Friday, 22 Nov 2024
AstroG.in

വിനകളകറ്റി വിജയിക്കാൻ വിനായകനെ ഭക്തർക്ക് നേരിട്ട് പൂജിക്കാൻ ഒരു ദിവസം

ഭാഗവത ചൂഡാമണി പള്ളിക്കൽ സുനിൽ

ഗണപതി ഭഗവാന്റെ അവതാരദിവസമായ വിനായക ചതുർത്ഥിനാളിൽ ഭക്തർക്ക് നേരിട്ട് തന്നെ ഗണേശ പൂജ
നടത്തി പ്രാർത്ഥിക്കാം. മറ്റു ദിവസങ്ങളിൽ ഭഗവാനെ ആഗ്രഹങ്ങളും സങ്കടങ്ങളും അറിയിക്കുന്നതും ദേവന് നിവേദ്യങ്ങൾ സമർപ്പിക്കുന്നതും പൂജാരിമാർ വഴിയാണ്. ചിങ്ങത്തിലെ ശുക്ലപക്ഷ ചതുർത്ഥിയായ ഈ ദിവസം
ഭഗവാനെ സ്വയം പൂജിക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപുള്ള മൂന്ന് ദിവസം വ്രതം നോൽക്കണം. ഏറ്റവും
കുറഞ്ഞത് തലേന്ന് മുതലെങ്കിലും വ്രതം തുടങ്ങണം. മത്സ്യ മാംസാദി ഭക്ഷണം, ശാരീരിക ബന്ധം ഒഴിവാക്കി വൃത്തിയും മന:ശുദ്ധിയും ശരീരശുദ്ധിയും പാലിച്ചാണ് വ്രതമെടുക്കുന്നത്. ചതുർത്ഥിനാളിൽ വെളുപ്പിന് ഉണർന്ന്
കുളിച്ച് യാതൊരു കേടുപാടും ഇല്ലാത്ത ഗണപതി വിഗ്രഹത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി ഉണ്ണിയപ്പം, മോദകം, ലഡു, അട തുടങ്ങി സ്വന്തം കഴിവിനൊത്ത രുചികരമായ വിഭവങ്ങൾ സമർപ്പിച്ച് ഓം ഗം ഗണപതയേ നമഃ കുറഞ്ഞത് 108 തവണ ജപിക്കണം. ശേഷം മറ്റ് ഗണപതി മന്ത്രങ്ങൾ, സ്തുതികൾ തുടങ്ങിയ ജപിക്കണം.
സൂര്യോദയം മുതൽ അസ്തമയം വരെ കഴിയന്ന സമയത്തെല്ലാം ഓം ഗം ഗണപതയേ നമഃ എന്ന മൂലമന്ത്രം നിരന്തരം ജപിക്കണം. ആരോഗ്യം അനുവദിക്കുന്നവർ പകൽ മുഴുവൻ ഉപവസിക്കണം. 2024 സെപ്റ്റംബർ 7
ശനിയാഴ്ചയാണ് വിനായക ചതുർത്ഥി.

ഗണേശ ചതുർത്ഥി ദിവസം അതിവിശേഷമായാണ് ക്ഷേത്രങ്ങളിൽ ആചരിക്കുന്നത്. തിരുവനന്തപുരം പഴവങ്ങാടി മഹാഗണപതി ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, സുൽത്താൻബത്തേരി ഗണപതി ക്ഷേത്രം, ഇടപ്പള്ളി, കാഞ്ഞിരപ്പള്ളി, പമ്പ, വാഴപ്പള്ളി, കോട്ടയം നട്ടാശേരി സൂര്യകാലടി മന ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ വിനായകചതുർത്ഥി ആഘോഷം വളരെയേറെ ഗംഭീരമായാണ് നടത്തുന്നത്. ഗണപതി വിഗ്രഹങ്ങളുമായി ശംഖുമുഖത്തേക്ക് നീങ്ങുന്ന ഗണേശോത്സവ ട്രസ്റ്റിന്റെ ഗണപതി വിഗ്രഹനിമജ്ജന ഘോഷയാത്രയും ശംഖുമുഖത്തെ നിമജ്ജനവും തിരുവനന്തപുരത്ത് വിനായകചതുർത്ഥിയോട് അടുത്ത ദിവസങ്ങളിലാണ് നടക്കുന്നത്. ഈ വിഗ്രഹ നിമജ്ജനം മുബൈയിൽ വിനായകചതുർത്ഥിയുടെ പത്താം ദിവസം നടക്കുന്ന ഗണേശോത്സവത്തെ ഓർമ്മിപ്പിക്കുന്നു. വിനായക ചതുർത്ഥിക്ക് ഭഗവാനെ പൂജിക്കുന്നവർക്ക് വ്യത്യസ്ത ആവശ്യങ്ങൾക്ക് താഴെ പറയുന്ന രീതിയിൽ ഉപാസിക്കാം :

