Sunday, 10 Nov 2024
AstroG.in

കാമികഏകാദശി ആഗ്രഹം സഫലമാക്കും; മുടങ്ങിയ കാര്യങ്ങൾ പൂർത്തിയാക്കും

ജ്യോതിഷരത്നം വേണുമഹാദേവ്

മഹാവിഷ്ണു യോഗനിദ്രയിലായ ശയന ഏകാദശിക്ക് ശേഷം വരുന്ന കൃഷ്ണപക്ഷ ഏകാദശിയാണ് കാമികാ ഏകാദശി. പവിത്ര ഏകാദശി എന്നും പ്രസിദ്ധമായ ഈ ഏകാദശിക്ക് വ്രതം നോറ്റാൽ തടസ്സങ്ങൾ അകന്ന്
ഐശ്വര്യവും ആഗ്രഹസാഫല്യങ്ങളും കരഗതമാകും. ഇഹലോകത്തും പരലോകത്തും സർവ്വ സൗഭാഗ്യങ്ങളും സമ്മാനിക്കുന്ന കാമിക ഏകാദശിക്ക് വിഷ്ണുവിനെ പൂജിച്ചാൽ സ്വന്തം പാപങ്ങളും പിതൃക്കളുടെ പാപങ്ങളും തീർന്ന് മോക്ഷം ലഭിക്കും. ജന്മജന്മാന്തര പാപങ്ങൾ കഴുകിക്കളയാൻ അത്യുത്തമമായ കാമിക ഏകാദശി വ്രതം സർവ്വാഭീഷ്ട ദായകവുമാണ്.

പിതൃദോഷ തീർക്കാം
കാമിക ഏകാദശി നാളിൽ താമരപ്പൂവിൽ വസിക്കുന്ന ശംഖചക്രഗദാധാരിയായ ഭഗവാൻ മഹാവിഷ്ണുവിനെ
ശ്രീധരനായും ഹരിയായും മധുസൂദനനായും മാധവനായും ഉപാസിക്കണം എന്നാണ് പറയുന്നത്. ശരിയായി ഈ വ്രതം നോറ്റാൽ ലഭിക്കുന്ന അപാരമായ പുണ്യത്താൽ മുടങ്ങിക്കിടക്കുന്ന എല്ലാ കാര്യങ്ങളും ഭംഗിയായി പൂർത്തിയാക്കാനാകും. ആഗ്രഹങ്ങളെല്ലാം സഫലമാകും. പിതൃദോഷ ദുരിതം തീർക്കാനും കഴിയും. ഈ ദിവസം തീർത്ഥ സ്നാനം ചെയ്യുന്നത് അശ്വമേധ യാഗതുല്യഫലം നൽകുമത്രേ.

തുളസീദളം അർച്ചിക്കണം
മഹാഭാരത കാലത്ത് ഭഗവാൻ ശ്രീകൃഷ്ണൻ യുധിഷ്ഠിരന് കാമികാ ഏകാദശി ഫലം വിവരിച്ചതായി പറയുന്നുണ്ട്. ബ്രഹ്മാവ് നാരാദമുനിക്ക് പകർന്നു നൽകിയ കാമികാ ഏകാദശി വ്രതമാഹാത്മ്യമാണ്
ശ്രീകൃഷ്ണൻ ധർമ്മരാജാവിനോട് പറഞ്ഞത്. ലൗകിക ജീവിതത്തിലെ എല്ലാ പാപങ്ങളിൽ നിന്നുമുള്ള മോചനത്തിന് കാമിക ഏകാദശി വ്രതം നോറ്റ് വിഷ്ണു പാദങ്ങളിൽ തുളസീദളം അർച്ചിക്കുന്നത് ശ്രേഷ്ഠമാണ്.
പാപമോചനം നൽകി വ്യക്തിയെ പവിത്രീകരിച്ച് ഒടുവിൽ വിഷ്ണു ഭഗവാൻ മോക്ഷം തന്നെ പ്രദാനം ചെയ്യും.
ചതുർമാസ്യ വ്രതകാലത്തെ ആദ്യ ഏകാദശി എന്ന സവിശേഷതയും ഇതിനുണ്ട്. കാമിക ഏകാദശിയിൽ തുളസി പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം തുളസിച്ചെടി കാണുന്നതു പോലും സർവ പാപഹരമത്രേ.

വ്രതവിധികൾ
1 ദശമി ദിവസം മുതൽ മത്സ്യ മാംസാദികൾ ത്യജിച്ച്
ഒരിക്കൽ എടുത്ത് വ്രതം തുടങ്ങുക.
2 ദ്വാദശി ദിവസം വരെ ബ്രഹ്മചര്യം പാലിക്കുക
3 ഏകാദശി സൂര്യോദയത്തിന് മുൻപ് ഏഴുന്നേറ്റ് കുളിച്ച് ശുദ്ധ വസ്ത്രം ധരിക്കുക
4 വിഷ്ണു ഭഗവാനെ സങ്കല്പിച്ച് ഭജിച്ചും ധ്യാനിച്ചും അനുഗ്രഹം തേടുക.
5 ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങൾ നിരന്തരം ജപിക്കുക. കുറഞ്ഞത് 108 തവണ ജപിക്കണം.
6 ഏകാദശിനാൾ പൂർണമായും ഉപവസിക്കുകയാണ് നല്ലത്. അതിന് കഴിയാത്തവർക്ക് ലഘുവായി ഫലങ്ങളും പാലും മറ്റും കഴിക്കാം.
7 ഉള്ളി, വെളുത്തുള്ളി തുടങ്ങി താമസസ്വഭാവമുള്ള ഭക്ഷണം ഒഴിവാക്കുക.
8 മദ്യം, പുകവലി തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കുക.
9 ശാന്തമായും സൗമ്യമായും കഴിയുക; നല്ല കാര്യങ്ങൾ ചിന്തിക്കുക; നല്ല വാക്കുകൾ പറയുക.
10 പകൽ ഉറക്കം പാടില്ല
11 അന്നദാനം, വസ്ത്രദാനം തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങൾ നാടത്തുക.
12 ഹരിവാസര സമയത്ത് അന്നപാനാദികൾ ഒഴിവാക്കി വിഷ്ണു നാമ, മന്ത്രങ്ങൾ ജപിക്കുക.
13 വിഷ്ണു ക്ഷേത്ര ദർശനം, വഴിപാട് ഉത്തമം
14 ദ്വാദശി നാളിൽ രാവിലെ വിഷ്ണു ക്ഷേത്രത്തിലെ തീർത്ഥം അല്ലെങ്കിൽ തുളസിയില ഇട്ട ജലം സേവിച്ച് പാരണ വിടാം.

