Thursday, 21 Nov 2024
AstroG.in

അടിവയറിലെ കൊഴുപ്പു കുറയ്ക്കാം

ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും ഒരു പോലെയുണ്ടെങ്കിലെ നമുക്ക്  ആയുരാരോഗ്യ സൗഖ്യമുണ്ടാകൂ. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മത്സരവും സമ്മര്‍ദ്ദവും നിറഞ്ഞ ആധുനിക കാലത്ത്  വര്‍ദ്ധിച്ചുവരുന്ന മാനസിക പിരുമുറക്കം ഒഴിവാക്കാനും രോഗമുക്തി നേടുവാനും യോഗ ഉത്തമ മാര്‍ഗ്ഗമാണ്.  ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുകയാണ് യോഗയുടെ പ്രധാനലക്ഷ്യം. കൂടാതെ ശരീരത്തിനുള്ളിലും പുറത്തുമുള്ള സകല അവയവങ്ങള്‍ക്കും ഇന്ദ്രിയങ്ങള്‍ക്കും സന്ധികള്‍ക്കും ക്രമമായ വ്യായാമം നല്‍കി അവയുടെ കഴിവുകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ ശരീരത്തെ പ്രാപ്തമാക്കാനും യോഗ സഹായിക്കുന്നു. യോഗയിൽ വിവിധ അഭ്യാസമുറകളുണ്ട്.  ഇവ ഒരോന്നിനും ഒരോ ലക്ഷ്യമുണ്ട്.

അതിലൊന്നാണ് വ്യാഘ്രാസനം.അടിവയറിലെ കൊഴുപ്പു കുറയ്ക്കാനുള്ളതാണ് ഇത്.   ഇരു കാലുകളും പുറകോട്ടു മടക്കിവച്ച് പൃഷ്ഠഭാഗം ഇരുകാലുകളുടെയും ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം ഇരിക്കുകയാണ്  വ്യാഘ്രാസനത്തിൽ ആദ്യം ചെയ്യേണ്ടത്.അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടു കയറ്റി കാൽമുട്ടുകൾക്കു മുന്നിൽ തറയിൽ ഉറപ്പിച്ചു കുത്തുക. പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ നിന്ന് ഉയർത്തുകയും വേണം. പൂച്ച നാലുകാലിൽ നിൽക്കുന്നതു പോലായിരിക്കും ഇപ്പോഴത്തെ അവസ്ഥ. 

ഇങ്ങനെ നിൽക്കുമ്പോൾ കാൽമുട്ടുകൾ തമ്മിലുള്ള അകലവും കൈപ്പത്തികൾ തമ്മിലുള്ള അകലവും തുല്യമായിരിക്കണം. ഇനി സാവധാനം ശ്വാസം എടുത്തുകൊണ്ട് നടു താഴ്ത്തി തല മേൽപ്പോട്ടുയർത്തുക. അതോടൊപ്പം വലതുകാലും കഴിയുന്നത്ര പുറകോട്ടു നീട്ടി മുകളിലേക്കുയർത്തുക. തുടർന്ന് ശ്വാസം വിട്ടുകൊണ്ട് നടു മുകളിലേക്കുയർത്തി തല അടിയിലേക്കു താഴ്ത്തി വലതുകാൽ മടക്കി ആ കാലിന്റെ മുട്ട് മുന്നോട്ട‍ു കൊണ്ടു വന്ന് നെറ്റിയിൽ മുട്ടിക്കുക. വീണ്ടും ശ്വാസമെടുത്തുകൊണ്ട് നടു താഴ്ത്തി തല മുകളിലേക്കുയർത്തി അതോടൊപ്പം വലതുകാലും മുകളിലേക്കുയർത്തുക. ഇതുപോലെ അഞ്ചോ ആറോ തവണ  ആവർത്തിക്കണം. ഇങ്ങനെ ഇടത്തെ കാലുയർത്തിയും ചെയ്യേണ്ടതാണ്. 

ഇത് സ്ത്രീകളുടെ ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടികൾക്കും  വ്യാഘ്രാസനം പരിഹാരമാണ്. കഴുത്തിനും തോളുകൾക്കും നട്ടെല്ലിനും ശരിയായ പ്രവർത്തനം കിട്ടുന്നു. അടിവയറിന്റെ കൊഴുപ്പു കുറഞ്ഞു ക‍ിട്ടുന്നു. കഴുത്തിന്റെ പുറകിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഇത് ശരീരത്തിന് ഉന്മേഷവും ഊർജസ്വലതയും നൽകും.

സമൂഹത്തിൽ ഇന്ന് ഏറ്റവും  കച്ചവട സാധ്യതയുള്ള യോഗ, ആയുർവേദത്തിനെയും ജ്യോതിഷത്തിന്റെയും കവചത്തിൽ പൊതിഞ്ഞ് ചിലർ വിൽക്കുന്നുണ്ട്. അതിനാൽ പരസ്യവാചകങ്ങൾ മാത്രം വിശ്വസിച്ച് യോഗയിൽ എടുത്ത് ചാടിയാൽവീഴുന്നത് ചതിക്കുഴിയിലേക്കാവും എന്ന ബോധത്തോടെ ശാസ്ത്രീയമായ അറിവുള്ളവരിൽ നിന്ന് മാത്രം ഉപദേശം സ്വീകരിച്ച് കൃത്യമായി യോഗ പരിശീലിച്ച് ആരോഗ്യമുള്ളവരും ശാന്തമായ നല്ല  മനസ്സിന്റെ ഉടമകളും ആയിത്തീരുക. നമ്മുടെ ശരീരവും മനസ്സും നമ്മളേക്കാൾ നന്നായി മനസ്സിലാക്കാൻ മറ്റാർക്കും കഴിയില്ല എന്ന്  ഓർമ്മിപ്പിച്ച് കൊണ്ട് യോഗ ദിനാശംസകൾ. ( ജൂൺ 21 അന്താരാഷ്ട്ര യോഗദിനം)

വിവരങ്ങൾക്ക് കടപ്പാട്: 

യോഗാചാര്യൻ എ.കെ. പ്രേമചന്ദ്രൻ നായർ

– പി.എം. ബിനുകുമാർ

Mobile#: +91 9447694053

error: Content is protected !!