്ധിയും ശരീര ശുദ്ധിയും പാലിച്ച് ഇവ ജപിക്കാം. നാഗാരാധനയിൽ ആഭ്യന്തര, ബാഹ്യ ശുദ്ധിക്ക് വലിയ പ്രാധാന്യമുണ്ട് എന്ന കാര്യം മറക്കരുത്.
ശുദ്ധിയിലെങ്കിൽ തിരിച്ചടി നേരിടും.
നാഗരാജാ മന്ത്രം
ഓം നമഃ കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ
നാഗയക്ഷി മൂലമന്ത്രം
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹാ നമഃ
അഷ്ടനാഗമന്ത്രങ്ങൾ
ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാർക്കോടകായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
ഓം ഗുളികായ നമഃ
നാഗരാജഗായത്രി
ഓം നാഗരാജായ വിദ്മഹേ
ചക്ഷശ്രവണായ ധീമഹി
തന്നോ സർപ്പ: പ്രചോദയാത്
അനന്തഗായത്രി
ഓം സഹസ്രശീർഷായ വിദ്മഹേ
വിഷ്ണു തല്പായ ധീമഹി
തന്നോ ശേഷ: പ്രചോദയാത്
വാസുകി ഗായത്രി
ഓം സർപ്പരാജായ വിദ്മഹേ
പദ്മഹസ്തായ ധീമഹി
തന്നോ വാസുകി: പ്രചോദയാത്
നവനാഗസേ്താത്രം
അനന്തോ വാസുകി: ശേഷ: പത്മനാഭശ്ചകംബല:
ധൃതരാഷ്ട്ര ശംഖപാല: തക്ഷകകാളിയസ്തഥാ
ഏതാനി നവ നാമാനി നാഗാനാം ച മഹാത്മനാം
സായം കാലേ പഠേന്നിത്യം പ്രാത:കാലേ വിശേഷതം
മംഗള ഗൗരി
Story Summary: Significance Of Naga Upasana and Naga Mantras
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved