Monday, 27 Jan 2025
AstroG.in

റിപ്പബ്ളിക് ദിനം, തിങ്കള്‍ പ്രദോഷം, മകരവാവ്; ഈ ആഴ്ചയിലെ നക്ഷത്രഫലം

(2025 ജനുവരി 26 – ഫെബ്രുവരി 1 )

ജ്യോതിഷരത്നം വേണു മഹാദേവ്
റിപ്പബ്ളിക് ദിനം, തിങ്കള്‍ പ്രദോഷം , മകരവാവ് എന്നിവയാണ് വൃശ്ചികക്കൂറിൽ തൃക്കേട്ട നക്ഷത്രത്തിൽ
തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ . രാജ്യം എഴുപതിയാറാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന ഞായറാഴ്ചയാണ് വാരം തുടങ്ങുക. അടുത്ത ദിവസമായ 2025 ജനുവരി 27 ന് തിങ്കൾ പ്രദോഷമാണ്; മകര മാസത്തിലെ ഈ കൃഷ്ണപക്ഷ പ്രദോഷം ശിവപ്രീതി നേടാന്‍ ഏറ്റവും നല്ല ദിവസമാണ്. പിതൃപ്രീതി നേടാൻ കർക്കടകത്തിലെ കറുത്തവാവ് പോലെ ഏറ്റവും ഗുണകരമായ മകര മാസത്തിലെ കറുത്തവാവ് 2025 ജനുവരി 29 ബുധനാഴ്ചയാണ്. ഈ അമാവാസി അഥവാ കറുത്തവാവ് ദിവസം വ്രതം നോറ്റ് ബലിയാട്ടാൽ എല്ലാ പിതൃദോഷങ്ങളും ശമിക്കും. പാപമോചനം ലഭിക്കും. അതിലൂടെ അഭീഷ്ടസിദ്ധിയും കൈവരും. ജനുവരി 30 വ്യാഴാഴ്ചയാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധി ദിനാചരണം. ഫെബ്രുവരി ഒന്നിന് ഉത്തൃട്ടാതി നക്ഷത്രത്തിൽ സമാപിക്കുന്ന ഈ ആഴ്ചയിലെ നക്ഷത്രഫലം :

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ആരോഗ്യം മെച്ചപ്പെടും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ശരിയായ തീരുമാനങ്ങൾ എടുക്കാനാകും. സാമ്പത്തിക പങ്കാളിത്തത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കും. ചെലവ് വർദ്ധിക്കും. പുതിയ ബന്ധങ്ങൾ ഗുണം ചെയ്യും. വിവാഹം നിശ്ചയിക്കും. അനുകൂലമായ അന്തരീക്ഷം ഊർജ്ജസ്വലത നൽകും. വിദ്യാർത്ഥികൾ ജോലിയിൽ മാതാപിതാക്കളെ സഹായിക്കും. യാത്രകൾ ഒഴിവാക്കും. ഓം നമഃ ശിവായ എന്നും 108 ഉരു ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2 , 3 , 4 , രോഹിണി, മകയിരം 1, 2 )
പുറമെ സന്തോഷം കാണിക്കുമെങ്കിലും ഉള്ളിൽ ചില സങ്കടങ്ങൾ ഉണ്ടായിരിക്കും. എന്തെങ്കിലും നിക്ഷേപം നടത്തുകയാണെങ്കിൽ, സാമ്പത്തിക നഷ്ടം ഉണ്ടാകും. വീട്ടിൽ ഒരു വിരുന്നു സൽക്കാരം നടത്തും. ഉത്സാഹം വർദ്ധിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് നല്ല മുൻഗണന നൽകും. ബിസിനസ്സോ ജോലിയോ ആകട്ടെ, നിങ്ങളുടെ തന്ത്രങ്ങളും പദ്ധതികളും എല്ലായിടത്തും വിലമതിക്കപ്പെടും. വിദേശ യാത്രയ്ക്ക് ക്ഷണം ലഭിക്കും.
നിത്യവും 108 ഉരു ഓം ഗം ഗണപതയേ നമഃ ജപിക്കുക.

മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ശാരീരിക വേദനയോ മാനസികമായ സമ്മർദ്ദങ്ങളോ അനുഭവപ്പെടാം. കഠിനാദ്ധ്വാനം ചെയ്യുകയും ശരിയായ ദിശയിൽ കാര്യങ്ങൾ നീക്കുകയും സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്യും. ശുഭചിന്തകൾ ഗുണം ചെയ്യും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകൾക്ക് മികച്ച ലാഭം നേടാൻ കഴിയും.
കുടുംബാംഗങ്ങൾക്കായി സമയം ചെലവഴിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും. എന്നും
108 തവണ ഓം നമോ ഭഗവതേ വാസുദേവായ ജപിക്കുക.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
കൂട്ടുകെട്ടിൽ ശരിയായ മാറ്റങ്ങൾ കൊണ്ടുവരികയും ലഹരി വസ്തുക്കൾ ഉപേക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യും. സാമ്പത്തികമായി സമയം ഗുണകരമായിരിക്കും. വരുമാനം വർദ്ധിപ്പിക്കുന്നതിനും സ്വത്ത് സമ്പാദിക്കാനും ധാരാളം അവസരങ്ങൾ ലഭിക്കും. ബന്ധുവിൽ നിന്നുള്ള ചില നല്ല വാർത്തകൾ കുടുംബത്തെ സന്തോഷിപ്പിക്കും.
ജോലിസ്ഥലത്ത് മറ്റുള്ളവരുമായി പ്രശ്നങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികളുടെ സമയം ഏറെ അനുകൂലമായിരിക്കും.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
സാമ്പത്തികമായി സമയം വളരെ നല്ലതായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട കോടതി സംബന്ധമായ ഏത് കാര്യത്തിലും വിജയം നേടാൻ കഴിയും. മാനസികമായ വിഷമങ്ങൾ മാറില്ല. ആരോഗ്യം സൂക്ഷിക്കുക. പഴയ കാര്യങ്ങൾ ഓർത്ത് വിഷമിക്കുന്ന ശീലം ഒഴിവാക്കണം. സങ്കീർണ്ണമായ പ്രശ്‌നങ്ങളിൽ നിന്ന് കരകയറുന്നതിൽ വിജയിക്കും. ജോലി മാറുകയോ ജോലി സംബന്ധമായ എന്തെങ്കിലും സുപ്രധാന തീരുമാനം എടുക്കുകയോ ചെയ്താൽ കാര്യങ്ങൾ വളരെ ശുഭകരമായിരിക്കും. നിത്യവും ലളിതാസഹസ്രനാമം ജപിക്കുന്നത് നല്ലതാണ്.

കന്നിക്കൂറ്
( ഉത്രം 2, 3, 4 അത്തം, ചിത്തിര 1 , 2 )
ആരോഗ്യകാര്യത്തിൽ നല്ല ജാഗ്രത പാലിക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളിലെ അനിശ്ചിതത്വം കാരണം, പങ്കാളിയുമായി വലിയ തർക്കമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ അമിത ചെലവുകളെക്കുറിച്ച് കുറ്റപ്പെടുത്തി
സംസാരിക്കുന്നത് കേൾക്കാനും സാദ്ധ്യത കാണുന്നു. കുടുംബത്തിൽ സമാധാനം നിലനിർത്താൻ വിട്ടുവീഴ്ച
ചെയ്യും. എന്ത് കാര്യത്തിനും കൂടപ്പിറപ്പുകളുടെ സഹായം ലഭിക്കും. വിദേശവിദ്യാഭ്യാസ കാര്യങ്ങൾ സംബന്ധിച്ച് വരുന്ന എല്ലാത്തരം തടസ്സങ്ങളും നീക്കം ചെയ്യാനാകും. ഓം ശ്രീം നമഃ എന്ന് നിത്യവും 108 തവണ ജപിക്കണം.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
എല്ലാ മാനസിക സമ്മർദ്ദങ്ങളെയും മറികടന്ന് വീട്ടിലും ജോലിസ്ഥലത്തും നിലകൊള്ളും. ശുഭാപ്തി വിശ്വാസം
ഗുണം ചെയ്യും. ആരോഗ്യപരമായ ദിനചര്യ പാലിക്കും. ദു:ശീലങ്ങൾ ഒഴിവാക്കും. വിലയേറിയ ഏതെങ്കിലും വസ്തുവകകൾ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. അനാവശ്യമായ തർക്കങ്ങൾ കുടുംബാംഗങ്ങളുമായുള്ള ബന്ധത്തെ മോശമായി ബാധിക്കും. പേരുദോഷം വരാതിരിക്കാൻ സംസാരം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. എല്ലായ്പ്പോഴും ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടക്കില്ല എന്ന് മനസ്സിലാക്കണം. മുൻകാല തെറ്റുകളിൽ നിന്ന് പാoങ്ങൾ ഉൾക്കൊണ്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കും. നിത്യവും ഓം നമോ നാരായണായ 108 ഉരു ജപിക്കണം.

വൃശ്ചികക്കൂറ്
( വിശാഖം 4 , അനിഴം , തൃക്കേട്ട )
ചെലവ് നിയന്ത്രണാതീതമാകും. സാമ്പത്തികമായ നിയന്ത്രണം അനിവാര്യമാണ്. പഴയബന്ധം പുതുക്കാൻ സമയം വളരെ നല്ലതായിരിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും മികച്ച നിലയിൽ ആശയവിനിമയം
നടത്താൻ കഴിയും. ജോലിസ്ഥലത്ത് ചില കാര്യങ്ങൾ നിങ്ങൾക്ക് എതിരാകും. ആശയക്കുഴപ്പം ശക്തമാകും.
മനോവീര്യം കുറയും. സഹോദരങ്ങൾ സഹായിക്കും. സൃഷ്ടിപരമായ ആശയങ്ങൾ വളരാൻ അനുവദിക്കും.
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 ഉരു ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ആരോഗ്യം മെച്ചപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യും. ചുറ്റുമുള്ളവരെ പ്രോത്സാഹിപ്പിക്കും. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ശ്രമിക്കും. വായ്പയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിൽ ചില നല്ല വാർത്തകൾ കേൾക്കും. കുടുംബത്തിന്റെ അന്തരീക്ഷം പതിവിലും മനോഹരമായിരിക്കും. ചില ബന്ധുക്കളോ സുഹൃത്തുക്കളോ വീട് സന്ദർശിക്കും. ജോലിസ്ഥലത്തെ സഹപ്രവർത്തകരുമായി ബന്ധം മെച്ചപ്പെടുത്താനും മുൻ തർക്കങ്ങളെല്ലാം ഇല്ലാതാക്കാനും കഴിയും. ശമ്പളം കൂടും. ഓം ദും ദുർഗ്ഗായൈ നമഃ നിത്യവും 108 ഉരു ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1 , 2 )
ചങ്ങാതിമാരും കുടുംബവുമായും സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കും. ഭൂമി, ഇടപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗുണം ചെയ്യും. നല്ല സ്കീമുകളിൽ പണം നിക്ഷേപിക്കാൻ സമയം നല്ലതാണ്. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കില്ല, അതിനാൽ ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകാം. ഇതുമൂലം വളരെ മാനസികസമ്മർദ്ദം അനുഭവപ്പെടാം. സർക്കാറിൽ നിന്നും സഹായം കിട്ടും. വിദ്യാർത്ഥികൾക്ക് ഭാഗ്യം ഗുണം ചെയ്യും. ഓം ഹം ഹനുമതേ നമഃ നിത്യവും 108 തവണ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
അമിതഭക്ഷണം മൂലം ആരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങൾ അനുഭവപ്പെടാം. കഠിനാദ്ധ്വാനവും അർപ്പണബോധവും പണം സമ്പാദിക്കാൻ സഹായിക്കും. ചില ബന്ധുക്കളോ സുഹൃത്തുക്കളോ നിങ്ങളുടെ വീട് സന്ദർശിക്കും. കുടുംബ ബിസിനസ്സുകാർക്ക് വീട്ടിലെ മുതിർന്നവരുടെ പിന്തുണയോടെ മികച്ചരീതിയിൽ പ്രവർത്തിക്കാൻ കഴിയും. കുടുംബത്തിലെ അന്തരീക്ഷം പതിവിലും മനോഹരമായിരിക്കും. ദാമ്പത്യത്തിലെ ചില പ്രശനങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. എന്നും ഓം ഭദ്രകാള്യൈ നമഃ 108 തവണ വീതം ജപിക്കണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
സാമ്പത്തിക പ്രശ്‌നങ്ങൾ ഈ സമയം പൂർണ്ണമായും പരിഹരിക്കാൻ കഴിയും. നിക്ഷേപവുമായി ബന്ധപ്പെട്ട മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയും, മാത്രമല്ല അതിൽ നിന്ന് പണം ലഭിക്കാനും സാദ്ധ്യതയുണ്ട്. കുടുംബപ്രശ്‌നങ്ങളിൽ സ്വാർത്ഥമായ തീരുമാനങ്ങൾ കുടുംബാംഗങ്ങളെ നിങ്ങൾക്ക് എതിരാക്കാം. ഏത് തീരുമാനവും എടുക്കുമ്പോഴും വീട്ടിലെ അംഗങ്ങളുമായി സംസാരിക്കുന്നത് നല്ലതാണ്. കഠിനാദ്ധ്വാനത്തിന് നല്ല ഫലം ലഭിക്കും. മത്സരപരീക്ഷയിൽ മികച്ച വിജയം കിട്ടും. ജോലിക്കയറ്റവും ശമ്പള വർദ്ധനയും ലഭ്യമാകും.
നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ ജപിക്കുക

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!