അഗതികൾക്ക് അഭയം നരസിംഹമൂർത്തി; ജയന്തി മേയ് 11 ന്

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com. നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
നിരാശ്രയനായ സ്വന്തം ഭക്തൻ പ്രഹ്ലാദനെ അസുരനും മഹാദുഷ്ടനുമായ അവന്റെ അച്ഛനിൽ നിന്ന് രക്ഷിക്കാൻ നിമിഷാർദ്ധത്തിൽ സംഭവിച്ച വിഷ്ണു ഭഗവാന്റെ നാലാമത്തെ അവതാരമാണ് നരസിംഹമൂർത്തി. സിംഹത്തിന്‍റെ രൗദ്രമുഖവും മനുഷ്യ ശരീരവുമുള്ള ഈ അവതാരപ്പിറവി വൈശാഖമാസം ശുക്ലപക്ഷത്തിലെ ചതുര്‍ദ്ദശി തിഥിയും ചോതി നക്ഷത്രവും ഒന്നിച്ചു വന്ന ഒരു സന്ധ്യയ്ക്കാണ്. ഇക്കുറി നരസിംഹ ജയന്തി 2025 മേയ് 11 ഞായറാഴ്ചയാണ്.
ഭക്തനെ രക്ഷിക്കാൻ അവതാരം
വിഷ്ണു ഭഗവാന്റെ അവതാരങ്ങളിൽ ഏറ്റവും ഉഗ്രരൂപിയാണ് നരസിംഹമൂർത്തി. അത്ഭുതകരമായ തപോബലം കൊണ്ട് അസുരരാജൻ ഹിരണ്യകശിപു ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി ധാരാളം വരങ്ങൾ നേടി. ലോകം മുഴുവനും കീഴടക്കുക എന്ന ലക്ഷ്യം നേടാനാണ് അസുരൻ ഈ വരങ്ങൾ സ്വന്തമാക്കിയത്. മനുഷ്യനോ മൃഗമോ, പകലോ രാത്രിയോ, ആയുധം കൊണ്ടോ ആയുധമില്ലാതെയോ, ഭൂമിയിലോ ആകാശത്തോ വച്ച് തന്നെ കൊല്ലരുത് എന്നവരം നേടി
അയാൾ സ്വന്തം ജീവൻ സുരക്ഷിതമാക്കി. ആർക്കും ഒരു വിധത്തിലും തന്നെ നിഗ്രഹിക്കാൻ സാധിക്കില്ലെന്ന ധൈര്യത്തിൽ മൂന്നു ലോകവും അടക്കി വാണു. മനുഷ്യരേയും ദേവന്മാരെയും ഋഷിമാരേയുമെല്ലാം ദ്രോഹിച്ചു. എന്നാൽ ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദൻ തന്നെ സ്വന്തം പിതാവിനെ എതിർത്തു. വിഷ്ണുഭക്തനായ പ്രഹ്ലാദനെ ഹിരണ്യകശിപു പലവിധത്തിലും വധിക്കാൻ നോക്കി. ആ ഘട്ടങ്ങളിലെല്ലാം ഭഗവാൻ പ്രഹ്ലാദനെ രക്ഷിച്ചു. വിഷ്ണുഭഗവാനെ കുറിച്ച് നിരന്തരം ഭക്തിപൂർവ്വം സംസാരിച്ച പ്രഹ്ലാദനുമായി ഹിരണ്യകശിപു ശക്തമായി കലഹിച്ചു. എല്ലായിടത്തും താൻ ഭഗവാനെ കാണുന്നു എന്ന് പ്രഹ്ലാദൻ പറഞ്ഞപ്പോൾ തൊട്ടടുത്തുള്ള തൂണിലേക്ക് നോക്കി ഇതിലും നിന്റെ വിഷ്ണുവുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന പ്രഹ്ലാദന്റെ മറുപടിയിൽ ക്ഷുഭിതനായ ഹിരണ്യകശിപു തൂണിനെ വെട്ടി. അപ്പോൾ തൂണ് പിളർന്ന് അതിൽ നിന്നും വിഷ്ണുഭഗവാൻ നരസിംഹമായി അവതരിച്ച് ഹിരണ്യകശിപുവിനെ നിഗ്രഹിച്ച് സ്വന്തം ഭക്തനായ പ്രഹ്ലാദനെ രക്ഷിച്ചു എന്ന് ഐതിഹ്യം. ഭക്തവത്സലനായ നരസിംഹ ഭഗവാന്റെ തിരു അവതാരദിനമാണ് നരസിംഹ ജയന്തിയായി
ആചരിക്കുന്നത്. എല്ലാ നരസിംഹ ക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാന ആചരണമാണ്.
നെയ്‌വിളക്ക് തെളിക്കുക
നരസിംഹ മൂർത്തിയെ ഉപാസിക്കുന്നതിനും നരസിംഹ മന്ത്രങ്ങൾ ജപിക്കുന്നതിനും നെയ്‌വിളക്ക് കൊളുത്തുന്നതാണ് ഉത്തമം. കാര്യസാധ്യത്തിനും ഐശ്വര്യത്തിനും പാപദുരിതം നീങ്ങുന്നതിനും നെയ്‌വിളക്ക് ഉത്തമമാണ്. അല്ലെങ്കിൽ എള്ളെണ്ണയും ഉപയോഗിക്കാം. അറിഞ്ഞോ അറിയാതെയോ നാം ചെയ്ത പാപദുരിതങ്ങൾ നീങ്ങുന്നതിനാണ് എള്ളെണ്ണ കൊണ്ട് ദീപം തെളിക്കുന്നത്. നിലവിളക്കിൽ കിഴക്ക് പടിഞ്ഞാറ് എന്നിങ്ങനെ 2 ദിക്കിലേക്ക് തിരിയിട്ട് കൊളുത്തണം. 5 ദിക്കിൽ തിരിയിടുന്നത് കൂടുതൽ ഉത്തമം.
ജപവേളയിൽ ചുവന്നവസ്ത്രം
ഉഗ്രമൂർത്തിയായ നരസിംഹ മൂർത്തിയെ പ്രാർത്ഥിക്കുമ്പോൾ ചുവന്നവസ്ത്രം ധരിക്കുന്നത് ഏറ്റവും നല്ലതാണ്. വെളുത്ത വസ്ത്രം ധരിക്കുന്നത് പാപശാന്തിക്കും വിദ്യാവിജയത്തിനും മഞ്ഞവസ്ത്രം ധരിക്കുന്നത് ഐശ്വര്യത്തിനും ധനഭാഗ്യത്തിനും ചുവന്നവസ്ത്രം ദൃഷ്ടിദോഷശാന്തി ശത്രുദോഷശമനം, ശാപശാന്തി എന്നിവക്കെല്ലാം ഉത്തമമാണ്. കോടിവസ്ത്രം ധരിക്കണം. അലക്കി വൃത്തിയാക്കിയ വസ്ത്രവും ധരിക്കാം പിതൃപ്രീതിക്കും ഗ്രഹപ്പിഴകൾ മാറുന്നതിനും കറുത്ത വസ്ത്രവും ജപവേളയിൽ ധരിക്കാം.
ശത്രുദോഷശാന്തിക്ക് നരസിംഹ മന്ത്രം
വളരെ അത്ഭുതശക്തിയുള്ള പ്രശസ്തമായ ഒന്നാണ് ഉഗ്രനരസിംഹമന്ത്രം . ഇത് നിത്യേന 2 നേരം 16 പ്രാവശ്യം വീതം ജപിക്കണം. ചുവന്നവസ്ത്രം ധരിച്ച് രാവിലെ കിഴക്ക് ദർശനമായും വൈകിട്ട് പടിഞ്ഞാറ് ദർശനമായും ഇരുന്ന് ജപിക്കണം. അതിശക്തമായ ശത്രുദോഷ ദൃഷ്ടിദോഷങ്ങൾ പോലും മാറും. അകാരണമായ ഭയം അകറ്റാനും ദുരിതമോചനത്തിനും നരസിംഹമന്ത്ര ജപം ഉത്തമാണ്. നരസിംഹാവതാരം ത്രിസന്ധ്യാനേരത്ത് ആയതിനാൽ അപ്പോൾ ഭക്തിയോടെ നരസിംഹമൂർത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും കാര്യസിദ്ധി നൽകുമെന്നാണ് വിശ്വാസം. ക്ഷേത്രദര്‍ശന വേളയിൽ നരസിംഹമൂർത്തി മന്ത്രം ജപിക്കുന്നതും നല്ലതാണ്.
ഉഗ്രംവീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമൃഹം
പ്രധാന വഴിപാടുകൾ
നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്‌വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴിൽ വിവാഹ തടസ്സങ്ങൾ നീങ്ങും. തുളസിമാല സമർപ്പണം നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ നടത്താവുന്ന മറ്റൊരു പ്രധാന വഴിപാടാണ്. നരസിംഹ ഭഗവാന്റെ ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്. ഭഗവാന്റെ ജന്മനാളും പഞ്ചഭൂതങ്ങളിൽ വായുദേവൻ്റെ നാളുമായ ചോതി നക്ഷത്രത്തിൽ ഭഗവാനെ പ്രാർത്ഥിച്ചാൽ ആപത്തുകളിൽ നിന്ന് രക്ഷനേടാം. കടബാധ്യത നീക്കി കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കാൻ പതിവായി ചോതി നക്ഷത്ര ദിവസം നരസിംഹ ക്ഷേത്ര ദർശനം നടത്തുകയോ ഭവനത്തിലിരുന്നു നരസിംഹമൂർത്തി പ്രീതികരമായ ഭജനകൾ നടത്തുകയോ ചെയ്യുക.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
മൊബൈൽ: +91 094-470-20655
Story Summary: Significance of Narasimha Avatharam and Narasimha Moorthy Jayanthi
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved