Monday, 21 Apr 2025
AstroG.in

ശത്രുദോഷം, തടസ്സങ്ങൾ അകറ്റി രക്ഷിക്കുന്ന ഏകാദശി വ്യാഴാഴ്ച

മംഗള ഗൗരി
മേടമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ദിവസം മഹാവിഷ്ണു പ്രീതിക്ക് അനുഷ്ഠിക്കുന്നതാണ് വരൂഥിനീ ഏകാദശി വ്രതം. ചൈത്രം – വൈശാഖം മാസത്തിൽ വരുന്ന ഈ വ്രതമെടുത്താൽ എല്ലാ സുഖസൗഭാഗ്യങ്ങളും നേടാൻ കഴിയും. എല്ലാത്തരം ശത്രുക്കളിൽ നിന്നും പ്രതിബന്ധങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നതിന് ഉതകുന്നതുമാണ് ഈ അനുഷ്ഠാനമെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്.

വരൂഥിനീ എന്നാൽ കവചം
വരൂഥിനീ എന്ന ഹിന്ദിപദത്തിന്റെ അർത്ഥം സംരക്ഷണം, കവചം എന്നെല്ലാമാണ്. വിധി പ്രകാരം വരൂഥിനീ ഏകാദശി വ്രതം നോറ്റാൽ പേരും പ്രശസ്തിയും ഐശ്വര്യാഭിവൃദ്ധിയും കരഗതമാകും. വ്രതഭാഗമായി ഈ ദിവസം അര്‍ഹരായവർക്ക് ദാനം നല്‍കുന്നത് വിശേഷമാണ്. ഈ ദാനത്തിലൂടെ അനേകായിരം വര്‍ഷം ധ്യാനമഗ്നരായി തപസ്സു ചെയ്യുന്നതിലും കന്യാദാനം ചെയ്യുന്നതിലും നിന്നു ലഭിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമായ സർവ സൗഭാഗ്യ ഫലം ലഭിക്കും. ഈ ദിവസം വേപ്പിന്‍ കമ്പ് ഒടിക്കരുത് എന്നും പറയുന്നു. ഈ വ്രതമെടുക്കുന്നവർ തലേന്ന് ദശമിക്ക് വ്രതം തുടങ്ങണം.

മൂന്ന് ദിവസം പ്രധാനം
ദശമി, ഏകാദശി, ദ്വാദശി ദിനങ്ങള്‍ ഏകാദശിക്ക്
പ്രധാനമാണ്. ഈ ദിനങ്ങളില്‍ ഒരു നേരം അരിയാഹാരം കഴിക്കാം. മറ്റ് സമയത്ത് പഴങ്ങളും ഫലവർഗ്ഗങ്ങളും ഗോതമ്പിലുണ്ടാക്കിയ ലളിതാഹാരവും കഴിക്കാം. ഏകാദശി നാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ഈ ദിവസം തുളസീതീര്‍ത്ഥം മാത്രം കുടിച്ചും വ്രതമെടുക്കാം. അതിന് കഴിയാത്തവർ ലളിതാഹാരം കഴിച്ച് വ്രതം നോൽക്കുന്നു. മത്സ്യമാംസ ഭക്ഷണം, മദ്യം, ശാരീരിക ബന്ധം, പകലുറക്കം ഇതൊന്നും പാടില്ല. രണ്ടു നേരം കുളിക്കണം.

വിഷ്ണു മന്ത്രങ്ങൾ ജപിക്കണം
വ്രത ദിവസങ്ങളിൽ വിഷ്ണു പ്രീതികരമായ മന്ത്രജപങ്ങൾ പ്രധാനമാണ്. ഓം നമോ നാരായണായ നമഃ കഴിയുന്നത്ര തവണ ജപിക്കണം. വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തണം. അല്ലെങ്കിൽ വീട്ടിൽ പൂജാമുറിയിൽ മഹാവിഷ്ണുവിന്റെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക. ശ്രീരാമ, ശ്രീകൃഷ്ണ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതിനും ഏകാദശി ദിനം ഉത്തമമാണ്. മഹാ വിഷ്ണുവിന് ഏറെ പ്രിയപ്പെട്ട തുളസിയിലയും പഴങ്ങളും ഏകാദശി ദിവസം ക്ഷേത്രത്തിൽ സമര്‍പ്പിക്കണം. പുഷ്പാഞ്ജലി, മുഴുക്കാപ്പ് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. ദ്വാദശി ദിവസം രാവിലെ തുളസീതീര്‍ത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കും.

ഹരിവാസര ജപത്തിന് ഫലം ഉറപ്പ്
2025 ഏപ്രിൽ 24 വ്യാഴാഴ്ചയാണ് വരൂഥിനി ഏകാദശി വരുന്നത്. ഏപ്രിൽ 24 രാവിലെ 9:00 മുതൽ രാത്രി 7:47 വരെയാണ് ഹരിവാസര സമയം. ഏകാദശി വ്രതാനുഷ്ഠാനത്തിലെ ഏറ്റവും പ്രധാന സമയമാണ് ഹരിവാസര വേള. ഭൂമിയിൽ ഹരിയുടെ സാന്നിദ്ധ്യം ഏറ്റവും കൂടുതൽ നിറയുന്ന ഈ സമയത്ത് ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങൾ നിരന്തരം ജപിച്ചു കൊണ്ടിരിക്കണം.
ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനത്തിന് പൂര്‍ണ്ണ ഫലസിദ്ധിയാണ് ആചാര്യന്മാർ വിധിച്ചിരിക്കുന്നത്. ശ്രീകൃഷ്ണ അഷ്ടോത്തരം, ശ്രീരാമ അഷ്ടോത്തരം, വിഷ്ണു സഹസ്രനാമം, വിഷ്ണു ശതനാമ സ്തോത്രം, മഹാവിഷ്ണു അഷ്ടോത്തരം തുടങ്ങിയവ ഈ സമയത്ത് ജപിച്ചാൽ തീർച്ചയായും അളവറ്റ ഭഗവത് പ്രീതി ലഭിക്കും. ഈ ഏകാദശി ദിവസം വ്രതം നോറ്റാലും ഇല്ലെങ്കിലും ഒരിക്കലെങ്കിലും ഏതെങ്കിലും വൈഷ്ണവ മന്ത്രങ്ങൾ/ കീർത്തനങ്ങൾ രാവിലെയും വൈകിട്ടും ജപിക്കുകയോ കേൾക്കുകയോ ചെയ്യണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച മഹാവിഷ്ണു അഷ്ടോത്തരം കേൾക്കാം:

Story Summary: Significance of Varoodhini Ekadashi of Medam Masam Krishna Paksha

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!