ഇവർ രാഹു, കേതുപ്രീതി നേടിയാൽജീവിതത്തിൽ പുരോഗതി കൈവരിക്കാം
ജ്യോതിഷരത്നം വേണുമഹാദേവ്
ശനിയെപ്പോലെ രാഹുവിനെയും ചൊവ്വയെപ്പോലെ കേതുവിനെയും കാണണം എന്നാണ് പ്രമാണം. ശനിവത് രാഹു, കുജവത് കേതു എന്നൊരു ചൊല്ലു തന്നെയുണ്ട്. ഓരോ ദിവസവും പകൽ രാഹു പ്രധാനമായ സമയത്തെ രാഹുകാലം എന്നും കേതു പ്രധാനമായ സമയത്തെ യമകണ്ഡ കാലമെന്നും പറയുന്നു. ഉദയം നോക്കിയാണ് ഇത് കൃത്യമായി പറയുക. ശനിയാഴ്ചയാണ് രാഹുവിന്റെ ദിവസം. ശനിയുടെ കറുപ്പും നീലയും തന്നെയാണ് രാഹുവിന്റെയും നിറം. വിശ്വാസികൾ ഏറെ ഭയത്തോടെ കാണുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. എന്നാൽ ഛായാഗ്രഹങ്ങളായ ഇവർ വെറും ഉപദ്രവകാരികൾ മാത്രമല്ല. ഇവരെക്കൊണ്ട് പല ഗുണങ്ങളും ഉണ്ടെന്ന് ജ്യോതിഷം പറയുന്നു.
രാഹുവിന്റെ അനുഗ്രഹമുള്ളവർ
വിഷ വൈദ്യന്മാർ, ശസ്ത്രക്രിയയിൽ വിദഗ്ധരായ ഡോക്ടർമാർ , ദേവീക്ഷേത്രങ്ങളിലെ പൂജാരിമാർ , രാഷ്ട്രീയ രംഗത്ത് ശോഭിക്കുന്നവർ എന്നിവർ രാഹുവിന്റെ അനുഗ്രഹം ഉള്ളവരാണ്. മനോരോഗം, അതൃപ്തി, മോഷണം, തിന്മ, ഭയം, വിധേയത്വം, ആശയക്കുഴപ്പം, രാഷ്ട്രീയ നേതാക്കൾ, മാന്ത്രിക കർമ്മികൾ ഇവയുടെ പ്രതീകമാണ് രാഹു.
കേതുവിൻ്റെ സ്വാധീനം കൂടിയവർ
നഷ്ടം, ജീവിത വിരക്തി, നിർമ്മമത, അലച്ചിൽ, സങ്കീർണ്ണത എന്നിവയുടെയും കാരകനാന്ന് കേതു.
മോക്ഷം തരുന്നതും സന്ന്യാസ ജീവിതത്തിനു കാരണമാകുന്നതും കേതുവിൻ്റെ സ്വാധീനമാണ്.
ജാതകത്തിൽ കേതു നല്ല സ്ഥാനത്തുള്ളവർ ഉന്നത സ്ഥാനങ്ങളിലെത്തും; പ്രത്യേകിച്ച് ആത്മീയമായി.
ചൊവ്വാഴ്ചയാണ് കേതുവിന്റെ ദിനം. വസ്ത്രത്തിൽ ചൊവ്വയുടെ ചുവപ്പും കേതുവിന് പ്രധാനമാണ്; പിന്നെ കറുപ്പും.
രാഹുവിന്റെ നക്ഷത്രങ്ങൾ
തിരുവാതിര, ചോതി, ചതയം ഇവയാണ് രാഹുവിന്റെ നക്ഷത്രങ്ങൾ. ഈ നക്ഷത്രങ്ങളിൽ രാഹു നിന്നാൽ ആ നക്ഷത്രജാതർക്ക് ഗുണം ചെയ്യും. എന്നാൽ കേതുവിന്റെ നക്ഷത്രങ്ങളായ അശ്വതി, മകം, മൂലം നക്ഷത്രങ്ങളിൽ രാഹു നിൽക്കുന്നത് തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർക്ക് ദോഷമാണ്. ദുർഗ്ഗയാണ് രാഹുവിന്റെ ദേവത. രാഹുദോഷങ്ങൾ ശമിക്കാൻ ഛിന്നമസ്ത ദേവിയെയും നാഗദേവതകളെയും ഭജിക്കണം. ആയില്യം നാളിൽ സർപ്പസന്നിധികളിൽ ദർശനം, ഞായർ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ രാഹുകാലത്ത് ദേവീ ക്ഷേത്രത്തിൽ നാരങ്ങാ വിളക്ക് എന്നിവ നടത്തുന്നത് മികച്ച രാഹുദോഷ പരിഹാരമാണ്.
രാഹുമൂലമന്ത്രം
ഓം രാംരാഹവേ നമ:
രാഹു ഗായത്രി
ഓം സൈംഹികേയായ വിദ്മഹേ
തമോമയായ ധീമഹി
തന്നോ രാഹു പ്രചോദയാത്
കേതുവിന്റെ നാളുകൾ
കേതു ജ്ഞാനകാരകനാണ്. തെളിവാർന്ന ബുദ്ധസാമർത്ഥ്യത്തിനും, ഏകാഗ്രചിന്തയ്ക്കും പഠിച്ച കാര്യങ്ങൾ ദീർഘകാലം ഓർമ്മയിൽ നിൽക്കുവാനും കേതുവിന്റെ അനുഗ്രഹത്താൽ സാദ്ധ്യമാണ്. അശ്വതി, മകം, മൂലം ഇവയാണ് കേതുവിന്റെ നാളുകൾ. ഈ ദിവസങ്ങളിൽ കേതുവിന് ബലം കാണും. പകലത്തെക്കാൾ രാത്രിയിലാണ് കേതുവിന് ശക്തി.
കേതുവിന്റെ ദേവതകൾ
ജാതി – മതം മാറി വിവാഹം കഴിക്കുന്നവരിലും അവരുടെ സന്തതികളിലും കേതുവിന്റെ സ്വാധീനമുണ്ടാകും. പ്രവചനം, മന്ത്രവാദം, താന്ത്രിക ശാസ്ത്രം, ഇതെല്ലാം കേതുവിന്റെ നിയന്ത്രണത്തിലാണ്. ഗണപതി, ചാമുണ്ഡി, കാലെഭൈരവൻ, ധൂമാവതി എന്നിവരാണ് കേതുവിന്റെ ദേവതകൾ. ജാതകത്തിൽ കേതുവിന്റെ സ്ഥാനം
മോശമാണെങ്കിൽ അവർക്ക് വിവാഹജീവിതം നടക്കാൻ പ്രയാസമാണ്. നടന്നാൽ തന്നെ അത് സമാധാനമില്ലാത്ത ഒരു ജീവിതവുമായിരിക്കും. കേതു ദോഷമുള്ളവർ രണ്ടു പക്ഷത്തിലെയും ചതുർത്ഥി നാളിൽ ഗണപതിയെ ഉപാസിക്കുന്നതും ഗണപതി ഹോമം നടത്തുന്നതും നല്ലതാണ്. ആയില്യം, അശ്വതി, മകം, മൂലം, ജന്മനക്ഷത്ര ദിവസം എന്നിവ കേതു ദോഷങ്ങൾ തീർക്കാൻ ഉത്തമമാണ്.
കേതു മൂല മന്ത്രം
ഓം കേതവേ നമ:
കേതു ഗായത്രി
ഓം ചിത്രഗുപ്തായ വിദ്മഹേ
ചന്ദ്ര ഉച്ചായ ധീമഹി
തന്നോ കേതു പ്രചോദയാത്
പകർച്ചവ്യാധികളുടെ കാരണക്കാർ
ഇരു സർപ്പങ്ങളാൽ പിന്നിപ്പിണഞ്ഞ് അതിനു നടുവിൽ ശ്രീകൃഷ്ണന്റെ കാളിയമർദ്ദനത്തിന്റെ ശൈലിയിലാണ് രാഹുവിന്റെ നില്പ്. കേതുവിന്റെ സ്വഭാവഗുണങ്ങളും അനുഗ്രഹശേഷിയും ഏതാണ്ട് രാഹുവിന്റേത് പോലെ തന്നെയാണ്. പകർച്ചവ്യാധികൾ കൂടുതലും രാഹുകേതുക്കൾ കാരണമാണ് സൃഷ്ടിക്കപ്പെടുന്നത്.
ഇവർ രാഹു കേതു പ്രീതി നേടണം
ജാതകത്തിൽ രാഹു, കേതു ദോഷം കാണുന്നവരും ആയില്യം, തിരുവാതിര, ചോതി, ചതയം, അശ്വതി, മകം, മൂലം നക്ഷത്രജാതരും രാഹു കേതു പ്രീതികരമായ കർമ്മങ്ങളും ഉപാസനയും പതിവാക്കുന്നത് ഏറ്റവും
ജീവിത പുരോഗതിക്ക് ഏറ്റവും ഉത്തമമാണ്. രാഹു- കേതുവിന് പല ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും കാളഹസ്തിയിലെ രാഹു – കേതു ക്ഷേത്രമാണ് ലോകപ്രശസ്തം. തമിഴ്‌നാടിന്റെയും ആന്ധ്ര പ്രദേശിന്റെയും അതിർത്തിയിൽ തിരുപ്പതിക്ക് അടുത്താണ് ഈ ക്ഷേത്രം.
രാഹു കേതുക്കളുടെ ശത്രുക്കൾ
സൂര്യനും ചന്ദ്രനുമാണ് ജ്യോതിഷ പ്രകാരം രാഹു കേതുക്കളുടെ ശത്രുക്കൾ. ദുർവാസാവിൻ്റെ ശാപം കാരണം ജരാനരകൾ ബാധിച്ച ദേവന്മാർ അമരത്വത്തിനായി അസുരന്മാരുടെ കൂടി സഹായത്തോടെ പാലാഴി കടഞ്ഞ് അമൃത് നേടി. അസുരന്മാരെ കബളിപ്പിച്ച് മോഹിനി അതുമായി കടന്ന് ദേവന്മാർക്ക് വിളമ്പാൻ തുടങ്ങിയപ്പോൾ
സർവഭാനു എന്ന അസുരൻ വേഷപ്രച്ഛന്നനായി സർപ്പരൂപത്തിൽ പന്തിയിൽ കടന്ന് ആദ്യം തന്നെ
അമൃത് നേടി. പെട്ടെന്ന് സൂര്യചന്ദ്രന്മാർ ഇക്കാര്യം മോഹനിയായ വിഷ്ണുവിനെ അറിയിച്ചു. ഭഗവാൻ
ഉടൻ സുദർശനം പ്രയോഗിച്ച് സർവഭാനുവിൻ്റെ കഴുത്തറുത്തു. അതിനകം തന്നെ അമൃത് കഴിച്ച് അമരത്വം നേടിയതിനാൽ മരിച്ചില്ല. അങ്ങനെ തല രാഹുവും ഉടൽ കേതുവുമായി. ഭൂമിയിൽ മനുഷ്യ ജീവിതത്തിൻ്റെ ഭാഗധേയങ്ങൾ നിശ്ചയിക്കാനുള്ള ചുമതലയും ഇവർക്ക് ലഭിച്ചു. അതു കാരണം രാഹുവും കേതുവും അപഹാരമായ സ്വാധീനമാണ് നമ്മുടെ ജീവതത്തിൽ ചെലുത്തുന്നത്. അതു കൊണ്ടു തന്നെ എല്ലാവരും ഭയത്തോടെ മാത്രമാണ് എപ്പോഴും വക്രത്തിൽ സഞ്ചരിക്കുന്ന ഈ നിഴൽ ഗ്രഹങ്ങളെ കാണുന്നത്.
Story Summary: Significance of Rahul – Kethu Worshipping
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved