Friday, 20 Sep 2024
AstroG.in

തുലാം, വൃശ്ചികം, മീനം മിഥുനം കൂറുകാർക്ക് നല്ല സമയം; 1200 ചിങ്ങമാസം നിങ്ങൾക്കെങ്ങനെ ?

ജ്യോതിഷി പ്രഭാസീന സി പി

1200 ചിങ്ങം 1 മുതൽ 31 ( 2024 ആഗസ്റ്റ് 17 മുതൽ
സെപ്തംബർ 16) വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷങ്ങൾ വിലയിരുത്തണം.
ഗോചരാൽ ചിങ്ങസംക്രമം തുലാം, വൃശ്ചികം, മീനം മിഥുനം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലം നൽകും:

മേടക്കൂറ്
(അശ്വതി, ഭരണി , കാർത്തിക 1/4)
പഴയ ബാദ്ധ്യതകൾ കുറയുമെങ്കിലും പുതിയ ചില ബാദ്ധ്യതകൾ ഉണ്ടാകും. വന്നുചേരുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ഇടയ്ക്കിടെ ഉണ്ടാകുന്ന ശാരീരിക അനാരോഗ്യം മാനസിക അസ്വസ്ഥതയ്ക്ക് കാരണമാകും. തൊഴിൽ രംഗത്ത് അഭിവ്യദ്ധി ഉണ്ടാകുമെങ്കിലും ചില നഷ്ടങ്ങളും തടസ്സങ്ങളും സംഭവിക്കാം. സംസാരത്തിൽ മിതത്വം പാലിക്കണം. അല്ലെങ്കിൽ വാക്കുതർക്കമുണ്ടാകും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപായി അറിവുള്ളവരോട് അഭിപ്രായം ആരായുന്നത് ഗുണം ചെയ്യും.

ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
കുടുംബജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ചില ക്ലേശാനുഭവങ്ങൾ ഉണ്ടായേക്കാം. വിവാഹകാര്യത്തിൽ ചില തടസ്സങ്ങൾ ഉണ്ടാകും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ പരാമാവധി ഒഴിവാക്കണം. സുദീർഘമായ ചർച്ചയാൽ അബദ്ധധാരണകൾ ഒഴിഞ്ഞു പോകും. ജീവിത പങ്കാളിയുടെ ആശയങ്ങൾ വിപരീത സാഹചര്യങ്ങൾ അതിജീവിക്കാൻ സഹായകമാകും.

മിഥുനക്കൂറ്
(മകയിരം 1/2 , തിരുവാതിര , പുണർതം 3/4)
ജീവിതനിലവാരം മെച്ചപ്പെടും. ഇച്ഛാ – ജ്ഞാന – ക്രിയാ ശക്തികൾ സമന്വയിപ്പിച്ചു ചെയ്യുന്ന കാര്യങ്ങൾ ഫലപ്രദമാകും. കരാർ ജോലികൾ കൃത്യതയോടു കൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്. ധർമ്മപ്രവൃത്തികൾക്കും പുണ്യ പ്രവൃത്തികൾക്കും സർവ്വാത്മനാ സഹകരിക്കും. ഉദ്ദേശശുദ്ധിയോടു കൂടിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാപരമായി തീരും.

കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം)
പലപ്പോഴും മേലധികാരിയുടെ പ്രതിനിധിയായി ചുമതലകൾ ഏറ്റെടുത്ത് നടത്തേണ്ടി വരും. പുതിയ കരാർ ജോലിയിൽ സാമ്പത്തിക നേട്ടം കുറയും. പണം കടം കൊടുക്കുക ജാമ്യം നിൽക്കുക സാഹസ പ്രവൃത്തികൾ തുടങ്ങിയവ അരുത്. വിദ്യാർത്ഥികൾ അലസത വെടിയണം. ഉദ്ദേശശുദ്ധി നല്ലതാണെങ്കിലും വാക്കുകളിൽ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. അനാവശ്യമായി അന്യരുടെ കാര്യത്തിൽ ഇടപ്പെടരുത്. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കരുത്.

ചിങ്ങക്കൂറ്
(മകം , പൂരം ഉത്രം 1/4)
ആരോഗ്യത്തിൽ ശ്രദ്ധ വേണം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്നും അബദ്ധങ്ങൾ വന്നു ചേരും. അനുഭവജ്ഞാനമുള്ള ആളുകളുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കുക. ജീവിതയാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാതെ ഒരു കാര്യത്തിലും പ്രതികരിക്കരുത്. അമിതവേഗതയിലുള്ള വാഹന ഉപയോഗം ഉപേക്ഷിക്കണം.

കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
വിശദാംശങ്ങൾ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സജ്ജന സംസ്സർഗ്ഗത്താൽ സദ്ചിന്തകൾ വർദ്ധിക്കും. തൊഴിൽ സ്ഥാപനത്തിൻ്റെ നിലനില്പിനായി അഹോരാത്രം പ്രവർത്തിക്കേണ്ടതായി വരും. ആരോഗ്യത്തിൽ ശ്രദ്ധവേണം.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കും. ആഹ്ലാദാന്തരീക്ഷം സംജാതമാകും. മനസ്സിൽ
ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും. അർഹമായ
പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും. നിബന്ധനകൾക്ക് വിധേയമായി പുതിയ പദ്ധതികൾ ഏറ്റെടുക്കും.
വ്യക്തിത്വവികസനത്തിന് തയ്യാറാകുന്നത് എതിർപ്പുകളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. ജീവിത പങ്കാളിയുടെ പേരിൽ വ്യാപാരങ്ങളിൽ ഏർപ്പെടാനിടയുണ്ട്. ആരോഗ്യത്തിൽ ശ്രദ്ധ വേണം.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട)
അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റം ഉണ്ടാകും. പദ്ധതി സമർപ്പണം, പരീക്ഷ, ഇൻ്റർവ്യു തുടങ്ങിയവയിൽ വിജയിക്കും. പ്രത്യുപകാരം ചെയ്യുവാൻ സാധിച്ചതിനാൽ കൃതാർത്ഥനാകും. സാമ്പത്തിക സ്ഥിതിയും ജീവിതശൈലിയും മെച്ചപ്പെടുന്നതിനാൽ പണി ചെയ്തു വരുന്ന ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. ഭാവനകൾ യഥാർത്ഥ്യമാകും. മറ്റുള്ളവരുടെ എതിർപ്പിനെ അവഗണിക്കും.

ധനുക്കൂറ്
(മൂലം , പൂരാടം , ഉത്രാടം 1/4)
സ്ഥാപനത്തിൻ്റെ അവസ്ഥ മനസ്സിലാക്കി മറ്റ് ഉദ്യോഗങ്ങൾക്ക് ശ്രമിക്കുമെങ്കിലും അനുഭവഫലം കുറയും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധിക്കണം. അസുഖങ്ങളെ അവഗണിക്കരുത്. പരോപകാരം ചെയ്യാനുള്ള ധനസ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരംക്ഷണച്ചുമതല മറക്കരുത്. വിദ്യർത്ഥികൾക്ക് ഉത്സാഹക്കുറവ്, ഉദാസീനമനോഭാവം തുടങ്ങിയവ വർദ്ധിക്കും. സാമ്പത്തിക നില തൃപ്തികരമാവില്ല. ശത്രുക്കളെ കരുതിയിരിക്കുക

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യകരമായി കൂടുതൽ ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടം വരുമെങ്കിലും ചെലവ് വർദ്ധിക്കും. ഭൂമിപരമായ കാര്യങ്ങളിൽ വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കണം. എടുത്തു ചാട്ടം വേണ്ട. വാക്കുതർക്കങ്ങളിൽ നിന്ന് യുക്തിപൂർവ്വം പിൻമാറുക. നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങൾക്ക് അഹോരാത്രം പ്രയത്നം വേണ്ടി വരും. പരീക്ഷണ നിരീക്ഷണങ്ങൾക്ക് ആവർത്തനം വേണ്ടി വരും. ഗൃഹത്തിൻ്റെ അറ്റകുറ്റ പണികൾക്ക് അധികച്ചെലവ് വരും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ച ചെയ്യണം.

കുംഭക്കൂറ്
( അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4 )
മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് അനാവശ്യമായി ചിന്തിക്കാതെ സ്വന്തം കഴിവിനും പ്രാപ്തിയ്ക്കുമനുസരിച്ച് പ്രവർത്തിക്കുക. ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി ദുഃശ്ശീലങ്ങൾ ഉപേക്ഷിക്കും. ഭക്ഷ്യ വിഷബാധ ഏൽക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക. ലഭിക്കുന്ന രേഖകൾ വ്യാജമാണോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കാതെ ഒന്നിലും ഇടപെടരുത്.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി )
പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കാനിടവരും. കുടുംബ
കാര്യത്തിൽ എല്ലാവിധ ശ്രേയസ്സും കാണപ്പെടും. മനസ്സിന് ആനന്ദം നൽകുന്ന വാർത്തകൾ കേൾക്കാനിടയുണ്ട്. എതിർപ്പുകളെ നയത്തോടെ നേരിടാനായി ശ്രമിക്കും. ഭൂമിയിടപാടുകളിൽ ലാഭമുണ്ടാകും. കടബാധ്യതകൾ കുറഞ്ഞു വരുന്നതായി കാണാം. ജീവിതവിജയത്തിനായി അക്ഷീണം പ്രയത്നിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256

Summary: Predictions: This month for you Predictions by Prabha Seena

error: Content is protected !!