Thursday, 13 Mar 2025
AstroG.in

സർവ്വാഭീഷ്ട സിദ്ധിക്ക് പൗർണ്ണമി പൂജ വ്യാഴാഴ്ച;  ഹോളി വെള്ളിയാഴ്ച

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

മംഗള ഗൗരി
പൂർവ്വഫാൽഗുനം അതായത് പൂരം, ഉത്തരഫാൽഗുനം അതായത് ഉത്രം എന്നീ നക്ഷത്രങ്ങളിൽ ഏതിലെങ്കിലും പൗർണ്ണമി വരുന്ന മാസമാണ് ഫാൽഗുനം. മലയാള മാസങ്ങളായ കുംഭം -മീനം മാസങ്ങളിൽ ഒന്ന്. ശകവർഷത്തിലെ ഏറ്റവും അവസാന മാസമാണിത്. ഭാരതത്തിലെ ഏറ്റവും വലിയ ഉത്സവമായ ഹോളി ആഘോഷം ഫാൽഗുന പൗർണ്ണമിക്കാണ്. എല്ലാ പൗർണ്ണമിയെയും പോലെ ഈ ദിവസവും ദേവി പ്രധാനമായും, ശിവപ്രധാനമായും വ്രതമനുഷ്ഠിച്ചു പോരുന്നു. പാല് നെയ്യ് പഞ്ചഗവ്യം എന്നിവയാൽ ശിവശക്തിമാരെ അഭിഷേകം ചെയ്യുന്നത് ഏറെ ശ്രേഷ്ഠമായി കരുതപ്പെടുന്നു. നെയ്യ് ചേർന്ന നിവേദ്യങ്ങൾ സമർപ്പിക്കുന്നത് ഏറെ വിശേഷമാണ്. ദേവിക്ക് താമരപ്പൂവ്, താമരമാല എന്നിവ സമർപ്പിക്കുന്നതും പുണ്യദായകമാണ്. എല്ലാ പൗർണ്ണമി വ്രതവും സർവ്വദേവതാ പ്രീതികരവും, സർവ്വാഭീഷ്ട സിദ്ധികരവുമാണ്.
മാർച്ച് 13 വ്യാഴാഴ്ച സന്ധ്യയ്ക്ക് മാത്രമാണ് പൗർണ്ണമി തിഥി ഉള്ളത്. അതിനാൽ വ്യാഴാഴ്ച വൈകിട്ട് ചന്ദ്രോദയത്തിൽ ക്ഷേത്രങ്ങളിൽ  പൗർണ്ണമി പൂജ നടക്കും. എന്നാൽ ഫാൽഗുന പൗർണ്ണമിയിലെ ഹോളി ആഘോഷം വെള്ളിയാഴ്ച നടക്കും.

നിറങ്ങളുടെ ഉത്സവം ഹോളി

ഫാല്‍ഗുനമാസത്തിലെ വെളുത്ത വാവിനോട് ചേര്‍ന്ന ഭാരതത്തിലെ വസന്തോത്സവമാണ് ഹോളി. വസന്തകാലത്തെ എതിരേൽക്കാനുള്ള ഈ ഉത്സവത്തെ നിറങ്ങളുടെ ഉത്സവം എന്നും പറയുന്നു. പ്രഹ്ലാദന്റെ കഥയാണ് മുഖ്യമായും ഹോളി ആഘോഷത്തിന് അടിസ്ഥാനം. പിന്നെ രാധാകൃഷ്ണ പ്രണയവും കാമദേവൻ്റെ ജീവത്യാഗ കഥയും മറ്റും ഇതുമായി ചേർത്ത് പറയുന്നുണ്ട്. ശിവപാർവതി ക്ഷേത്രങ്ങളിൽ ഹോളി
ദിവസം ദർശനം നടത്തുന്നത് അത്യുത്തമമാണ്. ഇന്ന് ഹോളി ഭാരതവും കടന്ന് അന്തര്‍ദ്ദേശീയ ശ്രദ്ധ നേടിയിരിക്കുന്നു. ദക്ഷിണ ഭാരതത്തില്‍ ഈ ഹോളിയുടെ വ്യാപനം കുറയാന്‍ തദ്ദേശീയമായ കാരണമുണ്ട്. തമിഴ്‌നാട്ടില്‍ ദീപാവലി, പൊങ്കല്‍ ഹോളിയുടെ ആഗ്നേയ സ്വഭാവം പകര്‍ത്തി.

കേരളത്തില്‍ കുംഭം – മീനത്തിലെ പൗര്‍ണ്ണമി, ഭരണി കേന്ദ്രീകരിച്ചുള്ള തൂക്കം, പൊങ്കാല, അഗ്നി കാവടി തുടങ്ങിയ കുംഭ–മീന മാസത്തിലെ ആഘോഷങ്ങള്‍ ആഗ്നേയോത്സവം വേറൊരു രീതിയില്‍ സ്വീകരിച്ചതാണ്. കുംഭ ഭരണിക്കും മീനഭരണിക്കും ഭഗവതിക്ഷേത്രങ്ങളില്‍ ‘തൂക്കം’ എന്നൊരു ഉത്സവം ഉണ്ടല്ലോ. ഏഴ് ദിവസം ഭഗവതിയെ ഭജിച്ച ഒരാളെ ചെത്തിപ്പൂ മാലയും മഞ്ഞളും അണിയിച്ച് ഉടുത്തുകെട്ടി തൂക്കു ചാടിന്മേല്‍ കയറ്റുകയാണ് തൂക്കം ഉത്സവത്തില്‍ പ്രാധാന്യം.

ദേവീക്ഷേത്രങ്ങളിലെ പൊങ്കാലയും ഒരുതരത്തില്‍ ആഗ്നേയോത്സവമാണ്. സ്ത്രീകളുടെ
വസ്ത്രധാരണത്തെക്കുറിച്ച് പഠനം നടത്തിയവര്‍ ഒരുകാര്യം എടുത്തുപറയുന്നുണ്ട്. പലവിധ  അടിച്ചമര്‍ത്തലുകള്‍ അനുഭവപ്പെടുന്നതു കൊണ്ടാണ് പലപ്പോഴും സ്ത്രീകള്‍ കൂടുതല്‍ വര്‍ണ്ണങ്ങള്‍ ഇഷ്ടപ്പെടുന്ന വസ്ത്രം സ്വീകരിക്കുന്നതത്രേ. എന്നാല്‍ വനിതകളില്‍ തന്നെ അത്തരം സമ്മര്‍ദ്ദം കുറഞ്ഞവരില്‍ വസ്ത്രത്തില്‍ വര്‍ണ്ണപ്രിയത്വം കാണിക്കാറുമില്ല എന്ന് പറയുന്നു. വിലയിരുത്തലിൽ ഹോളി തുടക്കത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ (ശൂദ്രന്റെ) ഉത്സവമായിരുന്നു. ക്രമേണ അതിന് സര്‍വ്വത്ര സ്വീകാര്യത ലഭിച്ചു. ഭഗവതി ക്ഷേത്രത്തിലെ കുരുതിയിലെ (നിറം കലര്‍ത്തിയ ചായം) നിറവും, ഹോളിയിലെ നിറം–വര്‍ണ്ണരാജിയും വളരെ സാദൃശ്യമുണ്ട്. കാലത്തിലൂടെ സഞ്ചരിച്ച ഹോളി ഇപ്പോള്‍ ഇംഗ്‌ളീഷിലെ ‘ഹോളി’– അതായത് പരിശുദ്ധിയിലേക്കുള്ള ഒരു ഉത്തമോത്സവമായി ഭാരതത്തില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞു.

Story Summary: Significance of Phaguna Powrnami and Holi Festival

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!