Tuesday, 28 Jan 2025
AstroG.in

ഷഡ് തില ഏകാദശി ശനിയാഴ്ച; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2025 ജനുവരി 19 – 25 )

ജ്യോതിഷരത്നം വേണു മഹാദേവ്
2025 ജനുവരി 19 ന് കന്നിക്കൂറ് ഉത്രം നക്ഷത്രം മൂന്നാം പാദത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷം ഷഡ് തില ഏകാദശിയാണ്. സമ്പദ് സമൃദ്ധി, പാപമോചനം എന്നിവ നേടാൻ ഉത്തമമായ ഈ ഏകാദശി ജനുവരി 25 ശനിയാഴ്ചയാണ്. അന്ന് പകൽ 2:11 മണിക്ക് ഹരിവാസരം ആരംഭിക്കും. ശനിയാഴ്ച രാത്രി 2:34 വരെ ഹരിവാസരമാണ്. ഈ സമയത്ത് ഉണ്ണാതെ, ഉറങ്ങാതെ വിഷ്ണു നാമമന്ത്രജപവും പ്രാർത്ഥനകളും നടത്തണം. ഈ ആഴ്ച മറ്റ് പ്രധാന വിശേഷങ്ങൾ ഒന്നും തന്നെയില്ല. വാരം അന്ന് വൃശ്ചികക്കൂറിൽ തൃക്കേട്ട നക്ഷത്രത്തിൽ അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം :

മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1 )
സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. സങ്കീർണമായ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടാൻ ജീവിത പങ്കാളി ഏറെ
സഹായിക്കും. ഊർജ്ജസ്വലരായിരിക്കും. ജോലിഭാരം പ്രകോപനങ്ങൾക്ക് കാരണമായേക്കാം. അത്മധൈര്യം
വർദ്ധിക്കും. പഴയ പരിചയക്കാരെ കണ്ടുമുട്ടും. അവരിൽ നിന്നും പുതിയതും പ്രധാനപ്പെട്ടതുമായ ചില വിവരങ്ങൾ കേൾക്കും. അർപ്പണബോധവും കഠിനാദ്ധ്വാനവും വഴി ആളുകൾ ശ്രദ്ധിക്കും. നല്ല സമീപനത്തിലൂടെ ശത്രുക്കളും
മിത്രങ്ങളാകും. ഓം ശരവണ ഭവഃ 108 തവണ ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2 , 3 , 4 , രോഹിണി, മകയിരം 1, 2 )
ആരോഗ്യം മികച്ചതായിരിക്കും. അതിനാൽ ഉന്മേഷം തോന്നും. ജീവിതം ആസ്വദിക്കും. എന്തെങ്കിലും നിക്ഷേപം നടത്തുകയാണെങ്കിൽ സാമ്പത്തിക നഷ്ടം ഉണ്ടാകും. മറ്റുള്ളവരുടെ നിർദേശപ്രകാരം പണം എവിടെയെങ്കിലും നിക്ഷേപിക്കാതെ വിവേകപൂർവം തീരുമാനം എടുക്കുക. ബന്ധുക്കൾ വീട് സന്ദർശിക്കും. സഹപ്രവർത്തകരുടെ പിന്തുണ നേടുന്നത് വഴി ജോലികൾ പൂർത്തിയാക്കാൻ കഴിയും. വിദേശത്ത് പോകാൻ കാത്തിരിക്കേണ്ടി വരും.
ലളിത സഹസ്രനാമം ദിവസവും ജപിക്കുന്നത് നല്ലതാണ്.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
സാമ്പത്തികമായി സമയം വളരെ നല്ലതായിരിക്കും. ഈ കാലയളവിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനും സ്വത്ത് സമ്പാദിക്കുന്നതിനും ധാരാളം അവസരങ്ങൾ ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആരെയും വാക്ക് കൊണ്ട് പോലും ഉപദ്രവിക്കരുത്. തർക്കങ്ങൾ ഒഴിവാക്കണം. പ്രതിച്ഛായ മോശമാകാതെ നോക്കണം. ജോലിസ്ഥലത്ത് തടസ്സങ്ങൾ ഒഴിവായിക്കിട്ടും. മനോവീര്യം വർദ്ധിപ്പിക്കാൻ സാധിക്കും.
നിത്യവും ഓം ഭദ്രകാള്യൈ നമഃ 108 തവണ ജപിക്കണം.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
ജോലിത്തിരക്ക് കുറയും. വിശ്രമിക്കാൻ ഒഴിവ് സമയം ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും. പുതുമ നിലനിർത്താനാകും. സാമ്പത്തികമായി നേട്ടങ്ങൾ കൈവരിക്കും. ഭൂമി, ഗൃഹം സംബന്ധമായ
വ്യവഹാരങ്ങളിൽ വിജയം നേടാനാകും. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഔദ്യോഗിക സമ്മർദ്ദങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. ഗൃഹത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകും. ജീവിതപങ്കാളിയും അമ്മയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന തർക്കങ്ങൾ ശമിക്കും. ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ജപിക്കുക.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
പണത്തിന്റെ ആവശ്യകത ധാരാളമായി ഉണ്ടാകും, എന്നാൽ മുൻപ് അനാവശ്യമായി പണം ചെലവാക്കിയത്
കാരണം പല കാര്യങ്ങളും നിറവേറ്റാൻ കഴിയാതെ വരും. അമിതഭക്ഷണത്തോടുള്ള അവേശം നിയന്ത്രിക്കണം.
ചെറുകിട സംരംഭകർക്ക് ഉദ്യോഗസ്ഥരുടെ ശരിയായ പിന്തുണ ലഭിക്കാത്തത് നഷ്ടങ്ങൾക്ക് വഴിവെയ്ക്കും. കഠിനാദ്ധ്വാനം പുരോഗതിക്ക് വളരെ സഹായമാകും. വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ സമ്മർദ്ദത്തോടൊപ്പം
ആത്മവിശ്വാസക്കുറവും നേരിടും. നിത്യേന 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ആരോഗ്യം വളരെ മികച്ചതായിരിക്കും. അനാവശ്യമായ ആശങ്കകൾ സൃഷ്ടിക്കുന്ന ആളുകളുമായി കൂടുതൽ ഇടപഴകാൻ ഇഷ്ടപ്പെടില്ല. എല്ലാ സംരംഭങ്ങളിലും ഏതൊരു ശ്രമങ്ങളിലും മികച്ച വിജയം കൈവരിക്കാൻ കഴിയും. ഉത്കണ്ഠ പൂർണ്ണമായും ഒഴിയില്ല. സ്വന്തം സുഖം സന്തോഷം എന്നിവയെക്കാൾ കുടുംബാംഗങ്ങളുടെ ചില ആവശ്യങ്ങൾക്ക് മുൻ‌ഗണന നൽകും. വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. ഓം ഗം ഗണപതയേ നമഃ നിത്യേന 108 തവണ ജപിക്കുക.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2 , 3)
കുടുംബപ്രശ്‌നങ്ങൾ ഒഴിവാക്കാൻ കഴിയും. വരവിൽ കൂടുതൽ പണം ചെലവഴിക്കും. കുടുംബത്തിലെ മറ്റ് അംഗങ്ങളുമായും കുട്ടികളുമായും സംസാരിക്കുമ്പോൾ സംയമനം പാലിക്കേണ്ടതാണ്. അവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഭാഗ്യവും ഈശ്വരാധീനവും വർദ്ധിക്കും. ജോലിയിൽ മികച്ച വിജയം ലഭിക്കും. അഭൂതപൂർവ്വമായ ചില വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അഭിമുഖീകരിക്കാനും പുരോഗതി കൈവരിക്കാനും കഴിയും. പരീക്ഷകളിൽ വിജയം നേടും.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
സാമ്പത്തിക പുരോഗതി ഉണ്ടാകും. ആഗ്രഹിക്കുന്ന ഗാർഹിക സാമാഗ്രികൾ വാങ്ങുന്നത് എളുപ്പമായിരിക്കും. കുടുംബാംഗങ്ങൾ സന്തുഷ്ടരാകും. വൈകാരികമായ പ്രതികരണങ്ങൾ ഒഴിവാക്കണം. വിനോദയാത്രയ്ക്ക് പദ്ധതിയിടും. ജോലിയിലെ പുരോഗതി കൈവരിക്കാൻ സാധിക്കും. ക്ഷമ പാലിക്കണം. തിടുക്കത്തിൽ യാതൊരു തീരുമാനവും എടുക്കരുത്. വിജയത്തിന്റെ ലഹരി മനസ്സിൽ ആധിപത്യം സ്ഥാപിക്കാതിരിക്കാൻ നോക്കണം.
ഓം ദും ദുർഗ്ഗായൈ നമഃ നിത്യേന 108 ഉരു ജപിക്കുക.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ഒരു കുടുംബാംഗത്തിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ മൂലം, അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാനാകും. ഉറപ്പില്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാണ് നല്ലത്. അത്യാഗ്രഹം കാരണം നിയമവിരുദ്ധമായ നിക്ഷേപങ്ങളിൽ കുടുങ്ങി അബദ്ധത്തിൽ അകപ്പെടരുത്. എല്ലാ കാര്യത്തിലും നല്ല ജാഗ്രത പാലിക്കുക. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങളിൽ ചെന്ന് ചാടാൻ സാധ്യത കാണുന്നു. സഹപ്രവർത്തകർ
നിങ്ങൾക്കെതിരായി നീക്കങ്ങൾ ആരംഭിക്കാനിടയുണ്ട്. ഓം നമോ നാരായണായ നിത്യവും 108 ഉരു ജപിക്കണം.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ആത്മവിശ്വാസവും കാര്യക്ഷമതയും വർദ്ധിക്കുന്നതിന് സാദ്ധ്യതയുണ്ട്. വളരെക്കാലമായി മാറ്റിവയ്ക്കുന്ന ചില ജോലികൾ പൂർത്തിയാക്കാൻ കഴിയും. സാമ്പത്തിക സ്ഥിതി ഭദ്രമാക്കുന്നതിന് വിശ്വസ്തരായ ആളുകളുടെ ഉപദേശം തേടും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കും അനുഭവത്തിൽ നിന്ന് പഠിക്കും. ശാരീരിക ശുചിത്വം പരിപാലിക്കുന്നത് ഉറപ്പാക്കണം. ജോലിയിൽ കഴിവുകൾ തെളിയിക്കും. മത്സരപരീക്ഷയിൽ വിജയം നേടാൻ നിങ്ങൾക്ക് കഴിയും. ഏകാഗ്രത പാലിക്കണം. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കണം.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
കാൽ വേദന, ഉളുക്ക്, സന്ധി വേദന എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.
വിവാഹസംബന്ധമായ തീരുമാനം എടുക്കാൻ പറ്റിയ സമയമല്ലിത്. അങ്ങനെ ചെയ്യുന്നത് അൽപ്പം വിപരീത ഫലങ്ങൾ നൽകും. ചില തീരുമാനങ്ങൾ ഏതെങ്കിലും തർക്കത്തിലേക്ക് നയിക്കാം. കരാറുകൾ ശ്രദ്ധാപൂർവം
വായിച്ച ശേഷം ഒപ്പിടണം. ഭൂമി, വാഹനം വാങ്ങാൻ നല്ല സമയമാണ്. സഹപ്രവർത്തകരുടെ പെരുമാറ്റം നിങ്ങളെ
അസ്വസ്ഥരാക്കും. അത് പ്രകടനത്തെയും വേഗതയെയും ബാധിക്കുമെന്ന് ഭയപ്പെടുകയും ചെയ്യും. നെഗറ്റീവ് ചിന്ത
പാടില്ല. ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കണം.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ഭക്ഷ്യവിഷബാധ, വയറുവേദന, ദഹനക്കേട്, വായുകോപം മുതലായവ നേരിടേണ്ടിവരും. അതിനാൽ അമിതമായ
ഭക്ഷണവും പുറത്തുനിന്നുള്ള ആഹാരവും കഴിയുന്നത്ര ഒഴിവാക്കണം. ബന്ധുവിൽ നിന്ന് കടം വാങ്ങിയ പണം ഈ ആഴ്ച തിരികെ നൽകേണ്ടിവരും. ഇതുമൂലം നിങ്ങളുടെ സാമ്പത്തിക സമ്മർദ്ദം വർധിക്കും. കുടുംബപരമായ എല്ലാത്തരം പ്രശ്നങ്ങളിൽ നിന്നും മോചിപ്പിക്കപ്പെടും. നെഗറ്റീവ് സമീപനം ദോഷം ചെയ്യും. സഹപ്രവർത്തകരെ
ഇത് എതിരാക്കും. വിദ്യാർത്ഥികൾ‌ മത്സരപരീക്ഷയിൽ‌ മികച്ച പ്രകടനം കാഴ്ചവച്ചു വിജയം കൈവരിക്കും.
എന്നും ഓം നമോ നാരായണായ 108 വീതം ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!