Saturday, 23 Nov 2024
AstroG.in

ദോഷ ദുരിതങ്ങൾ തീർത്ത് സമ്പത്തും സമൃദ്ധി തരും ഉത്ഥാന ഏകാദശി

ജ്യോതിഷരത്നം വേണു മഹാദേവ്
ഭഗവാൻ ശ്രീ മഹാവിഷ്ണു യോഗനിദ്രയില്‍ നിന്നും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ദിവസമായ ഉത്ഥാന ഏകാദശി
2024 നവംബർ 12 ചൊവ്വാഴ്ചയാണ്. കാർത്തിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഈ ദിവസം വ്രതം നോറ്റ് പുണ്യകർമ്മങ്ങൾ ചെയ്ത് ക്ഷേത്രദർശനവും വഴിപാടുകളും നടത്തി തൊഴുത് പ്രാർത്ഥിച്ചാൽ എത്ര കഠിനമായ ദോഷദുരിതങ്ങളും ശമിക്കും. സമ്പൽ സമൃദ്ധിയും ഐശ്വര്യവും ലഭിക്കും. മുജ്ജന്മ സുകൃതമുള്ളവർക്ക് മാത്രമേ പവിത്രമായ ഈ ദിവസം വ്രതം നോൽക്കാൻ പോലും കഴിയൂ എന്ന് വിശ്വസിക്കുന്നു. പ്രബോധിനി ഏകാദശി എന്നും ഈ വിശിഷ്ട ദിനം അറിയപ്പെടുന്നു.

കാർത്തിക മാസത്തിലെ ഉത്ഥാന ഏകാദശിദിനത്തിന് മറ്റൊരു പ്രത്യേകതയുള്ളത് അതിനടുത്ത ദിവസമാണ് 12 ദിവസത്തെ തുളസീ പൂജാവസാനം എന്നതാണ്. കാർത്തികമാസത്തിലെ പന്ത്രണ്ടാം ദിവസം തുളസീപൂജ സമാപിക്കുന്ന ദിവസമാണ് തുളസി വിവാഹം. വിഷ്ണു അവതാരമായ ശ്രീകൃഷ്ണ ഭഗവാനും തുളസി ദേവിയും തമ്മിലുള്ള വിവാഹം മഹാവിഷ്ണു ഭക്തർ വിശേഷാൽ അനുഷ്ഠാനങ്ങളോടെയാണ് ആചരിക്കുന്നത്. ഈ പ്രാവശ്യത്തെ തുളസി വിവാഹം ദിനത്തിന്റെ മറ്റൊരു പ്രത്യേകത അന്ന് തന്നെ പ്രദോഷ വ്രതം വരുന്നതാണ്.
അന്ന് രാവിലെ ദ്വാദശി തിഥിയും വൈകിട്ട് ത്രയോദശി തിഥിയും ഉള്ളതിനാലാണ് തുളസീ വിവാഹപൂജയും
പ്രദോഷ വ്രതവും ഒരു ദിവസം തന്നെ വരുന്നത്.

ദേവശയിനി ഏകാദശി മുതൽ ഉത്ഥാന ഏകാദശി വരെ ഭഗവാൻ മഹാവിഷ്ണു യോഗനിദ്രയിൽ ശയിക്കുന്ന
നാലുമാസത്തെ ചതുർമാസ്യമെന്നാണ് വിളിക്കുന്നത്. ഈ ചതുർമാസ്യ കാലത്ത് വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ സുപ്രധാന മംഗളകർമ്മങ്ങൾ പല സ്ഥലങ്ങളിലും നടത്താറില്ല. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. നിദ്രയിൽ ആയതിനാൽ ഈ സമയത്തെ കർമ്മങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ലഭിക്കില്ല എന്നാണ് വിശ്വസിക്കുന്നത്.

ഉത്ഥാന ഏകാദശി വ്രതമെടുക്കുന്നവർ ദശമി ദിവസം അതായത് തലേ ദിവസം മത്സ്യമാംസാദികൾ ത്യജിച്ച്, ഒരിക്കൽ എടുത്ത് വേണം വ്രതം ആരംഭിക്കാൻ. അന്ന് നിലത്ത് കിടന്നുറങ്ങണം. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് ശയിക്കരുത്. ഏകാദശി ദിവസം സൂര്യോദയത്തിന് മുൻപ് ഉണര്‍ന്ന് ശുഭ്ര വസ്ത്രം ധരിച്ച് ഓം നമോ നാരായണ, ഓം നമോ ഭഗവതേ വാസുദേവായ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ തുടങ്ങിയ മന്ത്രങ്ങൾ യഥാശക്തി ജപിക്കണം. വിഷ്ണു ഗായത്രി, വിഷ്ണു അഷ്ടോത്തരം, വിഷ്ണു സഹസ്രനാമം, വിഷ്ണു ശതനാമ സ്തോത്രം എന്നിവ ചൊല്ലണം, അല്ലെങ്കിൽ ശ്രവിക്കണം. ഭഗവത് ഗീത, നാരായണീയം, ഭാഗവതം തുടങ്ങിയവ പാരായണം ചെയ്യുന്നത് ഉത്തമാണ്. വിഷ്ണു
നാമങ്ങളും കീര്‍ത്തനങ്ങളും ജപിക്കുന്നതിന് ഏറ്റവും ഉത്തമമായ സമയമാണ് ഹരിവാസരമാണ്. നവംബർ 12 പകൽ 10:42 മുതൽ രാത്രി 9:16 വരെയാണ് ഹരിവാസരം. ബുധനാഴ്ച ദ്വാദശി നാളിൽ രാവിലെ വ്രതം മുറിക്കാം. ഏകാദശി എടുക്കുന്നവർ ഏറ്റവും കൂടുതൽ ജപിക്കുന്ന, പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻആലപിച്ച വിഷ്ണു ശതനാമ സ്തോത്രം കേൾക്കാം:

ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017

Story Summary: Significance Of Uthana Ekadeshi Or Prabodhini Ekadeshi

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!