ശിവപഞ്ചാക്ഷര സ്തോത്രം നിത്യേന ജപിച്ചാൽ അതിവേഗം കാര്യസിദ്ധി
![](https://i0.wp.com/neramonline.com/wp-content/uploads/2025/02/shiva121.jpg?fit=1200%2C675&ssl=1)
മംഗള ഗൗരി
നമഃ ശിവായ എന്ന പഞ്ചാക്ഷര മന്ത്രത്തിലെ അഞ്ച് അക്ഷരങ്ങൾ അഞ്ച് ശ്ലോകങ്ങളിൽ കോർത്ത് ഒരുക്കിയ ദിവ്യസ്തുതിയാണ് ശിവ പഞ്ചാക്ഷര സ്തോത്രം. ഇതിലെ അഞ്ച് ശ്ലോകങ്ങളുടെയും നാലാമത്തെ വരിയിലെ രണ്ടാം ഖണ്ഡത്തിലെ ആദ്യാക്ഷരങ്ങൾ കൂട്ടിവായിച്ചാൽ നമഃ ശിവായ എന്നുകിട്ടും. ശ്രീ ശങ്കരാചാര്യ വിരചിതമായ ഈ സ്തോത്രം നിത്യവും ജപിക്കുന്നതിലൂടെ മനഃശുദ്ധി കൈവരും. ജീവിത ദുരിതങ്ങൾക്ക് ശാന്തി ലഭിക്കുകയും
ചെയ്യും. ശിവപ്രീതിക്കായി ജപിക്കുന്ന സ്തോത്രങ്ങളിൽ പരമ പ്രധാനവും വളരെയധികം പ്രശസ്തവുമാണിത്. അഭീഷ്ടസിദ്ധിക്കും കർമ്മരംഗത്തെ തടസ്സങ്ങൾ നീങ്ങുന്നതിനും വിദ്യാത്ഥികൾക്ക് വിദ്യയിൽ തിളങ്ങാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായകരമാണ് ഇതിൻ്റെ നിത്യ ജപം. എല്ലാ ദിവസവും സന്ധ്യയ്ക്കു നിലവിളക്കിനു മുന്നിലിരുന്നുള്ള ശിവ പഞ്ചാക്ഷര സ്തോത്രം അർത്ഥം മനസ്സിലാക്കി ശിവരൂപം ധ്യാനിച്ച് ജപിച്ചാൽ അതിവേഗം കാര്യസിദ്ധി ലഭിക്കും. ശിവരാത്രി, പ്രദോഷം, തിരുവാതിര, പൗർണ്ണമി, അക്ഷയതൃതീയ, ഞായർ, തിങ്കൾ തുടങ്ങിയ ദിവസങ്ങളിൽ ജപിച്ചാൽ ഇരട്ടി ഫലം ലഭിക്കുമെന്നും ചില ആചാര്യന്മാർ പറയുന്നു.
ശിവ പഞ്ചാക്ഷര സ്തോത്രം
1
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്‌മൈ ന കാരായ നമഃ ശിവായ
നാഗത്തെ ഹാരമായി ധരിച്ചവനും മൂന്നു കണ്ണുകളോട്
കൂടിയവനും ശരീരം മുഴുവൻ ഭസ്മം ധരിച്ചവനും മഹേശ്വരനും നാശമില്ലാത്തവനും ശുദ്ധനും ദിക്കുകളെ ആകാശമാക്കുന്നവനും ന കാര അഥവാ ഭൂമിരൂപിയും ആയ ശിവനെ നമിക്കുന്നു.
2
മന്ദാകിനീ സലില ചന്ദന ചർച്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാര പുഷ്പ ബഹു പുഷ്പ സുപൂജിതായ
തസ്‌മൈ മഃ കാരായ നമഃ ശിവായ
ഒഴുകുന്ന ഗംഗാജലം, ചന്ദനം എന്നി ദിവ്യ ദ്രവ്യങ്ങളാൽ അലങ്കരിക്കപ്പെട്ടവനും നന്ദികേശ്വരൻ തുടങ്ങിയ
പരിജനങ്ങൾക്ക്, സേവകർക്ക് നാഥനും മഹേശ്വരനും മന്ദാരം തുടങ്ങിയ വിവിധങ്ങളായ പുഷ്പങ്ങൾ കൊണ്ട് പൂജിക്കപ്പെടുന്നവനും മ കാര അഥവ ജലം സ്വരൂപിയും ആയ ശിവനെ നമിക്കുന്നു.
3
ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാദ്ധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷദ്ധ്വജായ
തസ്‌മൈ ശി കാരായ നമഃ ശിവായ
മംഗള സ്വരൂപനും പാർവതീ ദേവിയുടെ മുഖമാകുന്ന താമരയ്ക്ക് സൂര്യനായവനും ദക്ഷയാഗം നശിപ്പിച്ചവനും ഐശ്വര്യമാർന്ന നീലകണ്ഠത്തോട് കൂടിയവനും വൃഷഭത്തെ കൊടിയടയാളമാക്കിയവനും ശി കാര അഥവാ അഗ്‌നി സ്വരൂപിയുമായ ശിവനെ നമിക്കുന്നു.
4
വസിഷ്ഠ കുംഭോത്ഭവ ഗൗതമാദി –
മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനരലോചനായ
തസ്‌മൈ വ കാരായ നമഃ ശിവായ
വസിഷ്ഠൻ , അഗസ്ത്യൻ , ഗൗതമൻ തുടങ്ങിയ മുനീന്ദ്രന്മാരാലും ദേവന്മാരാലും പൂജിക്കപ്പെടുന്ന ദേവന്മാരിൽ ശ്രേഷ്ഠനും ചന്ദ്രൻ, സൂര്യൻ , അഗ്നി എന്നിങ്ങനെ മൂന്നു കണ്ണുകളോടു കൂടിയവനും വ കാര
അഥവാ വായു സ്വരൂപിയുമായ ശിവനെ നമിക്കുന്നു.
5
യക്ഷസ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്‌മൈ യ കാരായ നമഃ ശിവായ
യക്ഷസ്വരൂപത്തെ ധരിച്ചിരിക്കുന്ന – കുബേരമിത്രം ആയതിനാൽ യക്ഷ സ്വരൂപത്തെ ധരിച്ചിരിക്കുന്നവനും
ജടയോടു കൂടിയവനും പിനാകം എന്ന വില്ല് കയ്യിൽ ഏന്തിയവനും നിത്യമായുള്ളവനും ദിവ്യനും ദേവനും ദിഗംബരനും യ കാര അഥവാ ആകാശം സ്വരൂപിയുമായ ശിവനെ നമിക്കുന്നു.
ഫലശ്രുതി
പഞ്ചാക്ഷരമിദം പുണ്യം
യ: പഠേ ശിവ സന്നിധൗ
ശിവലോകമവാപ്‌നോതി
ശിവേന സഹ മോദതേ
പഞ്ചാക്ഷരമെന്ന ഈ പുണ്യ സ്തോത്രം ഏതൊരു വ്യക്തിയാണോ ശിവ സന്നിധിയിൽ ജപിക്കുന്നത് ആ വ്യക്തി ശിവ ലോകം പ്രാപിക്കുകയും ശിവനോട് ചേർന്ന് ആനന്ദം അനുഭവിക്കുകയും ചെയ്യും.
പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശിവപഞ്ചാക്ഷര സ്തോത്രം കേൾക്കാം:
Story Summary: Significance of Shiva Panchakshari Stotram
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved