ആമലകി ഏകാദശി ശത്രുദോഷം തീർത്ത് സമ്പൽ സമൃദ്ധിയും ആരോഗ്യവും തരും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )
തരവത്ത് ശങ്കരനുണ്ണി
ഫാല്‍ഗുനമാസത്തിലെ ശുക്ല പക്ഷ ഏകാദശിയാണ് ആമലകീ ഏകാദശി. കുംഭ മാസം ശുക്ലപക്ഷത്തിൽ വരുന്ന ഈ പുണ്യ ദിനത്തിൽ ഭഗവാന്‍ ശ്രീ മഹാവിഷ്ണു നെല്ലിമരത്തില്‍ വസിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസം നെല്ലിമരത്തെ പൂജിക്കണം. ഈ ദിവസത്തിലെ വ്രതാനുഷ്ഠാം ശത്രുദോഷങ്ങൾ ഹരിക്കും. സമ്പൽ സമൃദ്ധി സമ്മാനിക്കും. കേരളത്തിൽ തിരുന്നാവായ ഏകാദശി എന്ന് ഇത് അറിയപ്പെടുന്നു.
തിരുന്നാവായ ഏകാദശി
ശ്രീ മഹാവിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളിൽ ഒന്നായി കരുതുന്ന തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ആമലകീ ഏകാദശി വളരെയേറെ വിശേഷമാണ്. 2025 മാർച്ച് 10 തിങ്കളാഴ്ചയാണ് ഇത് ആചരിക്കുന്നത് . മാർച്ച് 9 ന് രാത്രി 1:46 മണി മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് 1:54 വരെയാണ് ഏകാദശി ഹരിവാസര വേള. ഈ സമയത്ത്
വിഷ്ണു നാമങ്ങളും മന്ത്രങ്ങളും ജപിക്കുന്നത്
പുണ്യകരമാണ്. കുടുംബ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും വ്രതം അനുഷ്ഠിക്കാം. ഏകാദശി നാൾ മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ
വാസുദേവായ , വിഷണു ഗായത്രി തുടങ്ങിയ മന്ത്രങ്ങൾ വിഷ്ണു സഹസ്രനാമം, വിഷ്ണു അഷ്ടോത്തരം, ശതനാമ സ്തോത്രം, ശ്രീകൃഷ്ണ അഷ്ടോത്തരം, ശ്രീരാമ അഷ്ടോത്തരം, നരസിംഹ സ്തോത്രം, ശ്രീ വരാഹ അഷ്ടോത്തരം, അച്യുതാഷ്ടകം എന്നിവ ചൊല്ലുന്നത് ഉത്തമമാണ്. കേൾക്കാം പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച മഹാവിഷ്ണു അഷ്ടോത്തരം :
ആയുരാരോഗ്യ സൗഖ്യം നൽകും
മഹാശിവരാത്രി കഴിഞ്ഞ് ഹോളിക്ക് മുൻപായി വരുന്ന ആമലകി ഏകാദശി നോൽക്കുന്നത് ആയുരാരോഗ്യ സൗഖ്യത്തിനും നല്ലതായി പറയുന്നു. മാസത്തിൽ 2 ഏകാദശികൾ വരും. പഴയരീതി പ്രകാരം ചന്ദ്രമാസമാണ് കാലഗണനയ്ക്ക് എടുക്കുക. ഇപ്പോൾ പിന്തുടരുന്നത് സൂര്യമാസമാണ്. ഭൂമിക്ക് ഒരുവട്ടം സൂര്യനെ പ്രദക്ഷിണം ചെയ്യാനുള്ള മൊത്തം സമയം. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ അടിസ്ഥാനമാക്കി വെളുത്ത പക്ഷം എന്നും കറുത്തപക്ഷം എന്നും 30 ദിവസത്തെ തിരിക്കും.
ഓരോ പക്ഷത്തിനും 15 തിഥികളുണ്ട്. പ്രതിപദം മുതൽ തിഥി തുടങ്ങുന്നു. പത്താം ദിവസം ദശമി. പിറ്റേ ദിവസം അതായത് പതിനൊന്നാം ദിവസം ഏകാദശി. മാസത്തിൽ രണ്ട് ഏകാദശികൾ പോലെ ഒരു വെളുത്ത വാവും ഒരു കറുത്ത വാവുമുണ്ട്; പൗർണ്ണമിയും അമാവാസിയും.
ഏകാദശികളിൽ അരിയാഹാരം ഉപേക്ഷിച്ച് മറ്റ് എന്തെങ്കിലും ധാന്യമേ ഫലവർഗ്ഗങ്ങളോ കഴിക്കുകയോ നിവൃത്തിയുമില്ലെങ്കിൽ ഒരിക്കൽ ഊണാക്കുകയോ ചെയ്യുന്നത് ഏറ്റവും ഉത്തമം. ഇത് അനുഷ്ഠാന കാര്യം മാത്രമല്ല ആരോഗ്യകാര്യം കൂടിയാണ്. അമിതമായി ആഹാരം കഴിക്കുന്നവർക്ക് മാസത്തിൽ രണ്ടു ദിനം എങ്കിലും വിശ്രമം കൊടുക്കാൻ ഏകാദശി വ്രതം ഉത്തമം.
സർവ്വപാപങ്ങളും നശിക്കും
ഏകാദശി നോമ്പു നോറ്റാൽ സർവ്വപാപങ്ങളും നശിക്കുമെന്നാണ് വിശ്വാസം. ഒരു വിഭാഗം ആൾക്കാർ ഏകാദശി ദിവസം കാര്യമായി ഒന്നും കഴിക്കാറില്ല. പക്ഷേ ഭൂരിപക്ഷം പേരും ഗോതമ്പും മറ്റു ധ്യാനങ്ങളുമൊക്കെ അമിതമായി കഴിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ഏകാദശി
വ്രതത്തിൻ്റെ ശരിയായ ഫലം കിട്ടിയെന്ന് വരില്ല.
നോമ്പെടുക്കുന്നതിന് ആരോഗ്യം അനുവദിക്കുമെങ്കിൽ പൂർണ്ണഉപവാസം തന്നെയാണ് ഏറ്റവും ഉത്തമം. ഈ
ദിവസം പൂർണ്ണ ഉപവാസമെടുത്താൽ ശരീരത്തിനും മനസ്സിനും ആരോഗ്യം വർദ്ധിക്കും. പൂർണ്ണ ശ്രദ്ധയോടെ പ്രാർത്ഥിച്ചാൽ ഏകാഗ്രത വർദ്ധിക്കുമെന്നും അനുഭവം സാക്ഷ്യപ്പെടുത്തുന്നു. വിഷ്ണു പ്രീതിയും പാപശാന്തിയും ആണ് ഏകാദശി വ്രതത്തിൻ്റെ ഫലം.
വ്രതാനുഷ്ഠാന വിധി
പൊതുവെ സ്വീകരിച്ചുവരുന്ന ഏകാദശി വ്രതാനുഷ്ഠാന വിധി: ദശമിദിവസം ഒരുനേരമേ ഭക്ഷണം കഴിക്കാവൂ. ഏകാദശി ദിവസം രാവിലെ കുളിച്ച് വെള്ളവസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്രദർശനം നടത്തുക. ആദിവസം മുഴുവൻ വിഷ്ണു ക്ഷേത്രത്തിൽ ഈശ്വരഭജനവുമായി കഴിച്ചു കൂട്ടുന്നതാണ് ഉത്തമം. ഊണും ഉറക്കവും അന്ന് തീർത്തും വർജ്യമാണ്. പ്രത്യേകിച്ച് ഹരിവാസര വേളയിൽ. ഹരിയുടെ സാന്നിദ്ധ്യം ഭൂമിയിൽ ഏറ്റവും വർദ്ധിക്കുന്ന സമയമാണ് ഹരിവാസരസമയം. മാർച്ച് 11 ന് ദ്വാദശിനാൾ പുലർച്ചേ കുളിച്ച് ക്ഷേത്രദർശനം കഴിഞ്ഞ് പുരാണപാരായണം ചെയ്തു തുളസീ തീർത്ഥം സേവിച്ച് വ്രതം മുറിക്കാം.
തരവത്ത് ശങ്കരനുണ്ണി, +91 9847118340
Story Summary: Significance of Aamalki Ekadeshi
( Thirunavaya Ekadeshi in Kerala )
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved