Saturday, 22 Feb 2025
AstroG.in

തിരുവില്വാമല ഏകാദശി തിങ്കളാഴ്ച; ശത്രുദോഷവും വെല്ലുവിളികളും അകറ്റാം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

മംഗള ഗൗരി
തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം ഏകാദശി
മഹോത്സവത്തിന് ഒരുങ്ങി. വിജയ ഏകാദശി എന്ന പേരിൽ ഉത്തരേന്ത്യയിൽ ആചരിക്കുന്ന മാഘ (കുംഭം) മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് തിരുവില്വാമല ഏകാദശിയായി കൊണ്ടാടുന്നത്. ഈ ഫെബ്രുവരി 24 തിങ്കളായാഴ്ചയാണ് ഇത്തവണ തിരുവില്വാമല ഏകാദശി. ഫെബ്രുവരി 24 രാവിലെ 7:43 മുതല്‍ രാത്രി 7:26 വരെയാണ് ഹരിവാസര വേള.

കുംഭ നാസികനെ നിഗ്രഹിച്ച
ശ്രീ വില്വാദ്രിനാഥൻ
ഭഗവാൻ ശ്രീ മഹാവിഷ്‌ണു തന്റെ പശ്ചിമ ശില നശിപ്പിക്കാൻ വന്ന കുംഭ നാസികൻ എന്ന അസുരനെ നിഗ്രഹിക്കാൻ ശ്രീ വില്വാദ്രിനാഥനായി പ്രത്യക്ഷപ്പെട്ട പുണ്യദിനം എന്നാണ് ഇതിന്റെ പിന്നിലുള്ള സങ്കല്പം. പതിവു പോലെ, 7 ദിവസങ്ങളിലെ വിഷ്‌ണു സഹസ്രനാമ ലക്ഷാർച്ചന ഫെബ്രുവരി 15 ന് തുടങ്ങി. അഷ്ടമി ദിനമായ ഫെബ്രുവരി 21 ന് കളഭാഭിഷേക സമർപ്പണം, തിരുമുറ്റത്ത് നടത്തുന്ന 101 പറ അരിയുടെ പ്രസാദ ഊട്ടും അഷമി വിളക്ക് എന്നിവ ഉത്സവത്തിൻ്റെ മുഖ്യ വിശേഷങ്ങളാണ്. അഷമി മുതൽ ഏകാദശി വരെ എല്ലാ ദിവസവും വിളക്ക് ഉത്സവമുണ്ട്. രണ്ട് ശ്രീ കോവിലുകൾക്കുള്ളിലുമുള്ള മൂലവിഗ്രഹങ്ങളുടെ പാദങ്ങളിൽ നേരിട്ടാണ് അർച്ചന നടത്തുന്നതാണ് തിരുവില്വാമലയിലെ പ്രത്യേകത. 25 ന് ദ്വാദശി ഊട്ട്, വിളക്ക് വയ്പ്പ്, കേളി, പറ്റ്, ശീവേലി എന്നിവയോടെ ഉത്സവം സമാപിക്കും.

ശ്രീരാമചന്ദ്രനും അനന്താവതാരം
ലക്ഷ്മണനും മുഖ്യപ്രതിഷ്ഠകൾ
തൃശ്ശൂരിൽ തലപ്പിള്ളിയിലാണ് ചിരപുരാതനമായ തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം. ശ്രീരാമചന്ദ്രനും അനന്തശേഷ നാഗത്തിന്റെ അവതാരമായ അനുജൻ ലക്ഷ്മണനുമാണ് മുഖ്യപ്രതിഷ്ഠകൾ. കേരളത്തിലെ പ്രധാന ശ്രീരാമക്ഷേത്രങ്ങളിലൊന്നും അപൂർവ്വം ലക്ഷ്മണ ക്ഷേത്രങ്ങളിലൊന്നുമാണിത്. നാലമ്പലത്തിൽ
ഒരേ പ്രാധാന്യത്തോടെ അനഭിമുഖമായി രണ്ട് ചതുര ശ്രീകോവിലുണ്ട്. മുന്നിലെ ശ്രീകോവിലിൽ ശ്രീരാമനും പിന്നിൽ ലക്ഷ്മണനും വാഴുന്നു. ചതുർബാഹുവായി ശംഖചക്രഗദാ പത്മധാരിയായി നിൽക്കുന്ന വിഷ്ണു
രൂപത്തിലുള്ളതാണ് രണ്ടു വിഗ്രഹവും. പടിഞ്ഞാറ് ദർശനമായ ശ്രീരാമവിഗ്രഹമാണ് വലുത്. ഈ നടയിൽ ആദ്യം തൊഴുതാൽ മോക്ഷം ലഭിക്കുമെന്നും കിഴക്കേ നടയിൽ ആദ്യം തൊഴുതാൽ ഭൗതികമായ ഐശ്വര്യങ്ങൾ കരഗതമാകുമെന്നും വിശ്വസിക്കുന്നു. ഗണപതിക്കും ഹനുമാനും അയ്യപ്പനും ഇവിടെ ഉപദേവതാ ക്ഷേത്രങ്ങൾ കാണാം. ക്ഷേത്രത്തിന് തെക്കായി ഒരു കുഴിയിൽ സ്ഥിതി
ചെയ്യുന്നതിനാൽ ഇവിടത്തെ അയ്യപ്പനെ കുണ്ടിൽ
അയ്യപ്പൻ എന്നും ഭക്തർ വിളിച്ചു വരുന്നു. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴ ക്ഷേത്രത്തിന് 3 കിലോമീറ്റർ വടക്ക് ഒഴുകുന്നു. ക്ഷേത്രം കുന്നിന്റെ മുകളിലായതിനാൽ താഴോട്ട് നോക്കിയാൽ പുഴ കാണാം.

രാമമന്ത്രവുമായി കുംഭാര സേവ
തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഉത്സവം കുംഭമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണ്. വില്വാദ്രിനാഥനിൽ ശൈവചൈതന്യവും കുടിയിരിക്കുന്നതു കാരണമാണ് കറുത്തപക്ഷത്തിലെ ഏകാദശി ഇവിടെ ആഘോഷിക്കുന്നത്. തൃപ്രയാർ
ഏകാദശിയും കൃഷ്ണപക്ഷത്തിലാണ്. തിരുവില്വാമല ഏകാദശി ഉത്സവത്തിന് അഷ്ടമിനാളിൽ ചുറ്റുവിളക്ക് തുടങ്ങും. തുടർന്ന് നാലു ദിവസങ്ങളിൽ ഈ ദേശമാകെ
മഹോത്സവമാണ്. സദ്യ, നാഗസ്വരം, തായമ്പക, കേളി, സംഗീതോത്സവം തുടങ്ങിയവയെല്ലാം ഉണ്ടാകും. ദശമി നാളിൽ പൂജ, ദീപാരാധന സമയങ്ങൾ ഒഴികെ എല്ലാ സമയവും ക്ഷേത്രനട തുറന്നിരിക്കും. നിളയിൽ നിന്ന് പുറപ്പെടുന്ന കുംഭാര സേവകർ രാമമന്ത്ര ജപങ്ങളുമായി
ഉച്ചയ്ക്കു മുൻപ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെ ഏകാദശി ഉത്സവാവേശം പരകോടിയിലാകും. കുംഭാര സമുദായത്തിലെ ആബാലവൃദ്ധം ജനങ്ങളും പീലിക്കിരീടം
ചൂടി, വാലഗ്നിയേന്തി കോമരങ്ങളുടെ കൂടെ രാമഗീതം പാടി ക്ഷേത്രത്തെ വലം വച്ച് നാലമ്പത്തിൽ കടക്കുമ്പോൾ ക്ഷേത്രസന്നിധി ഭക്തി ലഹരിയിലമരും . കോഴിക്കോട്, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നെത്തിക്കുന്ന പൂജാവിഗ്രഹങ്ങൾ ഈ രാമലക്ഷ്മണ സന്നിധിയിലിറക്കി അർച്ചന നടത്തിയിട്ട് കുംഭാര സമുദായത്തിലെ രാമസേവകർ മടങ്ങിപ്പോകും. സന്താന സൗഖ്യത്തിന് ചെട്ടി സമുദായക്കാർ നടത്തുന്ന ഗവാള പൂജയാണ് ഈ ദിവസത്തെ വഴിപാടുകളിലൊന്ന്.

ദ്വാദശി നാൾ പുലർച്ചെ
വരെ വിളക്കാചാരം
ഏകാദശിനാളിൽ ഭക്തർ ഉപവാസിക്കും. മൂർത്തികൾക്ക് അന്നും സാധാരണ പോലെ നിവേദ്യങ്ങളുണ്ട്. ഉച്ചയോടെ ഏകാദശി പൂജകൾ കഴിയും. അത്താഴപ്പൂജ നടത്തുന്നത് ഇന്ദ്രാദിദേവകളാണെന്നാണ് വിശ്വാസം. അതിനാൽ ശ്രീകോവിലുകൾക്കടുത്ത് ഒരു താത്കാലിക പന്തൽ പണിയും.അത് തുറന്നുവച്ചിട്ടുണ്ടാകും. ദ്വാദശി നാളിൽ പുലർച്ചെ  വരെ വിളക്കാചാരം കാണും. ദേവന്മാർ ശ്രീലകങ്ങളിലേക്ക് എഴുന്നള്ളുമ്പോൾ ഏകാദശി
മഹോത്സവത്തിന്റെ പരിസമാപ്തിയാകുന്നു.

ശത്രുദോഷം അകറ്റാൻ ഉത്തമം
എല്ലാത്തരത്തിലുള്ള ശത്രുദോഷവും വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിക്കാൻ ഉത്തമമായ ദിവസമാണ് ഫാൽഗുന വിജയ ഏകാദശി. ഈ ദിവസം ഉപവസിച്ച് വിഷ്ണു ഭഗവാനെ ആരാധിക്കുകയും
വൈഷണവ ദേവതകളെ പ്രത്യേകിച്ച് ശ്രീരാമദേവനെ പ്രീതിപ്പെടുത്തുന്ന വഴിപാടുകൾ നടത്തുകയും ചെയ്താൽ എല്ലാ പാപങ്ങളിൽ നിന്നും മോചനം നേടി ആഗ്രഹസാഫല്യമുണ്ടാകും.

മൂന്ന് ദിവസവും വ്രതാചരണം
വിജയ ഏകാദശി വ്രതാചരണം ദശമി, ഏകാദശി, ദ്വാദശി ദിവസങ്ങളിലാണ്. ഈ മൂന്ന് ദിവസവും ഉദയത്തിന് മുൻപ് ഉറക്കമുണർന്ന് കുളിച്ച് ശുദ്ധമായി വിഷ്ണുപൂജയും വൈഷ്ണവ ക്ഷേത്രം ദർശനവും നടത്തി പ്രാർത്ഥിക്കണം. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഓം രാം രാമായ നമ: എന്നീ മന്ത്രങ്ങൾ
ഭക്തിപൂർവം കഴിയുന്നത്ര ജപിക്കണം. വിഷ്ണു ദ്വാദശ മന്ത്രങ്ങൾ, അഷ്‌ടോത്തരം, വിഷ്ണു സഹസ്രനാമം ആദിത്യഹൃദയം എന്നിവ ജപിക്കുന്നത് നല്ലതാണ്. വിജയ ഏകാദശി ദിവസമായ ഫെബ്രുവരി 24 ന് പൂര്‍ണ്ണമായും ഉപവസിക്കണം. പകലുറക്കം പാടില്ല. ബ്രഹ്മചര്യനിഷ്ഠ പാലിക്കുക. ദശമി, ദ്വാദശി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. തികഞ്ഞ ചിട്ടയോടെ ഈ വ്രതം പാലിക്കണം. ഫെബ്രുവരി 25 ന് രാവിലെ പാരണ വിടാം.

പുനർജനി ഗുഹ കടന്നാൽ പാപമോചനം
ക്ഷത്രിയ നിഗ്രഹ പാപം തീർക്കാൻ അലഞ്ഞുതിരിഞ്ഞ പരശുരാമന് കൈലാസത്തിൽ താൻ നിത്യപൂജ ചെയ്തു വന്ന വിഷ്ണുവിഗ്രഹം നൽകി ശ്രീ പരമേശ്വരൻ അനുഗ്രഹിച്ചു. ഈ വിഗ്രഹം ലോകാനുഗ്രഹാർത്ഥം
പരശുരാമൻ പ്രതിഷ്ഠിച്ചത് തിരുവില്വാമലയിലാണെന്ന് ഐതിഹ്യം പറയുന്നു. വില്വാദ്രിനാഥന്റെ സമീപത്താണ്
അത്ഭുത സിദ്ധികൾ ഉണ്ടെന്ന് കരുതുന്ന പുനർജനി ഗുഹ. ക്ഷേത്രത്തിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയുള്ള ഈ ഗുഹയെ പാപനാശിനി ഗുഹ എന്ന് പറയുന്നു. വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി ദിനത്തിൽ ഇവിടെയുള്ള പാപനാശിനിയിൽ കുളിച്ച് പുനർജ്ജനി ഗുഹ നൂണ്ട് കടന്നാൽ പാപമോചനം നേടി പുതിയൊരു
ജന്മമാകും. ഗുഹയുടെ കിടപ്പ് പൊങ്ങിയും താഴ്ന്നും ആയതിനാൽ കമഴ്ന്നും മലർന്നും ഇരുന്നും അര മണിക്കൂർ എടുത്താണ് ഗുഹ കടക്കുന്നത്. പൂജാരിയാണ് ആദ്യം നൂളുക. പുരുഷന്മാർക്ക് മാത്രമാണ് ഇതിന് അനുവാദം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഇപ്പോൾ തിരുവില്വാമല ശ്രീ രാമക്ഷേത്രം.

Story Summary: Thiruvilwamala Ekadeshi or Vijaya Ekadeshi Festival on Monday 24 February

Tags

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!