Thursday, 27 Mar 2025
AstroG.in

ഈ വ്യാഴാഴ്ച പ്രദോഷം;  ശിവപ്രീതി നേടിയാൽ  ദുരിതമുക്തി, ഐശ്വര്യം

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

മംഗള ഗൗരി
ശ്രീ മഹാദേവന്റെ അനുഗ്രഹത്തിന് ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന ദിവ്യ വ്രതമാണ് എല്ലാ മാസവും കറുത്ത പക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി ദിവസം സന്ധ്യയ്ക്ക് വരുന്ന പ്രദോഷം. ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, സത്കീർത്തി, സന്തുഷ്ട കുടുംബം, വിവാഹം, സന്താനഭാഗ്യം തുടങ്ങി സർവ്വൈശ്വര്യങ്ങളും ഈ വ്രതം നോറ്റാൽ ലഭിക്കും. 2025 മാർച്ച് 27 നാണ് മീനത്തിലെ കൃഷ്ണപക്ഷ പ്രദോഷം.

ഓം നമഃ ശിവായ ജപിക്കുക
ത്രയോദശി തിഥി ദിവസം പ്രദോഷ വേളയിൽ പാർ‌വതി ദേവിയെ പീഠത്തിൽ ഇരുത്തി ശിവൻ നടരാജ നൃത്തം ചെയ്യുമത്രേ. ഈ സമയത്ത് എല്ലാ ദേവീദേവന്മാരും സന്നിഹിതരാകും. അതിനാൽ പ്രദോഷം നോറ്റാൽ എല്ലാ ദേവതകളുടെയും അനുഗ്രഹം ലഭിക്കും എന്ന് കരുതുന്നു. ഈ സമയത്ത് ശിവഭജനം നടത്തുന്നതും ബില്വാഷ്ടകം ജപിച്ച് കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നതും സർവ മംഗളകരമാണ്. നല്ല കുടുംബജീവിതം, ധനം, സന്താനം, സദ്കീർത്തി, ആരോഗ്യം എന്നിവ ഇത് വഴി ലഭിക്കുമെന്ന് ശിവപുരാണം പറയുന്നു. സന്ധ്യയ്ക്ക് പ്രദോഷ പൂജാ വേളയിൽ എവിടെയായിരുന്നാലും കഴിയുന്നത്ര ഓം നമഃ ശിവായ ജപിക്കുന്നത് ഉത്തമമാണ്. ഈ സമയത്ത് വിനോദങ്ങളിൽ ഏർപ്പെടുക, ഭക്ഷണം കഴിക്കുക, പാചകം ചെയ്യുക എന്നിവയൊന്നും പാടില്ല.

വ്രതാനുഷ്ഠാനം
പ്രദോഷം ഉപവാസമായി അനുഷ്ഠിക്കണം. തലേന്ന് ഒരിക്കലെടുത്ത് വ്രതം തുടങ്ങണം. പ്രദോഷനാൾ രാവിലെ പഞ്ചാക്ഷരി ജപത്തോടെ ശിവക്ഷേത്ര ദർശനം നടത്തി കൂവളയില കൊണ്ട് അർച്ചന, കൂവളമാല സമർപ്പണം, പിൻ വിളക്ക് ജലധാര എന്നിവ നടത്തണം. പകൽ മുഴുവൻ ഉപവാസം നല്ലത്. അതിനു കഴിയാത്തവർക്ക് ഉച്ചയ്ക്ക് മാത്രം ഊണ് കഴിക്കാം. പഞ്ചാക്ഷരി സ്തോത്രം, ശിവസഹസ്രനാമം, ശിവ അഷ്ടോത്തരം, ലിംഗാഷ്ടകം, ഉമാമഹേശ്വര സ്തോത്രം, ദാരിദ്ര്യ ദുഃഖ ദഹന ശിവ സ്തോത്രം, വിശ്വനാഥാഷ്ടകം, പ്രദോഷ സ്തോത്രം, ശിവപുരാണം തുടങ്ങിയവ യഥാശക്തി ഭക്തിപൂർവ്വം ചൊല്ലുക. സന്ധ്യയ്ക്ക് മുൻപ് കുളിച്ച് ശിവക്ഷേത്രദർശനം നടത്തി പ്രദോഷപൂജ, ദീപാരാധന എന്നിവയിൽ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ നീര് സേവിക്കുക. അവിലോ , മലരോ, പഴമോ കഴിച്ച് ഉപവാസമവസാനിപ്പിക്കാം. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാവുന്നതാണ്.

ദുരിതങ്ങളെല്ലാം ശമിക്കും
കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും. രണ്ടു പ്രദോഷവും വ്രതവും അനുഷ്ഠിക്കുമെങ്കിലും ഏറെ വിശേഷം കറുത്തപക്ഷ പ്രദോഷമാണ്. പുണ്യകരമായ കർമ്മങ്ങൾക്ക് ഏറ്റവും ഉത്തമമായ ദിവസവുമാണിത്. തിങ്കൾ പ്രദോഷവും, ശനി പ്രദോഷവും ശ്രേഷ്ഠമാണ്. ഇതിന് ഇരട്ടിഫല സിദ്ധിയുണ്ട്. മാസംതോറുമുള്ള ഏതെങ്കിലും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിച്ചാൽ എല്ലാ ദുരിതങ്ങളും ശമിക്കും. പ്രദോഷ വ്രതം എടുക്കാൻ കഴിയാത്തവർ അന്ന് സന്ധ്യയ്ക്ക് ശിവക്ഷേത്ര ദർശനം നടത്തി ജലധാര, കൂവളാർച്ചന തുടങ്ങിയ വഴിപാടുകൾ നടത്തിയ ശേഷം 108 ഉരു ഓം നമഃ ശിവായ, ശിവ അഷ്ടോത്തര ശതനാമാവലിയും പ്രദോഷ സ്തുതി , ലിംഗാഷ്ടകം ബില്വാഷ്ടകം എന്നിവ ജപിക്കണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ബില്വാഷ്ടകം
കേൾക്കാം :

ബില്വാഷ്‌ടകം
ത്രിദളം ത്രിഗുണാകാരം
ത്രിനേത്രം ച ത്രയായുധം
ത്രിജന്മപാപ സംഹാരം
ഏകബില്വം ശിവാര്‍പ്പണം

ത്രിശാഖൈർ ബില്വപത്രൈശ്ച
ഹ്യച്ഛിദ്രൈ: കോമളൈ: ശുഭൈ:
ശിവപൂജാം കരിഷ്യാമി
ഏകബില്വം ശിവാര്‍പ്പണം

അഖണ്ഡബില്വ പത്രേണ
പൂജിതേ നന്ദികേശ്വരേ
ശുദ്ധ്യന്തി സര്‍വ്വപാപേഭ്യോ
ഏകബില്വം ശിവാര്‍പ്പണം

സാളഗ്രാമശിലാമേകാം
വിപ്രാണാം ജാതു ചാര്‍പ്പയേത്
സോമയജ്ഞമഹാപുണ്യം
ഏകബില്വം ശിവാര്‍പ്പണം

ദന്തികോടി സഹസ്രാണി
വാജപേയശതാനി ച
കോടികന്യാ മഹാദാനം
ഏകബില്വം ശിവാര്‍പ്പണം

ലക്ഷ്മ്യാ: സ്തനത: ഉത്പന്നം
മഹാദേവസ്യ ച പ്രിയം
ബില്വവൃക്ഷം പ്രയച്ഛാമി
ഏകബില്വം ശിവാര്‍പ്പണം

ദര്‍ശനം ബില്വവൃക്ഷസ്യ
സ്പര്‍ശനം പാപനാശനം
അഘോരപാപ സംഹാരം
ഏകബില്വം ശിവാര്‍പ്പണം

മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ
ഏകബില്വം ശിവാര്‍പ്പണം

ബില്വാഷ്ടകമിദം പുണ്യം
യ: പഠേ ശിവസന്നിധൌ
സര്‍വ്വ പാപ വിനിര്‍മ്മുക്ത:
ശിവലോകമവാപ്നുയാത്

ഇതി ബില്വാഷ്ടകം സമ്പൂർണ്ണം


Story Summary: Significance of Pradosha Vritham 2025 March 27

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
What would make this website better?

0 / 400