ഷഷ്ഠി, ദുർഗ്ഗാഷ്ടമി, മഹാനവമി;
ഈ ആഴ്ചത്തെ നക്ഷത്രഫലം
(2024 ഒക്ടോബർ 6 – 12)
ജ്യോതിഷരത്നം വേണു മഹാദേവ്
2024 ഒക്ടോബർ 6 ന് വിശാഖം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ ഷഷ്ഠിവ്രതം, പൂജവയ്പ്, ദുർഗ്ഗാഷ്ടമി, മഹാനവമി, ആയുധ പൂജ എന്നിവയാണ്. ഒക്ടോബർ 9 നാണ് ഷഷ്ഠി വ്രതം. സുബ്രഹ്മണ്യപ്രീതി നേടാനുള്ള ഉത്തമ മാർഗ്ഗമാണ് ഷഷ്ഠിവ്രതം. വെളുത്ത പക്ഷത്തിലെ ഷഷ്ഠിക്കാണ് വ്രതമെടുക്കേണ്ടത്. എല്ലാ വ്രതങ്ങള്‍ക്കും അനുഷ്ഠാന ദിവസത്തിനാണ് പ്രാധാന്യം. ഷഷ്ഠി വ്രതത്തിന് തലേദിവസമായ പഞ്ചമിക്കും പ്രാധാന്യമുണ്ട്. അന്ന് ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് നിഷ്ഠകളെല്ലാം പാലിച്ച് വ്രതമെടുക്കണം. ഷഷ്ഠി ദിവസം കുളിച്ച് ശുദ്ധിയായി ശ്രീമുരുക ക്ഷേത്ര ദര്‍ശനം നടത്തണം. അവിടെ നിന്നും ഉച്ചയ്ക്ക് ലഭിക്കുന്ന നിവേദ്യം കഴിച്ച് വ്രതം മുറിക്കണം. നവരാത്രിയിലെ 9 ദിവസവും വ്രതമെടുക്കാന്‍ കഴിയാത്തവര്‍ സപ്തമി, ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങളിലെങ്കിലും വ്രതം അനുഷ്ഠിക്കണം. ദുര്‍ഗ്ഗാഷ്ടമി കാളിക്കും, മഹാനവമി ലക്ഷ്മിക്കും, വിജയദശമി സരസ്വതിക്കും പ്രാധാന്യമുള്ള ദിവസങ്ങളാണ്. ഒക്ടോബർ 10 നാണ് ഭദ്രകാള്യവതാരവും
പൂജവയ്പ്പും. 10 ന് വ്യാഴാഴ്ച പകൽ 12:32 മുതൽ 11ന് പകൽ 12.07 വരെയാണ് ദുർഗ്ഗാഷ്ടമി. സന്ധ്യയ്ക്ക്
അഷ്ടമി തിഥിയുള്ള ദിവസമാണ് പൂജവയ്പിന് സ്വീകരിക്കുന്നത്. 11 ന് വെള്ളിയാഴ്ച സന്ധ്യയ്ക്ക് നവമി തിഥി ഉള്ളതിനാൽ അന്ന് ആയുധ പൂജ നടക്കും. 13 ന് ഞായറാഴ്ചയാണ് വിജയദശമി. ഞായറാഴ്ച രാവിലെ 9:09 ന് മുൻപാണ് പൂജയെടുപ്പിനും വിദ്യാരംഭത്തിനും
ഉത്തമം. കാരണം 12 ന് പകൽ 10.58 മുതലാണ് വിജയദശമി തുടങ്ങുക. ഉദയത്തിന് വിജയദശമിയുള്ളത് 13 ന് കാലത്ത് 09:09 വരെയാണ്. അതിനാൽ പൂജ എടുക്കുന്നതിനും വിദ്യാരംഭം നടത്തുന്നതിനും 13 ന് ഞായറാഴ്ച കാലത്ത് 09:09 വരെയുള്ള സമയമാണ് സ്വീകരിക്കേണ്ടത്. 13-ാം തീയതി കാലത്ത് 09:09 ശേഷം വിജയ ദശമി വിദ്യാരംഭത്തിന് അനുകൂലമല്ല. ഒക്ടോബർ 12 ന് അവിട്ടം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
വിവേകത്തോടെ നീങ്ങിയാൽ കൂടുതൽ വരുമാനം നേടാനാകും. സുഹൃത്തുക്കൾ എപ്പോഴും സഹകരണ
മനോഭാവം പ്രകടിപ്പിക്കും. ബിസിനസുകാർക്ക് മികച്ച വിജയം കൈവരിക്കാൻ സാധിക്കും. സമൂഹത്തിലും കുടുംബത്തിലും ബഹുമാനവും ആദരവും ലഭിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ ശോഭിക്കും. ആരോഗ്യം മെച്ചപ്പെടും. വിദേശ യാത്രയ്ക്കുള്ള തടസ്സങ്ങൾ മാറും. നിത്യവും 108 തവണ ഓം നമഃ ശിവായ ജപിക്കണം.
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
ആരോഗ്യത്തിന്റെ കാര്യത്തിൽ സമയം വളരെയധികം നല്ലതായിരിക്കും. കുടുംബാംഗങ്ങളെയും നന്നായി പരിപാലിക്കും. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ തരണം
ചെയ്യാൻ കഴിയും. സുഹൃത്തുക്കളുമായുള്ള ബന്ധത്തിൽ പുരോഗതി നേടും. മാനസിക സമ്മർദ്ദം അനുഭവപ്പെടും. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. ചില
ശത്രുക്കൾ മിത്രങ്ങളായി മാറും. ജോലിയിൽ ധാരാളം ശുഭ ഫലങ്ങൾ ലഭിക്കും. ഓം ശ്രീം നമഃ ദിവസവും ജപിക്കുക.
മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
മാനസികമായ സമ്മർദ്ദത്തിൽ നിന്ന് മോചനം നേടും. സാമ്പത്തിക സ്ഥിതി ഏറെ ശക്തിപ്പെടുത്താൻ കഴിയും.
ജീവിതപങ്കാളിയുമായുണ്ടായിരുന്ന അഭിപ്രായഭിന്നത പൂർണ്ണമായും ഇല്ലാതാകും. ജോലിയിൽ വളരെയധികം പ്രശ്‌നം നേരിടേണ്ടി വരും. ചുറ്റുമുള്ള പ്രവർത്തനങ്ങൾ കണ്ണുകൾ തുറന്ന് കാണണം. കുടുംബാംഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാകും. യാത്ര ഒഴിവാക്കും.
ഓം ക്ലീം കൃഷ്ണായ നമഃ ദിവസവും 108 ഉരു ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 1, പൂയം, ആയില്യം)
ശമ്പള വർദ്ധനവിനെക്കുറിച്ചുള്ള സന്തോഷ വാർത്ത ലഭിക്കും. കച്ചവടക്കാർക്ക് പുതിയ ഉറവിടങ്ങളിൽ നിന്ന് പെട്ടെന്ന് വരുമാനം വർദ്ധിക്കും. മനസ്സിൽ ശുഭചിന്തകൾ വർദ്ധിക്കും. കുടുംബകാര്യങ്ങളിൽ വിവേകപൂർവ്വം തീരുമാനങ്ങൾ എടുക്കണം. തെറ്റിദ്ധാരണ തിരുത്താൻ കഴിയും. സഹപ്രവർത്തകരുടെ പ്രതികരണത്തിൽ സന്തോഷിക്കും. പഠനങ്ങളിൽ നല്ല ശ്രദ്ധ ചെലുത്താൻ സന്താനങ്ങളെ പ്രോത്സാഹിപ്പിക്കും. നിത്യവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
സാമ്പത്തികമായ കാര്യങ്ങളിൽ മികച്ച മുന്നേറ്റം ഉണ്ടാകും. സ്ഥാനക്കയറ്റവും ശമ്പളവർദ്ധനവും ലഭിക്കും. കുടുംബത്തിൽ ഐക്യം കൊണ്ടുവരാൻ ജീവിത പങ്കാളി സഹായിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കാൻ ഭാഗ്യം കാണുന്നു. ബിസിനസ്സിൽ നല്ല വാർത്തകൾ കേൾക്കും . ലാഭവും വളർച്ചയുമുണ്ടാകും. മാനസിക സമ്മർദ്ദം നേരിടും. ഭൂതകാലത്തെ വീഴ്ച തിരുത്താൻ ശ്രമിക്കും. നിത്യവും ഓം ഹം ഹനുമതേ നമഃ ജപിക്കണം.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
സമയം വെറുതെ പാഴാക്കരുത്. കുടുംബ ബിസിനസ്സ് നടത്തുന്നവർക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഒറ്റയടിക്ക് വലിയ നിക്ഷേപങ്ങൾ നടത്തുന്നത് ഒഴിവാക്കണം. കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്താൻ ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിൽ വിജയിക്കും.
വ്യാപാരികൾ രേഖകൾ ശരിയായി വായിച്ചു നോക്കാതെ ഒപ്പിടരുത്.വിദൂര യാത്ര പോകാൻ ആലോചിക്കും.
മക്കളുടെ വിദ്യാഭ്യാസ പ്രശ്നം കുടുംബസമാധാനത്തെ ബാധിക്കും. 108 തവണ ഓം നമോ നാരായണ ജപിക്കുക.
തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മുക്തി നേടും.
ആർക്കും പണം കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത്. കുടുംബ ജീവിതത്തിൽ വളരെയധികം സന്തോഷം ലഭിക്കും. എല്ലാ പൊരുത്തക്കേടുകളും ഇല്ലാതാക്കാൻ കഴിയും. മേലുദ്യോഗസ്ഥരുടെ സഹായം പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടാൻ സഹായകമാകും. വിദേശത്തേക്ക് പോകാനുള്ള ശ്രമം വിജയകരമാകും.
ഓം നമോ നാരായണായ നിത്യവും 108 ഉരു ജപിക്കുക.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. ധനം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ ലഭിക്കും.
സൽപ്പേര് നേടും.വാക്കുകൾ നിയന്ത്രിക്കാൻ കഴിയും.
ബന്ധുക്കളുമായുള്ള തെറ്റിദ്ധരണകൾ ഏതെങ്കിലും തർക്കത്തിലേക്ക് നയിക്കും. ബിസിനസ്സ് ആവശ്യത്തിന് വായ്പയ്‌ക്ക് അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അത് സ്വീകരിക്കും. ചില ആരോഗ്യപ്രശ്നങ്ങൾ സാധ്യതയുണ്ട്.
നിത്യവും ഓം ഹം ഹനുമതേ നമഃ 108 ഉരു ജപിക്കണം.
ധനുക്കൂറ്
(മൂലം, പൂരാടം , ഉത്രാടം 1)
സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ധാരാളം അവസരങ്ങൾ ലഭിക്കും. കച്ചവട വിജയത്തിന് ശരിയായ തന്ത്രവും ആസൂത്രണവും നടത്തേണ്ടതാണ്. ചില
കുടുംബാംഗങ്ങളുടെ പെരുമാറ്റം കാരണം അസ്വസ്ഥത
തോന്നും. ഔദ്യോഗിക സമ്മർദ്ദത്തിൽ നിന്നും ആശ്വാസം ലഭിക്കും. പങ്കാളിയെ സന്തോഷിപ്പിക്കാൻ ഇഷ്ടമുള്ള ഒരു സമ്മാനം നൽകാൻ കഴിയും. വാഹനം മാറ്റി വാങ്ങും.
നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
തീരുമാനങ്ങളെടുക്കാൻ ആശയക്കുഴപ്പങ്ങൾ നേരിടും. മാനസിക സമ്മർദ്ദം വർദ്ധിക്കും. സാമ്പത്തിക നഷ്ടം നേരിടാം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും.
ജോലിസ്ഥലത്തെ അധികസമ്മർദ്ദത്താൽ ബുദ്ധിമുട്ടും.
കഠിനമായി പരിശ്രമിച്ചാലും. വിവിധ കാരണങ്ങളാൽ e ഫലം നിങ്ങളുടെ പ്രതീക്ഷയനുസരിച്ച് വരാതിരിക്കുന്നത് മൂലം നിരാശരാകാം. ഭൂമി വിൽക്കാനുള്ള ശ്രമം തുടരും.
ഓം വചത്ഭുവേ നമഃ 108 തവണ നിത്യവും ജപിക്കണം.
കുംഭക്കൂറ്
( അവിട്ടം 1, 2, ചതയം, പൂരുരുട്ടാതി 1, 2, 3)
ക്ഷീണവും മാനസികസമ്മർദ്ദവും അനുഭവപ്പെടാം. അതിനാൽ യാത്രകളും മറ്റും ഒഴിവാക്കി വിശ്രമിക്കണം. ജോലിക്കാരും ശമ്പളം നൽകുന്നവർക്കും ഒരുപോലെ
സാമ്പത്തിക ബുദ്ധിമുട്ട് കാരണം അസ്വസ്ഥരാകും. ആരോഗ്യം നന്നായിരിക്കും. ഉയർന്ന നിരക്കിൽ വായ്പ എടുക്കാൻ സാധ്യത. വിവാദങ്ങളിൽ അകപ്പെടാതെ
ഒഴിഞ്ഞു നിൽക്കണം. തർക്കങ്ങളും പരിഹരിക്കാൻ ശ്രമിക്കണം. ലളിതാസഹസ്രനാമം ജപിക്കുന്നത് നല്ലത്.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
അടുത്ത ചങ്ങാതിമാരുമായും കുടുംബാംഗങ്ങളുമായി
സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കും. കർമ്മ ശേഷി വർദ്ധിപ്പിക്കാൻ അവസരങ്ങൾ ലഭിക്കും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് നടത്തുവർക്ക് നിരവധി പുതിയ സ്രോതസ്സുകളിൽ നിന്നും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഊർജ്ജസ്വലമായ പെരുമാറ്റം ചുറ്റുമുള്ളവർക്കും കുടുംബാംഗങ്ങൾക്കും സന്തോഷം നൽകും. മാതാപിതാക്കളുടെ വാത്സല്യവും ലഭിക്കും.
നിത്യവും ഓം നമോ നാരായണായ 108 ഉരു ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Copyright 2024 Neramonline.com. All rights reserved