കടം തീരാൻ
കടബാദ്ധ്യതകൾ തീരാൻ ഋണമോചനഗണപതിയെ ഇവിടെ പറയുന്ന നാമങ്ങൾ ജപിച്ച് ധ്യാനിക്കണം. ഈ
നാമങ്ങൾ 18 പ്രാവശ്യമാണ് ചതുർത്ഥി നാളിൽ തുടങ്ങി ജപിക്കേണ്ടത്. ദരിദ്രരുടെ സങ്കടങ്ങൾ തുടച്ചു നീക്കുന്ന അനാദിയായ വേദവാക്യങ്ങൾക്ക് വിഷയമായവനായ ശ്രീ പരമേശ്വരന്റെ ആദ്യപുത്രനും അസുരന്മാരുടെ അഹന്തയെ നശിപ്പിച്ചവനും പ്രപഞ്ചത്തെ നശിപ്പിക്കാൻ കഴിയുന്നവിധം അത്യുഗ്രഹശക്തിയോടു കൂടിയവനും ധനഞ്ജൻ തുടങ്ങിയ ഉജ്ജ്വല പ്രാണശക്തികളാൽ ഭൂഷിതനും കവിൾത്തടങ്ങളിലൂടെ മദജലമാകുന്ന പ്രചണ്ഡശക്തി പ്രസരിക്കുന്നവനുമായ ആദിമ ഗജമുഖ രൂപനെ ഞാൻ ഭജിക്കുന്നു എന്നാണ് ഈ ശ്ലോകത്തിന്റെ അർത്ഥം.

അകിഞ്ചനാർത്തിമാർജ്ജനം
ചിരന്തനോക്തി ഭാജനം
പുരാരി പൂർവ്വ നന്ദനം
സുരാരി ഗർവ്വ ചർവ്വണം
പ്രപഞ്ച നാശ ഭീഷണം
ധനഞ്ജയാദി ഭൂഷണം
കപോല ദാന വാരിണം
ഭജേ പുരാണ വാരണം

ശത്രുനാശത്തിന്
ശത്രുനാശത്തിന് വീരഗണപതിയെ പ്രാർത്ഥിക്കണം.
18 പ്രാവശ്യമാണ് ഇത് ജപിക്കേണ്ടത്.

സമസ്തലോകശങ്കരം
നിരസ്ത ദൈത്യ കുഞ്ജരം
ദരേതരോദരം വരം
വരേഭവക്ത്ര മക്ഷരം
കൃപാകരം ക്ഷമാകരം
മുദാകരം യശസ്‌കരം
മനസ്‌കരം നമസ്‌കൃതാം
നമസ്‌കരോമി ഭാസ്വരം

വ്യാപാരവിജയത്തിന്
ബിസിനസ് വിജയത്തിന് ഉച്ചിഷ്ഠ ഗണപതിയെ പ്രാർത്ഥിക്കുക. 18 പ്രാവശ്യമാണ് ഇത് ജപിക്കേണ്ടത്.

വിചിത്രസ്ഫുരദ്രത്‌നമാലാ കീരിടം
കിരീടോല്ലസച്ചന്ദ്രരേഖാ വിഭൂഷം
വിഭൂഷൈകഭൂഷം ഭവധ്വം സഹേതും
ഗണാധീശമീശാനസൂനും തമീഡേ

വിഘ്‌നം അകലാൻ
തടസ്‌സങ്ങൾ മാറാൻ ക്ഷിപ്രഗണപതിയെ പ്രാർത്ഥിക്കണം.18 പ്രാവശ്യമാണ് ഇത് ജപിക്കേണ്ടത്.

ശിവപ്രേമപിണ്ഡം പരം സ്വർണ്ണവർണ്ണം
ലസദ്ദന്ത ഖണ്ഡം സദാനന്ദ പൂർണ്ണം
വിവർണ്ണ പ്രഭാസ്യം ധൃതസ്വർണ്ണഭാണ്ഡം
ചലച്ചാരുശുണ്ഡം ഭജേ ദന്തി തുണ്ഡം

ഗണനായകാഷ്ടകം
പ്രസിദ്ധഗായകൻ മണക്കാട് ഗോപൻ ആലപിച്ച
ഗണനായകാഷ്ടകം:


ഭാഗവത ചൂഡാമണി പള്ളിക്കൽ സുനിൽ,
+91 9447310712, 0479-2333146

Story Summary: Significance of Vinayaka Chaturthi and Details of Special Worshipping

Copyright 2024 Neramonline.com. All rights reserved

error: Content is protected !!