Monday, 27 Jan 2025
AstroG.in

ഇഷ്ടകാര്യവിജയവും ദാമ്പത്യ ഭദ്രതയും നൽകുന്ന തിങ്കൾ പ്രദോഷം ഇതാ

മംഗള ഗൗരി
തിങ്കളാഴ്ചയും കറുത്തപക്ഷ പ്രദോഷവും ഒന്നിച്ചു വരുന്ന അപൂർവ്വമായ പുണ്യദിനമാണിന്ന്: 2025 ജനുവരി 27 തിങ്കളാഴ്ച. പൊതുവേ ശിവപാര്‍വ്വതീ പ്രീതിക്ക് ഏറെ ഫലപ്രദമാണ് തിങ്കളാഴ്ചകൾ. അതിൽ തന്നെ ഏറ്റവും ശ്രേഷ്ഠമാണ് തിങ്കളാഴ്ചയും പ്രദോഷവും കറുത്ത പക്ഷവും ഒന്നിച്ചു വരുന്ന കൃഷ്ണ സോമപ്രദോഷവ്രതം.

സോമപ്രദോഷ നാൾ രാവിലെ പഞ്ചാക്ഷരീജപത്തോടെ ശിവക്ഷേത്രദര്‍ശനം നടത്തി കൂവളത്തിലകൊണ്ട് അര്‍ച്ചന, കൂവളമാല സമര്‍പ്പണം, പിന്‍വിളക്ക്, ജലധാര എന്നിവ നടത്തുക. പകല്‍ മുഴുവന്‍ ഉപവസിക്കുന്നത് വളരെ നല്ലതാണ്. പൂർണ്ണമായും ഉപവാസത്തിനു കഴിയാത്തവര്‍ക്ക് ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്നുള്ള നേദ്യച്ചോറ് കഴിക്കാം. സന്ധ്യയ്ക്ക് മുന്‍പ് കുളിച്ച് ശിവക്ഷേത്രദര്‍ശനം നടത്തി പ്രദോഷപൂജയിലും ദീപാരാധനയിലും പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലമോ, അവിൽ, മലർ, പഴം എന്നിവയോ കഴിച്ച് വ്രതം അവസാനിപ്പിക്കാം. വ്രതം അനുഷ്ഠിക്കുന്നവര്‍ ഫലമൂലാദികൾ ദാനം ചെയ്യുന്നത് നല്ലതാണ്. മാസം തോറും ഒരു പ്രദോഷമെങ്കിലും എടുക്കുന്നതിലൂടെ ദുരിതശമനം ഉറപ്പാണ്.

കൃഷ്ണപക്ഷവും തിങ്കളാഴ്ചയും കൂടി വരുന്ന സോമപ്രദോഷത്തിനും കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന ശനിപ്രദോഷത്തിനുമാണ് വൈശിഷ്ട്യം കൂടുതൽ. ആദിത്യദശാകാലമുള്ളവര്‍ പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തില്‍ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായാൽ പതിവായി പ്രദോഷം അനുഷ്ഠിക്കുക ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും.

വിവാഹ തടസ്സങ്ങൾ നീങ്ങും
12 പ്രദോഷ വ്രതമെടുക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും ശിവനും പാര്‍വ്വതിയും പരിഹരിക്കും. വിവാഹജീവിതത്തിലെ കലഹമകലാനും, ദാമ്പത്യ ഐക്യത്തിനും, ഇഷ്ടകാര്യവിജയത്തിനും, ഇഷ്ടവിവാഹ ലബ്ധിക്കും ചന്ദ്രദോഷ പരിഹാരത്തിനും വൈധവ്യദോഷ നിവാരണത്തിനും കുടുംബത്തിന്റെ ഉന്നതിക്കും ഈ വ്രതപുണ്യം സഹായിക്കും. വിവാഹ തടസം നേരിടുന്നവര്‍ക്ക് അത് മാറുന്നതിനും പ്രദോഷ വ്രതം ഉത്തമമാണ്. സോമപ്രദോഷ വ്രതം ശിവകുടുംബ പ്രീതിക്ക് ഉത്തമമാണ്. വിവാഹ തടസം നീങ്ങുന്നതിന് സ്വയംവര പുഷ്പാഞ്ജലി, ഉമാ മഹേശ്വര പൂജ എന്നിവ ഈ ദിവസം നടത്തുന്നത് നല്ലതാണ്.

മന്ത്രങ്ങൾ, സ്തോത്രങ്ങൾ
തിങ്കളാഴ്ച ഉദയത്തിന് മുൻപ് കുളിച്ച് വെളുത്തവസ്ത്രം ധരിച്ച് നെറ്റിയിൽ ഭസ്മവും കുങ്കുമവും ധരിച്ച് ഓം നമഃ ശിവായ, ഓം ഹ്രീം ഉമായൈ നമഃ , നമഃ ശിവായ ശിവായ നമഃ എന്നീ മന്ത്രങ്ങൾ ജപിച്ച് യഥാശക്തി ശിവഭജനം ചെയ്ത് ക്ഷേത്ര ദർശനം നടത്തണം. പ്രദോഷവേളയിലെ ശിവ ദര്‍ശനം പുണ്യദായകമാണ്. അന്ന് ശിവപുരാണം പാരായണം ചെയ്യുന്നത് അതിവിശേഷമാണ്. ഓം നമഃ ശിവായ മന്ത്രം കഴിയുന്നത്ര ജപിക്കണം. ശങ്കരധ്യാന പ്രകാരം, ശിവപഞ്ചാക്ഷര സ്‌തോത്രം, ദാരിദ്ര്യ ദുഃഖദഹന ശിവ സ്തോത്രം, ശിവഅഷ്ടോത്തരം, ലിംഗാഷ്ടകം, ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവയും പ്രദോഷ ദിവസം ജപിക്കുന്നത് നല്ലതാണ്. വ്രതം അനുഷ്ഠിക്കാന്‍ സാധിക്കാത്തവർ ശിവ ക്ഷേത്രദര്‍ശനം നടത്തി സ്വന്തം കഴിവിനൊത്ത വഴിപാട് നടത്തുന്നത് നന്മയേകും. പ്രദോഷ സന്ധ്യയില്‍ ക്ഷേത്ര ദര്‍ശനത്തിനൊപ്പം ശിവഭജനവും നടത്തിയാല്‍ സന്തുഷ്ട കുടുംബജീവിതം, സന്താനലാഭം, ആയുരാരോഗ്യം എന്നിവ ലഭിക്കും. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശിവപഞ്ചാക്ഷര സ്തോത്രം കേൾക്കാം:



Story Summary: Significance of Somavara Pradosha Vritham and benefits

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!