Friday, 4 Apr 2025
AstroG.in

ഈ ചൊവ്വാഴ്ച ആയില്യം പൂജനടത്തിയാൽ മന:ശാന്തി, സമൃദ്ധി

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

മംഗള ഗൗരി
നാഗപ്രീതിക്കും നാഗശാപങ്ങൾക്കും
നാഗദോഷങ്ങൾക്കും ഏറ്റവും നല്ല പരിഹാരമാണ് മാസന്തോറും ആയില്യം നാളിലെ ക്ഷേത്രദർശനവും ആയില്യം പൂജ, നൂറും പാലും തുടങ്ങിയ വഴിപാടുകളും. സർവൈശ്വര്യവും നൽകുന്ന പ്രത്യക്ഷദൈവങ്ങളാണ് നാഗങ്ങൾ. അതിനാൽ പതിവായി നാഗാരാധന നടത്തിയാൽ ജീവിതത്തിൽ വിജയവും മന:ശാന്തിയും നേടാം. 1200 മീന മാസത്തിലെ ആയില്യം പൂജ 2025ഏപ്രിൽ 8 ചൊവ്വാഴ്ചയാണ്.

സന്താനഭാഗ്യ തടസത്തിന്റെയും സന്താനങ്ങൾ മുഖേനയുണ്ടാകുന്ന ദുരിതങ്ങളുടെയും മുഖ്യകാരണം നാഗശാപമാണെന്ന് പറയാം. ഭേദപ്പെടാത്ത ത്വക് രോഗങ്ങൾക്കുള്ള പരിഹാരവും നാഗപ്രീതിയാണ്. മാസന്തോറും ആയില്യം നാളിൽ നാഗക്ഷേത്രങ്ങളിലും കാവുകളിലും ദർശനവും വഴിപാടുകളും നടത്തുന്നവർ നാഗമന്ത്രങ്ങളും സ്‌തോത്രങ്ങളും കീർത്തനങ്ങളും ജപിക്കുന്നത് എല്ലാസങ്കടങ്ങൾക്കും പരിഹാരമാണ്. ആയില്യം വ്രതം നോൽക്കുന്നവർ ചിട്ടകൾ പാലിക്കാൻ ശ്രദ്ധിക്കണം.

കുടുംബത്തിന്റെ ഐശ്വര്യത്തിനും സാമ്പത്തിക ഉന്നതിക്കും സന്താന ഭാഗ്യത്തിനും സന്താനക്ഷേമത്തിനും വിദ്യാഭ്യാസ വിജയത്തിനും ത്വക് രോഗശമനത്തിനും ആയില്യ ദിവസം സർപ്പാരാധന നടത്തുന്നത് നല്ലതാണ്. നാഗയക്ഷിക്കും നാഗരാജനും സമര്‍പ്പിക്കപ്പെടുന്ന ഈ ദിവസത്തെ നാഗപൂജയിലെ പ്രധാന വഴിപാട് നൂറും പാലുമാണ്. ക്ഷേത്രങ്ങളില്‍ ഈ ദിവസം പുള്ളുവൻ പാട്ടും സർപ്പസൂക്താർച്ചനയും ധാരയും അഷ്ടനാഗപൂജയും മഞ്ഞൾപ്പൊടിയും അപ്പവും പാലും പഴവും പാൽപായസ നിവേദ്യവും കളമെഴുത്തും പാട്ടുമെല്ലാം പതിവാണ്. കമുകിൻ പൂക്കുലയും കരിക്കും സമർപ്പിക്കുന്നതാണ് മറ്റൊരു പ്രധാന വഴിപാട്.

രാഹു ദോഷപരിഹാരത്തിന് നാഗപൂജ ഉത്തമമാണ്. പ്രമുഖ നാഗക്ഷേത്രങ്ങളിൽ മാത്രമല്ല എല്ലാ സര്‍പ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലും ഈ ദിവസം വിശേഷാൽ പൂജകളും വഴിപാടുകളും മറ്റും നടത്തുന്നു. നക്ഷത്ര ദേവത സര്‍പ്പമായത് കൊണ്ടാണ് ആയില്യത്തിന് പ്രാധ്യാനം കൈവന്നത്. നക്ഷത്രങ്ങളില്‍ ഒമ്പതാമത്തെതാണ് ആയില്യം. എല്ലാ മാസത്തെയും ആയില്യം നക്ഷത്രം സർപ്പാരാധനയ്ക്ക് ഉത്തമമാണ്. ഞായറാഴ്ചകളിലോ ജന്മനക്ഷത്രത്തിനോ കാവിലോ സർപ്പക്ഷേത്രത്തിലോ ദർശനം നടത്തുന്നത് നല്ലതാണ്. തിരുവാതിര, ചോതി, ചതയം നക്ഷത്രജാതരുടെ നക്ഷത്രാധിപൻ രാഹു ആയതിനാൽ ഇവർ നിത്യവും സർപ്പപ്രീതി വരുത്തണം. രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർ രാഹുദശയിൽ സർപ്പപ്രീതിക്ക് വേണ്ടത് ചെയ്യണം.

ആയില്യ ദിവസം വ്രതമെടുക്കുന്നത് നാഗശാപം അകറ്റും. വ്രതദിവസം ഉപവാസമോ, ഒരിക്കലൂണോ ആകാം. അന്ന് പഞ്ചാക്ഷരമന്ത്രം, ഓം നമഃ ശിവായ കഴിയുന്നത്ര തവണ ജപിക്കണം. ഇവിടെ ചേർത്തിട്ടുള്ള 8 നാഗമന്ത്രങ്ങള്‍ 12 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്.

അഷ്ട നാഗമന്ത്രങ്ങള്‍
ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാര്‍ക്കോടകായ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ

മൂലമന്ത്രങ്ങൾ
1
നാഗരാജാവ്
ഓം നമഃ കാമരൂപിണേ
മഹാബലായ
നാഗാധിപതയേ നമഃ
2
നാഗയക്ഷി
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹാ നമഃ
3
നവനാഗ സ്തുതി
അനന്തം വാസുകിം ശേഷം
പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ
ഏതാനി നവ നാമാനി
നാഗാനാം ച മഹാത്മനാം
സായംകാലേ പഠേന്നിത്യം
പ്രാത കാലേ വിശേഷത:
തസ്യ വിഷഭയം നാസ്തി
സർവ്വത്ര വിജയീ ഭവേൽ

പ്രാർത്ഥനാ മന്ത്രം
1
അന്യഥാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മാത് കാരുണ്യ ഭാവേന
രക്ഷ രക്ഷ ഫണീശ്വര

നാഗരാജ അഷ്ടോത്തരം

Story Summary: Significance of Sarpa Pooja on Meenam Month Ayilyam

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!