Wednesday, 6 Nov 2024
AstroG.in

സ്‌കന്ദഷഷ്ഠി പ്രാർത്ഥനകൾക്ക് അതിവേഗം അഭീഷ്ടസിദ്ധി നിശ്ചയം

മീനാക്ഷി
കുടുംബ ക്ഷേമത്തിനും സർവ്വ കാര്യവിജയത്തിനും സന്താനങ്ങളുടെ അഭിവൃദ്ധിക്കും ഏറ്റവും ഉത്തമമായ വ്രതാചരണമാണ് സ്‌കന്ദഷഷ്ഠി. തുലാമാസത്തിലെ വെളുത്ത പക്ഷഷഷ്ഠിയാണ് സ്‌കന്ദഷഷ്ഠിയായി ആചരിക്കുന്നത്. 2024 നവംബർ 7 വ്യാഴാഴ്ചയാണ് ഇടത്തവണ സ്കന്ദഷഷ്ഠി. എല്ലാ മുരുകക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്. ഈ ദിവസം മുരുകന് ചെയ്യുന്ന എല്ലാ പ്രാർത്ഥനകളും അതിവേഗം ഫലം തരും.

ഒരു ദിവസം മാത്രമായി സ്‌കന്ദഷഷ്ഠി വ്രതമെടുക്കുന്നവര്‍ തലേന്ന് ഒരിക്കലും മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങൾ മാത്രവും കഴിക്കാം:തലേന്നും സ്കന്ദഷഷ്ഠി ദിവസം മാത്രമായും വ്രതം നോൽക്കുന്നവർക്ക് അവരവരുടെ ആരോഗ്യസ്ഥിതി പോലെ ലഘുഭക്ഷണമാകാം. എന്നാൽ മത്സ്യമാംസാദി ഭക്ഷണം ഉപേക്ഷിക്കണം. ബ്രഹ്മചര്യം പാലിക്കണം.

സ്കന്ദഷഷ്ഠി നാൾ രാവിലെ ഉണർന്ന് പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്, സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തണം. ലഘു വഴിപാടുകൾ കഴിക്കുകയും ഏറെ നേരം പ്രാർത്ഥിക്കണം. രാവിലെ ആവശ്യമെങ്കിൽ പഴവർഗ്ഗങ്ങൾ കഴിക്കാം. ക്ഷേത്രത്തിൽ നിന്ന് വന്നിട്ടേ കഴിക്കാവൂ. ആവശ്യമെങ്കിൽ ക്ഷേത്രത്തിൽനിന്ന് വാങ്ങാൻ കിട്ടുന്ന ഉണക്കലരി ചോറു വാങ്ങി വീട്ടിൽ കൊണ്ടുപോയി ഉള്ളി ചേർക്കാതെ മുളകും പുളിയും ഉപ്പും ചേർത്ത് തൈരു കൂട്ടി കഴിക്കാം. പകൽ ഉറങ്ങരുത്. വൈകിട്ട് വീണ്ടും ക്ഷേത്രദർശനം നടത്തണം. സന്ധ്യയ്ക്ക് മുമ്പ് ഫലമൂലാദികൾ ഭക്ഷിച്ച്, 8 മണിയോടെ ഉറങ്ങാം. കഴിയുന്നതും ഈ ദിവസം യാത്ര പോകരുത്. അഥവാ പോകേണ്ടിവന്നാൽ പുറത്തുനിന്ന് ജലപാനം പോലും പാടില്ല.

ശൂരസംഹാരം
ശിവതേജസില്‍ നിന്നും അവതാരമെടുത്ത സുബ്രഹ്മണ്യന്റെ മുഖ്യ ദൗത്യം ദേവന്മാരുടെ പൊറുതി മുട്ടിച്ച ശൂരപദ്മാസുര നിഗ്രഹമായിരുന്നു. ഒടുവിൽ ആ ഘോരയുദ്ധം സംഭവിച്ചു. യുദ്ധം മുറുകുന്നതിനിടയിൽ അസുരൻ മായാശക്തിയാൽ മുരുകനെയും തന്നെയും അദൃശ്യമാക്കി. മകനെ കാണാഞ്ഞ് ദു:ഖിതയായ പാര്‍വതിയും ദേവന്മാരും അന്നപാനാദികൾ ഉപേക്ഷിച്ച് ഷഷ്ഠിവ്രതം അനുഷ്ഠിച്ചു. തുടർന്ന് തുലാമാസത്തിലെ സ്കന്ദഷഷ്ഠി നാളില്‍ ഭഗവാന്‍ ശൂരപദ്മനെ നിഗ്രഹിച്ചു. ശൂരസംഹാരം നടന്ന ദിവസമായത് കൊണ്ടാണ് തുലാത്തിലെ ഷഷ്ഠിക്ക് വലിയ പ്രാധാന്യം കൈവന്നത്.

മൂലമന്ത്രം
മൂലമന്ത്രവും സുബ്രഹ്മണ്യ ഗായത്രിയും സുബ്രഹ്മണ്യ
അഷ്ടോത്തരം, സഹസ്രനാമം, കരാവലംബ സ്തോത്രം,
ഷൺമുഖ മന്ത്രം , സുബ്രഹ്മണ്യ പഞ്ചരത്നം ,
എന്നിവയാണ് ശ്രീ മുരുകന് പ്രധാനം. ഓം വചത് ഭുവേ നമഃ ഇതാണ് മൂലമന്ത്രം. അത്ഭുതശക്തിയുള്ള ഈ മന്ത്രം നിത്യം രണ്ടുനേരവും 108 വീതം ജപിക്കുക. പാപശാന്തി, മനശ്ശാന്തി എന്നിവയാണ് ഫലം.

സുബ്രഹ്മണ്യ ഗായത്രി
സുബ്രഹ്മണ്യ ഗായത്രി ദിവസവും രണ്ടുനേരം 36 തവണ
വീതം ജപിച്ചാൽ തടസങ്ങൾ അകന്ന് സർവ്വകാര്യ വിജയം ഉണ്ടാകും:
സനൽക്കുമാരായ വിദ്മഹി
ഷഡാനനായ ധീമഹേ
തന്നോ സ്‌കന്ദഃ പ്രചോദയാത്

ഷണ്മുഖമന്ത്രം
രണ്ടുനേരം 48 പ്രാവശ്യം വീതം ഷണ്മുഖമന്ത്രം ജപിച്ചാൽ
ദാരിദ്ര്യശാന്തിയും ധന ഐശ്വര്യലബ്ധിയുമാണ് ഫലം.
മഞ്ഞ, പച്ച നിറത്തിലുള്ള പൂക്കളാണ് മുരുകന് കൂടുതൽ ഇഷ്ടം :
ഓം നമഃ ഷൺമുഖായ
രുദ്രസുതായ സുന്ദരാംഗായ
കുമാരായ ശുഭ്രവർണ്ണായ നമഃ

വഴിപാടുകൾ
സുബ്രഹ്മണ്യക്ഷേത്രത്തിൽ ഈ ദിവസം പാൽ, എണ്ണ, കരിക്ക്, ഭസ്മം എന്നിവ അഭിഷേകമായും തൃമധുരം, പായസം എന്നിവ നേദ്യമായും ഭഗവാന് സമർപ്പിക്കാം. ഭഗവാന് പ്രിയങ്കരമായ പുഷ്പങ്ങൾ അർച്ചിക്കുന്നതും ഭഗവാന്റെ നാമം ജപിക്കുന്നതും ഐശ്വര്യപ്രദമാണ്. പുലവാലായ്മയോ മാസമുറയോ വരുന്ന സമയത്ത് ഷഷ്ഠി വന്നാൽ വ്രതം എടുക്കരുത്.

13 ഷഷ്ഠി വ്രതം
സ്‌കന്ദഷഷ്ഠിക്ക് തുടങ്ങി അടുത്ത 13 ഷഷ്ഠി വ്രതം പൂർത്തിയാക്കുന്നതു പോലെ സന്താനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങൾക്ക് ചേരുന്ന മറ്റൊരു വ്രതമില്ല. ഇത്തരത്തിൽ സ്‌കന്ദഷഷ്ഠിക്ക് വ്രതം തുടങ്ങുന്നവർക്ക് പതിമൂന്നാമത്തെ ഷഷ്ഠിക്ക് വ്രതം പൂർത്തിയാക്കാം. അതല്ലെങ്കിൽ ഒരു സ്‌കന്ദഷഷ്ഠിക്ക് തുടങ്ങി ഏഴ് ദിവസം തുടർച്ചയായി വ്രതമെടുത്ത് എട്ടാം നാൾ പാരണ വിടും.

കുമാര മന്ത്രം
ഷഷ്ഠിവ്രതത്തിന്റെ പ്രധാന ഫലം സന്താനസൗഭാഗ്യമാണ്. സത്ഗുണങ്ങളും സത്കീർത്തിയും സത്കർമ്മങ്ങളും ചെയ്യുന്ന സത്പുത്രനുവേണ്ടിയാണ് സ്‌കന്ദഷഷ്ഠിക്ക് പ്രധാനമായും വ്രതമെടുക്കുന്നത്. കുഞ്ഞുങ്ങൾ നല്ല സ്വഭാവത്തിൽ വളരാനും നല്ല ജീവിതം ലഭിക്കാനും മാതാവാണ് പ്രധാനമായും ഈ വ്രതം എടുക്കുന്നത്. ഈ ദിവസം ജപിക്കേണ്ട മന്ത്രം താഴെ ചേർക്കുന്നു. 48 തവണ വീതം രണ്ടുനേരം ജപിക്കണം. മക്കളുടെ ക്ഷേമത്തിന് ഭാര്യയും ഭർത്താവും ഒന്നിച്ച് ജപിക്കണം. വ്രതനിഷ്ഠയും അത്യാവശ്യമാണ്.

ഓം നമഃ കുമാരമൂർത്തയേ
സൗഭാഗ്യവർദ്ധനായ തേജസ്വിനേ
മോദമയായ ശിവാത്മജായ നമഃ

Story Summary: Significance, Rituals and Benefits of Skanda Shasthi Vritham

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!