Friday, 22 Nov 2024
AstroG.in

പ്രദോഷം, അമാവാസി, നവരാത്രി ആരംഭം; ഈ ആഴ്ത്തെ നക്ഷത്രഫലം

( 2024 സെപ്തംബർ 29 – ഒക്ടോബർ 5 )

ജ്യോതിഷരത്നം വേണു മഹാദേവ്
2024 സെപ്തംബർ 29 ന് ചിങ്ങക്കൂറിൽ മകം
നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷം അശ്വനി മാസ ശരത് ഋതു നവരാത്രി
ആരംഭമാണ്. കന്നിയിലെ കൃഷ്ണപക്ഷ പ്രദോഷം, അമാവാസി, മഹാളയപക്ഷ അവസാനം, ഗാന്ധി ജയന്തി എന്നിവയാണ് മറ്റ് പ്രധാന വിശേഷങ്ങൾ. സെപ്തംബർ 29 നാണ് ശിവപ്രീതികരമായ കന്നിമാസത്തിലെ കറുത്തപക്ഷ പ്രദോഷ വ്രതം. ഈ ദിവസം വ്രതമെടുത്ത് ശിവക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുത്താൽ ശിവപർവതിമാരുടെ അനുഗ്രഹത്താൽ സർവ കാമനകളും സഫലമാകും. ഒക്ടോബർ 2 നാണ് ഗാന്ധി ജയന്തിയും അമാവാസിയും മഹാളയഅമാവാസി
ശ്രാദ്ധവും. കർക്കടക വാവു പോലെ പിതൃപ്രീതി കർമ്മങ്ങൾക്ക് ഉത്തമമാണ് കന്നിമാസത്തിലെ
മഹാളയ അമാവാസി ശ്രാദ്ധം. കന്നി മാസത്തിലെ കൃഷ്ണപക്ഷപ്രഥമതിഥി മുതൽ അമാവാസി വരെയുള്ള ദിവസങ്ങളാണ് മഹാളയ പക്ഷമായി കണക്കാക്കുന്നത്. അവസാന ദിവസമായ മഹാളയ അമാവാസിക്ക് പിതൃപൂജ നടത്തിയാൽ പിതൃദോഷശാന്തി, ഐശ്വര്യലബ്ധി എന്നിവ ലഭിക്കും. സന്താനദുരിതം, വിവാഹതടസം, ധനനാശം, ദാമ്പത്യ ക്ലേശം, മാനസിക പ്രശ്‌നം, തൊഴിൽ നഷ്ടം എന്നിവ മാറാനും മഹാളയഅമാവാസി ശ്രാദ്ധം നല്ലതാണ്.

ആദിപരാശക്തിയുടെ വ്യത്യസ്ത ഭാവങ്ങളെ പൂജിച്ച് ആരാധിക്കേണ്ട കാലമാണ് അറിവിന്റെ ഉത്സവമായ നവരാത്രി കാലം. ഒരു വർഷം അശ്വിനം, ചൈത്രം, മാഘം, ആഷാഢം എന്നീ ചന്ദ്രമാസങ്ങളിലാണ് നവരാത്രികൾ വരുന്നത്. ഇതിൽ പ്രധാനം ആശ്വിന നവരാത്രിയാണ്. ദുരിതങ്ങൾ വർദ്ധിക്കുന്ന അശ്വിന നവരാത്രി കാലം ദേവിഉപാസനയ്ക്ക് നല്ലതാണ്. കന്നി മാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ഒൻപത് ദിവസങ്ങളാണ് നവരാത്രി ആചരണം. ഒക്ടോബർ 3 ന് തുടങ്ങുന്ന നവരാത്രി വ്രതമനുഷ്ഠിച്ചാൽ തീരാത്ത ദുരിതങ്ങളില്ല. സാമ്പത്തികാഭിവൃദ്ധി, സന്താന ഭാഗ്യം, രോഗമുക്തി, ശത്രുദോഷശമനം, കാര്യസിദ്ധി, വിദ്യാലാഭം തുടങ്ങി എല്ലാ ഇഷ്ടങ്ങളും കൈവരും. ഒക്ടോബർ 5 ന് തുലാക്കൂറ് വിശാഖം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ത്തെ നക്ഷത്രഫലം:


മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1)
സർക്കാർ ഉദ്യോഗസ്ഥർക്ക് മികച്ച സമയമായിരിക്കും. വിവിധ ആനുകൂല്യങ്ങളും പ്രതിഫലവും ലഭിക്കാൻ സാധ്യതയുണ്ട്. കച്ചവടത്തിൽ മികച്ച ലാഭം ഉണ്ടാകും.
വീട്ടിലെ പ്രക്ഷുബ്ധമായ അന്തരീക്ഷം മാനസികമായ വിഷമത്തിന് കാരണമാകും. ചെറിയ കാര്യങ്ങൾക്ക് പങ്കാളിയുമായി വഴക്കിടുന്നത് ഒഴിവാക്കണം. തെറ്റുകൾ ചെയ്യുന്നത് ഒഴിവാക്കുക. ആരോഗ്യത്തിൽ ശ്രദ്ധ വേണം.
കഠിനാദ്ധ്വാനത്തിന് അർഹമായ ഫലങ്ങൾ ലഭിക്കും.
നിത്യവും 108 ഉരു വീതം ഓം ശരവണ ഭവഃ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
മുതിർന്നവർ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ബന്ധുക്കൾ
സഹായിക്കും. വിപരീത സാഹചര്യങ്ങൾ നേരിടാൻ
പ്രത്യേക കഴിവ് പ്രദർശിപ്പിക്കും. സൗഹൃദങ്ങളിൽ
പുരോഗതിയും ദൃഢതയും ഉണ്ടാകും. ദാമ്പത്യത്തിൽ
സമയം വളരെ നല്ലതായിരിക്കും. ജോലിസ്ഥലത്ത് പല
ശത്രുക്കളും പരാജിതരാകും. മുൻകാല തെറ്റുകളിൽ നിന്ന് പാഠം പഠിക്കാതെ അവ വീണ്ടും ആവർത്തിക്കും.
ഓം ഹം ഹനുമതേ നമഃ നിത്യവും 108 ഉരു ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇഷ്ടം
വർദ്ധിക്കും. പുതിയ പദ്ധതികൾ നടപ്പാക്കാൻ ശരിയായ
തന്ത്രം സ്വീകരിക്കും. ആവശ്യമുള്ളതിൽ കൂടുതൽ‌ പണം ചെലവഴിക്കുന്നത് ജീവിതപങ്കാളിയെ വേദനിപ്പിക്കും. വിദേശ ജോലിക്ക് പോകാനായി നല്ല അവസരം ലഭിക്കും. തെറ്റിദ്ധാരണകളും തർക്കങ്ങളും പരിഹരിക്കാനായി അനുരഞ്ജനത്തിന് ശ്രമിക്കും. വിദ്യാർത്ഥികൾക്ക് സമയം പ്രതീക്ഷിച്ചതിലും മികച്ചതായിരിക്കും. നിത്യവും 108 തവണ ഓം നമോ ഭഗവതേ വാസുദേവായ ജപിക്കണം.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
പെട്ടെന്ന് സാമ്പത്തിക സഹായം ആവശ്യമുള്ള പ്രത്യേക സാഹചര്യങ്ങൾ ഉണ്ടാകാം. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. കുടുംബവുമായി ബന്ധപ്പെട്ട് പുതിയ ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് കാരണം മറ്റ് പല ജോലികളും തടസ്സപ്പെടും. പ്രണയബന്ധം ശക്തമാകും. അമിത ആത്മവിശ്വാസം ദോഷം ചെയ്യും. സാമൂഹ്യ സേവന രംഗത്ത് മറ്റുള്ളവർക്ക് നല്ല മാതൃകയാകും.
സഹപ്രവർത്തരെ അഭിനന്ദിക്കുകയും അവരുടെ പ്രിയം
നേടുകയും ചെയ്യും. എന്നും ഓം നമഃ ശിവായ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആരോഗ്യം മെച്ചപ്പെടും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും. കച്ചവടം നന്നാക്കാൻ
ശരിയായ പദ്ധതി തയ്യാറാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം. കുടുംബകാര്യങ്ങളിൽ
അഭിപ്രായ ഭിന്നത ഉണ്ടാകും. അത് പരിഹരിക്കാൻ ക്ഷമപൂർവം ശ്രമിക്കേണ്ടതാണ്. ജീവിതപങ്കാളിയിൽ നിന്ന് ഒരു സന്തോഷവാർത്ത കേൾക്കും . പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ചില ബന്ധങ്ങൾ ശക്തമാകും. ഓം നമോ നാരായണായ നിത്യവും 108 ഉരു ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
ജീവിതപങ്കാളി വഴി സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. അതിലൂടെ പലതരം സാമ്പത്തിക പ്രശ്‌നങ്ങളിൽ ആശ്വാസം ലഭിക്കും. വൈകാരികമായി അസ്വസ്ഥതകൾ ഉണ്ടാകുകയും അനിശ്ചിതത്വം അനുഭവപ്പെടുകയും ചെയ്യാം. കുടുംബ ചുമതലകൾ കാരണം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. ചില ബന്ധങ്ങൾ ഏറെ ശക്തമാകും. ശത്രുക്കൾ മിത്രങ്ങളായി മാറും. യാത്രകൾ
ഗുണം ചെയ്യും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാൻ കഴിയും. ലളിതാ സഹസ്രനാമം ജപിക്കുന്നത് നല്ലത്.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ആരോഗ്യം മെച്ചപ്പെടും. കായിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ
തരണം ചെയ്യും. സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും.
കുടുംബത്തിലെ ഒരംഗത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ
പരിഹരിക്കാൻ ശ്രമം തുടങ്ങും. കുടുംബാംഗങ്ങളോടും
സുഹൃത്തുക്കളോടും നന്നായി പെരുമാറാൻ ശ്രമിക്കണം. ദേഷ്യം നിയന്ത്രിക്കേണ്ടതാണ്. അല്ലെങ്കിൽ ഇതിന്റെ പ്രതികൂല ഫലങ്ങൾ ബന്ധങ്ങൾ തകർക്കും. നിത്യവും 108 തവണ വീതം ഓം ഗം ഗണപതയേ നമഃ ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
മാനസികമായും ശാരീരികമായും ഉന്മേഷം ഉണ്ടാകും.
ലഹരി വസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണം. പ്രതീക്ഷിക്കാത്ത ലാഭത്തിനും ഭാഗ്യാനുഭവങ്ങൾക്കും
സാധ്യതയുണ്ട്. ഈ നേട്ടത്തിന്റെ ഒരു ചെറിയ ഭാഗം കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം. ഭൂമി
വാങ്ങാനുള്ള ഉദ്യമത്തിൽ നിന്നും പിന്മാറും. പങ്കാളിയുടെ കാര്യത്തിൽ ഒരു കണ്ണ് ആവശ്യമാണ്. മാതാപിതാക്കളെ സ്നേഹപൂർവ്വം പരിചരിക്കും. വിവാഹം തീരുമാനിക്കും. ഓം ദും ദുർഗ്ഗായൈ നമഃ നിത്യവും 108 ഉരു ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
മികച്ച നിക്ഷേപങ്ങൾ നടത്താൻ സാധ്യതയുണ്ട്. ഇത് അഭിവൃദ്ധിയും സാമ്പത്തിക സുരക്ഷിതത്വവും നൽകും. പങ്കാളിയുടെ ആരോഗ്യം ശരിയായി പരിപാലിക്കണം. തിടുക്കത്തിൽ തീരുമാനം എടുക്കരുത്. പ്രണയ ബന്ധം വഷളാകാം. ജോലിസ്ഥലത്ത് നന്നായി പ്രവർത്തിക്കാൻ കഴിയില്ല. ഇതിന്റെ പ്രതികൂല ഫലങ്ങൾ നിങ്ങളുടെ വേവലാതി വർദ്ധിപ്പിക്കും, ഒപ്പം ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. വിദേശ യാത്രയ്ക്ക് നേരിട്ട
തടസങ്ങൾ മാറും. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2)
പണം കടം കൊടുക്കുകയോ ആരിൽ നിന്നും പണം കടം വാങ്ങുകയോ ചെയ്യരുത്. വൈകാരികമായി ദൗർബല്യം അനുഭവപ്പെടും. ദീർഘകാലമായുള്ള ചില പ്രശ്‌നങ്ങളിൽ‌ നിന്നും മോചനം നേടാൻ കഴിയും. പുറമേ നോക്കുമ്പോൾ സാധാരണപോലെ തോന്നിയാലും ഉള്ളിൽ അസ്വസ്ഥത,
അനിശ്ചിതത്വം ഇവ ഉണ്ടാകും. ജീവിതത്തിൽ എന്താണ് വേണ്ടതെന്ന് പോലും അറിയാതെ വരാം. ജോലിയിൽ മറ്റുള്ളവരെക്കാൾ മുന്നേറാനുള്ള മത്സരത്തിൽ വിജയം വരിക്കും. ഓം ഘ്രൂം നമഃ പരായാഗോപ്ത്രേ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുട്ടാതി 1, 2, 3 )
ജോലിയിൽ ഏകാഗ്രത നിലനിർത്താൻ ബുദ്ധിമുട്ട്
നേരിടും. ആരോഗ്യ പ്രശ്നങ്ങൾക്ക് സാദ്ധ്യത കാണുന്നു. സാമ്പത്തികമായി സമയം വളരെ ശുഭകരമായിരിക്കും. കുടുംബത്തിലെ കുട്ടികൾ കാരണം മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കപ്പെടാം. അവരെ ശിക്ഷിക്കുന്നതിന് പകരം കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി തിരുത്താൻ ശ്രമിക്കണം. ചിലരെ അന്ധമായി വിശ്വസിക്കും. ഇതുമൂലം പിന്നീട് തിക്തഫലം നേരിടേണ്ടിവരും. ജോലിസ്ഥലത്ത് ഒഴിവ് സമയം ലഭിക്കും. എന്നും ഓം ശ്രീം നമഃ ജപിക്കണം.

മീനക്കൂറ്
(പൂരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
ആരോഗ്യകരമായ ജീവിതം ആസ്വദിക്കാൻ കഴിയും. നിക്ഷേപങ്ങൾ നടത്താൻ തിരക്കുകൂട്ടരുത്. ഏകാന്തത
ഇഷ്ടപ്പെടും. ജീവിതപങ്കാളിയുടെ വാക്കുകൾക്ക് പ്രാധാന്യം നൽകാത്തത് ബന്ധത്തെ പ്രതികൂലമായി
ബാധിക്കും. ശത്രുക്കൾ സജീവമായി തുടരും. നിങ്ങളുടെ ബലഹീനതകൾ മുതലെടുക്കാൻ ഗൂഡാലോചനകൾ നടത്തും. ജോലിയിൽ മുന്നേറാൻ ബുദ്ധിമുട്ട് നേരിടും. ചില തെറ്റിദ്ധാരണകൾ മാറിക്കിട്ടാൻ സാധ്യതയുണ്ട്. നിത്യവും 108 ഉരു വീതം ഓം നമഃ ശിവായ ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്

91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

error: Content is protected !!