പൂജാവിധി
1 കുളികഴിഞ്ഞ് ശുഭ്ര വസ്ത്രം ധരിച്ച് നെയ് / എള്ളെണ്ണ ഒഴിച്ച്‌ വിളക്ക് കത്തിക്കുക.
2 ജലം തീർത്ഥമാക്കുക
3 ആദ്യം ഗണപതി ഭഗവാന്റെ അനുഗ്രഹം തേടുക.
തുടന്ന് വിഷ്ണു നാമം ജപിക്കുക
3 ഓം നമോ നാരായണായ ജപിച്ചു കൊണ്ട് ജലം, പൂവ്, ഗന്ധം, ദീപം, ധൂപം, നിവേദ്യം തുടങ്ങിയവ ഭഗവാന് സമർപ്പിക്കണം. മധുര പലഹാരങ്ങളും പഴങ്ങളുമെല്ലാം സമർപ്പിക്കാം
4 വിഷ്ണു മന്ത്രങ്ങൾ, വിഷ്ണു അഷ്ടോത്തരം,
വിഷ്ണു സഹസ്രനാമം, ശ്രീകൃഷ്ണ , ശ്രീരാമ , ശ്രീവരാഹ
അഷ്ടോത്തരം തുടങ്ങിയവ ജപിക്കുക
5 വൈകിട്ടും യഥാശക്തി ഇതു പോലെ വിഷ്ണു പൂജ നടത്തുക

2024 ജൂലായ് 31 ന് ഏകാദശി
ദേശീയ വർഷമായ ശകവർഷ പ്രകാരം ശ്രാവണ മാസത്തിലെ കറുത്ത പക്ഷ ഏകാദശിയായ കാമിക ഏകാദശി ഇത്തവണ രാജ്യത്ത് പൊതുവേ ആചരിക്കുന്നത് 2024 ജൂലായ് 31 നാണ്. എന്നാൽ ചാന്ദ്രപക്ഷ രീതിയിൽ ശ്രാവണമാസം തുടങ്ങുന്നത് ആഗസ്റ്റ് 5 നാണ്. കേരളത്തിൽ വ്രതാചരണത്തിന് അടിസ്ഥാനമാക്കുന്നത് ചാന്ദ്രമാസമാണ്. അപ്പോൾ ആഷാഢമാസത്തിലെ ഏകാദശിയാണ് ഇവിടെ കാമിക ഏകാദശിയായി ആചരിക്കുന്നത്.

ഏകാദശി തിഥി: 2024 ജൂലായ് 30 വൈകിട്ട് 4:45 മണി മുതൽ ജൂലായ് 31 പകൽ 3: 56 വരെ
ഹരിവാസരം: ജൂലായ് 31 രാവിലെ 10:11 മുതൽ രാത്രി 9:52 വരെയാണ് ഹരിവാസരം.
പാരണ സമയം : 2024 ആഗസ്റ്റ് 1 രാവിലെ 6:01 മുതൽ 8:38 വരെ

മന്ത്രജപം അത്യാവശ്യം
ഏകാദശി വ്രത ദിവസങ്ങളിൽ വിഷ്ണു പ്രീതികരമായ മന്ത്രജപങ്ങൾ പ്രധാനമാണ്. ഓം നമോ നാരായണായ നമഃ കഴിയുന്നത്ര തവണ ജപിക്കണം. വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തണം. അല്ലെങ്കിൽ വീട്ടിൽ പൂജാമുറിയിൽ മഹാവിഷ്ണുവിന്റെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക. ശ്രീരാമ, ശ്രീകൃഷ്ണ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതിനും ഏകാദശി വ്രത ദിനങ്ങൾ ഉത്തമമാണ്. പുഷ്പാഞ്ജലി, മുഴുക്കാപ്പ് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. അന്ന് തെളിഞ്ഞ മനസ്സോടെ മഹാവിഷ്ണു പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കണം. വിഷ്ണുസഹസ്രനാമം, അവതാര മൂർത്തികളുടെ അഷ്ടോത്തരം, ഗീത, നാരായണീയം ഇവ ചൊല്ല‌ുന്നത് / കേൾക്കുന്നത് ഉത്തമം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീകൃഷ്ണ അഷ്ടോത്തരം കേൾക്കാം:


ജ്യോതിഷരത്നം വേണുമഹാദേവ്
91 9847575559

Story Summary: Significance, Rituals and Benefits Of Kamika Ekadeshi Vritham

Copyright 2024 Neramonline.com. All rights reserved

error: Content is protected !!