Wednesday, 13 Nov 2024
AstroG.in

ഏകാദശി, പ്രദോഷം, മണ്ഡലകാല ആരംഭം പൗർണ്ണമി; ഈ ആഴ്ചത്തെ നക്ഷത്രഫലം

( 2024 നവംബർ 10 – 16 )
ജ്യോതിഷരത്നം വേണുമഹാദേവ്
2024 നവംബർ 10 ന് അവിട്ടം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
ഏകാദശി, പ്രദോഷം, തുളസീ വിവാഹപൂജാ അവസാനം, പൗർണ്ണമി വ്രതം, ശബരിമല മണ്ഡലകാല ആരംഭം, വൃശ്ചിക സംക്രമം എന്നിവയാണ്. ആഷാഢത്തിലെ ശുക്ലപക്ഷ ഏകാദശി നാളിൽ തുടങ്ങിയ ചാതുർമാസ്യ കാലം അവസാനിക്കുന്ന പുണ്യ ദിനമായ കാർത്തിക മാസത്തിലെ ഉത്ഥാന ഏകാദശി നവംബർ 12 നാണ്. പ്രബോധിനി എകാദശി എന്നും ഈ ദിനം അറിയപ്പെടുന്നു. നാലു മാസത്തെ നിദ്രയിൽ നിന്ന് ശ്രീ മഹാവിഷ്ണു ഉറക്കമുണരുന്ന ഉത്ഥാനഏകാദശി നോറ്റാൽ പാപദുരിത ശാന്തിയും ആഗ്രഹസിദ്ധിയും ഉണ്ടാകും. നവംബർ 12 പകൽ 10:42 മുതൽ രാത്രി 9:16 വരെയാണ് ഹരിവാസരവേള. തുലാമാസത്തിലെ ശുക്ലപക്ഷ പ്രദോഷവും തുളസീ പൂജാ അവസാനവും നവംബർ
13 നാണ്. ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന
ദിവസമാണ് ശിവപാർവതീ പ്രീതി നേടാൻ ഉത്തമമായ പ്രദോഷ വ്രതം ആചരിക്കുക. ഇത് പ്രകാരം നവംബർ
13 ബുധനാഴ്ച സന്ധ്യയ്ക്കാണ് പ്രദോഷം. ശ്രീകൃഷ്ണനും ലക്ഷ്മീ ദേവിയുടെ അവതാരമായ തുളസിദേവിയും വിവാഹിതരായ സുദിനം എന്ന സങ്കല്പത്തിലാണ് കാർത്തിക മാസത്തിലെ ദ്വാദശിയിൽ തുളസി വിവാഹം ആഘോഷിക്കുന്നത്. ബുധനാഴ്ച രാവിലെ ദശമിയായതിനാൽ അന്നാണ് തുളസീ വിവാഹപൂജാ അവസാനം. നവംബർ 15 നാണ് പൗർണ്ണമി. കാർത്തിക മാസത്തിലെ പൗർണ്ണമി വരുന്ന ദിവസമാണ് പൗർണ്ണമി വ്രതവും ചിലർ ഉമാമഹേശ്വര വ്രതവും ആചരിക്കുന്നത്. നവംബർ 16 ശനിയാഴ്ചയാണ് ശബരിമല മണ്ഡലകാലം
ആരംഭിക്കുന്നത്. അന്ന് രാവിലെ 7:31 മണിക്കാണ്
വൃശ്ചിക സംക്രമം. ഓച്ചിറ 12 വിളക്ക് ആരംഭവും അന്നാണ്. മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി
തലേന്ന് വൈകിട്ട് ശബരിമല നട തുറക്കുമ്പോൾ പുതിയ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരിയുടെ അഭിഷേകം നടക്കും. അന്ന് സ്ഥാനമേൽക്കുന്ന അദ്ദേഹം പിറ്റേന്ന് വൃശ്ചികപ്പുലരിയിൽ ശബരിമല നട തുറക്കുന്നതോടെ മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിക്കും. ശനിദോഷം അനുഭവിക്കുന്നവർക്ക് അതിൽ നിന്നും മുക്തി നേടാൻ ഏറ്റവും ഉത്തമമാണ് മണ്ഡല മകരവിളക്ക് കാലത്തെ ശബരിമല ദർശനവും അയ്യപ്പ ഉപാസനയും മറ്റ് അനുഷ്ഠാനങ്ങളും. നവംബർ 16 ന് ഇടവക്കൂറിൽ രോഹിണി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:


മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാം. ജോലിയിൽ
ഏകാഗ്രത നിലനിർത്തുന്നതിന് ബുദ്ധിമുട്ടായിരിക്കും.
സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഠിനമായി
ശ്രമിക്കും. ദേഷ്യം നിയന്ത്രിക്കണം. ജീവിതപങ്കാളിയോട്
കലഹത്തിനും തർക്കങ്ങൾക്കും പോകരുത്. പരസ്പര ധാരണയോടെ എല്ലാ ബുദ്ധിമുട്ടുകളും പരിഹരിക്കാൻ ശ്രമിക്കണം. പൂർത്തീകരിക്കാത്ത ജോലി തീർക്കും.
നിത്യേന ഓം നമഃ ശിവായ 108 തവണ വീതം ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
സാമ്പത്തികമായ നേട്ടങ്ങളുടെ കാര്യത്തിൽ, സമയം പതിവിലും മികച്ചതായിരിക്കും. അവസരങ്ങൾ ശരിയായി ഉപയോഗപ്പെടുത്തും. അമിത ജോലിഭാരം കുടുംബത്തിൽ സന്തോഷം നഷ്‌ടപ്പെടുത്തും. ഔദ്യോഗിക രംഗത്ത് ഏറെ
പ്രധാന സമയമാണിത്. നിരവധി നേട്ടങ്ങൾ ഉണ്ടാക്കും.
മാനസിക സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാൻ കഴിയും. ദാമ്പത്യ / പ്രണയ ജീവിതത്തിൽ സന്തോഷം നിറയും. ലളിതാ സഹസ്രനാമം ദിവസവും ജപിക്കുന്നത് നല്ലത്.

മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ചെലവുകൾ നിയന്ത്രിക്കേണ്ടതാണ്. സാമ്പത്തിക പരിമിതികൾ കാരണം ചില കാര്യങ്ങൾ മാറ്റി വയ്ക്കാൻ
നിർബന്ധിതമാകും. ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ കാണിക്കും. വ്യാപാരികൾക്ക് ധാരാളം ഭാഗ്യമുണ്ടാകും.
കുടുംബത്തിൽ ഐക്യം ഉണ്ടാകും. അവിവാഹിതർക്ക് കുടുംബാംഗങ്ങളുടെ സഹായത്താൽ മനസ്സിനിണങ്ങിയ ഒരു വ്യക്തിയെ കണ്ടുമുട്ടാൻ അവസരം ലഭിക്കും. വിദേശ യാത്രയ്ക്ക് കൂടുതൽ കാത്തിരിക്കേണ്ടി വരും. നിത്യേന ഓം ഗം ഗണപതയേ നമഃ 108 വീതം ജപിക്കണം.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
ജോലിയിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സാധ്യതയുണ്ട്. മാനസിക സമ്മർദ്ദം അനുഭവപ്പെടും.
ശുഭപ്രതീക്ഷയോടെ പരിശ്രമം തുടരണം. പണത്തിന്റെ ആവശ്യകത കൂടുതലായി ഉണ്ടാകും. ചിലരുടെ വീട്ടിൽ സന്താനഭാഗ്യം സിദ്ധിക്കും. ഇത് ആഘോഷത്തിന്റെ
അന്തരീക്ഷം സമ്മാനിക്കും. രഹസ്യങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക. വിദ്യാർത്ഥികൾ അലസത ഉപേക്ഷിക്കുക.
നിത്യേന ഓം ദും ദുർഗ്ലായൈ നമഃ 108 വീതം ജപിക്കണം.


ചിങ്ങക്കൂറ്
( മകം, പൂരം , ഉത്രം 1 )
സന്തോഷകരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കും.
ചെലവ് വർദ്ധിക്കും. തീരുമാനങ്ങൾ എടുക്കാൻ
ബുദ്ധിമുട്ടും. കഴിവിനേക്കാൾ കൂടുതൽ വാഗ്ദാനം ചെയ്യുന്നത് ഒഴിവാക്കും.സഹപ്രവർത്തകരുമായുള്ള
ബന്ധം മെച്ചപ്പെടുത്താൻ കഴിയും. തർക്കങ്ങളെല്ലാം പരിഹരിക്കും. പങ്കാളിയിൽ നിന്ന് അകന്നുപോയതിൽ സങ്കടം തോന്നും. ശമ്പളവർദ്ധനവിന് സാധ്യത കൂടും.
ജീവിതം ആസ്വദിക്കാൻ ചില അവസരങ്ങൾ ലഭിക്കും.
നിത്യവും ഓം നമോ നാരായണായ 108 ഉരു ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4 , അത്തം, ചിത്തിര 1 , 2 )
മാനസിക സമ്മർദ്ദങ്ങൾ ഒഴിയും. ബിസിനസിൽ നല്ല ലാഭമുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ഭൂമി, സ്വർണ്ണം തുടങ്ങിയ കാര്യങ്ങളിൽ നിക്ഷേപം നടത്തി ഭാവി സുരക്ഷിതമാക്കാൻ കഴിയും. അമ്മയുടെ ആരോഗ്യം
മെച്ചമാകുന്നത് ഉത്കണ്ഠ മാറ്റും. മംഗള കർമ്മങ്ങളിൽ
പങ്കെടുക്കും. പങ്കാളിയുമായി ഉണ്ടായിരുന്ന തർക്കങ്ങൾ
പൂർണ്ണമായും ഇല്ലാതാകും. ജോലിസ്ഥലത്തെ പ്രശ്നം
പരിഹരിക്കുന്നതിന് സ്വാധീനവും ഉപയോഗിക്കേണ്ടി
വരും. ഓം ശരവണ ഭവ: 108 വീതം എന്നും ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
സർക്കാരിൽ നിന്ന് ആനുകൂല്യങ്ങളും പ്രതിഫലവും ലഭിക്കാൻ സാധ്യതയുണ്ട്. ധനസ്ഥിതി മെച്ചപ്പെടുത്താൻ കഴിയും. കച്ചവടത്തിൽ നല്ല ലാഭം പ്രതീക്ഷിക്കാം. ആവശ്യമുള്ള സന്ദർഭങ്ങളിൽ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ ലഭിക്കും. പങ്കാളിയോട് മനസ്സ് തുറന്ന് ആശയവിനിമയം നടത്താൻ കഴിയും. മധുരവുമുള്ള വാക്കുകൾ പ്രസാദിപ്പിക്കും. ബിസിനസ്സ് വിപുലീകരിക്കാനും വ്യാപിപ്പിക്കുന്നതിനും സാധിക്കും.
ഓം ശ്രീം നമഃ ദിവസവും 108 തവണ വീതം ജപിക്കുക.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
പല കാര്യങ്ങൾക്ക് സമയം ചെലവഴിക്കുന്നതിന് പകരം, ആവശ്യമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്താൻ സമയം വളരെ നല്ലതാണ്. കുടുംബത്തിലെ ഒരംഗത്തിൻ്റെ സങ്കടത്തിന് പരിഹാരം കാണാൻ സാധിക്കും. സ്വന്തം
മനസ്സിലുള്ള കാര്യം പ്രിയപ്പെട്ടവരോട് പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടും. സമൂഹത്തിലും കുടുംബത്തിലും ആദരവ് ലഭിക്കും. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.


ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സമൂഹത്തിൽ സ്ഥാനമാനങ്ങൾ ലഭിക്കും. സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് നിരവധി പുതിയ അവസരങ്ങൾ
ലഭിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകും. പ്രധാന തീരുമാനങ്ങൾ എടുക്കാൻ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കും. ചിലർ ആഭരണം, ഗൃഹോപകരണങ്ങൾ വാങ്ങും. വികാരം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അശ്രദ്ധ കാരണം ജോലിയിൽ ചില പ്രശ്നങ്ങളുണ്ടാകും. ഓം നമോ നാരായണായ ജപിക്കുക.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ഉദരരോഗങ്ങൾ, സന്ധിവേദന തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിച്ചിരുന്നവർക്ക് ആശ്വാസം ലഭിക്കും. മാനസിക പിരിമുറുക്കം വർദ്ധിക്കും. പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. ചുറ്റുമുള്ള ആളുകളിൽ നിന്ന് പ്രോത്സാഹനം ലഭിക്കും. അരോടും പരുഷമായി പെരുമാറാതിരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പുറത്തുള്ളവരോട് കുടുംബകാര്യം സംസാരിക്കുന്നത് പ്രിയപ്പെട്ട വ്യക്തിയെ വിഷമിപ്പിക്കും. നിത്യവും 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കണം.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുട്ടാതി 1, 2, 3 )
പണം സമ്പാദിക്കാൻ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തും.
രക്തസമ്മർദ്ദം, പ്രമേഹം എന്നിവയുള്ളവർ ആരോഗ്യം
പ്രത്യേകം ശ്രദ്ധിക്കണം. കുടുംബജീവിതത്തിലെ എല്ലാ
പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും. നല്ല ഗൃഹാന്തരീക്ഷം സംജാതമാകും. പങ്കാളിയുമായി വളരെക്കാലമായി നിലനിന്ന തർക്കം പരിഹരിക്കാൻ കഴിയും. ജോലിയിൽ മുന്നേറ്റത്തിന് അവസരം ലഭിക്കും. ഒരു കാര്യവും നാളത്തേക്ക് മാറ്റിവയ്ക്കരുത്. യാത്രകൾ ഒഴിവാക്കും. ഓം ഭദ്രകാള്യൈ നമഃ നിത്യവും ജപിക്കുക.

മീനക്കൂറ്
(പൂരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
സാമ്പത്തികമായി ഉയർച്ച ഉണ്ടാകും. കച്ചവടക്കാർക്ക്
വലിയ ലാഭമുണ്ടാക്കാൻ കഴിയും. അടുത്തിടപഴകുന്ന ചിലർ സ്വകാര്യ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ആലോചിക്കാതെ പറയുന്ന കാര്യങ്ങൾ കൂടുതൽ വിമർശനത്തിന് വഴിവയ്ക്കും. ഒരു പക്ഷെ അതിൻ്റെ പേരിൽ ലജ്ജിക്കേണ്ടിയും വരാം. ഒരു കാര്യത്തിലും എടുത്ത് ചാടാതിരിക്കണം. ജോലികൾ പൂർത്തിയാക്കാൻ കഴിയും. പ്രമോഷൻ ഉറപ്പാക്കും. വാഹനം മാറ്റി വാങ്ങും. ദിവസവും 108 തവണ ഓം നമഃ ശിവായ ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!