Thursday, 21 Nov 2024
AstroG.in

മണ്ണാറശാല ആയില്യം ശനിയാഴ്ച; ഈ ആഴ്ചത്തെ നക്ഷത്രഫലം

ജ്യോതിഷരത്നം വേണു മഹാദേവ്
2024 ഒക്ടോബർ 20 ന് ഇടവക്കൂറിൽ കാർത്തിക നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷം മണ്ണാറശാല ആയില്യമാണ്. തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്ന പേരിലാണ്
അറിയപ്പെടുന്നത്. 1200 തുലാം മാസത്തിലെ പുണര്‍തം, പൂയം, ആയില്യം നാളുകളായ ഒക്ടോബർ 24, 25, 26 തീയതികളിലാണ് മണ്ണാറശാല ഉത്സവം. മിക്ക നാഗരാജാ ക്ഷേത്രങ്ങളിലും നാഗദേവതകളുടെ പിറന്നാൾ കന്നിമാസത്തിലെ ആയില്യമാണ്; മണ്ണാറശാലയിൽ തുലാമാസത്തിലെ ആയില്യത്തിനാണ് മഹോത്സവം. ഇത്തവണ തുലാമാസത്തിൽ രണ്ട് ദിവസം ആയില്യം നക്ഷത്രം വരുന്നുണ്ട്. ഒക്ടോബർ 25, 26 തീയതികളിൽ.
ഇതിൽ ഒക്ടോബർ 26 ശനിയാഴ്ചയിലെ ആയില്യമാണ് ക്ഷേത്രങ്ങളിൽ ആയില്യം പൂജയ്ക്ക് സ്വീകരിക്കുന്നത്.
പിറന്നാളിനും ഈ ദിവസമാണ് എടുക്കേണ്ടത്. 25 ലെ ആയില്യം വേണം ശ്രാദ്ധ കർമ്മങ്ങൾക്ക് സ്വീകരിക്കാൻ.
നാഗാരാധനയ്ക്ക് പ്രധാന ദിവസമായ തുലാമാസത്തിലെ ആയില്യത്തിന് നാഗപ്രതിഷ്ഠയുളള ഏത് ക്ഷേത്രത്തിലും നൂറും പാലും നാഗപൂജയും നടത്തി പ്രാർത്ഥിച്ചാൽ നാഗദോഷങ്ങൾ മാറി കുടുംബത്തിനും സന്തതികൾക്കും എല്ലാ ഐശ്വര്യങ്ങൾ കൈവരും. ഒക്ടോബർ 26 ന് ശനിയാഴ്ച ചിങ്ങക്കൂറിൽ മകം നക്ഷത്രം നാലാം പാദത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി , കാർത്തിക 1)
ആരോഗ്യം മികച്ചതായിരിക്കും. ലഹരി വസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണം. സാമ്പത്തികമായി വളരെ നല്ല സമയമാണ്. സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കും. കുടുംബത്തിൽ സ്നേഹം, ഐക്യം, പരസ്പര ധാരണ എന്നിവ വർദ്ധിക്കും. ഒരു സന്തോഷവാർത്ത കേൾക്കും. സ്വന്തം കഴിവിൽ കുറച്ച് അഹങ്കരിക്കും. ജോലികൾക്കായി വളരെയധികം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ഓം വചത്ഭുവേ നമഃ നിത്യേന ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
ശുഭാപ്തിവിശ്വാസം നിലനിർത്താൻ നോക്കണം. സാമ്പത്തികസ്ഥിതി അത്ര മികച്ചതാകില്ല, പണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടിവരും. കുടുംബത്തിൽ സമാധാനം സ്ഥാപിക്കുന്നതിനും അംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും കൂടുതലായി ശ്രമിക്കും. ജോലിസ്ഥലത്ത് എതിർപ്പുകൾ
അവഗണിച്ച് നല്ല മുന്നേറ്റം തുടരും. ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കഴിയും. എല്ലാ ജോലികളും വേഗത്തിൽ പൂർത്തിയാക്കും. ഓം ഗം ഗണപതിയേ നമഃ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികമായ അച്ചടക്കം പാലിക്കാൻ തയ്യാറാകണം. പണം ചെലവഴിച്ച് നടത്തുന്ന
സംരംഭങ്ങളിൽ വീഴ്ചകൾ വരാതെ നോക്കണം. വീട്ടിലെ പ്രായം കുറഞ്ഞവരുമായുള്ള ബന്ധം ഏറെ മെച്ചപ്പെടും.
സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ്, എന്നിവയ്ക്ക് സാധ്യത കാണുന്നു. എന്ത് കാര്യത്തിലും കുടുംബത്തെ കൂടെ നിറുത്താൻ കഴിയും. വിനോദയാത്രയ്ക്ക് പദ്ധതിയിടാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ബുദ്ധിമുട്ടുകൾ നേരിടും.
നിത്യവും 108 തവണ ഓം നമോ നാരായണായ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
സാമ്പത്തിക ജീവിതത്തിൽ ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. നിക്ഷേപങ്ങൾ നടത്തേണ്ടതുണ്ടെങ്കിൽ, ആദ്യം തന്നെ യാഥാർത്ഥ്യങ്ങൾ വിലയിരുത്തണം. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്ന് പൂർണ്ണ ആശ്വാസം ലഭിക്കും. മറ്റുള്ളവരെ അംഗീകരിക്കുന്നതിലൂടെ ഒരു അനുകൂല സാഹചര്യം ഉടലെടുക്കും. ഉത്കണ്ഠ കൂടാൻ സാധ്യതയുണ്ട്. ദേഷ്യം നിയന്ത്രിക്കണം. ഇത് നിങ്ങളുടെ ജോലിയെ ബാധിക്കും. പങ്കാളിയുടെ മാനസികാവസ്ഥ സന്തോഷകരമായി നിലനിർത്താൻ ശ്രമിക്കേണ്ടതാണ്.
നിത്യവും ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ജപിക്കണം

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. ചില പ്രമുഖ വ്യക്തികളെ പരിചയപ്പെടാൻ അവസരം ലഭിക്കും.
സാമൂഹിക ബാധ്യതകൾ നിറവേറ്റുന്നതിനെക്കാൾ ആരോഗ്യത്തിന് മുൻ‌ഗണന നൽകണം. തിടുക്കപ്പെട്ട്
യാതൊരു തീരുമാനവും എടുക്കരുത്. മാനസികമായ സമ്മർദ്ദങ്ങൾ അസ്വസ്ഥരാക്കും. കർമ്മശേഷി കൂടും.
ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിന് ഒരു വലിയ തീരുമാനം എടുക്കാൻ കഴിയും. കുടുംബാംഗങ്ങളുടെ പിന്തുണ കിട്ടും. ഓം നമഃ ശിവായ ദിവസവും 108 ഉരു വീതം ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
പല സ്രോതസ്സുകളിൽ നിന്നും ധാരാളം പണം ലഭിക്കാൻ സാധ്യതയുണ്ട്. ഈ സമയത്ത് മികച്ച ചില നിക്ഷേപങ്ങൾ നടത്തും. കുടുംബജീവിതം കൂടുതൽ അനുകൂലമാകാൻ സാധ്യതയുണ്ട്. ഏറ്റെടുത്ത ചുമതല പൂർത്തിയാക്കാൻ
പരിശ്രമം ശക്തമായി തുടരണം. മാനസിക പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടും. ശത്രുക്കൾക്ക് എത്ര ശ്രമിച്ചാലും ഉപദ്രവിക്കാനാകില്ല. ജോലിസ്ഥലത്ത് കഠിനാദ്ധ്വാനം, കർമ്മ ശേഷി എന്നിവ നിലയും വിലയും വർദ്ധിപ്പിക്കും.
അധ്യാപകരിൽ നിന്ന് ധാരാളം അഭിനന്ദനങ്ങൾ ലഭിക്കും. ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ വീതം ജപിക്കണം.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
കുടുംബാംഗത്തിന് വേണ്ടി ധാരാളം പണം ചെലവാക്കും. സാമ്പത്തികസ്ഥിതി വഷളാക്കിരിക്കാൻ വേണ്ട കരുതൽ
സ്വീകരിക്കണം. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കഴിയും. കായിക പ്രവർത്തനങ്ങളിൽ സജീവമാകും. അറിവും അനുഭവശേഷിയും ചുറ്റുമുള്ള ആളുകളെ ആകർഷിക്കും. സ്വഭാവനൈർമല്യം കാരണം
പ്രണയ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാനാകും. ജോലിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഫലപ്രദമായി
നിറവേറ്റാൻ കഴിയും. ഓം ഹം ഹനുമതേ നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
രോഗപ്രതിരോധശേഷി കുറയാം, അതിനാൽ രോഗം വരുന്നതിന് മുമ്പ് ആവശ്യമായ മുൻകരുതൽ എടുക്കുക.
സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് മികച്ച അവസരങ്ങൾ ലഭിക്കും. കുടുംബ ജീവിതത്തിൽ ഐക്യവും ശാന്തിയും കൊണ്ടുവരുന്നതിന് ജീവിത പങ്കാളി ഏറെ സഹായിക്കും. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ജോലിയിൽ വിജയം വരിക്കും. അഭൂതപൂർവമായ ചില വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അഭിമുഖീകരിച്ച് പുരോഗതി കൈവരിക്കാനും സാധിക്കും. വിദ്യാർത്ഥികൾക്ക് സമയം നല്ലതാണ്. ഓം നമോ നാരായണായ നിത്യവും ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സാമ്പത്തിക പുരോഗതി ഉണ്ടാകും. വീട്ടിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കും. ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് മറ്റ് കുടുംബാംഗങ്ങളുടെ അഭിപ്രായങ്ങൾ ശരിക്കും അറിയുക. വിലപിടിപ്പുള്ള ചില ഗാർഹികോപകരണങ്ങൾ
വാങ്ങും. വിമർശനങ്ങൾക്ക് ഇരയാകാം. ജോലിയിൽ ഉയർച്ചയുണ്ടാകും. നിയമക്കുരുക്ക് ഒഴിവാക്കാൻ കഴിയും.
ജോലിയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തങ്ങളുടെ ഭാരം വർദ്ധിക്കും. പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിയും.
ഓം ദും ദുർഗ്ഗായ നമഃ ദിവസവും 108 തവണ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2)
കടം കൊടുത്ത പണം തിരിച്ചു നേടാൻ കഴിയും. പുതിയ സംരംഭവുമായി ബന്ധപ്പെട്ട് പ്രതീക്ഷിച്ചതിലും ലാഭം സമ്പാദിക്കാൻ സാധ്യതയുണ്ട്. രഹസ്യങ്ങൾ പുറത്താകും. ജീവിതപങ്കാളിയുമായി വഴക്കിടുന്നത് ഒഴിവാക്കണം.
ചെറിയആരോഗ്യ പ്രശ്നങ്ങൾ വരുകയും പോകുകയും ചെയ്യും. കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് മൂലം ജോലിഭാരം വർദ്ധിക്കും. തെറ്റിദ്ധാരണകൾ തിരുത്താൻ ശ്രമിക്കും. വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക.
ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ആരോഗ്യകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമാകും. ഏതെങ്കിലും പഴയ നിക്ഷേപത്തിൽ നിന്ന് കൂടുതൽ വരുമാനം ലഭിക്കും. വായ്പാ ഗഡു തിരിച്ചടയ്ക്കാൻ കഴിയും. സമൂഹത്തിൽ
നിലയും വിലയും കൂടും. വിശിഷ്ടാതിഥികളുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയും. ജോലിസ്ഥലത്തെ സമ്മർദ്ദം മൂലം ജീവിതപങ്കാളിയ്ക്ക് വേണ്ടത്ര സമയം നൽകാൻ കഴിയില്ല. നിത്യവും ഓം നമോ നാരായണായ ജപിക്കുക.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ആരോഗ്യം മെച്ചമാക്കാൻ സാധ്യമായതെല്ലാം ചെയ്യും. ചുറ്റുമുള്ള ആളുകൾക്ക് പ്രോത്സാഹനം നൽകും. കഠിനാദ്ധ്വാനവും അർപ്പണബോധവും വഴി കൂടുതൽ പണം സമ്പാദിക്കാൻ കഴിയും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നു കിട്ടും. സഹോദരങ്ങളുമായുള്ള നിരന്തരമായ തർക്കങ്ങൾ മൂലം മാനസിക സമ്മർദ്ദം
വർദ്ധിക്കും. കർമ്മരംഗത്ത് മുന്നോട്ട് പോകാൻ നിരവധി അവസരങ്ങൾ ലഭിക്കും. വിവാഹം നിശ്ചയിക്കും.
ഓം ക്ലീം കൃഷ്ണായ നമഃ നിത്യവും 108 ഉരു ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2024 Neramonline.com. All rights reserved

error: Content is protected !!