ശ്രീ വെങ്കടേശ്വരന് ശനിയാഴ്ചകൾ വിശേഷമായതിൻ്റെ രഹസ്യം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
മംഗള ഗൗരി
തിരുപ്പതി ശ്രീ വെങ്കടാചലപതിയെ ഭജിക്കാൻ ശനിയാഴ്ചകൾ സുപ്രധാനമായതിന് പിന്നിൽ ഒരു കഥയുണ്ട്. തൻ്റെ ഭക്തനെ ശനിദോഷങ്ങളിൽ നിന്ന് രക്ഷിക്കാൻ വെങ്കടേശ്വരൻ ശനിയെ കീഴടക്കിയ കഥ.
ഭക്തനെ രക്ഷിച്ച ഐതിഹ്യം
മഹാവിഷ്ണുവിന്റെ അംശമായ തിരുപ്പതി ശ്രീബലാജി തികഞ്ഞ ആശ്രിത വത്സലനാണ്. ഭക്തരെ എന്ത് വിലകൊടുത്തും സംരക്ഷിക്കുന്ന, വേണ്ടതെല്ലാം സമ്മാനിച്ച് അനുഗ്രഹിക്കുന്ന ദേവൻ. ഒരിക്കൽ ഒരു വെങ്കടാചലപതി ഭക്തനെ ദുസ്സഹമായ ദുരിതങ്ങൾ
നൽകി ശനി അതികഠിനമായി പരീക്ഷിച്ചു. ഏഴര ശനി കാലത്ത് നിരന്തരം ഉപദ്രവങ്ങൾ നേരിട്ടും അയാളുടെ വെങ്കടേശ ഭക്തിക്ക് ഒട്ടുമേ ഇളക്കമുണ്ടായില്ല. ശനി ഉപദ്രവങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. ഒടുവിൽ
ഭക്തൻ്റെ ദുരിതങ്ങൾ കണ്ട് സഹികെട്ട് വെങ്കടേശ്വര ഭഗവാൻ നേരിട്ട് തന്നെ ഏറ്റുമുട്ടി ശനിയെ കീഴടക്കി.
യുദ്ധത്തിനൊടുവിൽ ഗത്യന്തരമില്ലാതെ വന്നപ്പോൾ, താൻ ഇനി ഒരു കാരണവശാലും തിരുപ്പതി ദേവൻ്റെ ഭക്തരെ ഉപദ്രവിക്കില്ല എന്ന് സത്യം ചെയ്യാൻ ശനൈശ്ചരൻ നിർബ്ബന്ധിതനായി. അന്നുമുതൽ ആത്മാർത്ഥമായി ശ്രീ വെങ്കടേശ്വരനെ ഭജിക്കുന്നവരെല്ലാം. ശനി ദോഷങ്ങളിൽ നിന്നും മുക്തി നേടി. ഇതേത്തുടർന്ന് അനേകായിരം ഭക്തർ ശനിയാഴ്ചകളിൽ പ്രത്യേകിച്ച് മാസന്തോറും ആദ്യത്തെ ശനിയാഴ്ചയും പൂരുരുട്ടാശി മാസം ( ശ്രാവണം – കർക്കടകം / ചിങ്ങം)
മുഴുവനും വ്രതവും പൂജകളും വഴിപാടും അനുഷ്ഠിച്ച് തുടങ്ങി. സസ്യേതര ഭക്ഷണം ഉപേക്ഷിച്ച് അല്ലെങ്കിൽ ഉപവാസത്തോടെ ശനിയാഴ്ച വ്രതം അനുഷ്ഠിച്ച് ശനിയെയും ശ്രീ വെങ്കടേശ്വനെയും ഭജിച്ചാൽ ശനി ദോഷങ്ങളിൽ നിന്നും ഉറപ്പായും രക്ഷപ്പെടാം എന്നവർ അനുഭവസാക്ഷ്യം പറയുന്നു.
ശ്രീവെങ്കടേശ്വര ഉപാസനാ ഫലങ്ങൾ
- ശനിദോഷം ശമിപ്പിക്കും. ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം ഇവ അനുഭവിക്കുന്നവർ തിരുപ്പതി ദേവനെ ഭജിച്ചാൽ ദുരിത ശാന്തി ലഭിക്കും.
- സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും ആരോഗ്യത്തിനും തിരുപ്പതി ബാലാജി ഉപാസന ഉത്തമമാണ്.
- അനേകം പുണ്യസ്ഥലങ്ങളില്‍ യാഗങ്ങളും തപസ്സും ദാനധര്‍മാദികളും അനുഷ്ഠിച്ചാൽ ലഭിക്കുന്നത്ര ഫലം തിരുപ്പതി ദർശനത്തിൽ ലഭിക്കും.
- നാഗദോഷങ്ങളെല്ലാം തീർക്കുന്ന തിരുപ്പതി ദേവ ഉപാസന രാഹു–കേതു ദോഷനിവാരണത്തിനും ഉത്തമത്രേ.
- ഭഗവാൻ പ്രസാദിച്ചാൽ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും.
- വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍ തിരുപ്പതി ഭഗവാനെ ദർശിച്ചാൽ ജന്മാന്തര പാപങ്ങളടക്കം സകല പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കും. മരണാന്തരം മോക്ഷപ്രാപ്തിയും ലഭിക്കും.
- കലിയുഗദുരിതങ്ങളിൽ നിന്നുള്ള മോക്ഷപ്രാപ്തിക്ക് ഉത്തമമാർഗ്ഗമാണ് തിരുപ്പതിദർശനം.
- ശനിയാഴ്ചകളിൽ നെയ് വിളക്ക് കത്തിച്ച് വച്ച് വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ശനി ദോഷങ്ങൾക്ക് മികച്ചൊരു പരിഹാരമാണ്.
വഴിപാടുകൾ
1) തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തലമുണ്ഡനം ചെയ്യല്‍. “ഞാനെന്ന ഭാവം ഇല്ലാതാക്കുക ” എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തലമുണ്ഡനം ചെയ്ത് കുളിച്ച ശേഷമാണ് തിരുപ്പതി ഗോവിന്ദ ദര്‍ശനം നടത്തേണ്ടത്.
2) കാണിക്കയർപ്പിക്കൽ മറ്റൊരു പ്രധാന വഴിപാടാണ്. വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി വേണം കാണിക്കയർപ്പിക്കാൻ . ആ തുക മുഴുവനും കുബേരന് പലിശ കൊടുക്കുവാനുള്ള സഹായമാണെന്നാണ് വിശ്വാസം. എത്ര തിരക്കുണ്ടെങ്കിലും കിഴി കയ്യിലുണ്ടെങ്കിൽ നമ്മൾ അറിയാതെ തന്നെ വേഗത്തിൽ ഭഗവാൻ ദർശനം സാധ്യമാക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
3) ശ്രീവെങ്കടേശ്വര മഹാമന്ത്ര പൂജ നടത്തുന്നത് തൊഴിൽതടസ്സം, തൊഴിലില്ലായ്മ, വിവാഹതടസ്സം, ദാമ്പത്യദുരിതം എന്നിവയ്ക്ക് പരിഹാരമാണ്.
എനിക്ക് ദർശനം തന്നു
തിരുപ്പതിഭഗവാനെ ദർശിച്ചിട്ട് ‘എനിക്ക് ദർശനം കിട്ടി’ എന്ന് ഒരിക്കലും പറയരുത് ‘എനിക്ക് ദർശനം തന്നു’ എന്നേ പറയാവൂ. തിരുപ്പതി ഭഗവാനെ ഭജിക്കുന്നവർ നിരന്തരം “ഓം നമോ വെങ്കടേശായ” എന്ന് ജപിക്കണം. ക്ഷിപ്രഫലസിദ്ധി നൽകുന്ന അതിശക്തമായ മന്ത്രമാണിത്. വെങ്കടേശ്വര ഗായത്രി ജപവും ഉത്തമം. നിരഞ്ജനായ വിദ്മഹേ നിരപാശായ ധീമഹേ തന്വേ ശ്രീനിവാസപ്രചോദയാത് എന്നാണ് വെങ്കിടേശ്വര ഗായത്രി.
41 ദിവസത്തിനുള്ളിൽ ഫലം
ശ്രീവെങ്കടേശ്വര രൂപം മനസ്സിൽ ധ്യാനിച്ച് ഭഗവാൻ്റെ അഷ്ടോത്തര ശതനാമാവലി നിത്യവും ജപിച്ചാൽ ശനിദോഷങ്ങൾ ശമിക്കും. ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നിവയിൽ നിന്നും ശാന്തി കിട്ടും. സാമ്പത്തികമായ അഭിവൃദ്ധി, ദുരിത ദുഃഖമോചനം, മംഗല്യ ഭാഗ്യം ലഭിക്കും. ദുരിതങ്ങളകന്ന്
41 ദിവസത്തിനുള്ളിൽ ഭക്തരുടെ ആഗ്രഹങ്ങള്‍ സഫലമാകും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ
വെങ്കടേശ്വര ഗായത്രിയും ധ്യാനവും ഉൾപ്പെടെ ജപിച്ച ശ്രീ വെങ്കടേശ്വര അഷ്ടോത്തര ശതനാമാവലി കേൾക്കാം:
Story Summary : Saturday is considered a special day for Lord Venkateswara, due to his association with Lord Shani (Saturn) and the belief that worship on this day can bring prosperity, God’s blessings, relief from karmic debts and can help mitigate the negative effects of Shani’s influence in one’s life.
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved