Thursday, 20 Feb 2025
AstroG.in

ഗണേശ സങ്കടചതുർത്ഥി, കുംഭാഷ്ടമി; ഈ ആഴ്ചത്തെ നക്ഷത്രഫലം


( 2025 ഫെബ്രുവരി 16 – 22 )
ജ്യോതിഷരത്നം വേണുമഹാദേവ്
ഗണേശ സങ്കടചതുർത്ഥി, വരാഹി പഞ്ചമി, വൈക്കത്ത് കുംഭാഷ്ടമി എന്നിവയാണ് 2025 ഫെബ്രുവരി 16 ന് കന്നിക്കൂറിൽ അത്തം നക്ഷത്രത്തിൻ്റെ ഒന്നാം പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ വിശേഷങ്ങൾ. വാരം ആരംഭിക്കുന്ന കുംഭം 4 നാണ് ഗണേശ സങ്കടചതുർത്ഥി. ഈ ദിവസം ആരംഭിക്കുന്ന ഗണേശ പ്രാർത്ഥനകൾ എല്ലാ സങ്കടങ്ങൾക്കും അറുതി വരുത്തും. അതിനാലാണ്
ഈ ദിനത്തെ സങ്കടചതുർത്ഥി ദിനമെന്ന് വിളിക്കുന്നത്. ഗണപതി പൂജയിലൂടെ ദുരിതനിവൃത്തി വരുത്താൻ ശ്രമിക്കുന്നവർക്ക് ഉത്തമ ദിവസമാണ് കുംഭത്തിലെ കൃഷ്ണപക്ഷ ചതുർത്ഥിയിൽ വരുന്ന ഗണേശ സങ്കടചതുർത്ഥി. ഫെബ്രുവരി 17 തിങ്കളാഴ്ച വാരാഹി പഞ്ചമിയാണ്. ഉഗ്രമൂർത്തിയും ക്ഷിപ്ര പ്രസാദിനിയും ശക്തി സ്വരൂപിണിയുമായ ആദിപരാശക്തിയുടെ സേനാനായിക വാരാഹി ദേവിയെ ഭജിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ് പഞ്ചമി തിഥി.
ആചാരപരമായി ഏറെ പ്രാധാന്യമുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാശി അഷ്ടമി എന്നറിയപ്പെടുന്ന കുംഭാഷ്ടമി ഫെബ്രുവരി 20 ന് ആചരിക്കും. വൈക്കം ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് ഉള്ളവർ മാശി അഷ്ടമിയും എഴുന്നള്ളത്തും ആർഭാടപൂർണ്ണമായാണ് വരവേൽക്കുന്നത്. 22 ന് ധനുക്കൂറിൽ മൂലം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
എത്ര തന്നെ ലാഭകരമായി കണ്ടാലും സുരക്ഷിതത്വം ഇല്ലാത്ത നിക്ഷേപ പദ്ധതികളെല്ലാം തന്നെ ഒഴിവാക്കണം. ആഹ്ലാദവും അത്ഭുതവും നൽകുന്ന അനുഭവങ്ങൾ ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കും. വീട് അതിഥികളാൽ നിറയും. സാമൂഹിക പ്രവർത്തനങ്ങളിൽ
സജീവമാകും. എതിരാളികൾ ബിസിനസിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. അത് പരിഹരിക്കാൻ പരിചയസമ്പന്നരായ ആളുകളുമായി കൂടി ആലോചിക്കാം. വിദേശത്തേക്ക് പോകാനുള്ള തടസം മാറും. ഓം നമഃ ശിവായ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4 രോഹിണി, മകയിരം 1, 2 )
ആരോഗ്യം അനുകൂലമായിരിക്കും. വളരെക്കാലമായി കിട്ടാനുള്ള പണത്തിന്റെ ഒരു ഭാഗം ഇപ്പോൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് വഴി തുറക്കും. സ്വജനങ്ങൾ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നില്ല എന്ന് നിങ്ങൾക്ക് തോന്നും. ജോലിയിലെ ബുദ്ധിമുട്ടുകളെല്ലാം മറികടക്കാൻ കഴിയും. പൂർത്തിയാകാത്ത പ്രവൃത്തികൾ‌ പൂർ‌ത്തിയാക്കാൻ‌ കഴിയും. കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്ത് സമയം പാഴാക്കുന്നത് അർത്ഥശൂന്യമാണെന്ന് മനസ്സിലാക്കും. ഓം നമോ നാരായണായ ജപിക്കണം

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ബിസിനസ്സിൽ മികച്ച ലാഭം നേടാൻ കഴിയും. എന്നാൽ പണ ചെലവഴിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. നിക്ഷേപവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും പെട്ടെന്ന് തിരക്കിട്ട് എടുക്കരുത്. കുടുംബജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് മോചനം ഉണ്ടാകും. സ്വന്തം വീട് നിർമ്മിക്കാൻ അല്ലെങ്കിൽ വാങ്ങാൻ കഴിയും.
ജോലിയിൽ സമയം വളരെ ശുഭകരമായിരിക്കും.
ആത്മവിശ്വാസക്കുറവ് കാരണം വേഗത്തിൽ തീരുമാനം എടുക്കാനാകില്ല. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ചെറിയ പരിശ്രമത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്തും. സാമ്പത്തികമായി ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. എന്നാൽ ഈ സമയത്ത് എന്തെങ്കിലും നിക്ഷേപങ്ങൾ നടത്തേണ്ടതായി ഉണ്ടെങ്കിൽ കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തി ശേഷം മാത്രം നടത്തണം. വരുമാനം വർദ്ധിക്കാനുള്ള സാധ്യത കാണുന്നു. പുതിയ വാഹനം വാങ്ങാൻ ആലോചിക്കും. കഠിനാദ്ധ്വാനത്താൽ ഉയർച്ച ഉണ്ടാകും. വീട്ടുജോലികൾക്ക് സമയം ചെലവഴിക്കേണ്ടി വരും. 108 തവണ ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ഉദര സംബന്ധമായ ചില പ്രശ്നങ്ങൾ, വാതം എന്നിവ അസ്വസ്ഥത സൃഷ്ടിക്കും. സാമ്പത്തികമായി സമയം ഏറെ മെച്ചമായിരിക്കും. വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കണം. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ സ്വപ്നം പൂവണിയുന്നതിന് സാധ്യത കാണുന്നു. ഗൃഹത്തിന്റെ കേടുപാടുകൾ തീർക്കുന്നതിന് ധാരാളം പണം ചെലവഴിക്കേണ്ടി വരും. മാനസിക സമ്മർദ്ദം വർദ്ധിക്കും. ചില നല്ല വാർത്തകൾ കേൾക്കും.
ഓം ഹം ഹനുമതേ നമഃ 108 തവണ വീതം ജപിക്കണം

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
മാനസികമായും ശാരീരികമായും ഉണർവുണ്ടാകും. ലഹരി വസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം ആരോഗ്യം മോശമാകാം. കിട്ടാനുള്ള
പണത്തിന്റെ ഒരു ഭാഗം ഈ ആഴ്ച ഒടുവിൽ ലഭിക്കും. കുടുംബജീവിതത്തിൽ വളരെയധികം സന്തോഷം ലഭിക്കും. കുടുംബാംഗങ്ങൾ തമ്മിലുണ്ടായിരുന്ന എല്ലാ പൊരുത്തക്കേടുകളും അവസാനിക്കും. ബിസിനസ്സ് വിപുലീകരിക്കും. വിദ്യാർത്ഥികൾ സമയം പാഴാക്കാതെ
നോക്കണം. ദിവസവും ഓം വചത്ഭുവേ നമഃ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3 , 4 ചോതി, വിശാഖം 1, 2, 3)
ജോലിയുമായി ബന്ധപ്പെട്ട് ഒരു യാത്ര പോകേണ്ടിവരാം. മാതാപിതാക്കളുടെ സഹായത്തോടെ സാമ്പത്തിക ബാധ്യതകളിൽ നിന്ന് പുറത്തുവരാൻ നിങ്ങൾക്ക് കഴിയും. മാനസിക പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം ലഭിക്കും. ജോലിയും പണവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചങ്ങാതിമാരുമായോ ബന്ധുക്കളുമായോ പങ്കിടുന്നത് ഒഴിവാക്കണം. ജോലിയിൽ നേരിട്ട നിരാശകളിൽ നിന്നും
മോചനം ലഭിക്കും. ബിസിനസ്സ് ശരിയായ ദിശയിലേക്ക്‌ നീങ്ങും. വിദ്യാർത്ഥികൾക്ക് ഈ സമയം നല്ലതായിരിക്കും. ദിവസവും 108 ഉരു ഓം ഗം ഗണപതയേ നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
സുഖസൗകര്യങ്ങൾക്കായി ആവശ്യത്തിലധികം പണം ചെലവഴിക്കും. വീട്ടുപകരണങ്ങൾ വാഹനം എന്നിവയുടെ തകരാറുമൂലം സാമ്പത്തിക നഷ്ടം സംഭവിക്കാം. പുതിയ ദിനചര്യ സ്വീകരിക്കും. യോഗ, വ്യായാമം എന്നിവയിലൂടെ
ആരോഗ്യത്തോടെയിരിക്കാൻ ശ്രമിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ജോലിസ്ഥലത്ത് ഏറെ കരുതലോടെ നീങ്ങണം. പുതിയ അവസരങ്ങൾ കണ്ടെത്താനാകും.
മന:പൂർവം ഒറ്റപ്പെട്ട് കഴിയാൻ ശ്രമിക്കും. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
സാമ്പത്തികമായ ബുദ്ധിമുട്ടുകൾ പൂർണ്ണമായും തരണം ചെയ്യാനാകും. എല്ലാക്കാര്യങ്ങൾക്കും ലക്ഷ്മിദേവിയുടെ പിന്തുണ ലഭിക്കും. തെറ്റിദ്ധാരണ പരിഹരിക്കാൻ കഴിയും. സാമൂഹിക പ്രവർത്തനങ്ങളിൽ വളരെ സജീവമായി പങ്കെടുക്കും. കുടുംബാംഗങ്ങളുമായി തീർത്ഥാടനത്തിന് പോകാൻ ആലോചിക്കും. പുതിയ നിക്ഷേപം നടത്താനോ
സംരംഭം ആരംഭിക്കുന്നതിനോ യോഗം കാണുന്നുണ്ട്. കച്ചവടത്തിൽ മികച്ച ലാഭം നേടാൻ കഴിയും. അശ്രദ്ധ കഠിനാധ്വാനത്തിൻ്റെ ശോഭ കെടുത്തും. വാഹനം വാങ്ങും. ഓം നമോഭഗവതേ വാസുദേവായ എന്നും ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ആരോഗ്യത്തിന്റെ കാര്യത്തിൽ സമയം നല്ലതായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ മികച്ച ചില അവസരങ്ങൾ തുറന്നു കിട്ടും. പണം ലാഭിക്കുന്നതിനും
കൂടുതൽ സ്വരൂപിക്കുന്നതിനും കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ആത്മവിശ്വാസം, ധൈര്യം വർദ്ധിക്കും.
വ്യാപാരികൾ നല്ല വാർത്തകൾ കേൾക്കും. സമയത്തിൻ്റെ വില അറിഞ്ഞ് പ്രവർത്തിക്കും. ഗൃഹത്തിൽ സന്തോഷം നിറയും. കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ജപിക്കണം.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സുഹൃത്തുക്കളുടെ സഹായസഹകരണം സന്തോഷം നൽകും. കച്ചവടക്കാർ ലാഭമുണ്ടാക്കാൻ സാധ്യതയുണ്ട്. അധിക വരുമാനം ഭൂമി, വീട് എന്നിവയിൽ നിക്ഷേപിച്ച് ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കും. വിവാഹകാര്യത്തിൽ തീരുമാനം എടുക്കാൻ സമയം അനുകൂലമായിരിക്കും. മറ്റുള്ളവരുടെ വാക്കുകൾക്കും ഉപദേശത്തിനും വലിയ പ്രാധാന്യം നൽകാത്തത് ജോലിയിൽ ചില തടസ്സങ്ങൾക്ക് പ്രധാന കാരണമാകും. തെറ്റുകളിൽ നിന്ന് പഠിക്കാതെ ആവർത്തിക്കും. സംസാരം നിയന്ത്രിക്കണം. 108 തവണ വീതം ദിവസവും ഓം നമോ നാരായണായ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ജീവിതശൈലി രോഗങ്ങളുള്ളവർ വളരെ ശ്രദ്ധിക്കണം. പ്രമേഹം, രക്താതിസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ
നിയന്ത്രണത്തിലാക്കാൻ ശ്രമിക്കണം. അന്ധവിശ്വാസം ദോഷം ചെയ്യും. സാമ്പത്തികമായി പ്രതികൂലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ജനപ്രീതി വർദ്ധിക്കും. പ്രമുഖരുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയും. ശത്രുക്കളുടെ നീക്കങ്ങൾ പരാജയപ്പെടുത്തും. കഠിനാധ്വാനത്തിന് നല്ല ഫലങ്ങൾ ലഭിക്കും. വിദേശത്ത് പോകാനുള്ള തടസ്സങ്ങൾ മാറും. വിദ്യാർത്ഥികൾക്ക് നേട്ടം പ്രതീക്ഷിക്കാം. ഓം ഭദ്രകാള്യൈ നമഃ എന്നും ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്

  • 91 9847575559
    Summary: Weekly Star predictions based on moon sign
    by Venu Mahadev

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!