Friday, 22 Nov 2024
AstroG.in

ടെൻഷനകറ്റി മന:ശാന്തി നേടാൻശിവഭജനം, ചന്ദ്രഗായത്രി ജപം

ജ്യോതിഷി പ്രഭാസീന സി പി
മിക്കവരുടെയും പ്രശ്നമാണ് മന:ശാന്തി ഇല്ലായ്മ.
എപ്പോഴും മന:സംഘർഷമാണ്. ഒന്നൊഴിയാതെ പ്രശ്നങ്ങൾ വേട്ടയാടിക്കൊണ്ടിരിക്കും. ഇതിൽ നിന്നും
കുറച്ചെങ്കിലും ഒന്ന് മോചനം നേടാനുള്ള മാർഗ്ഗമാണ്
ഈശ്വരോപാസന. അതിൽ ഏറ്റവും പ്രധാനം
ശിവഭജനവും പഞ്ചാക്ഷര മന്ത്രജപവുമാണ്. ഇത് രണ്ടും മന:ശാന്തി നേടാൻ വളരെ നല്ലതാണ്. തിങ്കളാഴ്ചകളിൽ വ്രതമെടുക്കുകയും ശിവക്ഷേത്രദർശനം നടത്തുകയും ചെയ്യുക. പ്രദോഷവ്രതം, തിങ്കളാഴ്ച വ്രതം എന്നിവ
മുജന്മപാപങ്ങൾ പോലും നീക്കി മന:ശാന്തി നൽകും.
ഓം നമഃ ശിവായ എന്നതാണ് പഞ്ചാക്ഷര മന്ത്രം. ഏറെ പ്രശസ്തമായ അത്ഭുതശക്തിയുള്ള ഈ മന്ത്രം
ചൊല്ലുന്നതിന് ഒരു വ്രതവും ആവശ്യമില്ല. നിത്യേന രാവിലെയും വൈകിട്ടും 108 വീതം ജപിക്കാം. പ്രദോഷമോ, തിങ്കളാഴ്ചയോ ഒന്നും വ്രതമെടുക്കാൻ സാധിക്കാത്തവർ പഞ്ചാക്ഷര മന്ത്രം കഴിയുന്നത്ര പ്രാവശ്യം ദിവസവും ചൊല്ലണം.

ചന്ദ്രഗായത്രി ജപം

മന:ശാന്തി നേടാൻ മറ്റൊരു നല്ല മാർഗ്ഗം ചന്ദ്രഗായത്രി
ജപമാണ്.
ഓം അമൃതകരായ വിദ്മഹേ
അമൃതമയായ ധീമഹേ
തന്നശ്ചന്ദ്ര: പ്രചോദയാൽ
എന്ന ചന്ദ്രഭഗവാന്റെ ഗായത്രി ടെൻഷൻ നീക്കും. എന്നും
സന്ധ്യാസമയത്ത് 27 പ്രാവശ്യം വീതം ഇത് ചൊല്ലണം.
തിങ്കളാഴ്ച, പൗർണ്ണമി ദിവസങ്ങൾ ജപം തുടങ്ങാൻ ഏറ്റവും ഉത്തമമാണ്. ജപവേളയിൽ വെളുത്ത വസ്ത്രം ധരിക്കുക.

പ്രാർത്ഥനയുടെ ശക്തി
പ്രാർത്ഥനക്ക് അത്ഭുതകരമായ ശക്തിയുണ്ട്. ദൈവികമായ കൃപാകടാക്ഷങ്ങൾ ലഭിക്കുന്നതിന് പ്രാർത്ഥന ഗുണകരമാണ്. നിരന്തരമായ ജപത്തിലൂടെ, പ്രാർത്ഥനയിലൂടെ അളവറ്റ പുണ്യം ലഭിക്കും. അതിലൂടെ കാര്യവിജയവും ഐശ്വര്യവുമുണ്ടാകും. ഏതൊരു വിഷയത്തിലെയും തടസം അകലാനും വിജയം സുനിശ്ചിതമാക്കുന്നതിനും ദൈവാനുഗ്രഹം മൂലം സാധിക്കും. ഒരു പൂവിന്റെ സുഗന്ധം പോലെ, ഒരു വ്യക്തിക്ക് മറ്റൊരാളോടുള്ള ഇഷ്ടമോ, ശത്രുതയോ പോലെ ഈശ്വരാനുഗ്രഹത്തെയും കണക്കാക്കുക. സുഗന്ധം കാണിച്ചുതരാൻ സാധിക്കില്ല. പക്ഷേ അനുഭവിച്ചറിയാം. അതേപോലെ ഇഷ്ടവും ശത്രുതയും എന്താണ് എന്ന് ചോദിച്ചാൽ ഇതാണ് എന്ന് കാണിച്ചുതരാനാകില്ല. എന്നാൽ ഈ രണ്ടു വികാരങ്ങളെയും അനുഭവിച്ച് അറിയാനാകും. അതുപോലെ ഈശ്വരനെയും, പ്രാർത്ഥനശക്തിയെയും അനുഭവിച്ചറിയാനാകും. പ്രാർത്ഥനയുടെ ഫലമായി പല കാര്യങ്ങളും നടക്കും എന്നതിന് തർക്കമില്ല. ജനകോടികളുടെ അനുഭവത്തിലൂടെയുമാണ് പ്രാർത്ഥനാഫലം മനസിലാക്കാൻ കഴിയുന്നത്. ഈശ്വരശക്തിയെ അറിയാൻ ശ്രമിക്കാതെ, അന്ധവിശ്വാസം എന്നുപറഞ്ഞ് പ്രാർത്ഥനകളെയും,
ക്ഷേത്രങ്ങളെയും നിന്ദിക്കുന്നത് അറിവില്ലായ്മ മാത്രമാണ്. ഭൗതികമായി ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും നേരെയാകാത്ത എത്രയോ പ്രശ്‌നങ്ങൾ പ്രാർത്ഥനയിലൂടെയും പരിഹാരകർമ്മങ്ങളിലൂടെയും നേരെയായിട്ടുണ്ട്. മനുഷ്യന് നിർവചിക്കാനാകാത്ത പല സത്യങ്ങളും പ്രപഞ്ചത്തിലുണ്ട്. പ്രാർത്ഥനയിലൂടെ പാപനിവൃത്തിയും പുണ്യലബ്ധിയും ഉണ്ടാകും.

ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256

Story Summary: Tension Relieving Mantras

error: Content is protected !!