ഷഷ്ഠി വ്രതം, സ്വർഗ്ഗവാതിൽ ഏകാദശി, പ്രദോഷം; ഈ ആഴ്ചയിലെ നക്ഷത്ര ഫലം
(2025 ജനുവരി 5 – 11 )
ജ്യോതിഷരത്നം വേണു മഹാദേവ്
ധനുമാസത്തിലെ ഷഷ്ഠി വ്രതം, വെളുത്തപക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശി, പ്രദോഷം എന്നിവയാണ് 2025 ജനുവരി 5 ന് പൂരുരുട്ടാതി നക്ഷത്രത്തിൽ തുടങ്ങി ജനുവരി 11 ന് മകയിരം നക്ഷത്രത്തിൽ അവസാനിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ജനുവരി 5 ഞായറാഴ്ചയാണ് ധനുമാസത്തിലെ ഷഷ്ഠി വ്രതം. ജനുവരി 10 വെള്ളിയാഴ്ചയാണ് ഏകാദശികളിൽ ഏറെ ശ്രേഷ്ഠമായ ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശി. ഇത് വൈകുണ്o ഏകാദശി, മോക്ഷദാഏകാദശി, സ്വർഗ്ഗവാതിൽ ഏകാദശി തുടങ്ങിയ പുണ്യനാമങ്ങളിലും അറിയപ്പെടുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുക, വിഷ്ണുക്ഷേത്രദർശനം നടത്തുക എന്നിവയൊക്കെ അതീവ ശ്രേഷ്ഠമാണ്. ഈ ദിവസം വ്രതമെടുത്ത് വിഷ്ണുക്ഷേത്രത്തിന്റെ ഒരു നടയിലൂടെ പ്രവേശിച്ച് ഭഗവദ്ദർശനം, സ്വർഗ്ഗത്തിൽ പ്രവേശിച്ച ഫലം ഉണ്ടാകുമെന്നാണ് വിശ്വാസം. ജനുവരി 11 ശനിയാഴ്ചയാണ് ശിവ പാർവതി പ്രീതികരമായ പ്രദോഷ വ്രതം. ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1 )
സമ്മർദ്ദവും ഉത്കണ്ഠയും നേരിടേണ്ടിവരും. സാമ്പത്തികമായ എല്ലാ ശ്രമത്തിലും വിജയിക്കും. പ്രതികൂല സാഹചര്യങ്ങൾ മുതിർന്ന ആളുകളുടെ സഹായത്തോടെ അതിജീവിക്കാനാകും. പ്രിയപ്പെട്ടവരിൽ നിന്നും എന്തെങ്കിലും നല്ല സമ്മാനം ലഭിക്കാൻ ഭാഗ്യം കാണുന്നു. ഉദ്യോഗാർത്ഥികൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകൾക്കും സമയം നല്ലതായിരിക്കും. കുടുംബത്തിൽ ഐക്യം കൊണ്ടുവരുന്നതിനായി ജീവിതപങ്കാളി സഹായിക്കും. ഓം ശരവണ ഭവ: ദിവസവും 21 ഉരു ജപിക്കണം.
ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2)
അധിക ജോലിഭാരം ആരോഗ്യത്തെ ബാധിക്കും. തിരക്കുള്ള ജീവിതത്തിൽ നിന്ന് കുറച്ച് സമയം വിശ്രമത്തിന് മാറ്റിവയ്ക്കണം. ഭൂമി, റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ മികച്ച ലാഭം പ്രതീക്ഷിക്കാം. ചില കുടുംബാംഗങ്ങളുടെ പെരുമാറ്റം കാരണം അസ്വസ്ഥരാകും. ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കേണ്ടി വരും. പണത്തിന്റെ പ്രാധാന്യം മനസിലാക്കുകയും ആവശ്യമുള്ളത് മാത്രം വാങ്ങാനും ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ മികച്ച വിജയം ലഭിക്കും. ഓം നമോ നാരായണായ നിത്യവും ജപിക്കണം.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. ധനം എല്ലാവിധത്തിലും സൂക്ഷിക്കാൻ കഴിയും. സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കേണ്ടിവരും. ബിസിനസിലും ജോലിയിലും നിങ്ങളുടെ തന്ത്രവും പദ്ധതിയും വിലമതിക്കപ്പെടും. ഏകാന്തത അനുഭവപ്പെടും. കഠിനാധ്വാനത്തിലൂടെ ജോലിയിൽ നേട്ടങ്ങൾ കൈവരിക്കും. ഓം ക്ലീം കൃഷ്ണായ നമഃ നിത്യവും ജപിക്കണം.
കർക്കടകക്കൂറ്
( പുണർതം 4, പൂയം , ആയില്യം )
ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. പ്രകോപനങ്ങൾക്ക് അടിപ്പെടരുത്. ക്ഷമ പാലിക്കണം. വിഷമകരമായ സാഹചര്യങ്ങൾ അതിജീവിക്കും. നഷ്ട സാദ്ധ്യതയുള്ള നിക്ഷേപം ഒഴിവാക്കണം. സ്വാധീനമുള്ള, പ്രധാനപ്പെട്ട ആളുകളുമായി പരിചയം ശക്തമാകും. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് ഒരു നല്ല അവസരമാണിത്. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവുണ്ടാകും. അവിവാഹിതർ പുതിയ ജീവിതം ആരംഭിക്കാൻ ശ്രമം തുടങ്ങും. മേലുദ്യോഗസ്ഥർ അസന്തുഷ്ടരാകും. വിദ്യാഭ്യാസത്തിൽ കൂടുതൽ
ശ്രദ്ധ വേണം. ഓം ഹം ഹനുമാതേ നമഃ 108 തവണ ജപിക്കുക.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
സാമ്പത്തിക കാര്യങ്ങളിൽ ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. എന്നാൽ എന്തെങ്കിലും നിക്ഷേപം നടത്തേണ്ടതുണ്ടെങ്കിൽ, ആദ്യം യാഥാർത്ഥ്യങ്ങൾ വിലയിരുത്തി സൂക്ഷിച്ചു മാത്രം നിക്ഷേപിക്കുക. ആരോഗ്യത്തോടെയിരിക്കാൻ പതിവായി വ്യായാമം ചെയ്യുകയും വേണം. ഔദ്യോഗിക കാര്യങ്ങളിൽ മന:സമ്മർദ്ദത്തിൽ നിന്നും ആശ്വാസം ലഭിക്കും. ജീവിതത്തിലെ ചില നല്ല മാറ്റങ്ങൾ ഉണ്ടാകും. പഴയ ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാനും മെച്ചപ്പെടുത്താനും കഴിയും. കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. ദിവസവും ഓം നമഃ ശിവായ 108 തവണ ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ആരോഗ്യത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും. ചില നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. ഒരു വിരുന്ന് നൽകാൻ പദ്ധതിയിടും. ഒരു കാര്യവും ധിറുതിയിൽ ചെയ്യരുത്. പ്രിയരെ സംശയിക്കുന്നത് ഒഴിവാക്കണം. ജോലിയും അധികമായ ചില ഉത്തരവാദിത്തങ്ങളും മൂലം വളരെ സമ്മർദ്ദത്തിലാകും. സഹതാപവും വിശ്വാസവും വേണ്ട അവസ്ഥയുണ്ടാകും. ചില തെറ്റുകൾ വരുത്തും. അത് ജോലിയെ പ്രതികൂലമായി ബാധിക്കും. മാതാപിതാക്കളുടെ പിൻതുണ എപ്പോഴും ലഭിക്കും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ എന്നും 108 ഉരു ജപിക്കണം.
തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ആരോഗ്യം വളരെ മികച്ചതായിരിക്കും. അനാവശ്യമായ ആശങ്കകൾ സൃഷ്ടിക്കുന്ന ആളുകളുമായി കൂടുതൽ ഇടപഴകുന്നത് ഒഴിവാക്കും മാനസികാരോഗ്യം വളരെ മികച്ചതായിരിക്കും. കുറഞ്ഞ അദ്ധ്വാനത്തിലൂടെ പണം ലഭിക്കും. കുടുംബജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. ഒരു പുതിയ ബിസിനസ് പ്രോജക്റ്റുകളും പങ്കാളിത്ത ബിസിനസും ആരംഭിക്കുന്നത് ഒഴിവാക്കണം. വാടകവീട് ഒഴിഞ്ഞ് സ്വന്തം വീട്ടിൽ താമസിക്കുന്നതിന് കഴിക്കും. ലളിതാ സഹസ്രനാമം ദിവസവും ജപിക്കുക.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
എല്ലാ മാനസിക സമ്മർദ്ദങ്ങളെയും മറികടന്ന് വീട്ടിലും ജോലിസ്ഥലത്തും സന്തോഷകരമായി നിലകൊള്ളും. ആർക്കും പണം കടം കൊടുക്കുകയോ ആരിൽ നിന്നും പണം കടം വാങ്ങുകയോ പാടില്ല. കുടുംബജീവിതത്തിൽ പരുഷസ്വഭാവം നിയന്ത്രിക്കണം. ഔദ്യോഗികമായി ഭാഗ്യം പൂർണ്ണമായും പിന്തുണയ്ക്കും, അതിനാൽ ജോലികൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ കഴിയും. പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. ഓം ശ്രീം നമഃ ജപിക്കണം.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1)
ദിനചര്യയിൽ മാറ്റങ്ങൾ വരുത്തി പതിവായി വ്യായാമം ചെയ്ത് ആരോഗ്യം നിലനിർത്താൻ ശ്രമിക്കും. ധാരാളം പണം സമ്പാദിക്കാൻ കഴിയും. പുതിയ അവസരങ്ങൾ തുറന്നു കിട്ടും. വികാരങ്ങൾ മറയ്ക്കുന്നതിനു പകരം, അത് അർഹരായവർക്ക് മുന്നിൽ പ്രകടിപ്പിക്കാൻ ശ്രമിക്കും. സന്താനങ്ങളെ പ്രശംസിക്കും. സുഹൃത്തിന്റെ സഹായത്തോടെ കുഴഞ്ഞുമറിഞ്ഞ പ്രശ്നത്തിന് ഒരു പരിഹാരം കാണും. വിദേശയാത്ര പോകാൻ സാധിക്കും. ഓം നമോ നാരായണായ നിത്യവും 108 ഉരു ജപിക്കണം.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ധനപരമായ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പൂർണ്ണമായും
അത് നീക്കം ചെയ്യാൻ കഴിയും. മുതിർന്ന വ്യക്തികളുടെ സഹായം നേടാൻ ലഭിക്കും. കലാരംഗത്തുള്ള ചിലർക്ക്
നിരവധി പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിയിൽ ബുദ്ധിമുട്ടുകൾ അനായാസം
തരണം ചെയ്യാൻ കഴിയും. ഒരു പ്രമാണം അഥവാ രേഖ കാരണം കഠിനാധ്വാനം വെള്ളത്തിലാകും. വിദേശത്ത് പഠിക്കാൻ ശ്രമിക്കുന്നവർക്ക് കാത്തിരിക്കേണ്ടി വരും. നിത്യേന 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവരില്ല, നല്ല വരുമാനം ലഭിക്കും. ദീർഘകാല നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് വീട്ടിലെ മുതിർന്നവരോട് ആലോചിക്കണം. കുടുംബത്തിലെ ഉത്തരവാദിത്ത്വം ഏറ്റെടുക്കേണ്ടി വരും. ജോലിസ്ഥലത്ത് എല്ലാം വരുന്നിടത്ത് വച്ച് കാണാം എന്ന മനോഭാവം നിങ്ങളുടെ മേലുദ്യോഗസ്ഥരെ പ്രകോപിപ്പിക്കും. വിദ്യാഭ്യാസ രംഗത്ത് വരുന്ന എല്ലാത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും. യാത്ര ഒഴിവാക്കാൻ കഴിയില്ല. വിദേശത്ത് മികച്ച ജോലിക്ക് സാധ്യത. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ വീതം ജപിക്കണം.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
വിവിധ സ്രോതസ്സുകളിൽ നിന്നും പണം ലഭിക്കും. മികച്ച നിക്ഷേപങ്ങൾ നടത്തും. ദീർഘകാല നിക്ഷേപങ്ങൾക്ക് ഭാവിയിൽ ശുഭകരമായ ഫലങ്ങൾ ലഭിക്കും. അവസരം ഭംഗിയായി ഉപയോഗിച്ച് കാര്യങ്ങൾ സാധിക്കും. ചെറിയ ആരോഗ്യപ്രശ്നങ്ങളൊഴികെ കാര്യമായ രോഗത്തിനുള്ള സാധ്യത കാണുന്നില്ല. വിദ്യാർത്ഥികൾ സൃഷ്ടിപരമായ കാര്യങ്ങൾ ചെയ്യും. കലാ, സാഹിത്യ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിക്കും. ഓം ക്ലീം കൃഷ്ണാ നമഃ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved