Tuesday, 3 Dec 2024
AstroG.in

തുലാവാവ് വെള്ളിയാഴ്ച; ഐശ്വര്യം ,സന്താനാഭിവൃദ്ധി, ആരോഗ്യം തരും

മംഗള ഗൗരി
പിതൃപ്രീതിക്ക് കർക്കടകവാവ് പോലെ ശ്രേഷ്ഠമാണ് തുലാമാസ അമാവാസിയും. സന്താനാഭിവൃദ്ധി, ആരോഗ്യം, സാമ്പത്തികകോന്നതി, ഐശ്വര്യലബ്ധി എന്നിവയ്ക്ക് തുലാമാസത്തിലെ അമാവാസി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. കൂടാതെ പിതൃദോഷശാന്തിയും ലഭിക്കും. വ്രതമനുഷ്ഠിക്കുന്നവർ അമാവാസി ദിവസവും തലേന്നും ബ്രഹ്മചര്യം പാലിച്ച് രാത്രി ഭക്ഷണം ഉപേക്ഷിക്കണം. മറ്റ്‌ പൊതു വ്രതനിഷ്ഠകളും പാലിക്കണം. അമാവാസി ദിവസം പിതൃശ്രാദ്ധവും ചെയ്യണം. ഇത്തവണ തുലാമാസ അമാവാസി തുലാ മാസം 16 , 2024 നവംബർ 1 വെള്ളിയാഴ്ചയാണ്. തുലാവാവിൻ്റെ പിറ്റേന്ന് പ്രഥമ മുതലാണ് സ്കന്ദഷഷ്ഠി വ്രതം ആരംഭിക്കുന്നത്.

തുലാവാവിന് ബലിയിട്ടാൽ ശ്രേയസ്

സൂര്യനും ചന്ദ്രനും ഓരോ രാശിയിൽ സംഗമിക്കുന്ന ദിവസമാണ് പൊതുവെ അമാവാസി വന്നുചേരുന്നത്. വെളുത്ത വാവ് കഴിഞ്ഞുവരുന്ന പതിനഞ്ചാം തിഥിയാണ് അമാവാസി. പിതൃകർമ്മങ്ങളാൽ പിതൃക്കൾക്ക് സദ്ഗതിയും അതുവഴി അവരുടെ അനുഗ്രഹത്താൽ പിൻഗാമികൾക്ക് സർവ്വതോൻമുഖമായ ശ്രേയസ്സും കൈവരിക്കാൻ ഏറ്റവും ശ്രേഷ്ഠമാണ് അമാവാസി വ്രതാചരണം. ചന്ദ്രനിൽ പ്രതിഫലിച്ചെത്തുന്ന സൂര്യപ്രകാശം നിശേഷം മനുഷ്യർക്ക് അദൃശ്യമാകുന്ന ദിവസമാണിത്. ഈ ദിവസം ചാന്ദ്രപ്രകാശം പൂർണ്ണമായും മൺമറഞ്ഞ പിതൃക്കളുടെ ആത്മാക്കൾക്ക് ലഭ്യമാകുമെന്നാണ് വിശ്വാസം. കാരണം ചന്ദ്രന്റെ ഭൂമിക്കഭിമുഖമല്ലാത്ത മറുഭാഗത്താണ് പിതൃക്കളുടെ വാസം. ഉത്തരായനകാലം ദേവപ്രധാനവും ദക്ഷിണായനം പിതൃപ്രധാനവുമാണ്. ദക്ഷിണായനം ആരംഭിക്കുന്നത് കർക്കടക മാസത്തിലാണ്. ദക്ഷിണായനത്തിലെ ആദ്യ അമാവാസി കർക്കടക അമാവാസിയാണ്. ഈ ദിവസത്തിന് പിതൃകർമ്മകാര്യങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുന്നു. കാരണം പിതൃയജ്ഞം ദേവസാന്നിദ്ധ്യത്താൽ കൂടുതൽ സമ്പുഷ്ടമാകുന്ന ദിവസമാണിത്. മരിച്ചുപോയ പിതാവിനെയോ മാതാവിനെയോ ഉറ്റബന്ധുക്കളെയോ മറ്റേതെങ്കിലും വ്യക്തിയേയോ സങ്കല്പിച്ച് അവരുടെ പേരും നാൾ മരിച്ച നക്ഷത്രം എന്നിവ പറഞ്ഞ് എല്ലാവർഷവും മരിച്ച നാളിൽ ശ്രാദ്ധമൂട്ടി പിതൃപ്രീതിവരുത്താറുണ്ട്. ഇത് ആ വ്യക്തിയെ മാത്രം സങ്കല്പിച്ചാണ് ചെയ്യാറുള്ളത്. എന്നാൽ പിതൃപിതാമഹ, പ്രപിതാമഹർ , മാതാവ്, മാതാമഹൻ, മാതൃപിതാമഹൻ തുടങ്ങി എല്ലാ പിതൃക്കൾക്കു വേണ്ടിയും അവർക്കെല്ലാം മുമ്പുള്ള പിതൃക്കൾക്ക് വേണ്ടിയും ബഹുദിഷ്ടശ്രാദ്ധം നിർവഹിക്കുവാൻ ശ്രേഷ്ഠമായ കർക്കടകമാസ അമാവാസി പോലെ ശ്രേഷ്ഠമാണ് സൂര്യ -ചന്ദ്രന്മാർ തുലാംരാശിയിൽ സംഗമിക്കുമ്പോൾ ഉണ്ടാകുന്ന തുലാവാവും. തുലാവാവിന് തൂശനിലയിൽ ബലിയിട്ടാൽ സർവ്വപിതൃപ്രീതി കൈവരുമെന്നാണ് വിശ്വാസം. അതിനാൽ എന്തെങ്കിലും കാരണവശാൽ കർക്കടക അമാവാസിക്ക് വാവുബലി ചെയ്യാൻ കഴിയാതെ വന്നാൽ തുലാവാവിന് ബലിയിടുന്നത് ഉത്തമമാണ്.
ശ്രാദ്ധകർത്താവിന്‌ ദേഹശുദ്ധിയും മന:ശുദ്ധിയും വാക് സംയമനവും അനിവാര്യമാണ്. ശ്രാദ്ധത്തിന്റെ തലേദിവസം ഒരിക്കൽ അനുഷ്ഠിക്കണം. തുലാവാവിന് പുണ്യതീര്‍ത്ഥഘട്ടങ്ങളില്‍ ദര്‍ശനം നടത്തി ദാനം നൽകുന്നതും വിശേഷമാണ്. ഉച്ചയ്ക്കുമാത്രം ഊണ് കഴിക്കാം. രാവിലെയും, വൈകിട്ടും മിതാഹാരം മതി. ദുര്‍മൃതിയടഞ്ഞവര്‍ക്ക് വേണ്ടിയും ഈ വ്രതധാരണം ഉത്തമമാണ്. 18 അമാവാസി വ്രതം നോൽക്കുന്നവരുടെ മുൻതലമുറ മുഴുവൻ ദുരിതമുക്തരാകും എന്നാണ് വിശ്വാസം.

ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കാൻ ശ്രേഷ്ഠം
വെളുത്തപക്ഷം ദേവീപ്രീതി നേടുന്നതിനും കറുത്തപക്ഷം ശിവപ്രീതിക്കും ഗുണകരമായി വിശ്വസിച്ചു പോരുന്നു. ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്തപക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. ശുഭകർമ്മാരംഭത്തിന് മോശം സമയമായമെന്ന് പറയുന്നുണ്ടെങ്കിലും പിതൃപ്രീതി നേടുന്നതിനും സര്‍വ്വദേവതാ പ്രാര്‍ത്ഥനയ്ക്കും ഏറ്റവും
നല്ല ദിവസമാണ്. അഘോര ശിവസങ്കല്പം, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, കാളി, രക്തേശ്വരി, രക്തചാമുണ്ഡി, ബഹളാമുഖി, ഹനുമാന്‍, ശനി, നാഗങ്ങള്‍ എന്നിവരുടെ ഉപാസനയ്ക്കാണ് അമാവാസി ഏറ്റവും നല്ലത്.

പെട്ടെന്ന് അഭീഷ്ട സിദ്ധി നേടാം
പെട്ടെന്ന് അഭീഷ്ട സിദ്ധി നേടാൻ അമാവാസി ദിവസം ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ എന്ന മന്ത്രം ജപിക്കുന്നത് ഏറ്റവും നല്ലതാണ്. പൗർണ്ണമിയുടെ പിറ്റേന്ന് തുടങ്ങി കറുത്ത വാവുവരെ നിത്യവും ഈ മന്ത്രം 108 തവണ വീതം ജപിക്കുകയും ഇങ്ങനെ 5 മാസം കൃത്യമായി തുടരുകയും ചെയ്താല്‍ കാര്യസിദ്ധി ഉറപ്പാണ്. മനോധൈര്യത്തിനും ഭയം, ആശങ്ക, ഉത്കണ്ഠ എന്നിവ മാറുന്നതിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന മന്ത്രം 336 വീതം മൂന്നുമാസം കറുത്തപക്ഷത്തിലെ എല്ലാ ദിവസവും 2 നേരം ചൊല്ലുക. അത്ഭുത ശക്തിയുള്ളതാണ് ഈ മന്ത്രം. രോഗദുരിത ശാന്തിക്ക് ഓം ജുസഃ സ്വാഹാ എന്ന മന്ത്രം കറുത്തപക്ഷത്തിലെ 5 മാസം 2 നേരവും 108 വീതം ജപിക്കുക. നല്ല മാറ്റം ഉണ്ടാകും. ഓം പിതൃഭ്യോ നമഃ എന്ന മന്ത്രം പിതൃപ്രീതിക്ക് കറുത്ത പക്ഷത്തിൽ എന്നും 108 വീതം ചൊല്ലാം. നിത്യവും ജപിക്കാൻ പറ്റാത്തവര്‍ക്ക് അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥന
നടത്താൻ നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല.

Story Summary: Thulam Month Amavasya day is considered auspicious for the worship of forefathers and this day is considered more beneficial to get quick results from Ugra Moorthies like Agora Shiva, Bhadrakali, Narasimha Swamy, Raktha Chamundi, Hanuman Swamy etc.

Copyright 2024 Neramonline.com. All rights reserved

error: Content is protected !!