Thursday, 21 Nov 2024
AstroG.in

സന്താനങ്ങളുടെ ഉന്നതിക്കും ധനം, ശത്രുരക്ഷ നേടാൻ ഇതാ സ്കന്ദഷഷ്ഠി

ജ്യോതിഷി പ്രഭാസീന സി പി
സന്താനഭാഗ്യം, സന്താനങ്ങളുടെ സ്വഭാവമഹിമ, സന്താനങ്ങൾ കാരണമുണ്ടാകുന്ന ദുരിതമുക്തി, ജീവിത പുരോഗതി, രോഗശാന്തി, തൊഴിൽ ഉന്നതി, ശത്രുരക്ഷ എന്നിവയ്ക്കായി ഷഷ്ഠി വ്രതം ആചരിക്കുന്നത് ഉത്തമമാണെന്ന് പുരാണങ്ങൾ പറയുന്നു. എല്ലാ മാസത്തെയും ഷഷ്ഠികളിൽ ഏറ്റവും ശ്രേഷ്ഠമത്രേ തുലാമാസത്തിലെ സ്കന്ദഷഷ്ഠി.

ഭഗവാൻ ശൂരസംഹാരം നടത്തിയ ദിവസമാണെന്നും ബ്രഹ്മാവിനെ തടവിലാക്കിയ തെറ്റിന് പശ്ചാത്തപിച്ച് സ്വീകരിച്ച സർപ്പ രൂപത്തിൽ നിന്നും മോചിപ്പിക്കപ്പെട്ട ദിവസമാണെന്നും ഐതിഹ്യമുണ്ട്. ‘ഓം’ എന്ന പ്രണവ മന്ത്രത്തിൻ്റെ അർത്ഥം പറഞ്ഞു തരണമെന്ന് ആവശ്യപ്പെട്ട് ഒരിക്കൽ ബ്രഹ്മാവിനെ സുബ്രഹ്മണ്യസ്വാമി തടഞ്ഞു നിർത്തി. “ഞാൻ ബ്രഹ്മം ആകുന്നു” എന്ന ബ്രഹ്മാവിൻ്റെ മറുപടിയിൽ സംതൃപ്തനാകാതെ ബ്രഹ്മാവിനെ ഭഗവാൻ കയറു കൊണ്ട് വരിഞ്ഞു കെട്ടി. ഒടുവിൽ മഹാദേവൻ തന്നെ സുബ്രഹ്മണ്യനെ ആശ്വസിപ്പിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. തെറ്റു മനസ്സിലാക്കിയ കുമാരൻ പ്രായശ്ചിത്തമെന്നോണം സർപ്പമായി പരിണമിച്ചു തിരോധാനം ചെയ്തു. മകനെ കാണാതെ പാർവ്വതീദേവി അത്യധികം ദുഃഖിതയായി. പുത്രനെ തിരികെ കിട്ടാനായി ദേവി ശുക്ലഷഷ്ഠി വ്രതം ആചരിക്കണമെന്നും താരകബ്രഹ്മമായ തന്റെ പുത്രനെ തന്നെ ഭജിക്കണമെന്നും ശിവഭഗവാൻ പാർവ്വതി ദേവിയെ ഉപദേശിച്ചു. അതനുസരിച്ച് പാർവ്വതീ ദേവി 108 ഷഷ്ഠിവ്രതമെടുത്തു. അവസാനത്തെ ഷഷ്ഠിനാളിൽ സുബ്രഹ്മണ്യസ്വാമിയെ ഭയങ്കര സർപ്പാകൃതിയിൽ കാണുകയും ആ സർപ്പ ശ്രേഷ്ഠനെ മഹാവിഷ്ണു സ്പർശിച്ചപ്പോൾ സ്വരൂപത്തിൽ സുബ്രഹ്മണ്യൻ പ്രത്യക്ഷപ്പെടുകയും ചെയ്തു. പാർവ്വതി സന്തുഷ്ടയായി. ഇത് മൂലമാണത്രേ ഷഷ്ഠിവ്രതം വ്യാപകമായത്. (ഷഷ്ഠിനാളിൽ കർണാടകയിലെ സുബ്രഹ്മണ്യത്ത് വച്ചാണത്രേ അങ്ങനെ മാറിയതെന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് നാഗപ്രതിമ വെച്ച് സുബ്രഹ്മണ്യനെ പൂജ ചെയ്യുന്നത് )

സക്ന്ദഷഷ്ഠി വ്രതനിഷ്ഠകൾ

സന്താനങ്ങളുടെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഏറ്റവും ഉത്തമം സ്കന്ദഷഷ്ഠി വ്രതാചരണമാണ്. തുലാമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് ആറാം നാൾ വരുന്ന ഷഷ്ഠിയാണ് സ്കന്ദഷഷ്ഠിയായി ആചരിക്കേണ്ടത്. ഇത്തവണ തുലാമാസം 22 നവംബർ 7 വ്യാഴാഴ്ചയാണ് സ്കന്ദഷഷ്ഠി. ചിലർ 6 ദിവസം സ്കന്ദഷഷ്ഠിവ്രതം എടുക്കും. മറ്റ് ചിലർ 3 ദിവസം അല്ലെങ്കിൽ ഒരു ദിവസമാണ വ്രതമെടുക്കുന്നത്. ഒരു
ദിവസം വ്രതം എടുക്കുന്നവർ തലേന്ന് ഒരിക്കലെടുത്ത് വ്രതം ആരംഭിക്കണം. സാധാരണ എല്ലാ വ്രതവും പോലെ ഷഷ്ഠി വ്രതത്തിനും മത്സ്യമാംസാദി ഭക്ഷണം കഴിക്കരുത്. ബ്രഹ്മചര്യവും അത്യാവശ്യമാണ്. പിറ്റേന്ന് അതായത് ഷഷ്ഠിനാളിൽ അതിരാവിലെ ഉണർന്ന് പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തണം. ലഘു വഴിപാടുകൾ കഴിക്കുകയും കുറെ നേരം പ്രാർത്ഥനയോടെ ചെലവഴിക്കുകയും വേണം. രാവിലെ ആവശ്യമെങ്കിൽ പഴവർഗ്ഗം കഴിക്കാം. ക്ഷേത്രത്തിൽ നിന്ന് വന്നിട്ടേ കഴിക്കാവൂ ക്ഷേത്രത്തിൽ നിന്ന് വാങ്ങാൻ കിട്ടുന്ന ഉണക്കലരി ചോറ് വാങ്ങി വീട്ടിൽ കൊണ്ടുപോയി ഉള്ളി ചേർക്കാതെ മുളകും പുളിയും ഉപ്പും ചേർത്ത് തൈരു കൂട്ടി കഴിക്കാം. പകൽ ഉറങ്ങരുത്. വൈകുന്നേരം വീണ്ടും ക്ഷേത്ര ദർശനം നടത്തണം സന്ധ്യയ്ക്ക് മുമ്പ് ഫലമൂലാദികൾ ഭക്ഷിച്ച് എട്ടുമണിയോടെ ഉറങ്ങാം കഴിയുന്നതും ഈ ദിവസങ്ങളിൽ യാത്ര പോകരുത്. പോകേണ്ടി വന്നാൽ തന്നെ പുറത്ത് നിന്ന് ജലപാനം പോലും പാടില്ല മത്സ്യമാംസാദി ഭക്ഷണം പാടില്ല. സ്കന്ദഷഷ്ഠി ദിവസം മാത്രം വ്രതമെടുക്കുന്നവർ എല്ലാ മാസത്തിലെയും ഷഷ്ഠിക്ക് മേൽപ്പറഞ്ഞ വ്രതനിഷ്ഠകളോടെ വ്രതമെടുക്കണം. വൃശ്ചിക മാസം ആരംഭിച്ച് തുലാം മാസത്തിൽ അവസാനിക്കുന്ന വിധത്തിൽ ഒൻപത് വർഷം കൊണ്ട് 108 ഷഷ്ഠി എന്ന നിലയിലുള്ള വ്രതാനുഷ്ഠാനം ശ്രേഷ്ഠമാണ്.

മൂലപ്രകൃതിയുടെ ആറിലൊന്നു ഭാഗം കൊണ്ടുണ്ടായ ദേവിയാണ് ഷഷ്ഠി ദേവി. ആറിലൊന്നു ഭാഗം കൊണ്ട് ഉണ്ടായതിനാലാണ് ഷഷ്ഠി ദേവി എന്ന പേര് കിട്ടിയത്. ദേവസേന എന്ന പേരോടു കൂടിയ ഈ ദേവി കുട്ടികളുടെ അനുഷ്ഠാന ദേവിയും, കുഞ്ഞുങ്ങൾക്ക് ആയുസ് കൊടുക്കുന്നവളും, പെറ്റമ്മയപ്പോലെ സംരക്ഷിക്കുന്നവളും, കുട്ടികളുടെ അടുത്തു തന്നെ ഇരിക്കുന്നവളും, യോഗാഭ്യാസത്താൽ സിദ്ധിയുള്ളവളും, സുബ്രഹ്മണ്യൻ്റെ ഭാര്യയുമാണെന്ന് പുരാണത്തിൽ പറയുന്നു. ഈ ദേവിയുടെ വാഹനം പൂച്ചയാണ്. എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ദേവൻ്റെ ഇടതു വശത്ത് ഷഷ്ഠി ദേവിയുടെ അദൃശ്യ സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഷഷ്ഠി ദേവിക്ക് പ്രത്യേകം പ്രതിഷ്ഠയുള്ള ക്ഷേത്രം ഇല്ലെന്നതാണ് അറിവ്.

” ഞാൻ ബ്രഹ്മാവിൻ്റെ മാനസ പുത്രിയും സ്കന്ദ ദേവൻ്റെ ധർമ്മപത്നിയുമാണ്. പുത്രനില്ലാത്തവർക്ക് പുത്രനേയും ഭാര്യയില്ലാത്തവർക്ക് ഭാര്യയേയും ഭർത്താവില്ലാത്തവർക്ക് ഭർത്താവിനെയും ധനമില്ലാത്തവർക്ക് ധനത്തേയും എല്ലാവർക്കും നല്ല കർമ്മ ഫലത്തേയും നൽകുന്നത് ഞാനാണ് ” എന്ന് ഷഷ്ഠി ദേവി സ്വയം പറയുന്നുണ്ട്.

സ്കന്ദഷഷ്ഠി ദിനത്തിൽ രാവിലെ സുബ്രഹ്മണ്യന്റെ ചിത്രത്തിന് മുന്നിൽ ഏഴുതിരിയുള്ള നിലവിളക്ക് തെളിച്ച് ശുഭവസ്ത്രം ധരിച്ച് “ഓം ഹ്രിം ഷഷ്ഠി ദേവ്യൈ നമ:” എന്ന മന്ത്രം എട്ടു പ്രാവശ്യം ജപിച്ച ശേഷം ഷഷ്ഠി ദേവി സ്തോത്രം ജപിക്കണം

ഷഷ്ഠി ദേവി സ്തോത്രം

നമോ ദേവീ മഹാദേവീ
സിദ്ധി ശാന്തി സ്വരൂപിണി
ദേവീ നിത്യം നമോസ്തു തേ
വരദേ പുത്രദേ ദേവീ
ധനദോ തേ നമോ നമ:
സുഖദേ മോക്ഷദേ ഷഷ്ഠി
നമസ്തേ ജഗദാംബികേ
ഷഷ്ഠാം ശരൂപം സൃഷ്ട്യർത്ഥം
പൂണ്ട സിദ്ധേ നമോസ്തു തേ
സിദ്ധയോഗിനിയാം മായേ
ഷഷ്ഠി ദേവി നമോസ്തു തേ
ശ്രേഷ്ഠയാം കാരദേ! ദേവീ
പരാദേവീ നമോസ്തുതേ
നമസ്തേ ലോക മാതാവേ
ബാലാധിഷ്ഠാത്യ ദേവതേ
കല്യാണദാത്രീ കല്യാണീ
സർവ്വകർമ്മ ഫലപ്രദേ
ഭക്തർതൻ മുമ്പിലെന്നെന്നും
പ്രത്യക്ഷപ്പെടുമീശ്വരീ
കർമ്മ മേതിലു മേവർക്കു
പൂജ്യേ ഷൺമുഖ വല്ലഭേ
ദേവക്ഷാകാരിണിയാം
ഷഷ്ഠീ ദേവീ നമോസ്തു തേ
ശുദ്ധ സത്താത്മികേ ദേവീ
നമസ്തേ സർവ്വ വന്ദിതേ
ഹിംസാ ക്രോധങ്ങളറ്റോളേ
ഷഷ്ഠി ദേവീ നമോ നമ:
ധനഭാര്യാ പുത്രരേയും
മേകണം മേ സുരേശ്വരീ
മാനവും ജയവും നൽകി
ശത്രുക്കളെ ഹനിക്ക നീ;
കീർത്തിയും ധർമ്മവും ദേവീ;
നല്കിയാലും മഹേശ്വരീ
വിദ്യയും സത്പ്ര ജയേയും
ഭൂവുമേകുക പൂജിതേ
ശുഭ്രവും ജയവും നൽകൂ
ഷഷ്ഠി ദേവീ പണിഞ്ഞിടാം

കർപ്പൂര ദീപം ഉഴിഞ്ഞ് നമസ്കരിച്ച് വീട്ടിൽ സർവ്വൈശ്യര്യവും ഉണ്ടാകാൻ അകമഴിഞ്ഞ് ആത്മാർത്ഥമായി പ്രാർത്ഥിക്കണം.

വ്രതം അവസാനിപ്പിക്കാൻ

12 മാസത്തെ ഷഷ്ഠി വ്രതമെടുത്ത് പതിമൂന്നാമത്തെ ഷഷ്ഠിക്ക് വ്രതം അവസാനിപ്പിക്കുന്നവർ ക്ഷേത്രത്തിൽ വഴിപാട് നടത്തണം. സാധുക്കൾക്ക് അന്നം, വസ്ത്രം എന്നിവ ദാനം ചെയ്യണം. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ യഥാശക്തി വഴിപാട് നടത്തണം. പാല്, എണ്ണ , കരിക്ക്, ഭസ്മം എന്നിവ അഭിഷേകമായും തൃമധുരം പായസം എന്നിവ നേദ്യമായും ഭഗവാന് സമർപ്പിക്കണം. ഭഗവാന് പ്രിയങ്കരമായ പുഷ്പങ്ങൾ അർച്ചിക്കുന്നതും ഭഗവാന്റെ നാമം ജപിക്കുന്നതും ഐശ്വര്യമാണ്. പതിമൂന്നാമത് ഷഷ്ഠിക്ക് വ്രതം അവസാനിപ്പിക്കാം.

പുലവാലായ്മയോ, മാസമുറയോ വരുന്ന സമയത്ത് ഷഷ്ഠി വന്നാൽ വ്രതം എടുക്കരുത്. ശുദ്ധമായ ശേഷം വ്രതം തുടരാം. വീണ്ടും ആദ്യം മുതൽ വ്യതമെടുക്കേണ്ട ആവശ്യമില്ല

മന്ത്രങ്ങളും ജപങ്ങളും

മൂലമന്ത്രവും സുബഹ്മണ്യ ഗായത്രിയും ഷൺമുഖ മന്ത്രവുമാണ് മുരുകന് പ്രധാനം

മൂലമന്ത്രം

ഓം വചത്ഭുവേ നമഃ
എന്നതാണ് മൂലമന്ത്രം. അത്ഭുത ശക്തിയുള്ള ഈ മന്ത്രം നിത്യം രണ്ടുനേരവും 108 വീതം ജപിക്കുക. പാപശാന്തി, മനശാന്തി എന്നിവയാണ് ഫലം

സുബ്രഹ്മണ്യ ഗായത്രി
സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹേ
തന്നോ സ്കന്ദ: പ്രചോദയാൽ

ഇതാണ് സുബ്രഹ്മണ്യ ഗായത്രി. ദിവസവും രണ്ടു നേരം
36 പ്രാവശ്യം ജപിച്ചാൽ തടസങ്ങൾ അകന്ന് സർവ്വകാര്യ വിജയം ഉണ്ടാകും

ഷൺമുഖ മന്ത്രം
ഓം നമ: ഷൺമുഖായ
രുദ്രസുതായ സുന്ദരാം ഗായ
കുമാരായ ശുഭ്രവർണ്ണായ നമഃ
എന്നതാണ് ഷൺമുഖ മന്ത്രം.

രണ്ടുനേരം 48 പ്രാവശ്യം ജപിക്കണം. ദാരിദ്ര്യ ശാന്തിയും ധന ഐശ്വര്യ ലബ്ധിയുമാണ് ഫലം. മഞ്ഞ, പച്ച നിറത്തിലുള്ള പൂക്കളാണ് മുരുകന് കൂടുതൽ ഇഷ്ടം.

വ്രതമെടുക്കേണ്ടത് അമ്മ
ഷഷ്ഠിവ്രതത്തിന്റെ പ്രധാന ഫലം സന്താന സൗഭാഗ്യമാണ്. സത്ഗുണങ്ങളും സത്കർമ്മങ്ങളും ചെയ്യുന്ന സത്പുത്രന് വേണ്ടിയാണ് സ്കന്ദഷഷ്ഠിക്ക് പ്രധാനമായും വ്രതമെടുക്കുന്നത്. കുഞ്ഞുങ്ങൾ നല്ല സ്വഭാവത്തിൽ വളരാനും നല്ല ജീവിതം ലഭിക്കാനും മാതാവാണ് പ്രധാനമായും ഈ വ്രതം എടുക്കുന്നത്.

ഈ ദിവസം ജപിക്കേണ്ട മന്ത്രം

ഓം നമഃ കുമാരമൂർത്തയേ
സൗഭാഗ്യവർദ്ധനായ തേജസ്വിനേ
മോദമയായ ശിവാത്മജായ നമഃ
വ്രതദിവസവും മറ്റു ദിവസങ്ങളിലും 48 വീതം രണ്ടു നേരം ജപിക്കണം. മക്കളുടെ ക്ഷേമത്തിന് ഭാര്യയും ഭർത്താവും ജപിക്കണം. വ്രതനിഷ്ഠയും അത്യാവശ്യമാണ്

ഷഷ്ഠി ദിനത്തിൽ പൊതുവെയും സ്കന്ദഷഷ്ഠി ദിനത്തിൽ പ്രത്യേകിച്ചും സുബ്രഹ്മണ്യസ്വാമിയെയും ഷഷ്ഠി ദേവിയേയും പ്രാർത്ഥിക്കുന്നത് കുടുംബത്തിൽ സർവ്വ മംഗളവും ഉണ്ടാകുവാനും സർവ്വ അഭീഷ്ടസിദ്ധിക്കും സഹായകമാണ്.

ജ്യോതിഷി പ്രഭാസീന സി പി
+91 9961442256

(ഹരിശ്രീ പിഒ : മമ്പറം, വഴി: പിണറായി,
കണ്ണൂർ ജില്ല
Email ID: prabhaseenacp@gmail.com )

Story Summary: Skanda Shashti: Importance, Myth, Rituals and Mantras

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!