ഷഷ്ഠി, കുംഭഭരണി, വാരാഹി പഞ്ചമി, ആറ്റുകാൽ കാപ്പുകെട്ട് ; ഈ ആഴ്ചയിലെ നക്ഷത്രഫലം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )
(2025 മാർച്ച് 2 – 8 )
ജ്യോതിഷരത്നം വേണു മഹാദേവ്
2025 മാർച്ച് 1 ന് മീനക്കൂറിൽ ഉത്തൃട്ടാതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ കുംഭഭരണി, വാരാഹി പഞ്ചമി, ഷഷ്ഠിവ്രതം, ആറ്റുകാൽ കാപ്പുകെട്ട് എന്നിവയാണ്. മാർച്ച് 4 നാണ് കുംഭഭരണിയും
വാരാഹി പഞ്ചമിയും. ഭദ്രകാളീ ഉപാസനയിലൂടെ നേടാൻ കഴിയാത്തതായി ഒന്നുമില്ല. ഭദ്രകാളീ ദേവിയുടെ പ്രീതി നേടാൻ പറ്റിയ ഏറ്റവും മികച്ച ദിവസമാണ് കുംഭ മാസത്തിലെ ഭരണി. ഈ ദിവസത്തെ ഉപാസനകൾക്കും ക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടുകൾക്കും പെട്ടെന്ന് ഫലം ലഭിക്കും. പ്രശസ്തമായ ചെട്ടിക്കുളങ്ങര കുംഭഭരണിയാണ് ഈ ദിവസത്തെ ഒരു പ്രധാന ഉത്സവം. ലോകത്തിലെ ഏറ്റവും വലിയ കെട്ടുകാഴ്ചയാണിത്. ഈ ഉത്സവം കണ്ടു തൊഴുതാൽ ദുരിതങ്ങളും ക്ലേശങ്ങളും അകന്ന് ദേവിയുടെ കൃപാകടാക്ഷത്താൽ ഗൃഹത്തിൽ
ഐശ്വര്യാഭിവൃദ്ധിയുംസർവ്വാഭീഷ്ട സിദ്ധിയുമുണ്ടാകും. വാക്കുകളാൽ വർണ്ണിക്കാൻ കഴിയാത്തത്ര ഉഗ്രശക്തിയുള്ള ശ്രീ വാരാഹി ദേവിയെ ആരാധിച്ചാൽ വളരെയധികം ഫലം ഉളവാകുന്ന പുണ്യ ദിവസമാണ്
എല്ലാപക്ഷത്തിലെയും പഞ്ചമി തിഥി. ഈ ദിവസം
വാരാഹി പഞ്ചമി എന്ന പേരിൽ അതിവിശേഷമായി എല്ലാ വാരാഹി ക്ഷേത്രങ്ങളിലും വാരാഹിദേവി ഭക്തരും
ആചരിക്കുന്നു. കുംഭത്തിലെ ശുക്ലപക്ഷ പഞ്ചമിയും കുംഭഭരണി ദിവസമായ ചൊവ്വാഴ്ചയാണ്. മാർച്ച് 5 ബുധനാഴ്ചയാണ് കുംഭത്തിലെ ശുക്ലപക്ഷ ഷഷ്ഠിയും
ആറ്റുകാൽ കാപ്പുകെട്ടും. അന്ന് 5 ന് രാവിലെ 10 മണിക്കാണ് പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കുന്ന കാപ്പു കെട്ട്. ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുന്നവർ ഈ ദിവസം മുതൽ വ്രതമെടുക്കുന്നത് അഭീഷ്ടദായകമാണ്. മാർച്ച് 13 വ്യാഴാഴ്ചയാണ് പൊങ്കാല. മറ്റ് ഷഷ്ഠികളെക്കാൾ വിശേഷമാണ് കുംഭമാസത്തിലെ ഷഷ്ഠി വ്രതം. ഇത് ശീതള ഷഷ്ഠി എന്ന് അറിയപ്പെടുന്നു. സന്താനങ്ങളുടെ ഗുണത്തിനായി വ്രതം അനുഷ്ഠിക്കുന്നവർ തലേന്ന് മുതൽ വ്രതമെടുക്കണം. മാർച്ച് 8 ന് പുണർതം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
മറ്റുള്ളവരോട് നന്നായി പെരുമാറാൻ ശ്രദ്ധിക്കണം. ജോലിയിൽ ഉയർച്ചയുണ്ടാകും. നേട്ടങ്ങൾ ആർജിക്കാൻ സഹായിക്കുന്ന വിധത്തിൽ നിരവധി അവസരങ്ങൾ ലഭ്യമാകും. ഭക്ഷണത്തിൽ ശ്രദ്ധിക്കും. ഉദരസംബന്ധമായ
അസുഖങ്ങൾക്ക് സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടിൽ കഴിയുന്നത്ര ജാഗ്രത പാലിക്കുക. പണം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. രഹസ്യങ്ങൾ എപ്പോഴും മൂടിവയ്ക്കാൻ കഴിയില്ലെന്ന് മനസ്സിലാകും. വിദേശയാത്രയ്ക്ക് സാധ്യത. എല്ലാ ദിവസവും ഓം ഹം ഹനുമതേ നമഃ ജപിക്കണം.
ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
അടുത്ത സുഹൃത്തുക്കളുമായും വീട്ടുകാരുമായും ഒരു തീർത്ഥാടനത്തിന് പദ്ധതിയിടും. മാനസിക സമ്മർദ്ദങ്ങൾ മാറിക്കിട്ടും. ധാരാളം പണം കൈവശം വന്നു ചേരും. ബന്ധു ഗൃഹത്തിൽ സന്ദർശനം നടത്തും. തിരക്കേറിയ ജീവിതത്തിൽ വിശ്രമത്തിനും വിനോദത്തിനും സമയം
കണ്ടെത്തും. ജോലിയിൽ മികച്ചരീതിയിൽ മുന്നേറാൻ കഴിയും. നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിൽ ഈശ്വരാനുഗ്രഹത്താൽ ഭാഗ്യത്തിൻ്റെ പിന്തുണ കിട്ടും. ഓം ശ്രീം നമഃ എന്നും 108 ഉരു ജപിക്കുക.
മിഥുനക്കുറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
പ്രമുഖ വ്യക്തികളെ പരിചയപ്പെടാൻ അവസരം ലഭിക്കും. ആരോഗ്യത്തിന് മുൻഗണന നൽകണം. കർമ്മരംഗത്ത് അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തും. പ്രത്യേക
ആനുകൂല്യങ്ങളും കഠിനാധ്വാനത്തിന് അർഹിക്കുന്ന ഫലവും ലഭിക്കും. ആത്മവിശ്വാസം, ധൈര്യം വർദ്ധിക്കും. ജോലി തേടുന്നവർക്ക് മികച്ച ശമ്പളത്തോടെ ഒരു നല്ല ഓഫർ ലഭിക്കും. ജോലിഭാരം മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. മത്സരപരീക്ഷയിൽ മികവ് തെളിയിക്കാൻ
കഴിയും. നിത്യവും ഓം ഗം ഗണപതയേ നമഃ ജപിക്കണം.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
ആരോഗ്യം മെച്ചപ്പെടും. ജോലിഭാരം വർദ്ധിക്കും. ഭാഗ്യം അനുകൂലമാകും. വായ്പ തിരിച്ചടയ്ക്കാൻ കഴിയും. സ്വജനങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം പ്രശ്നങ്ങൾ സൃഷ്ടിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് ഈ ആഴ്ച സ്ഥാനക്കയറ്റം അല്ലെങ്കിൽ ശമ്പള വർദ്ധനവ്, ആഗ്രഹിച്ച സ്ഥാനമാറ്റം ഇവ ലഭിക്കും. വിദേശത്തുള്ളവർക്ക്
നേട്ടങ്ങളുടെ സമയമാണ്. വിദ്യാർത്ഥികൾ പഠനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഓം നമഃ ശിവായ ജപിക്കണം.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
ഒഴിവാക്കാൻ കഴിയാത്ത ആവശ്യങ്ങൾക്ക് യാത്രകൾ വേണ്ടിവരും. കുറച്ച് ക്ഷീണവും മാനസിക സമ്മർദ്ദങ്ങളും അനുഭവപ്പെടാം. വരുമാനം വർദ്ധിപ്പിക്കുന്നതിന് പുതിയ വഴികൾ കണ്ടെത്തും. സുരക്ഷിതമായ പദ്ധതികളിൽ മാത്രം നിക്ഷേപം നടത്താൻ ശ്രമിക്കണം. ഇതിനായി ഒരു വിദഗ്ദ്ധന്റെ സഹായങ്ങൾ തേടാം. ജോലി, വിദ്യാഭ്യാസം സംബന്ധിച്ച് വീട്ടിൽ നിന്ന് അകന്നു നിന്നവർക്ക് തിരിച്ച് വരാൻ കഴിയും.ജോലിയിൽ ആത്മവിശ്വാസം വർധിക്കും. നിത്യവും ഓം നമോ നാരായണായ 108 ഉരു ജപിക്കണം.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
ബിസിനസ്സ് വിപുലീകരിക്കാൻ ഏതെങ്കിലും തരത്തിലെ വായ്പ എടുക്കാൻ പദ്ധതിയിടും. എന്നാൽ പണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുമ്പോൾ ആദ്യം മുതൽ തന്നെ ശ്രദ്ധിക്കണം. പഴയ ബന്ധങ്ങൾ മെച്ചപ്പെടുത്തുക. പതിവിലും കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതായി വരും.
പതിവായി വ്യായാമവും യോഗയും ചെയ്യാൻ ശ്രമിക്കണം. വിദ്യാഭ്യാസ രംഗത്ത് വരുന്ന എല്ലാത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും. വിഷ്ണു സഹസ്രനാമം ദിവസവും ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ചെറിയ ആരോഗ്യ പ്രശ്നം പോലും അവഗണിക്കരുത്. പെട്ടെന്ന് പണം സമ്പാദിക്കാൻ കുറുക്കുവഴി തേടുന്നത് കേസുകളിൽ അകപ്പെടുത്തും. എല്ലാവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബാന്തരീക്ഷം സുഖകരമാകില്ല. ഇത് കാരണം മാനസികമായി വിഷമമുണ്ടാകും. ധനനഷ്ടം നേരിടും.വായ്പ എടുത്ത് ബിസിനസ്സിൽ നിക്ഷേപിക്കാൻ കഴിയും. ഇത് ഭാവിയിൽ നല്ല വരുമാനം നൽകും. പുതിയ
കാര്യങ്ങൾ പഠിക്കും. ഓം ഗം ഗണപതയേ നമഃ ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
സ്വർണ്ണാഭരണങ്ങൾ, വീട്, ഭൂമി എന്നിവയിൽ നിക്ഷേപം നടത്താൻ കഴിയും. കുടുംബത്തോടൊപ്പം തീർത്ഥയാത്ര പോകാൻ സാധ്യത കാണുന്നു. കുടുംബത്തിൽ ശാന്തിയും സമാധാനവും ഐക്യവും വർദ്ധിക്കും. സങ്കീർണ്ണമായ ചില പ്രശ്നങ്ങൾ ഔദ്യോഗിക സ്ഥിരതയെ ബാധിക്കാം. പുതിയ വാഹനം വാങ്ങും. സ്ഥാനമാനങ്ങൾ തേടി വരും.
കച്ചവടം മെച്ചപ്പെടും. അകന്ന് നിന്നവർ വീണ്ടും അടുക്കും. നഷ്ടപ്പെട്ടു എന്ന് കരുതിയ വസ്തുക്കൾ തിരിച്ചു കിട്ടും. നിത്യവും ഓം ശരവണ ഭവഃ 108 തവണ വീതം ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
വീട്ടിൽ ചില മംഗള കർമ്മങ്ങൾ നടക്കും. ആരോഗ്യം പതിവിലും മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി വഷളാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാനസിക സമ്മർദ്ദങ്ങൾ വർദ്ധിക്കും. കുടുംബാംഗങ്ങളെ സംശയിക്കുന്നത് ഒഴിവാക്കണം. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. പല കാര്യങ്ങളിലും മനസ്സ് ആശയക്കുഴപ്പത്തിലാകും. ഇത്തരം വിവിധ പ്രശ്നങ്ങൾ ഉണ്ടായാലും ജോലിയിൽ ശ്രദ്ധ ചെലുത്തുകയാണെങ്കിൽ തീർച്ചയായും വിജയം വരിക്കും. നെഗറ്റീവ് ചിന്തകൾ ദോഷം ചെയ്യും. ഓം നമോ നാരായണായ ജപിക്കണം.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സങ്കീർണ്ണ സാഹചര്യങ്ങളെ ധൈര്യപൂർവം നേരിടണം. ആരോഗ്യ പ്രശ്നങ്ങൾ കാരണം ജോലികൾ തടസ്സപ്പെടാം. സാമ്പത്തികമായ എല്ലാ വെല്ലുവിളികളും മറികടക്കും. വരുമാനത്തിന് പുതിയ സാധ്യതകൾ വന്നുചേരും. അവ പ്രയോജനപ്പെടുത്തി മുന്നോട്ട് പോകും. കുടുംബത്തിലെ അന്തരീക്ഷം മെച്ചപ്പെടും. മനസ്സ് പോസിറ്റീവായ രീതിയിൽ നിലനിർത്താൻ ശ്രമിക്കണം. ജോലിക്ക് പതിവിലും പ്രാധാന്യം നൽകും. മാതാപിതാക്കളുടെ സാഹായം കിട്ടും.
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കണം.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കും. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. കർമ്മരംഗത്ത് വഴിത്തിരിവ് ഉണ്ടാകും. ജീവിത സാഹചര്യങ്ങൾ വളരെ മെച്ചപ്പെടും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും. സന്തോഷ വാർത്ത കേൾക്കും. സ്വജനങ്ങൾ സഹായിക്കും. സന്താനങ്ങൾ മൂലം അഭിമാനിക്കും. ബിസിനസ്സ് വിപുലീകരണത്തിന്
ശ്രമിക്കും. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മേൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കരുത്. യാത്ര ഒഴിവാക്കും. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ആരോഗ്യം മികച്ചതായിരിക്കും. എല്ലാംകൊണ്ടും വളരെ നല്ല സമയമാണിത്. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. പക്ഷേ കണക്കിലധികം പണം ചെലവഴിക്കേണ്ടി വരും. ജോലിസ്ഥലത്തെ പ്രതികൂലമായ പ്രശ്നങ്ങൾ കുടുംബ ജീവിതത്തിൽ അസ്വസ്ഥതയ്ക്ക് കാരണമാകും. എന്നാൽ ഔദ്യോഗികമായി ധാരാളം നല്ല ഫലങ്ങൾ ലഭിക്കും. ഏറെ കാലമായി ആശിക്കുന്ന പ്രമോഷൻ കിട്ടും. പരീക്ഷയിൽ മികച്ച വിജയം നേടാൻ കഠിനാധ്വാനം, അർപ്പണ ബോധം
ഇവ സഹായിക്കും. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
- 91 9847575559
Summary: Weekly Star predictions based on moon sign
by Venu Mahadev
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved