ഈ ശനിയാഴ്ച മഹാശനി പ്രദോഷം നാലിരട്ടി ഫലം തരും; ഗ്രഹപ്പിഴകൾ മാറ്റാം
ജോതിഷി പ്രഭാസീന സി പി
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളിൽ ഏറ്റവും ഫലദായകമാണ് പ്രദോഷ വ്രതം. മാസത്തിൽ രണ്ട്
പ്രദോഷം വരും. ഇതിൽ ധനുമാസത്തിലെ കൃഷ്ണപക്ഷ പ്രദോഷം 2024 ഡിസംബർ 28 ശനിയാഴ്ചയാണ്.
ത്രയോദശി തിഥി ശനിയാഴ്ച സന്ധ്യയ്ക്ക് വരുന്ന ദിവസത്തെയാണ് ശനി പ്രദോഷമായി കണക്കാക്കുന്നത്. ഗ്രഹദോഷങ്ങളിൽ നിന്നും മുക്തിനേടാൻ പ്രദോഷ ദിവസം വ്രതമെടുത്ത് ശിവപാർവ്വതി പൂജ ചെയ്യുന്നത് ശ്രേഷ്ഠമാണ്. പ്രത്യേകിച്ച് ശനിദോഷം അകറ്റാനുള്ള വിശേഷശക്തി ശനിപ്രദോഷ വ്രതാനുഷ്ഠാനത്തിനുണ്ട്. കറുത്തപക്ഷത്തിലെ ശനിയാഴ്ച വരുന്ന പ്രദോഷവ്രതമാണെങ്കിൽ ഏറ്റവും മഹത്തരവും അനുഗ്രഹദായകവുമായി കണക്കാക്കുന്നു. സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിന്റെ ഇരട്ടി ഫലം നൽകും ശനി പ്രദോഷം. കറുത്തപക്ഷത്തിൽ ശനിയാഴ്ച വരുന്ന മഹാശനിപ്രദോഷമാകട്ടെ നാലിരട്ടി ഫലദായമാണ്. വ്രതമെടുക്കാൻ കഴിയാത്തവർ അന്ന് ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ കഴിപ്പിച്ച് പ്രാർത്ഥിക്കണം.
ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം. അന്ന് കൂവളത്തിലകൊണ്ട് ശ്രീപരമേശ്വരനെ അർച്ചിച്ചാൽ സായൂജ്യം കൈവരുമെന്നാണ് വിശ്വാസം.
“സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികംവ്രതം” എന്നാണ് ശിവപുരാണത്തിൽ പറയുന്നത്. ജാതകദോഷത്താലോ, ഗ്രഹദോഷത്താലോ ദശാദോഷത്താലോ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക്
പ്രദോഷ വ്രതം നോറ്റാൽ ശാന്തി ലഭിക്കുന്നതാണ്.
പ്രദോഷ വ്രതം അനുഷ്‌ഠിക്കുന്നവര്‍ തലേ ദിവസം മത്സ്യമാംസാദികള്‍ ഭക്ഷിക്കരുത്. ഒരുനേരം മാത്രം അരിയാഹാരം ആവാം. പ്രദോഷ നാൾ പൂര്‍ണ്ണ ഉപവാസം നല്ലതാണ്. അതിനുള്ള ആരോഗ്യമില്ലാത്തവര്‍ക്ക് ഉച്ചക്ക് ലളിതമായി ആഹാരം കഴിക്കാം. വ്രതത്തിന്റെ അന്നു രാവിലെ ബ്രഹ്‌മുഹൂര്‍ത്തത്തില്‍ കുളിച്ച് ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം ഇവ ധരിച്ച് ആല്‍പ്രദക്ഷിണം ചെയ്ത് ശിവക്ഷേത്രദര്‍ശനം നടത്തണം. ഓം നമഃ ശിവായ എന്ന മന്ത്രവും ശിവ സ്തുതകളും ജപിച്ച് പകല്‍ കഴിയുക. വൈകിട്ട് പ്രദോഷപൂജ, അഭിഷേകം തുടങ്ങിയ
ചടങ്ങുകളിൽ പങ്കെടുക്കാം. അഭിഷേകത്തിന് പാല്‍, കരിക്ക്, പനിനീര്‍, കൂവളമാല എന്നിവ ശിവക്ഷേത്രത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം. തല്‍സമയം നടക്കുന്ന അഭിഷേകവും ദീപാരാധനയും കണ്ട് തൊഴണം. പിറ്റേന്ന് രാവിലെ കുളിച്ച് ശുദ്ധമായി ക്ഷേത്രദര്‍ശനം കഴിഞ്ഞ് തീര്‍ത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാം.
പ്രദോഷവ്രതം സര്‍വ്വദോഷപ്രീതി ലഭിക്കുന്ന ഒന്നാണ്. കൈലാസവാസിയായ ഭഗവാന്‍ പാര്‍വതീസമക്ഷം നൃത്തം ചെയ്യുന്നു. തദവസരത്തില്‍ നൃത്തത്തിന് മോടികൂട്ടാന്‍ സരസ്വതിദേവി വീണ വായിക്കുന്നു. ബ്രഹ്‌മാവ് താളം പിടിക്കുന്നു. ഇന്ദ്രന്‍ പുല്ലാങ്കുഴല്‍ വായിക്കുന്നു. ലക്ഷ്‌മീദേവി ഗാനാലാപം നടത്തുന്നു. ശിവഭൂതഗണങ്ങളും നൃത്തം ചെയ്യുന്നു. ദേവന്മാര്‍ ഭഗവല്‍ സ്‌തോത്രങ്ങള്‍ പാടുന്നു. യക്ഷ കിന്നരന്മാര്‍ ഭഗവാനെ സ്‌തുതിക്കുന്നു. സകലദേവന്മാരും സന്നിഹിതരാവുന്ന, പ്രദോഷവ്രതം നോറ്റാല്‍ എല്ലാ ദേവന്മാരും ഒന്നിച്ചു പ്രസാദിക്കുമെന്ന മഹാത്മ്യം കൂടി ഈ വ്രതത്തിനുണ്ട്. പ്രദോഷവ്രതം എടുക്കുമ്പോള്‍ തേച്ചുകളി പാടില്ല. ഗുരുനിന്ദയും വെറ്റിലമുറുക്കും നിഷിദ്ധമാണ്. രുദ്രാക്ഷം ധരിച്ച് പഞ്ചാക്ഷരം ജപിച്ചും ശിവമഹാത്മ്യം പാരായണം ചെയ്‌തും 12 മാസം വ്രതം ആചരിച്ചാല്‍ ശാന്തിയും സമാധാനവും ലഭിക്കും.
പൊതുവേ കറുത്ത പക്ഷത്തിൽ വരുന്ന പ്രദോഷം കൂടുതൽ ശ്രേഷ്ഠമായി പറയുന്നു. ഇതിൽ തന്നെ
കറുത്തപക്ഷത്തില്‍ വരുന്ന ശനിപ്രദോഷം, സാധാരണ വ്രതനിഷ്ഠകൾ പാലിച്ച് മൗനവ്രതത്തോടെ ആചരിക്കുന്നത് ഉല്‍ക്കൃഷ്‌ടമാണ്. അതുപോലെ പ്രധാനപ്പെട്ടതാണ് തിങ്കള്‍ പ്രദോഷവും. കുടുംബസുഖം, ദാമ്പത്യ സുഖം, സന്താനലാഭം, ആയുരാരോഗ്യം എന്നിവയുണ്ടാകും ബ്രഹ്‌മഹത്യാപാപങ്ങള്‍പോലും ഒഴിഞ്ഞുപോകും. എല്ലാത്തിനുമുപരി മനഃശാന്തി കിട്ടും മാസംതോറും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിച്ചാൽ ശത്രുദോഷ, ശാപദോഷങ്ങൾ അടക്കമുള്ള എല്ലാ ദുരിതങ്ങളും ശമിക്കും. ശത്രുവില്‍ നിന്ന് മോചനമേ ആഗ്രഹിക്കാവൂ; ശത്രുനാശത്തിന് പ്രാര്‍ത്ഥിക്കരുത്. ദാരിദ്ര്യദു:ഖങ്ങൾ ശമിക്കുന്നതിനും സത്കീര്‍ത്തിക്കും സന്താനലബ്ധിക്കും രോഗശാന്തിക്കും എല്ലാവിധത്തിലെ ഉന്നതിക്കും ഐശ്വര്യത്തിനും പ്രദോഷവ്രതം ഏറ്റവും ഉത്തമമാണ്. ഗൃഹസ്ഥാശ്രമ ജീവിതത്തിലെ ബാധ്യതകൾ തീര്‍ന്നവര്‍ മാത്രമേ മോക്ഷപ്രാപ്തിക്ക് പ്രാര്‍ത്ഥിക്കാവൂ.
ജാതകത്തില്‍ ആദിത്യദശ വരുമ്പോൾ പ്രദോഷവ്രതം അനുഷ്ഠിച്ചാല്‍ ഉദ്ദിഷ്ടകാര്യം അതിവേഗം സാധിക്കും. ജാതകത്തില്‍ ഇഷ്ടദേവന്‍ ആദിത്യനാണെങ്കില്‍ പ്രദോഷവ്രതം നോൽക്കുന്നത് ഏറെ ഐശ്വര്യപ്രദമാണ്. ദീര്‍ഘായുസും സമ്പത്തും ലഭിക്കും. ജീവിതാവസാനം സായൂജ്യവും കരഗതമാകും. ജാതകത്തില്‍ ആദിത്യന്‍ അനിഷ്ടഷസ്ഥാനത്തു നില്‍ക്കുന്നവര്‍ക്ക് പ്രദോഷവ്രതാചരണം മൂലം അരിഷ്ടതകള്‍ ഒഴിവാകും.
പ്രദോഷമെടുക്കുന്നവർ പഞ്ചാക്ഷരീമന്ത്രം, പഞ്ചാക്ഷരീ സ്തോത്രം, ശിവ അഷ്ടോത്തരം, സഹസ്രനാമം, ശിവപുരാണപാരായണം, ശിവാഷ്ടകം, മറ്റ് ശിവ സ്തുതികൾ, ഭജനകൾ എന്നിവ ഭക്തിപൂർവ്വം ചൊല്ലുക.
ശിവ അഷ്ടോത്തരം
ജോതിഷി പ്രഭാസീന സി പി
+91 9961442256
Story Summary: Significance of Pradosha Viratham on Edavam Sukla Paksha
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved