മകരം, കുംഭം, മിഥുനം, കന്നി കൂറുകാർക്ക് നല്ല സമയം; 1200 വൃശ്ചികം നിങ്ങൾക്കെങ്ങനെ ?
ജ്യോതിഷി പ്രഭാസീന സി പി
1200 വൃശ്ചികം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ 1200 വൃശ്ചികരവി സംക്രമം മകരം, കുംഭം, മിഥുനം, കന്നി കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
അനിയന്ത്രിതമായ ക്ഷോഭം പല വിപത്തുകൾക്കും വഴിയൊരുക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. പ്രയോജനമില്ലാത്ത കാര്യങ്ങളിൽപ്പെട്ട് സമയനഷ്ടവും സാമ്പത്തിക നഷ്ടവും സഹിക്കേണ്ടതായി വരും . മറ്റുള്ളവർക്ക് അനിഷ്ടമുണ്ടാക്കുന്ന സംസാരം ഒഴിവാക്കണം. ആരോഗ്യത്തിൽ ശ്രദ്ധവേണം. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. നന്നായി ജപം ചെയ്യുക. യുക്തമായ തീരുമാനം സ്വീകരിക്കുവാൻ അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശം തേടുക.
ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
പ്രവർത്തന മേഖലകളിൽ പുരോഗതി കുറയും. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും പലരേയും സഹായിക്കാൻ ശ്രമിക്കും. സാമ്പത്തിക കാര്യങ്ങൾ ആലോചിച്ച് മാത്രമെ നടത്താവൂ. അനാവശ്യ വാഗ്ദാനത്തിൽ ഏർപ്പെടരുത്. ആരേയും അന്ധമായി വിശ്വസിക്കരുത്.
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 1, 2, 3 )
തൊഴിൽ രംഗത്ത് ഉന്നതി ഉണ്ടാകും. കരാറുകാർക്ക് കിട്ടാനുള്ള പണലഭ്യത കാണുന്നു. സാമ്പത്തിക പുരോഗതിക്ക് യോഗമുണ്ട്. ഭൂമി വാങ്ങുകയോ കരാറായി ഏറ്റെടുക്കുകയോ ചെയ്യാൻ സാധിക്കും. അഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. പുണ്യ – തീർത്ഥ – ഉല്ലാസവിനോദയാത്രയ്ക്ക് അവസരം വന്നു ചേരും. വേർപ്പെട്ടു താമസിക്കുന്ന ദമ്പതികൾക്ക് പുനസ്സമാഗമം. സാദ്ധ്യമാകും നഷ്ടപ്പെട്ടു എന്ന് കരുതിയ രേഖകളും ആഭരണങ്ങളും തിരികെ ലഭിക്കും.
കർക്കടകക്കൂറ്
( പുണർതം 1/4, പൂയ്യം, ആയില്യം )
വിദ്യാർത്ഥികൾക്ക് ഉദാസീന മനോഭാവം ശ്രദ്ധക്കുറവ് അലസത , അനുസരണയില്ലായ്മ തുടങ്ങിയവ വർദ്ധിക്കും അല്പം ശാരീരിക അസ്വസ്ഥതകളും ഉണ്ടാകും അശ്രാന്ത പരിശ്രമത്താലെ പ്രവർത്തന മേഖലകളിൽ പുരോഗതി ഉണ്ടാകൂ വഞ്ചനയിൽ അപ്പെടാതെ സൂക്ഷിക്കണം. ശരീരത്തിൽ മുറിവ് പൊള്ളൽ എന്നിവയുണ്ടാകാൻ സാധ്യതയുണ്ട് നന്നായി ശ്രദ്ധിക്കുക ബന്ധുക്കളുമായോ പരിസരവാസികളുമായോ കലഹം വരാതെ നോക്കണം.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1/4 )
ആരോഗ്യ പ്രശ്നങ്ങൾ അലട്ടും. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ വളരെ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ചിലവുകൾ വർദ്ധിക്കും. ആചാരപരമായ പ്രാർത്ഥനകൾ നന്നായി നടത്തുക. ദൂരയാത്രകൾ ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. യാത്രകൾ വളരെ കരുതലോടെയാവണം മുൻകോപവും ക്ഷമയില്ലായ്മയും കൊണ്ട് ധാരാളം വൈഷമ്യങ്ങൾ ഉണ്ടാകും. ശത്രുക്കളെ കരുതിയിരിക്കുക.
കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
കർമ്മരംഗത്ത് പുരോഗതി ഉണ്ടാകും. വസ്തു സംബന്ധമായ കൊടുക്കൽ വാങ്ങലുകൾ നടക്കുവാനിടയുണ്ട്. വരുമാനത്തിൽ നല്ലൊരു ശതമാനം കടം വീട്ടാൻ ഉപയോഗിക്കും. പൊതു ചടങ്ങിൽ നേതൃസ്ഥാനത്ത് അവരോധിക്കപ്പെടും.
ആത്മപ്രഭാവത്താൽ ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും. ഉന്നതമായ ചിന്തയും ബുദ്ധിയും എല്ലാ കാര്യങ്ങളിലും പ്രകടിപ്പിക്കും. പക്വതയുള്ള സമീപനം മൂലം കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും.
തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
പാഴ്ച്ചെലവുകൾ കൂടും. രോഗകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാകും. തനിക്ക് ശരിയെന്ന് തോന്നുന്നത് നിർഭയം ചെയ്യാൻ തയ്യാറാകുന്നത് മൂലം പലരുടെയും അതൃപ്തിക്കിടയാക്കും. സ്വത്ത ഭാഗം വയ്ക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായേക്കാം. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ നല്ല ശ്രദ്ധ വേണം. പ്രലോഭനങ്ങളിൽ അകപ്പെടരുത്.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട )
ആരോഗ്യ ശ്രദ്ധവേണം. നിസ്സാരകാര്യങ്ങൾക്കു പോലും മറ്റുള്ളവരുമായി കലഹിക്കുന്നതാണ്. മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പലവിധ ആപത്തുകളും ഉണ്ടാകും. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടാതിരിക്കാൻ നോക്കണം. വാക്കുതർക്കങ്ങളിൽ നിന്ന് യുക്തിപൂർവ്വം പിൻമാറുക. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സ്ത്രീകൾ മൂലം മാനസികമായ ബുദ്ധിമുട്ടികൾ ഉണ്ടാകാനിടയുണ്ട്. ദമ്പതികൾ കഴിവതും പിണക്കം ഒഴിവാക്കി രമ്യതയിൽ വർത്തിക്കണം.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1/4 )
മികച്ച തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയ കുഴപ്പം വരാതെ ശ്രദ്ധിക്കണം. ഭൂമി ക്രയവിക്രയങ്ങളിൽ നേട്ടം കുറയും. ദാമ്പത്യ ജീവിതത്തിൽ ചില തിളപ്പിഴകൾ ഉണ്ടാകുവാനിടയുണ്ട്. ദൂരദേശത്തെ കുഴഞ്ഞ് മറിഞ്ഞ പ്രശ്നങ്ങളിൽ നിന്നും രക്ഷനേടുന്നതിന് സുഹൃത്തുക്കൾ സഹായിക്കും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം.
മകരക്കൂറ്
( ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
നിരവധി കാര്യങ്ങൾ നിശ്ചിതസമയ പരിധിക്കുള്ളിൽ ചെയ്തു തീർക്കാൻ കഴിയും. പ്രയത്നങ്ങൾക്ക് ഫലം ലഭിക്കും. മുടങ്ങി കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണം പൂർത്തികരിച്ച് ഗൃഹപ്രവേശന കർമ്മം നിർവ്വഹിക്കും. കുടുംബ കാര്യങ്ങളിൽ അഭ്യുദയ കാംക്ഷികളിൽ നിന്നും സഹായം ലഭിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജ്ജവം കാണിക്കും. ക്രയവിക്രയങ്ങളിൽ നേട്ടം കാണുന്നു.
കുംഭക്കൂറ്
( അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4 )
കർമ്മമേഖലിയിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സമ്പൽ സമൃദ്ധിയും ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും അർഹിക്കുന്ന അംഗീകാരം എല്ലാ മേഖലകളിൽ നിന്നും വന്നുചേരും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം ലഭിക്കും. അർഹമായ പൂർവ്വിക സ്വത്ത് ലഭിക്കും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി )
വിദ്യാർത്ഥികൾ അലസത വെടിയണം. ഊർജസ്വലതയോടെ പ്രവർത്തിക്കാത്തതിനാൽ പല അവസരങ്ങളും നഷ്ടപ്പെടും. ഊഹകച്ചവടത്തിൽ നഷ്ടം സംഭവിക്കാതെ നോക്കണം. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലു സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. നാഡീ – ഉദര രോഗങ്ങൾ അവഗണിക്കരുത്. വിദഗ്ദ ചികിത്സകളാൽ രോഗശമനമുണ്ടാകും. ഭക്ഷ്യവിഷബാധ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. വീഴ്ച ചതവ് വരാതെ നോക്കണം.
ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256
Summary: Predictions: This month for you Predictions by Prabha Seena
Copyright 2024 Neramonline.com. All rights reserved