ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം വരാഹമൂർത്തി ഭജനം, ധരണീ മന്ത്രജപം
മംഗള ഗൗരി
ഭൂമി സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും ഭൂമി വിൽക്കാനും വീട് വയ്ക്കാനും ധരണീ മന്ത്ര ജപവും വരാഹ മൂർത്തി ഉപാസനയും നല്ലതാണ്. ഭൂമിയുടെ സംരക്ഷകനായ വരാഹമൂർത്തിക്ക് ക്ഷേത്രങ്ങൾ കേരളത്തിലുമുണ്ട്. തിരുവനന്തപുരം ശ്രീവരാഹത്തെ ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം വളരെ പ്രസിദ്ധമാണ്. അതുപോലെ മുഖ്യമാണ് പാലക്കാട് തൃത്താലയ്ക്കടുത്ത് ആനക്കര ഗ്രാമത്തിലെ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം. അവിടെ ദർശനം നടത്തി ഭൂമിപൂജയായ ഗോളക ചാർത്തൽ വഴിപാട് നടത്തിയാൽ ഭൂമി സംബന്ധമായ എല്ലാപ്രശ്നങ്ങളും പരിഹരിക്കാം. പ്രശ്നം നേരിടുന്ന വസ്തുവിൽ നിന്നും കുറച്ചു മണ്ണെടുത്തു കൊണ്ട് പോകണം. അത് ക്ഷേത്രത്തിൽ കൊടുത്ത് ഭൂമിപൂജ ചെയ്ത് വാങ്ങണം. വീട്ടിൽ തിരിച്ചു വന്ന ശേഷം ആ മണ്ണ് ഭൂമിയുടെ നാല് അതിരുകളിലും വിതറണം.
സ്ഥലം വാങ്ങാനും വീടുവയ്ക്കാനും ഭൂമി വിൽക്കാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ഭാഗ്യം നിഷ്ഠയോടെ ധരണീ മന്ത്രം ജപിച്ചാൽ ലഭിക്കും. ധനം വന്നു ചേരാനും ഈ മന്ത്രജപം ഗുണകരമാണ്. ഭൂമിദേവിയുടെ ഈ മന്ത്രം ദിവസവും രണ്ടു നേരം 144 വീതം ചൊല്ലാം.
ഓം നമോ ഭഗവത്യൈ
ധരണീധരേ ധരേ
വിശ്വമോഹിന്യൈ നമഃ
എറണാകുളം ചെറായിലെ വരാഹസ്വാമി ക്ഷേത്രം, വാരാപ്പുഴ ശ്രീ വരാഹക്ഷേത്രം, കൊളങ്ങാട്ടുകര തേങ്ങാ തൃക്കാവ് ശ്രീ ലക്ഷ്മി വരാഹ മൂർത്തി ക്ഷേത്രം തുടങ്ങിയ സന്നിധികളും വരാഹ പ്രതിഷ്ഠയാൽ വളരെ പ്രസിദ്ധമാണ്. വിദ്യാവിജയം, ധനലാഭം, ശാന്തി, ആയുരാരോഗ്യം, ശത്രുദോഷമുക്തി എന്നിവയ്ക്കും വരാഹ മൂർത്തിയുടെ ധ്യാനം, ഗായത്രി, അഷ്ടോത്തരം തുടങ്ങിയവ ദിവസവും ജപിക്കുന്നത് നല്ലതാണ്. ഇതിന് വ്രതവും മന്ത്രോപദേശവും നിർബന്ധമില്ല. നെയ്‌വിളക്ക് കൊളുത്തി അതിന് മുമ്പിലിരുന്ന് ജപിക്കുക. മണക്കാട് ഗോപൻ ആലപിച്ച വരാഹ അഷ്ടോത്തരം കേൾക്കാം:
Story Summary: Significance of Sri Vsraha Moorthy Worshipping and Dharani Mantra Chanting
Copyright 2024 Neramonline.com. All rights reserved