ഏകാദശി, പ്രദോഷം, ആറ്റുകാൽപൊങ്കാല, ചോറ്റാനിക്കര മകം, ഹോളി, മീനസംക്രമം; ഈ ആഴ്ചയിലെ നക്ഷത്രഫലം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )
(2025 മാർച്ച് 9 – 15 )
ജ്യോതിഷരത്നം വേണു മഹാദേവ്
കുംഭത്തിലെ ശുക്ലപക്ഷ ഏകാദശി, ഗുരുവായൂർ കൊടിയേറ്റ്, പ്രദോഷ വ്രതം, മണ്ടയ്ക്കാട് കൊടൈ, ആറ്റുകാൽപൊങ്കാല, ചോറ്റാനിക്കര മകം, പൗർണ്ണമി, ഹോളി, മീനസംക്രമം തുടങ്ങിയ വിശേഷങ്ങൾ ഒന്നിച്ചു വരുന്ന വാരമാണ് 2025 മാർച്ച് 9 ന് പുണർതം നക്ഷത്രത്തിൽ ആരംഭിക്കുന്നത്. തിരുന്നാവായ ഏകാദശി എന്നറിയപ്പെടുന്ന കുംഭത്തിലെ ശുക്ലപക്ഷ ഏകാദശിയും, ഗുരുവായൂർ കൊടിയേറ്റും മാർച്ച് 10
തിങ്കളാഴ്ചയാണ്. പ്രദോഷവ്രതവും മണ്ടയ്ക്കാട് കൊടൈയും ചൊവ്വാഴ്ച ആചരിക്കും. ചോറ്റാനിക്കര മകം ബുധനാഴ്ചയാണ്. മാർച്ച് 13 വ്യാഴാഴ്ചയാണ് ലക്ഷക്കണക്കിന് ഭക്തരുടെ ആത്മസമർപ്പണമായ ആറ്റുകാൽപൊങ്കാല. കുംഭത്തിലെ പൗർണ്ണമി പൂജയും അന്ന് തന്നെയാണ്. പൗർണ്ണമി അർച്ചന, ഹോളി, മീന സംക്രമം എന്നിവ വെള്ളിയാഴ്ചയും മീനമാസം ആരംഭം ശനിയാഴ്ചയുമാണ്. മാർച്ച് 15 ന് അത്തം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം :
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
മാനസികസമ്മർദ്ദം ഒഴിവാക്കാൻ ശ്രമിക്കണം. ആർക്കും പണം വായ്പ നൽകരുത്. ചെലവ് വർദ്ധിക്കുന്നത് പരമാവധി നിയന്ത്രിക്കണം. ആരോടും പരുഷമായി സംസാരിക്കരുത്. അസുഖകരമായ എന്തെങ്കിലും ചില കാര്യങ്ങൾ സംഭാഷണത്തിനിടയിൽ പറഞ്ഞു പോയാൽ പിന്നീട് പശ്ചാത്തപിക്കേണ്ടിവരും. കഠിനാധ്വാനത്തിലൂടെ നേട്ടങ്ങൾ കൈവരിക്കും. ബിസിനസിലും ജോലിയിലും തന്ത്രങ്ങളും പദ്ധതികളും എപ്പോഴും വിലമതിക്കപ്പെടും.
ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ചൊല്ലുക.
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
ആത്മവിശ്വാസവും ബുദ്ധിശക്തിയും ഗുണം ചെയ്യും. സമയം പാഴാക്കാതെ ക്രിയാത്മകമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. പങ്കാളിത്ത ബിസിനസ് നടത്തുന്ന വ്യക്തികൾ ജാഗ്രത പുലർത്തണം. പണം നഷ്ടമാകാൻ സാധ്യത വളരെ കൂടുതലാണ്. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട യാത്ര ഗുണ ഫലം നൽകും. ഇറക്കുമതി, കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ലാഭം കൊയ്യും. ഓം ശ്രീം നമഃ ജപിക്കണം.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. എന്നിരുന്നാലും, കാലാകാലങ്ങളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. അനാവശ്യമായ ചെലവുകൾ ചില പ്രശ്‌നങ്ങൾ സൃഷ്ടിക്കും. പല വഴിയിൽ പണം ലഭിക്കും. കുടുംബത്തിന്റെ ഇടപെടൽ മൂലം ചില ഇഷ്ടങ്ങൾ നടക്കാത്തതിൽ അരിശം വരും. കലാരംഗത്ത്
പ്രവർത്തിക്കുന്നവർക്ക് ധാരാളം പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ഓം ദും ദുർഗ്ഗായ നമഃ 108 ഉരു വീതം ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
വൈകാരികമായ പ്രതികരണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്. ആരോഗ്യം ശ്രദ്ധിക്കണം. വിദേശത്ത് അനുകൂലമായ ചില സാഹചര്യങ്ങൾ സംജാതമാകും. ഔദ്യോഗിക ജീവിതത്തിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സാമ്പത്തിക സ്ഥിതി ഭദ്രമാക്കാൻ ശ്രമിക്കും. നയപരവുമായ പെരുമാറ്റം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ
തരണം ചെയ്യാൻ സഹായിക്കും. മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് പാത്രീഭൂതരാകും. വിദ്യാർത്ഥികൾക്ക് നേട്ടം. എന്നും ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ ജപിക്കണം.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
ശുഭപ്രതീക്ഷ ശക്തമാക്കണം. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. അല്ലെങ്കിൽ, ഏതെങ്കിലും തരത്തിലുള്ള അണുബാധ കാരണം ചില പ്രശ്‌നങ്ങൾ നേരിടേണ്ടിവരാം. വിലയേറിയ ഏതെങ്കിലും വസ്തുക്കൾ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. തർക്കം, കലഹങ്ങൾ ഒഴിവാക്കണം. ഔദ്യോഗിക ജോലികൾ പിന്നത്തേയ്ക്ക് മാറ്റിവയ്ക്കരുത്. മുതിർന്നവരുടെ പിന്തുണ നേടാനാകും.
ഓം ഗം ഗണപതയേ നമഃ 108 തവണ വീതം ജപിക്കണം.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ആരോഗ്യം മെച്ചപ്പെടുത്താൾ ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തണം. എതിർലിംഗത്തിലെ വ്യക്തിയോട് കൂടുതൽ ആകർഷണം അനുഭവപ്പെടും. ജോലിയിൽ കഴിവുകൾ വർദ്ധിപ്പിക്കാൻ കഠിനമായി ശ്രമിക്കേണ്ടി വരും. ആർക്കു വേണ്ടിയും കണക്കിലധികം പണം ചെലവാക്കുന്നത് ബുദ്ധിയല്ല. കുടുംബാംഗത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ മൂലം യാത്ര മാറ്റിവയ്ക്കാം. കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കാനാകില്ല. കുട്ടികൾ പഠനത്തിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കുക. വാഹനം മാറ്റി വാങ്ങാൻ കഴിയും. ദിവസവും 41 തവണ വീതം ഓം രാഹവേ നമഃ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ജോലിയിൽ മുന്നേറാനുള്ള ആഗ്രഹം ധാർഷ്ട്യവും അഹങ്കാരവും വർദ്ധിപ്പിക്കും. ഇത് തൊഴിൽ രംഗത്ത് ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കും. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് സൗമ്യത പുലർത്താനും മറ്റുള്ളവർ പറയുന്നത് കേൾക്കാനും ശ്രദ്ധിക്കുക. ഈ സമയം എഞ്ചിനീയറിംഗ്, ഐടി മേഖലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച ഫലങ്ങൾ നേടാൻ കഴിയും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം നില നിൽക്കും. ദിവസവും ലളിതാ സഹസ്രനാമം ജപിക്കുന്നത് ഉത്തമം.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ആരോഗ്യം മികച്ചതായിരിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്താൻ കഴിയും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയും. ചെലവ് ചുരുക്കാൻ സ്വയം ശ്രദ്ധിക്കേണ്ടതാണ്. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ നീങ്ങും. വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം
കാഴ്ചവയ്ക്കാനാകും. ജോലിയിൽ ഉദാസീനത ദോഷം ചെയ്യും. ഓം ശരവണ ഭവഃ 108 തവണ വീതം ജപിക്കുക.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1)
ആരോഗ്യം സാധാരണയേക്കാൾ മികച്ചതായിരിക്കും, അതിനാൽ ചുറുചുറുക്കും ഉന്മേഷവും തോന്നും. അടുത്ത ബന്ധുഗൃഹം സന്ദർശിക്കും. സാമ്പത്തിക അടിത്തറ ശക്തമാകും. വീട്ടിൽ നിന്ന് അകന്ന് നിൽക്കാൻ തോന്നും. ആലോചിക്കും. മാനസിക സമ്മർദ്ദം ജോലിയിലെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും. പങ്കാളി നിങ്ങളുടെ വിശ്വാസ്യത പരിശോധിക്കാൻ ശ്രമം നടത്തും.
കാര്യങ്ങൾ നാളത്തേക്ക് മാറ്റി വെക്കുന്നത് നല്ലതല്ലെന്ന് തിരിച്ചറിയും. ഓം വചത്ഭുവേ നമഃ നിത്യവും ജപിക്കണം.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ബിസിനസ്സ് വിപുലീകരിക്കുന്നതിന് ഏതെങ്കിലും വായ്പ എടുക്കാൻ പദ്ധതിയിടാം. പണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. കുടുംബവും ഒരുമിച്ച് തീർത്ഥയാത്ര പോകാൻ പദ്ധതിയിടും. വികാരങ്ങളുടെ അടിസ്ഥാനത്തിൽ തിടുക്കത്തിൽ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. ദിവസവും 108 തവണ ഓം ഹം ഹനുമാതേ നമഃ ജപിക്കുക.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ആരോഗ്യം മെച്ചപ്പെടുത്താൻ നിരന്തരം ദിനചര്യയിൽ മാറ്റങ്ങൾ വരുത്തും. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടും. കുടുംബാംഗങ്ങളും ജീവിത പങ്കാളിയും പ്രതിസന്ധി സമയത്ത് നിങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകും. കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം കാരണം ചില ജോലികൾ തടസ്സപ്പെടാം. ജോലിയോടുള്ള സമർപ്പണ മനോഭാവം തിരിച്ചറിയും. നിരവധി പ്രമുഖരെ കണ്ടുമുട്ടും. പ്രശസ്തിയും വരുമാനവും വർദ്ധിക്കും.
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കണം.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് പുറത്തുവരാൻ കഴിയും. മാനസിക പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം ലഭിക്കും. കുടുംബത്തിൽ ഐക്യം കൊണ്ടു വരാനായി, ജീവതപങ്കാളി സഹായിക്കും. ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ വില പിടിപ്പുള്ള സമ്മാനം ലഭിക്കാനുള്ള ഭാഗ്യം കാണുന്നു. ജോലിയും അധിക ഉത്തരവാദിത്തങ്ങളും മൂലം തിരക്ക് വർദ്ധിക്കും. ചില തെറ്റുകൾ വരുത്തുന്നത് ജോലിയെ പ്രതികൂലമായി ബാധിക്കും. ഓം ക്ലീം കൃഷ്ണായ നമഃ 108 ഉരു ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
- 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved