ആരെയും ഭയപ്പെടുത്തുന്ന ശനി ; ഇവർക്കിനി ദോഷപരിഹാരം വേണം
മംഗള ഗൗരി
ഏവരെയും ഭയപ്പെടുത്തുന്ന ഗ്രഹമാണ് ശനി. ശനിദശ, ഏഴരശനി, കണ്ടകശനി ഇവയൊക്കെ ഉണ്ടെന്ന് അറിഞ്ഞാൽ തന്നെ മിക്കവർക്കും എല്ലാ പ്രതീക്ഷകളും അവസാനിക്കും. സൂര്യപുത്രനാണ് ശനി. മരണദേവനായ കാലൻ അഥവാ യമൻ ശനിയുടെ സഹോദരനാണ്. ഏറ്റവും പ്രധാന പാപഗ്രഹമായതിനാൽ ശനിയുടെ സ്വാധീനം ജീവിതത്തിൽ വളരെ പ്രധാനമാണ്.
ജനനസമയത്തെ ഗ്രഹനില പ്രകാരം ശനിനൽകുന്നത് ദോഷമാണെങ്കിൽ ശനിയുടെ സ്വാധീനം വർദ്ധിക്കും. ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ശനിദശ, ഒരോ ദശയിലും ശനിയുടെ അപഹാരകാലം, എന്നിവയെല്ലാം ബുദ്ധിമുട്ടുണ്ടാക്കും. ശനി പൊതുവേ അനുകൂലനാണ് എങ്കിൽ ഈ ദോഷസമയം വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ അതിജീവിക്കാനാകും. അപ്പോൾ ഇതേ ശനി തന്നെ ചിലർക്ക് സഹായിയാകും. എന്നാൽ കൃത്യമായ പ്രാർത്ഥനയും ഭക്തിയും ഉണ്ടായിരിക്കണം.
ശനിമാറ്റം ദോഷം ചെയ്യുമോ ?
കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് ഈ മീനമാസത്തിൽ, അതായത് 2025 മാർച്ച് 29 ന് ശനി രാശി
മാറുന്നു. ധാരാളം വ്യക്തികൾക്ക് ശക്തമായ ദോഷം ഈ മാറ്റത്തിലൂടെ ഉണ്ടാകുന്നു. അതേസമയം കുറേപേർ കാലങ്ങളായുള്ള ദുരിതത്തിൽ നിന്നും ആശ്വാസപൂർവ്വം രക്ഷപ്പെടുന്നു. കുംഭം, മീനം, മേടം, ധനു, കന്നി, മിഥുനം, ചിങ്ങം രാശിക്കാർക്ക് ഈ ശനി മാറ്റം നല്ലതല്ല. മേടം രാശിക്ക് പന്ത്രണ്ടിലും മീനത്തിന് ജന്മത്തിലും കുംഭത്തിന് രണ്ടിലുമാണ് ശനി; ഇവർക്ക് ഏഴര ശനിയാണ്. ധനു, കന്നി, മിഥുനം രാശി ജാതർക്ക് കണ്ടകശനിയും ചിങ്ങം രാശിക്കാർക്ക് അഷ്ടമ ശനിയുമാണ്. ഇവർക്കെല്ലാം ശനിദോഷ പരിഹാരത്തിന് പ്രാർത്ഥന അത്യാവശ്യമാണ്.
ശനിയാഴ്ച വ്രതം ഉത്തമം
ശനിയാഴ്ച വ്രതമെടുക്കുന്നതാണ് ശനി ദോഷശാന്തിക്കുള്ള പ്രധാന പരിഹാരം. പൂർണ്ണ ഉപവാസമോ ലഘുഭക്ഷണമോ ആയി വ്രതമെടുക്കാം. അയ്യപ്പക്ഷേത്രദർശനം നടത്തുകയും യഥാശക്തി സാധുകൾക്ക് അന്നദാനം നടത്തുകയും ചെയ്യുക. 12 ശനിയാഴ്ച വ്രതം പാലിക്കുന്നത് ഏറ്റവും നല്ലതാണ്. ശബരിമല പോലുള്ള ശാസ്താ സന്നിധികളിൽ ദർശനത്തിനും ശനിയാഴ്ച ഉത്തമം. വ്രതദിവസം യഥാശക്തി അയ്യപ്പപ്രീതികരമായ വഴിപാടുകൾ നടത്താം. ശനിദോഷ ശാന്തിക്കായി ഹനുമാൻ സ്വാമിയേയും ശിവനെയും അയ്യപ്പനെയും പ്രാർത്ഥിക്കാം. കാലനെ പോലും സംഹരിച്ച ദേവനാണ് ശിവൻ. അതുകൊണ്ട് ശിവക്ഷേത്രദർശനം ഏത് ദുരിതത്തിലും രക്ഷനേടാൻ സഹായിക്കും.
Story Summary: Significance Shani Transit on March 29, 2025
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved