Friday, 20 Sep 2024
AstroG.in

കലികാലത്ത് ഭക്തർക്ക് അഭയമായ ഗുരുപവനപുരേശ മാഹാത്മ്യം

രാജേഷ് മേനോൻ
ഗുരുവും വായുവും ചേർന്ന് പ്രതിഷ്ഠ നടത്തിയ ഭൂലോക വൈകുണ്ഠമായ ഗുരുവായൂരും അവിടുത്തെ ദേവനായ
ഗുരുവായൂരപ്പനും ഭൂവന പ്രസിദ്ധമാണ്. പാതാളാഞ്ജന ശിലയിലുള്ളതാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ. ഈ വിഗ്രഹമാഹാത്മ്യത്തെക്കുറിച്ച് നാരദപുരാണത്തിൽ ഒരു കഥയുണ്ട്:

സർപ്പകോപം മൂലം കുഷ്ഠരോഗം പിടിപ്പെട്ട പാണ്ഡവ പൗത്രനായ ജനമേജയ രാജാവിനോട് ആത്രേയ മഹർഷി പറയുന്നതാണ് ഗുരുവായൂരപ്പന്റെ വിഗ്രഹമാഹാത്മ്യം.

പദ്മകല്പത്തിന്റെ ആദിയിൽ ബ്രഹ്മാവ് സൃഷ്ടികർമ്മം നിർവഹിച്ചു കൊണ്ടിരിക്കെ മഹാവിഷ്ണു അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിന് അവസരം ഒരുക്കണമെന്ന് ബ്രഹ്മാവ് പറഞ്ഞപ്പോൾ മഹാവിഷ്ണു തന്റേത് തന്നെയായ ഒരു അഞ്ജനവിഗ്രഹം നിർമ്മിച്ച് ബ്രഹ്മാവിന് സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ ബ്രഹ്മാവ് ഈ വിഗ്രഹം സുതപസെന്ന രാജാവിന് നൽകി. വംശവർദ്ധനയ്ക്കായി ഭഗവാനെപ്പോലൊരു പുത്രനെ വേണമെന്ന് ആവശ്യപ്പെട്ട് സുതപസ്സും പത്നി പ്രശ്നിയും വർഷങ്ങളായി വിഷ്ണുവിനെ ഭജിക്കുകയായിരുന്നു. വിഗ്രഹം കിട്ടിയ ശേഷവും അവർ ഈ ഭജനം തുടർന്നു. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായ ഭഗവാൻ അവർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു:

“ഞാൻ തന്നെ നിങ്ങളുടെ പുത്രനായി നാലുജന്മങ്ങളിൽ അവതരിക്കാം. അപ്പോഴെല്ലാം നിങ്ങൾക്ക് ഈ വിഗ്രഹം പൂജിക്കാൻ ഭാഗ്യമുണ്ടാകും.”

അങ്ങനെ സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ വിഷ്ണു സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി ‘പ്രശ്നിഗർഭൻ’ എന്ന പേരിൽ അവതരിച്ചു. സുതപസ്സും പ്രശ്നിയും രണ്ടാം ജന്മത്തിൽ കശ്യപനും അദിതിയുമായി
പുനർജനിച്ചപ്പോൾ വിഷ്ണു ഭഗവാൻ ത്രേതായുഗത്തിൽ വാമനനായി അവതരിച്ചു. പിന്നീട് അവർ ദശരഥനും കൗസല്യയുമായി പുനർജനിച്ചു. ത്രേതായുഗത്തിലെ തന്നെ മൂന്നാം ജന്മത്തിൽ ഭഗവാൻ ശ്രീരാമനായി അവതരിച്ചു. പിന്നീട് അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ദ്വാപരയുഗത്തിലെ നാലാം ജന്മത്തിൽ ഭഗവാൻ ശ്രീകൃഷ്ണനായി അവതരിച്ചു. ഈ ജന്മങ്ങളിലെല്ലാം അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നു. മാതാപിതാക്കൾ നിത്യപൂജ ചെയ്തിരുന്ന ഈ വിഗ്രഹം അവരുടെ കാലശേഷം ശ്രീകൃഷ്ണൻ ദ്വാരകയിൽ കൊണ്ടു പോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും അദ്ദേഹം അവിടെ പൂജ നടത്തി വന്നു. ഒടുവിൽ ദ്വാപരയുഗാന്ത്യത്തിൽ ഭഗവാൻ സ്വർഗ്ഗാരോഹണത്തിന് ഒരുങ്ങുമ്പോൾ ഭക്തോത്തമനും ശിഷ്യനുമായ ഉദ്ധവരോട് പറഞ്ഞു:

“‘ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം ദിവസം ദ്വാരക സമുദ്രത്തിനടിയിലാകും. അതിൽ ദ്വാരക മുഴുവൻ നശിച്ചുപോകും. എന്നാൽ, നാലുജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച പവിത്രമായ വിഗ്രഹം മാത്രം അതിൽ നിന്ന് രക്ഷപ്പെട്ട് തിരമാലകൾക്ക് മുകളിൽ പൊന്തിക്കിടക്കും. ആ വിഗ്രഹം താങ്കൾ ദേവഗുരുവായ ബൃഹസ്പതിയെ ഏൽല്പിണം. തുടർന്ന്, ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കാനായി ബദരികാശ്രമത്തിലേയ്ക്ക് പോകുക.'”

ഭഗവാൻ പറഞ്ഞതുപോലെ ദ്വാരക ഏഴാം ദിവസം സമുദ്രത്തിനടിയിലായി. ഉദ്ധവർ ഇതിനുമുമ്പുതന്നെ ശിഷ്ടകാലം തപസിന് ബദരീകാശ്രമത്തിലേയ്ക്ക് പോയി അതിനു മുമ്പ് അദ്ദേഹം ബൃഹസ്പതിയോട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക പൂർണ്ണമായും കടലെടുത്തു. എന്നാൽ അപ്പോൾത്തന്നെ നാലുജന്മങ്ങളിൽ ഭഗവാന്റെ മാതാപിതാക്കൾ പൂജിച്ച ദിവ്യവിഗ്രഹം കടൽവെള്ളത്തിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു. പക്ഷേ അതെങ്ങനെയെടുക്കും എന്നറിയാതെ കുഴഞ്ഞ ബൃഹസ്പതി ഉടനെത്തന്നെ ശിഷ്യനായ വായുദേവനെ വിളിച്ചു. വായുദേവൻ പ്രത്യക്ഷപ്പെട്ട് തിരമാലകളിലൂടെ വിഗ്രഹം കരയ്ക്കെത്തിച്ചു. തുടർന്ന് വിഗ്രഹം പ്രതിഷ്ഠിക്കാൻ ഉചിതമായ സ്ഥാനം തേടി ആകാശമാർഗ്ഗേണ ഭാരതം മുഴുവൻ യാത്ര ചെയ്തു. ഒടുവിൽ ഭാർഗ്ഗവ ക്ഷേത്രത്തിന് പടിഞ്ഞാറ് കടലിനോടടുത്ത് അതിമനോഹരമായ ഒരു താമരപ്പൊയ്ക കാണാനിടയായി. ചുറ്റും പക്ഷികളുടെ കളകൂജനം. ഹരിതാഭ അന്തരീക്ഷം. അതിനിടയിൽ അവർ ആകാശത്തുനിന്ന് ആ അത്ഭുതക്കാഴ്ച കണ്ടു: ലോകമാതാപിതാക്കളായ പാർവ്വതീപരമേശ്വരന്മാർ ആനന്ദതാണ്ഡവനൃത്തമാടുന്നു! ആ കാഴ്ച കണ്ടപ്പോൾ തന്നെ അവർ താഴെയിറങ്ങി. ഇരുവരും പാർവ്വതീ പരമേശ്വരന്മാരെ വന്ദിച്ചു. ശിവൻ ആ സ്ഥലത്തിന്റെ മാഹാത്മ്യം ബൃഹസ്പതിയ്ക്കും വായുദേവനും വിവരിച്ചുകൊടുത്തു:

“നമ്മൾ നിൽക്കുന്ന ഈ സ്ഥലം തന്നെയാണ് പരമപവിത്രമായ ഈ വിഷ്ണു വിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥാനം. പണ്ട് ഇവിടെയാണ് പുണ്യവാന്മാരായ പ്രചേതസ്സുകൾ തപസ്സനുഷ്ഠിച്ചത്. അവർക്ക് ഞാൻ രുദ്രഗീതം ഉപദേശിച്ചതും ഇവിടെ വച്ചാണ്. തുടർന്ന് പതിനായിരം വർഷം അവർ ഇവിടെ തപസ്സിരുന്നു. അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണു അവർക്ക് സർവ്വശ്രേയസ്സുകളും നൽകി. ബൃഹസ്പതേ, ദേവഗുരുവായ അങ്ങും അങ്ങയുടെ ശിഷ്യനായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തുന്ന ഈ സ്ഥലം ഇനി ‘ഗുരുവായൂർ’ എന്നറിയപ്പെടും. കലികാലത്ത് ഭക്തർക്ക് അഭയമായി ഈ സങ്കേതം മാറും. ഞാൻ പാർവ്വതീദേവിയോടൊപ്പം അടുത്തുതന്നെ സ്വയംഭൂവായി അവതരിയ്ക്കുകയും ചെയ്യും.’

ഇതു കേൾക്കേണ്ട താമസം ബൃഹസ്പതി ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചു. അദ്ദേഹം ഉടൻ തന്നെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. ബൃഹസ്പതിയും വായുദേവനും താന്ത്രിക വിധിപ്രകാരം അവിടെ പ്രതിഷ്ഠ കഴിച്ചു. ഇന്ദ്രാദിദേവകൾ പുഷ്പവൃഷ്ടി ചൊരിഞ്ഞു.നാരദ മഹർഷി സ്തുതി ഗീതങ്ങൾ പാടി. ഈ മംഗള മുഹൂർത്തത്തിന് സാക്ഷിയാകാൻ നിന്ന പാർവ്വതീ പരമേശ്വരന്മാർ അടുത്തു തന്നെയുള്ള മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. അങ്ങനെ ഗുരുവും വായുവും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തിയ പുണ്യഭൂമി ഗുരുവായൂരായും അവിടത്തെ ദേവൻ ഗുരുവായൂരപ്പനായും മാറി. വൈകുണ്ഠത്തിലേതു പോലെ ഭഗവാൻ ഇവിടെയും സർവ്വചൈതന്യ സമ്പൂർണനായി വാഴുന്നതിനാൽ ഇവിടം ഭൂലോക വൈകുണ്ഠമാകുന്നു.

ഗുരുപവന പുരേ ഹന്ത ഭാഗ്യം ജനാനാം
ഭഗവാനെ ഭൂലോക വൈകുണ്ഠവാസ പാഹിമാം പാഹിമാം

രാജേഷ് മേനോൻ

Story Summary: Story of Guruvayoor Sri Krishna Temple

Copyright 2024 Neramonline.com. All rights reserved

error: Content is protected !!