ശ്രീ പത്മനാഭസ്വാമിക്ക് പൊന്നും ശീവേലി
മംഗള ഗൗരി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി ജനുവരി 10 വെള്ളിയാഴ്ച അതി വിപുലമായ രീതിയിൽ ആചരിക്കുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. അന്ന് വെളുപ്പിന് 2.30 മണി മുതൽ 4.00 മണി വരെ നിർമാല്യദർശനം, അഭിഷേകം, ദീപാരാധന. തുടർന്ന് 4.30 മുതൽ 6.00 മണി വരെയും. 9.30 മണി മുതൽ 12.30 മണി വരെയും, വൈകിട്ട് 3.15 മണി മുതൽ 6.15 മണി വരെയും, രാത്രി ശീവേലിക്ക് ശേഷവും ഭക്തജനങ്ങൾക്ക് ദർശനസൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്പെഷ്യൽ ടിക്കറ്റ് ദർശനം ഇല്ല
സ്വർഗ്ഗവാതിൽ ഏകാദശിയോടനുബന്ധിച്ച് രാത്രി 8.30 മണിയോടുകൂടി സിംഹാസന വാഹനത്തിൽ പൊന്നും ശീവേലി ഉണ്ടായിരിക്കും. സ്വർഗ്ഗവാതിൽ ഏകാദശി ദിവസം എത്തുന്ന എല്ലാം ഭക്തജനങ്ങൾക്കും സുഗമമായ ദർശന സൗകര്യം ഒരുക്കുകന്നതിന് അന്ന് സ്പെഷ്യൽ സേവാ ടിക്കറ്റ് വഴിയുളള ദർശനം ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്രത്തിൽ നിത്യവും നടക്കുന്ന അന്നദാനത്തിന് പുറമേ സ്വർഗ്ഗവാതിൽ ഏകാദശി ദിവസം വ്രതം നോക്കുന്ന ഭക്തജനങ്ങൾക്ക് പ്രത്യേകമായി ഗോതമ്പ് കഞ്ഞി വിതരണം ചെയ്യും. വൈകുണ്ഠ ഏകാദശി എന്ന
പേരിലും പ്രസിദ്ധമാണ് ഈ ഏകാദശി.
പ്രത്യേകം ക്യൂ സംവിധാനം
സ്വർഗ്ഗവാതിൽ ഏകാദശി ദിവസം ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ ദർശനം നേടുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി പ്രത്യേകം ക്യൂ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്ക് ഭാഗത്ത് നിന്നും, വടക്ക് ഭാഗത്ത് നിന്നും വരുന്ന ഭക്തർ ക്ഷേത്രത്തിന് പുറത്ത് വടക്ക് വശത്ത് ബാരിക്കേട് സംവിധാനത്തിലൂടെ ക്യൂവായി പടിഞ്ഞാറേനട വഴി അകത്ത് പ്രവേശിച്ച് തെക്ക് ഭാഗത്ത് ശ്രീകാര്യക്കാരുടെ ഓഫീസിന് മുന്നിലൂടെ ദർശനത്തിന് പ്രവേശിക്കണം. തെക്ക്, പടിഞ്ഞാറ് ഭാഗത്ത് നിന്നും വരുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറേനടയിൽ നിന്നും ആരംഭിക്കുന്ന ബാരിക്കേടിലൂടെ ക്യൂവായി തെക്കേനട വഴി അകത്ത് പ്രവേശിച്ച് കുലശേഖര മണ്ഡപത്തിൽ ചുറ്റിപ്പോകുന്ന പ്രധാന ക്യൂവിലൂടെ ക്ഷേത്രത്തിനകത്തെ കിഴക്കേനട വഴി ദർശനത്തിന് പ്രവേശിക്കേണ്ടതാണ്.
വടക്കേനടയിൽ മെഡിക്കൽ സെൻ്റർ
സുരക്ഷിതമായി ദർശനം നടത്താൻ ഭക്തർ ക്ഷേത്ര ഉദ്യോഗസ്ഥരും, പോലീസും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. അതോടൊപ്പം ഭക്‌തജനങ്ങളുടെ സേവനാർത്ഥം എസ്.പി. ഫോർട്ട് ഹോസ്‌പിറ്റലിൻ്റെ നേതൃത്വത്തിൽ ഒരു മെഡിക്കൽ സെൻ്റർ ക്ഷേത്രം വടക്കേനടയിലെ ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും എന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
വൈകുണ്ഠ ഏകാദശി പാപനാശനത്തിന്
ഏകാദശികളില്‍ ഏറ്റവും പ്രധാനം ധനുമാസത്തിലെ വൈകുണ്ഠ ഏകാദശിയാണ്. ഈ ദിവസം വ്രതമെടുക്കുന്നതിനപ്പുറം മറ്റൊരു വ്രതവുമില്ലായെന്ന് തീര്‍ത്തു പറയാം. മനുഷ്യർക്ക് പാപനാശനത്തിന് വേണ്ടി ഈശ്വരന്‍ സൃഷ്ടിച്ചതാണ് ഈ ദിവസം. ഏകാദശിവ്രതം ദശമി നാളിൽ ഒരിക്കൽ അനുഷ്ഠിച്ച് തുടങ്ങണം. ഏകാദശിനാൾ പൂർണ്ണ ഉപവാസം ഉത്തമം. അതിന് പറ്റുന്നില്ലെങ്കിൽ ഒരിക്കലെടുക്കുക. ഏകാദശിയുടെ അവസാന 15 നാഴികയും (ആറു മണിക്കൂർ) ദ്വാദശിയുടെ ആദ്യ 15 നാഴികയും ചേരുന്ന സമയമാണ് ഹരിവാസര സമയം. ഏകാദശി വ്രതത്തിൽ പ്രധാനപ്പെട്ട സമയമാണ് 12 മണിക്കൂർ വരുന്ന ഹരിവാസരം. ഈ സമയത്ത മഹാവിഷ്ണുവിനെ ഭജിക്കുന്നത് ഏറ്റവും പുണ്യദായകം ആണെന്നു പുരാണങ്ങളിൽ ഏകാദശി മാഹാത്മ്യത്തിൽ
പറയുന്നു. എല്ലാമാസവും രണ്ട് ഏകാദശിയുള്ളതിൽ വെളുത്തപക്ഷ ഏകാദശി ക്കാണ് പ്രാധാന്യം കൂടുതൽ. ഏകാദശിവ്രതം തീർന്നാലും ഹരിവാസര പുണ്യസമയം തുടരും. മഹാവിഷ്ണുവിന്റെ ദിവസമാണ് അന്ന്. ഹരി എന്നാൽ മഹാവിഷ്ണു എന്നും വാസരം എന്നാൽ ദിവസം എന്നുമാണ് അർത്ഥം. ഹരിവാസരം എന്ന വാക്കിന്റെ അർഥം ഹരിയുടെ ദിവസമെന്നാണ്.
വ്രതം, ജപം
ഏകാദശിവ്രതം നോൽക്കുന്നവർ ദശമി ദിവസമായ ഈ വ്യാഴാഴ്ച ഒരിക്കലെടുക്കണം. അന്ന് ദമ്പതികൾ ഒരുമിച്ച് ശയിക്കരുത്. ഏകാദശി നാൾ സൂര്യോദയത്തിന് മുൻപ് ഉണര്‍ന്ന് ശുഭ്രവസ്ത്രം ധരിച്ച് ഓം നമോ നാരായണായ, ഓം നമോഭഗവതേ വാസുദേവായ തുടങ്ങിയ നാമങ്ങൾ ചൊല്ലണം. വിഷ്ണു സഹസ്രനാമം, വിഷ്ണു അഷ്ടോത്തരം, വിഷ്ണു ശതനാമ സ്തോത്രം എന്നിവ ജപിക്കുന്നത് അഭീഷ്ട ഫലദായകമാണ്. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച മഹാവിഷ്ണു അഷ്ടോത്തരം കേൾക്കാം:
ഏകാദശി നോറ്റ്
ജപിക്കാന്‍ 7 മന്ത്രങ്ങള്‍
1 ഓം നമോ ഭഗവതേ വാസുദേവായ
2 ഓം നമോ വിഷ്ണവേ മധുസൂദനായ നമഃ
3 ഓം നമോ നാരായണായ
4 ഓം ക്ലീം കൃഷ്ണായ നമഃ
5 ഓം ക്ലീം ഹൃഷീകേശായ നമഃ
6 ഓം ക്ലീം കൃഷ്ണായ
ഗോഗോപീസുന്ദരായ ക്ലീം ശ്രീം
സര്‍വ്വാലങ്കാര ഭൂഷിണേ നമഃ
7 ഓം ത്രിവിക്രമായ മധുസൂദനായ ശ്രീം നമഃ
ഈ ഏഴ് മന്ത്രങ്ങളും ദിവസവും 108 വീതം രാവിലെയും വൈകിട്ടും രണ്ടുനേരം ജപിന്നത് ഭാഗ്യസിദ്ധിക്ക് ഗുണകരമാണ്. ഏകാദശി ദിവസം മുഴുവന്‍ സമയവും കഴിയുന്നത്ര പ്രാവശ്യം ഈ മന്ത്രങ്ങൾ ചൊല്ലണം. ഈ ദിവസം സാധുക്കൾക്ക് അന്നദാനം നടത്തുന്നത് ബഹുവിശേഷമാണ്. ഒരു കാര്യം പ്രത്യേകം അറിയണം:
ഏകാദശി വ്രതം നോറ്റാൽ ഫലം ഉറപ്പാണ്. എല്ലാ പാപങ്ങളും നശിക്കും; കുടുംബൈശ്വര്യത്തിനും അത് കാരണമാകും.
Story Summary: Sree Padmanabha Swamy Temple Swrgavathil Ekadashi Festival on Friday January 10, 2025
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved