Friday, 10 Jan 2025
AstroG.in

ദാമ്പത്യ ക്ലേശങ്ങളും മംഗല്യ തടസ്സവും മാറ്റാൻ തിങ്കളാഴ്ച വ്രതം അത്യുത്തമം

ജോതിഷി പ്രഭാ സീന സി പി
പാർവ്വതീസമ്മേതനായ ശിവന്‍റെ ദിനമാണ് തിങ്കളാഴ്ച. അന്ന് ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത്
മംഗല്യഭാഗ്യത്തിനും ദാമ്പത്യ ക്ലേശങ്ങൾ പരിഹരിക്കാനും അത്യുത്തമമാണ്. സോമവാര വ്രതം എന്ന പേരിലും ഈ ഇത് അറിയപ്പെടുന്നു. നല്ല കുടുംബജീവിതത്തിനും വൈധവ്യദോഷങ്ങളും ജാതകത്തിലെ ചന്ദ്രദോഷങ്ങളും പരിഹരിക്കാനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഈ അനുഷ്ഠാനം ഉത്തമമത്രേ.

ശിവഭഗവാൻ അർദ്ധനാരീശ്വരനായതിനാൽ, തിങ്കളാഴ്ച ദിവസം ശിവപാര്‍വ്വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. ഓം ഹ്രീം നമഃ ശിവായ എന്ന മന്ത്രം 108 പ്രാവശ്യം ജപിക്കുന്നത് വളരെ ഫലദായകമായി പറയുന്നു. ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും തുല്യപ്രാധാന്യം നൽകി തിങ്കളാഴ്ച ജപിക്കാവുന്നതാണ്. ഉമാമഹേശ്വര സ്തോത്രമാണ് തിങ്കൾ ഭജനത്തിന് ഏറെ ഉത്തമമായ മറ്റൊരു സ്തുതി. ശിവക്ഷേത്രത്തിൽ അന്ന് പാർവതീദേവിയെ ധ്യാനിച്ച് വെളുത്തപുഷ്പങ്ങളും ശ്രീ പരമേശ്വരനെ ധ്യാനിച്ച് കൂവളത്തിലയും നടയ്ക്കൽ സമർപ്പിക്കുന്നത് അത്യുത്തമമാണ്.

അന്നേദിവസം കഴിയുന്നത്ര തവണ ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നതിനൊപ്പം പാർവതിദേവിയുടെ മൂലമന്ത്രമായ ഓം ഹ്രീം ഉമായൈ നമഃ ജപിക്കുന്നതും നല്ലതാണ്. തിങ്കളാഴ്ച മുഴുവൻ ശിവപാർവ്വതീ സ്മരണയിൽ കഴിച്ചുകൂട്ടുന്നതും ഉത്തമം

വ്രതാനുഷ്ഠാനം
മാസത്തിൽ ഒരു തിങ്കളാഴ്ച എന്നക്രമത്തിലോ, കഴിയുന്നത്ര തിങ്കളാഴ്ചകളിൽ എന്ന രീതിയിലോ വ്രതം അനുഷ്ഠിക്കാം. സ്ത്രീകൾക്ക് എല്ലാ തിങ്കളാഴ്ചയും വ്രതം എടുക്കാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണാണ്
കഴിയുന്നത്ര തിങ്കളാഴ്ചകളിലെന്ന് പറയുന്നത്. വ്രതദിനത്തിന്‍റെ തലേ ദിവസം ഉച്ചയ്ക്ക് ശേഷം മുതൽ, മത്സ്യമാംസാദികൾ വെടിഞ്ഞ് വ്രതം ആരംഭിക്കണം. ഞായറാഴ്ച രാത്രിയിൽ അരിയാഹാരം ഒഴിവാക്കുന്നത് നല്ലതാണ്. ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമോ പഴങ്ങളോ കഴിക്കാം.

തിങ്കളാഴ്ച സൂര്യോദയത്തിനു മുമ്പ് കുളിച്ചു ശരീരശുദ്ധി വരുത്തി ഉമാസമേതനായ ഭഗവാനെ ഭക്തിയോടെ ഭജിക്കണം. നെറ്റിയിൽ ഭസ്മവും കുങ്കുമവും ചേർത്ത് തൊടുന്നത് ശിവശക്തീ പ്രീതികരമാണ്. തുടർന്ന് ശിവക്ഷേത്ര ദര്‍ശനം നടത്തി പിന്‍വിളക്ക്, കൂവളമാല എന്നിവ സമർപ്പിക്കുന്നതും നല്ലതാണ്. തിങ്കളാഴ്ച
ഒരിക്കലൂണാണ് അഭികാമ്യം. രാവിലെയും വൈകിട്ടും പഴങ്ങൾ കഴിച്ചും ഉച്ചക്ക് പറ്റുമെങ്കിൽ ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന നേദ്യചോറ് കഴിച്ചും വ്രതം അനുഷ്ഠിക്കാം. തിങ്കളാഴ്ച സന്ധ്യയ്ക്ക് 108 തവണ ഓം നമഃ ശിവായ ജപിക്കുന്നത് ശ്രേഷ്ഠമാണ്. എല്ലാ വ്രതാനുഷ്ഠാനത്തിലും ഭക്തിയോടൊപ്പം പ്രാധാന്യം ദാനത്തിനുമുണ്ട് . അതിനാൽ ഈ വ്രതം എടുക്കുന്നവർ അന്നദാനം നടത്തുന്നത് നല്ലതാണ്. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിൽ നിന്നും തീർത്ഥമോ തുളസി ജലമോ സേവിച്ചു വ്രതം മുറിക്കാം. വ്രതദിവസം ശിവപുരാണവും, ദേവിമാഹാത്മ്യവും പാരായണം ചെയ്യുന്നത് ഉചിതമാണ്.

വഴിപാടുകൾ
ഉമാമഹേശ്വര പൂജ, സ്വയംവര പുഷ്പാഞ്ജലി എന്നിവ സമർപ്പിക്കുന്നത് വിവാഹ തടസ്സം നീങ്ങാൻ ഉത്തമമാണ്. ജലധാര സമർപ്പണം വളരെ നല്ലതാണ്. സ്വയംവര പുഷ്പാഞ്ജലി നടത്തിയാൽ പെട്ടെന്നു ആഗ്രഹസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം.

വിശേഷ വ്രത ദിനങ്ങൾ
തിങ്കളാഴ്ചയും രോഹിണിയും ചേർന്ന് വരുന്ന ദിവസം ഉമാ മഹേശ്വര വ്രതാനുഷ്ഠാനത്തിന് എറെ വിശേഷമായ ദിനമാണ്. കറുത്തവാവും തിങ്കളാഴ്ചയുമായിവരുന്ന ദിനം അമോസോമവാരം. എന്ന് പറയുന്നു. ഇതും വിശേഷ ദിനമായി പറയപ്പെടുന്നു.

ജോതിഷി പ്രഭാ സീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)

Story Summary: Significance of Somavara Vritham

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!