ഏകാദശി, പ്രദോഷം, അമാവാസി; ഈ ആഴ്ചയിലെ നക്ഷത്രഫലം

( 2025 മാർച്ച് 23 – 29 )
ജ്യോതിഷരത്നം വേണു മഹാദേവ്
ഏകാദശി, പ്രദോഷം, അമാവാസി എന്നിവയാണ് 2025 മാർച്ച് 23 ന് പൂരാടം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ വിശേഷങ്ങൾ. 25 ചൊവ്വാഴ്ചയാണ് മീനത്തിലെ കറുത്തപക്ഷ ഏകാദശി. പാപമോചിനി ഏകാദശി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഹിന്ദു പഞ്ചാംഗ പ്രകാരം 24 ഏകാദശികളിൽ അവസാനം ആചരിക്കുന്ന ഏകാദശിയാണിത്. ഇതിന് തിങ്കളാഴ്ച ദ്വാദശി നാളിൽ ഒരിക്കലെടുത്ത് വ്രതം തുടങ്ങണം. 25 ന് രാത്രി 10:04 മുതൽ 26 ന് രാവിലെ 9:13 വരെയാണ് ഹരിവാസര വേള. ഈ സമയത്ത് അന്നപാനാദികൾ ഉപേക്ഷിച്ച് വിഷ്ണു ഭജന നടത്തുന്നത് പാപങ്ങളിൽ നിന്നും മോചനം നേടാനും കാര്യസിദ്ധിക്കും ഉത്തമമാണ്. മാർച്ച് 27 നാണ് കൃഷ്ണപക്ഷ പ്രദോഷം. അന്ന് വ്രതം നോറ്റ് സന്ധ്യയ്ക്ക് പ്രദോഷപൂജയിൽ പങ്കെടുക്കുന്നത് ശിവപാർവതിമാരുടെ മാത്രമല്ല സകല ദേവതകളുടെയും അനുഗ്രഹം നേടാൻ ഉത്തമാണ്. മാർച്ച് 29 നാണ് അമാവാസി. പിതൃപ്രീതിക്ക് ഉത്തമാണ് അമാവാസി വ്രതാചരണം. അന്ന് രേവതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കാണുന്നില്ല. യാത്ര ഗുണം ചെയ്യും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. സുഖസൗകര്യങ്ങൾ ആസ്വദിക്കും. കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടിവരാം. ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത്, വളരെ മികച്ച ഫലങ്ങൾ ലഭിക്കും. വിദൂരയാത്രകൾ വേണ്ടി വരും. കർമ്മരംഗത്ത് ധാരാളം അവസരങ്ങളും പുതിയസാഹചര്യവും വന്നുചേരും. പ്രിയപ്പെട്ടവരുമായി ഒത്തുചേരും. പ്രതിസന്ധികൾ അനായാസം മറികടക്കും.
നിത്യവും ഓം നമോ നാരായണായ 108 തവണ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
സുഖസൗകര്യങ്ങൾക്ക് ധാരാളം പണംചെലവഴിക്കും. ദേഷ്യം നിയന്ത്രിക്കണം. പരുഷമായ വാക്കുകളുടെ പേരിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ജോലിയിൽ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് കഠിനമായി ശ്രമിക്കും. തീരുമാനങ്ങൾ എടുക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ നേരിടാം. ബന്ധുക്കളിൽ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കും. പുതിയ കൂട്ടുകെട്ടുകൾ ഏറെ ഗുണം ചെയ്യും. ചിരകാല മോഹങ്ങൾ സഫലമാകും. രക്ഷിതാക്കൾക്കു നൽകിയ വാഗ്ദാനം പാലിക്കാൻ ശ്രദ്ധിക്കണം.
സാമൂഹ്യ രംഗത്ത് അംഗീകാരവും പദവികളും ലഭിക്കും. ദിവസവും 108 തവണ ഓം ശ്രീം നമഃ ജപിക്കുക.
മിഥുനക്കുറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ബിസിനസ്സ് വിപുലീകരിക്കുന്നതിന് വായ്പ എടുക്കാൻ പദ്ധതിയിടും. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ വാഹനമോ വീടോ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വീടിലെ മുതിർന്നവരുമായി ആലോചിക്കും. അവർ സാമ്പത്തികമായി സഹായിക്കും. ബിസിനസ്സ് രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കിടരുത്.
വിദേശത്തേക്ക് പോകാൻ കഴിയും. ചില നല്ല വാർത്തകൾ ലഭിക്കും. വിജയാനുഭവങ്ങൾ വിലയിരുത്തി പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. സന്താനങ്ങൾ വഴി നേട്ടമുണ്ടാകും. പുതിയ വീടു പണിയാൻ സാഹചര്യം ഒത്തുവരും. വീട്ടിൽ സന്തോഷാനുഭവങ്ങൾ ഉണ്ടാകും.
വിഷ്ണു സഹസ്രനാമം ദിവസവും ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
വ്യാപാരികൾ പുതിയ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കും. എന്നാൽ അപകടകരമോ നിയമവിരുദ്ധമോ ആയ നിക്ഷേപം നടത്താതിരിക്കുക. പങ്കാളിത്ത ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കൂടുതൽ ലാഭത്തിന് സാധ്യത കൂടുതലാണ്. വീട്ടുജോലികൾ ചെയ്യേണ്ടിവരും, സുഹൃത്തുക്കൾക്ക് വളരെയധികം സമയവും പണവും ചെലവഴിക്കുന്നത് പങ്കാളിയെ നോവിക്കും. ഇഷ്ടമില്ലാത്ത ജോലിക്ക് ആരെയും നിർബന്ധിക്കരുത്. സ്വാർത്ഥത നിയന്ത്രിക്കണം. അധികാരം തെറ്റായി ഉപയോഗിക്കുന്നത് ദോഷം ചെയ്യും. അംഗീകാരങ്ങൾക്കു സാധ്യതയുണ്ട്. ആശങ്കകൾ മാറും. കച്ചവടത്തിൽ നിന്ന് ലാഭമുണ്ടാകും. നിത്യവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
പ്രതീക്ഷിക്കാത്ത ധാരാളം ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. കേസുകളിൽ വിജയിക്കും. ആശങ്കകൾ സൃഷ്ടിക്കുന്ന ആളുകളെ ഒഴിവാക്കും. എതിർലിംഗത്തിലുള്ള ഒരു വ്യക്തിയോട് കൂടുതൽ ആകർഷണം അനുഭവപ്പെടും. പുതിയ ചില ചങ്ങാതിമാരെ ലഭിക്കും. ജോലിയിൽ കുറച്ച് ആശയക്കുഴപ്പങ്ങൾ ഉണ്ടാകും. കഠിനാധ്വാനത്തിന് ഫലം കിട്ടും. പൊതുപ്രവർത്തകർക്ക് നല്ല സമയം. ദൂരയാത്ര വേണ്ടിവരും. വേഗം കാര്യസാധ്യം ഉണ്ടാകുന്ന സമയമാണ്. സ്ഥാനക്കയറ്റം കിട്ടും. ലക്ഷ്യബോധം കൂടും. ആരോഗ്യ പ്രശ്‌നങ്ങൾ നീങ്ങും. ഓം നമഃ ശിവായ ജപിക്കണം.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
ആത്മാർഥത അംഗീകരിക്കപ്പെടും. അപേക്ഷിച്ച വായ്പ തടസ്സമില്ലാതെ ലഭിക്കും. രക്ഷിതാക്കളുടെ കാര്യത്തിൽ കൂടുതൽ ഉത്സാഹം കാണിക്കും. പുതിയ ബന്ധങ്ങൾ ഗുണം ചെയ്യും. യാത്രകൾ സന്തോഷം നൽകും. പുതിയ അവസരങ്ങൾ ലഭിക്കും. കഠിനാദ്ധ്വാനം വഴി നഷ്ടങ്ങൾ മറികടക്കും. രഹസ്യങ്ങൾ ആരെങ്കിലുമായി പങ്കിട്ടാൽ നിങ്ങളുടെ വിശ്വാസം മുതലെടുത്ത് ആ വ്യക്തി നിങ്ങളെ വേദനിപ്പിക്കും. ആഡംബരങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കും. ജോലിയിൽ അശ്രദ്ധ കാണിക്കുന്നത് ദോഷം ചെയ്യും. വിദ്യാർത്ഥികൾക്ക് കഠിനാധ്വാനം മികച്ച വിജയം നൽകും. വിഷ്ണു സഹസ്രനാമം ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
കുടുംബഐക്യത്തിന് ശ്രദ്ധ നൽകും. സാഹോദര്യം വർദ്ധിക്കും. പ്രതീക്ഷയ്ക്കനുസരിച്ച് വരുമാനം ലഭിക്കില്ല. നിരാശ കൂടും. വാഹനം ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ നിക്ഷേപം നടത്തും. അർഹമായ കാര്യങ്ങൾ ലഭിക്കാനുള്ള തടസം നീങ്ങും. പൊതുരംഗത്ത് സജീവമാകും. അഭിമാനകരമായ കാര്യങ്ങൾ ചെയ്യും. തൊഴിൽപരമായി യാത്രകൾ വേണ്ടിവരും. സന്താനങ്ങൾ
കാരണം സന്തോഷിക്കാൻ കഴിയും. ജോലിയിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കും. ആരോഗ്യം മെച്ചപ്പെടും. നല്ല ചിന്തകൾ ഉണ്ടാകും. വേണ്ടപ്പെട്ടവർ വഴി അവസരങ്ങൾ ലഭിക്കും. ഭാഗ്യാനുഭവങ്ങൾ വർധിക്കും. തടസ്സങ്ങൾ മറികടക്കും. ഓം ഗം ഗണപതയേ നമഃ ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
സാമ്പത്തിക വിഷമതകൾ നീങ്ങും. ഒരു ബന്ധുവിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകേണ്ടിവരും. മാനസിക സമ്മർദ്ദം വർദ്ധിക്കും. അച്ഛന്റെ പെരുമാറ്റം വേദനിപ്പിക്കും. കാണാൻ ആഗ്രഹിച്ച പ്രമുഖ വ്യക്തിയെ കണ്ടുമുട്ടാൻ കഴിയും. പഠനത്തിൽ ശ്രദ്ധിക്കാൻ ചില ബുദ്ധിമുട്ടുകൾ നേരിടാം. സാമൂഹിക ബന്ധങ്ങളിലൂടെ ഗുണമുണ്ടാകും. വിദേശജോലിയിലുള്ള തടസ്സങ്ങൾ നീങ്ങും. ഉത്തരവാദിത്തങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും.
ആത്മീയചിന്തകൾ വർദ്ധിക്കും. ആഗ്രഹം സാധിക്കും. കർമ്മരംഗത്ത് നല്ല മാറ്റങ്ങൾ ഉണ്ടാകും. രോഗങ്ങൾ മാറും. ഓം ശരവണ ഭവഃ 108 തവണ വീതം ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ബിസിനസ് പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തും. കുടുംബാംഗത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ വീട്ടിലെ അന്തരീക്ഷം അസ്വസ്ഥമാക്കും. സാമ്പത്തിക ബുദ്ധിമുട്ട് നീങ്ങും. മേലുദ്യോഗസ്ഥരുടെ പൂർണ്ണമായ പിന്തുണയും ലഭിക്കും. യാത്രകൾ ധാരാളം നേട്ടം നൽകും. പൈതൃക സ്വത്തിൽ നിന്ന് ഗുണമുണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ വേഗം സാധിക്കും. സ്വന്തം കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ്. ആത്മവിശ്വാസം വർദ്ധിക്കും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നീങ്ങും. ജോലിയിൽ
നല്ല പ്രകടനം കാഴ്‌ചവയ്ക്കും. ദിവസവും 108 തവണ വീതം ഓം ഗം ഗണപതയേ നമഃ ജപിക്കുക.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടും. വരുമാനം വർദ്ധിക്കും. നല്ല വാർത്തകൾ കുടുംബത്തിൽ സന്തോഷം നിമിഷങ്ങൾ കൊണ്ടുവരും. ആശയക്കുഴപ്പങ്ങൾ കൂടും.
ജോലിസ്ഥലത്തെ ചുമതലകൾ കാരണം മാനസിക സമ്മർദ്ദം ശക്തമാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാഹചര്യം അനുകൂലമാകും. ശുഭപ്രതീക്ഷ വർദ്ധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. സർക്കാർസഹായം കിട്ടും. ബുദ്ധിപരമായ നീക്കങ്ങൾ വഴി പല കാര്യങ്ങളും നേടും. ദീർഘയാത്രകൾ ചെയ്യും. ജീവിത പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കും. മംഗളകർമ്മങ്ങളിൽ പങ്കാളിയാകും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ലഭിക്കും.
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കണം.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സാമ്പത്തിക പരിമിതികൾ ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കും. തെറ്റിദ്ധാരണകൾ പൂർണ്ണമായും മാറ്റാൻ കഴിയും. കുടുംബാന്തരീക്ഷം ഏറെ മികച്ചതാകും. ജോലി പൂർത്തിയാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. വിദേശത്തേക്ക് പോകാനാകും. ശത്രുക്കൾ മിത്രങ്ങൾ ആകും. വീട് പുതുക്കിപ്പണിയാൻ പറ്റിയ സമയമാണ്.
പൊതുപ്രവർത്തകർക്ക് ഗുണകരമായ സമയമാണ്. വിനോദയാത്രകൾ നടത്തും. സൽകർമ്മങ്ങൾ ധാരാളം ചെയ്യും. പ്രതീക്ഷിച്ച സഹായസഹകരണങ്ങൾ ലഭിക്കും.
വിദ്യാർത്ഥികൾക്ക് ഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നല്ല കാര്യങ്ങൾ കൈവരും. ദിവസവും 108 തവണ ഓം നമഃ ശിവായ ചൊല്ലുക. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ആരെയും അന്ധമായി വിശ്വസിക്കരുത്. ഭൂമിയുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ നീങ്ങും. വിലയേറിയ ചില വസ്തുക്കൾ മോഷ്ടിക്കപ്പെടാൻ സാധ്യത. സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. കുടുംബാംഗങ്ങളുമായി ഒരു തീർത്ഥാടനത്തിന് പോകും. ഔദ്യോഗിക ജീവിതത്തിൽ മികച്ച നേട്ടങ്ങളുണ്ടാക്കാൻ കഴിയും. നഷ്ടമായ സ്ഥാനമാനങ്ങൾ തിരികെ ലഭിക്കും. സന്താനങ്ങളുടെ കാര്യത്തിൽ അഭിമാനിക്കും. പുതിയ വീട്ടുപകരണങ്ങൾ വാങ്ങും. എല്ലാ കാര്യത്തിലും ശുഭാപ്തിവിശ്വാസം പുലർത്തും. പല രംഗത്തും നല്ല മാറ്റം അനുഭവപ്പെടും. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
+ 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved