ഇരട്ടി ഫലം തരുന്ന സോമ പ്രദോഷം ഈ തിങ്കളാഴ്ച ഇങ്ങനെ ആചരിക്കാം
ജോതിഷി പ്രഭാസീന സി പി
ശിവപ്രീതി നേടാന്‍ ഏറ്റവും നല്ല ദിവസമാണ് പ്രദോഷം. അതില്‍ത്തന്നെ പ്രധാനമാണ് തിങ്കള്‍ പ്രദോഷവും ശനി പ്രദോഷവും. 2025 ജനുവരി 27 തിങ്കൾ പ്രദോഷമാണ്; മകര മാസത്തിലെ കൃഷ്ണപക്ഷ പ്രദോഷം.
ഈ ദിവസം ഭക്തിയോടെ വ്രതമെടുത്താല്‍ അതിവേഗം ആഗ്രഹ സാഫല്യം ലഭിക്കും. ദാരിദ്ര്യ ദുഃഖശമനം, സന്താന സൗഭാഗ്യം, സന്താനസൗഖ്യം, കുടുംബ സുഖം, ഐശ്വര്യം, പാപമുക്തി, ആയുരാരോഗ്യം, സൽക്കീർത്തി എന്നിവയെല്ലാമാണ് ഫലം. ദശാദോഷം, ജാതകദോഷം എന്നിവ അനുഭവിക്കുന്നവരുടെ ദുരിതങ്ങളുടെ കാഠിന്യം കുറയ്ക്കാനും ഉത്തമമത്രേ പ്രദോഷവ്രതം.
സൂര്യാസ്തമയത്തിന് മുൻപും പിൻപു ഒന്നര മണിക്കൂർ വീതമുള്ള 3 മണിക്കൂറാണ് പ്രദോഷകാലം. മഹാദേവനും ശ്രീപാര്‍വതിദേവിയും ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷവേളയിലെ ശിവ ദര്‍ശനം പുണ്യദായകമാണ്.
അന്ന് വ്രതം അനുഷ്ഠിക്കാന്‍ സാധിക്കാത്തവർ ശിവൻ്റെ ക്ഷേത്രദര്‍ശനം നടത്തി സ്വന്തം കഴിവിനൊത്ത വഴിപാട് നടത്തുന്നത് നന്മയേകും. പ്രദോഷ സന്ധ്യയില്‍ ക്ഷേത്ര ദര്‍ശനത്തിനൊപ്പം ശിവഭജനവും നടത്തിയാല്‍ സന്തുഷ്ട കുടുംബജീവിതം, സന്താനലാഭം, ആയുരാരോഗ്യം എന്നിവ ലഭിക്കും. അന്ന് ശിവപുരാണം പാരായണം ചെയ്യുന്നത് അതിവിശേഷമാണ്. ഓം നമഃ ശിവായ മന്ത്രം കഴിയുന്നത്ര ജപിക്കണം. ശങ്കരധ്യാന പ്രകാരം, ശിവപഞ്ചാക്ഷര സ്‌തോത്രം, ദാരിദ്ര്യ ദുഃഖദഹന ശിവ സ്തോത്രം, ശിവ അഷ്ടോത്തരം, ലിംഗാഷ്ടകം, ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവയും പ്രദോഷ ദിവസം ജപിക്കുന്നത് നല്ലതാണ്. പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതി ദേവിയെ പീഠത്തില്‍ ഇരുത്തി ശിവന്‍ നൃത്തം ചെയ്യും. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നുവെന്നാണ് പ്രദോഷ വ്രതത്തെ പറ്റിയുള്ള ഒരു വിശ്വാസം.
വിധി പ്രകാരം പ്രദോഷ വ്രതമനുഷ്ടിക്കുന്നതിലൂടെ എല്ലാ പാപവും നശിക്കും. വ്രതമെടുക്കുന്നവര്‍ പ്രദോഷത്തിന്റെ തലേന്ന് ഒരു നേരമേ അരിയാഹാരം കഴിക്കാവൂ. പ്രദോഷ ദിനത്തില്‍ രാവിലെ പഞ്ചാക്ഷരീജപത്തോടെ ശിവ ക്ഷേത്രദര്‍ശനം നടത്തി കൂവളത്തിലകൊണ്ട് അര്‍ച്ചന, കൂവളമാല സമര്‍പ്പണം, പിന്‍വിളക്ക്, ജലധാര എന്നിവ നടത്തുക. പകല്‍ മുഴുവന്‍ ഉപവസിക്കുന്നത് വളരെ നല്ലത്. പൂർണ്ണമായും ഉപവാസത്തിനു കഴിയാത്തവര്‍ക്ക് ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്നുള്ള നേദ്യച്ചോറ് കഴിക്കാം. സന്ധ്യയ്ക്ക് മുന്‍പ് കുളിച്ച് ശിവക്ഷേത്രദര്‍ശനം നടത്തി പ്രദോഷപൂജയിലും ദീപാരാധനയിലും പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലമോ, അവിൽ, മലർ, പഴം എന്നിവയോ കഴിച്ച് വ്രതം അവസാനിപ്പിക്കാം. വ്രതം അനുഷ്ഠിക്കുന്നവര്‍ ഫലമൂലാദികൾ ദാനം ചെയ്യുന്നത് നല്ലതാണ്. മാസം തോറും ഒരു പ്രദോഷമെങ്കിലും എടുക്കുന്നതിലൂടെ ദുരിതശമനം ഉറപ്പാണ്.
കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന പ്രദോഷത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ട്. തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും മഹാത്മ്യമേറും. ആദിത്യദശാകാലമുള്ളവര്‍ ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തില്‍ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാല്‍ പതിവായി പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും.
പ്രദോഷത്തെ പറ്റിയുള്ള മറ്റൊരു വിശ്വാസം പലാഴി മഥനവുമായി ബന്ധപ്പെട്ടാണ്. ദേവന്‍മാരും അസുരന്‍മാരും ചേര്‍ന്ന് അമൃതിനായി പാലാഴിയെന്ന മഹാസമുദ്രം കടഞ്ഞു. മേരുപര്‍വ്വതവും നാഗരാജാവായ വാസുകിയേയും ഉപയോഗിച്ചായിരുന്നു പാലാഴി മഥനം. സര്‍വ്വ ദേവന്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു ഇത് നടന്നത്. പാലാഴി കടഞ്ഞ് അമൃത് നേടാനായെങ്കിലും വാസുകി അതിനിടെ വിഷം ഛര്‍ദ്ദിക്കാനൊരുങ്ങിയത് ഏവരേയും ഭയാകുലരാക്കി. സര്‍വ്വ ചരാചരങ്ങളേയും നശിപ്പിക്കാന്‍ പോന്നതായിരുന്നു വാസുകിയുടെ വിഷം. ഈ സങ്കടത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ ഭക്തര്‍ ശിവനെ ധ്യാനിച്ചു. ലോകത്തിന്റെ നന്മ ആഗ്രഹിച്ച് ശിവന്‍ കൊടിയ കാളകൂട വിഷം ഏറ്റുവാങ്ങി ഭക്ഷിച്ചു. ആ വിഷം ഭഗവാനെ പോലും നശിപ്പിക്കാന്‍ ശക്തിയുള്ളതാണെന്ന് മനസ്സിലാക്കിയ പാര്‍വ്വതിദേവി വിഷം ഭഗവാന്റെ ഉള്ളില്‍ ഇറങ്ങാതിരിക്കാന്‍ കണ്ഠത്തില്‍ ശക്തിയായി പിടിച്ചു.
അങ്ങനെ ആ വിഷം ഭഗവാന്റെ കണ്ഠത്തില്‍ കട്ടയായി. അതോടെ കണ്ഠം നീല നിറമായി. ലോകരക്ഷയെന്ന കര്‍മ്മമാണ് സ്വരക്ഷ മറന്നും ചെയ്‌തെന്നാണ് വിശ്വാസം. അതിനു ശേഷം ഭഗവാന്‍ തന്റെ വാഹനമായ നന്ദിയുടെ ശിരസില്‍ നിന്ന് ആനന്ദ നൃത്തമാടി. ഇതൊരു പ്രദോഷ ദിവസമായിരുന്നു എന്നാണ് വിശ്വാസം. ഈ ദിവസം തിരുനീലകണ്ഠം എന്ന മന്ത്രം ഉച്ചരിച്ച് വ്രതമെടുത്താല്‍ നിഷേധാത്മകമായ ചിന്തകള്‍ മാറി സ്വന്തം കര്‍മ്മം ചെയ്യാനുള്ള ശക്തി ലഭിക്കും എന്നും വിശ്വാസമുണ്ട്.
പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ദാരിദ്ര്യ ദുഃഖദഹന ശിവ സ്‌തോത്രം കേൾക്കാം:
ജോതിഷി പ്രഭാസീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)
Story Summary : The Specialities of Thikal Pradosham of Makaram Month Krishna Paksha and it’s benifits
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved