Saturday, 23 Nov 2024
AstroG.in

ഒരോ കൂറുകാരും നവരാത്രി കാലത്ത്ആരാധിക്കേണ്ട ദേവീ ഭാവങ്ങൾ

മംഗള ഗൗരി
ആദിപരാശക്തിയായ ദേവിയെ പ്രാർത്ഥിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് നവരാത്രി. ഇക്കാലത്തെ ഏതൊരു പ്രാർത്ഥനയും പെട്ടെന്ന് ഫലം ചെയ്യും. അനേക ഭാവങ്ങളിൽ വർത്തിക്കുന്ന സാക്ഷാൽ ജഗദംബികയെ
ത്രിപുര സുന്ദരിയായും മഹാലക്ഷ്മി, മഹാകാളി, മഹാസരസ്വതി എന്നിങ്ങനെ ത്രിദേവിമാരായും
നവദുർഗ്ഗകളായും ദശമഹാവിദ്യകളായുമെല്ലാം അശ്വനി മാസ പ്രഥമ മുതലുള്ള 10 ദിനങ്ങളിൽ ആരാധിക്കുന്നു.

ജ്യോതിഷപ്രകാരം ഒരോ ഗ്രഹങ്ങൾക്ക് അധിപതിയായി ഒരോ ദേവതകളുണ്ട്. അതുപോലെ നക്ഷത്രങ്ങൾക്കും
പ്രത്യേകമായി ദേവതകളെ പറഞ്ഞിട്ടുണ്ട്. ഇവ രണ്ടും കണക്കിലെടുത്ത് ഒരോ കൂറുകാർക്കും അതിവേഗം ജീവിതവിജയവും ലക്ഷ്യപ്രാപ്തിയും സമ്മാനിക്കാൻ സഹായിക്കുന്ന, രാശി സ്വരൂപപ്രകാരമുള്ള ദേവതകളെ
ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. ഇതു പോലെ ദുർഗ്ഗാപൂജാ കാലത്ത് മേടം തുടങ്ങി 12 രാശിക്കാരും ആരാധിക്കേണ്ട
നവദുർഗ്ഗാ ഭാവങ്ങൾ ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. അത് ഒരോന്നും നോക്കാം:


മേടക്കൂറ്
അശ്വതി, ഭരണി, കാർത്തിക ആദ്യപാദം നക്ഷത്രങ്ങളിൽ
ജനിച്ച മേടംരാശിക്കാര്‍ സ്‌കന്ദമാതാവിനെയാണ് ആരാധിക്കണ്ടത്. സ്‌കന്ദമാതാവ് ഭക്തരിൽ അങ്ങേയറ്റം കരുണ്യമുള്ള ദുർഗ്ഗാഭാവമായതിനാൽ മോക്ഷവും ശക്തിയും സമൃദ്ധിയും നല്‍കി അവരെ അനുഗ്രഹിക്കും. സ്‌കന്ദമാതാവിനെ ആരാധിക്കുന്നത് ഭക്തരുടെ മനസ്സും ഹൃദയവും ശുദ്ധീകരിക്കും എന്നാണ് വിശ്വാസം. ഇവർ
ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നതും നല്ലതാണ്.

ഇടവക്കൂറ്
കാർത്തിക അവസാന മൂന്ന് പാദങ്ങൾ, രോഹിണി,
മകയിരം ആദ്യ രണ്ട് പാദങ്ങളടങ്ങിയ ഇടവം രാശിക്കാര്‍ നവരാത്രിയിൽ ആരാധിക്കേണ്ടത് മഹാഗൗരി ദേവിയെയാണ്. ശ്രീപാർവതി അഷ്ടോത്തരം ജപിക്കുക; ജീവിത പ്രാരാബ്ധങ്ങൾ അകലും. ഈ കൂറിൽ പിറന്ന
അവിവാഹിതരായ യുവതികൾ ലളിതാസഹസ്രനാമം ജപിക്കണം. അത് ജീവിത ദുരിതങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. വിവാഹം എളുപ്പത്തില്‍ നടക്കുന്നതിനും ഗുണകരമാകും.

മിഥുനക്കൂറ്
മകയിരം അവസാന രണ്ട് പാദങ്ങൾ, തിരുവാതിര,
പുണർതം ആദ്യ 3 പാദങ്ങളടങ്ങിയ മിഥുനം രാശിക്കാര്‍
ബ്രഹ്മചാരിണി ഭാവത്തിൽ ഭഗവതിയെ ആരാധിക്കണം. ബ്രഹ്മചാരിണിയെ ഭജിക്കുന്നത് ധാര്‍മ്മികതയും സമാധാനവും സന്തോഷവും ദുരിതമോചനവും മോക്ഷവും നല്‍കും. ജീവിതത്തില്‍ വെല്ലുവിളികളെ ഇല്ലാതാക്കുന്നതിനും പ്രതിസന്ധികൾ തരണം ചെയ്യാനും സഹായിക്കും. ദിവസവും താരാകവചം ചൊല്ലുന്നതും നല്ലതാണ്.

കര്‍ക്കടകക്കൂറ്
പുണർതം അവസാനപാദം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന കര്‍ക്കടകം കൂറിൽ ജനിച്ചവർ ദിവസവും ശൈലപുത്രി ദേവിയെ ആരാധിക്കണം. ഇത് ജീവിതത്തില്‍ ഉണ്ടാവുന്ന പല തരം പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കും. എല്ലാ അർത്ഥത്തിലും ജീവിതം സാർത്ഥകമാക്കാൻ ഇത്
സഹായിക്കും. ഇവർ മഹാലക്ഷ്മി അഷ്ടോത്തരം ജപിക്കുകയും വേണം.

ചിങ്ങക്കൂറ്
മകം, പൂരം, ഉത്രം ആദ്യപാദം നക്ഷത്രത്തിൽ ജനിച്ച ചിങ്ങം രാശിക്കാര്‍ നവദുർഗ്ഗകളിൽ ഒന്നായ കുശ്മാണ്ഡ ദേവിയെ ആരാധിക്കണം. ഇത് ഭക്തര്‍ക്ക് ആരോഗ്യം, സമ്പത്ത്, കരുത്ത് എന്നിവ സമ്മാനിക്കും. നവരാത്രി
കാലത്താണ് ഭജിക്കുന്നതെങ്കില്‍ അത് കൂടുതല്‍ അനുഗ്രഹം നല്‍കും. ഇവർ ദുര്‍ഗ്ഗയുടെ അഷ്ടോത്തരം ജപിക്കുന്നത് ഉത്തമമാണ്.

കന്നിക്കൂറ്
ഉത്രം അവസാന 3 പാദങ്ങൾ, അത്തം, ചിത്തിര ആദ്യ രണ്ട് പാദങ്ങളിലെ കന്നിരാശിക്കാര്‍ ബ്രഹ്മചാരിണിയെ ആരാധിക്കണം. ഇത് ജീവിതത്തില്‍ വളരെയധികം സദ്
ഫലങ്ങൾ സമ്മാനിക്കും. വിജയം കൊണ്ടുവരും, അറിവ് നേടുന്നതിനുള്ള വഴിയില്‍ വരുന്ന ഏത് പ്രതിബന്ധവും നീക്കം ചെയ്യാനും ഇത് സഹായിക്കും. ലക്ഷ്മി മൂലമന്ത്രം, മഹാലക്ഷ്മി അഷ്ടോത്തരം ഇവ ജപിക്കുന്നത് ഉത്തമം.

തുലാക്കൂറ്
ചിത്തിര അവസാന രണ്ട് പാദങ്ങൾ, ചോതി, വിശാഖം
ആദ്യ മൂന്ന് പാദങ്ങൾ ഉൾപ്പെടുന്ന തുലാം രാശിക്കാർ മഹാഗൗരിയെ ആരാധിക്കണം. ഇത് വിവാഹ തടസ്സങ്ങൾ
നീക്കും. വിവാഹം പെട്ടെന്ന് നടക്കാൻ സഹായിക്കും. ദാമ്പത്യജീവിതത്തിലെ വിഷമതകളെല്ലാം മാറ്റും. ഇവര്‍ ദുര്‍ഗ്ഗാസപ്തശതി, കാളിഅഷ്ടോത്തരം എന്നിവ എന്നും ജപിക്കുന്നത് ഉത്തമമാണ്.

വൃശ്ചികക്കൂറ്
വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന വൃശ്ചികക്കൂറിൽ ജനിച്ചവർ
സ്‌കന്ദമാതാവിനെ ആരാധിക്കണം. ഇത് ഭക്തരുടെ എല്ലാ പ്രശ്‌നങ്ങളും തടസ്സങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കും. ജീവിതത്തില്‍ ഉയരങ്ങളിൽ എത്തുകയും ചെയ്യും.
ഈ രാശിക്കാരായ ആളുകള്‍ ദേവീ മാഹാത്മ്യം പതിവായി പാരായണം ചെയ്യണം. കൂടാതെ ദുർഗ്ഗാ അഷ്ടോത്തരം
ജപിക്കുന്നതും ഉത്തമമാണ്.

ധനുക്കൂറ്
മൂലം, പൂരാടം, ഉത്രാടം ആദ്യപാദം നക്ഷത്രങ്ങളിലെ ധനു രാശിക്കാർ ദേവി ചന്ദ്രഖണ്ഡയെ ആരാധിക്കണം. ഇത് ഭക്തർക്ക് കൂടുതൽ ധൈര്യം സമ്മാനിക്കുകയും ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യും. എല്ലാവിധ പാപങ്ങളും കഷ്ടപ്പാടുകളും മാനസിക പ്രശ്‌നങ്ങളും തടസ്സങ്ങളും ഇല്ലാതാക്കപ്പെടും. ഇവര്‍ ദേവീമാഹാത്മ്യം, കാളീ അഷ്ടോത്തരം എന്നിവ ജപിക്കുന്നത് ഉത്തമം.

മകരക്കൂറ്
ഉത്രാടം അവസാന 3 പാദങ്ങൾ, തിരുവോണം, അവിട്ടം
ആദ്യ രണ്ട് പാദങ്ങളിലെ മകരം രാശിക്കാര്‍ കാളരാത്രി ദേവിയെയാണ് ആരാധിക്കേണ്ടത്. ഇത് അജ്ഞതയെ നശിപ്പിക്കും, ജീവിതത്തിലെ ബാധാദോഷങ്ങൾ, അശുഭ
ചിന്തകൾ അജ്ഞ്ഞത എന്നിവ നീക്കുകയും തെറ്റായ മാനസിക ചിന്തകളിൽ നിന്നും മുക്തി നേടുന്നതിനും സഹായിക്കുകയും ചെയ്യും. ദേവീ മാഹാത്മ്യം പാരായണം
ചെയ്യണം. ദുർഗ്ഗാഅഷ്ടോത്തരം ജപിക്കുകയും വേണം.

കുംഭക്കൂറ്
അവിട്ടം അവസാന 2 പാദങ്ങൾ, ചതയം, പൂരുരുട്ടാതി
ആദ്യ മൂന്ന് പാദങ്ങൾ ഉൾപ്പെടുന്ന കുംഭം രാശിക്കാർ
കാളരാത്രി ദേവിയെ ആരാധിക്കണം. ദേവി കാളരാത്രി
ഇവരുടെ ജീവിതത്തില്‍ നിന്ന് ഉത്കണ്ഠയുടെ ഇരുട്ട് നീക്കും എന്നാണ് വിശ്വാസം. ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കും. ഇവർ ദേവീമാഹാത്മ്യം പാരായണം ചെയ്യണം. ദുർഗ്ഗാഅഷ്ടോത്തരം ജപിക്കുകയും വേണം.

മീനക്കൂറ്
പൂരുരുട്ടാതി അവസാന പാദം, ഉത്തൃട്ടാതി, രേവതി
എന്നീ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന മീനക്കൂറിൽ ജനിച്ചവർ
ചന്ദ്രഖണ്ഡ ദേവിയെ ആരാധിക്കുകയും ഹരിദ്ര ജപമാല (മഞ്ഞൾ) ഉപയോഗിച്ച് ബഗളാമുഖി മന്ത്രം ജപിക്കുകയും വേണം. ഇത് ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യും. ജീവിതത്തില്‍ ധാരാളം നേട്ടവും പുരോഗതിയും ഉണ്ടാവുകയും ചെയ്യും.

Pic Design: Prasanth Balakrishnan
+91 7907280255
dr.pbkonline@gmail.com

Story Summary: Significance of Worshipping Nava Durga According to your zodiac sign during Navaratri Days

error: Content is protected !!