Thursday, 9 May 2024
AstroG.in

ആഴിമലയിൽ ഗംഗാധരേശ്വരൻ മിഴി തുറന്നു

പി.എം.ബിനുകുമാർ

ഓം നമ : ശിവായ

ഒരു ദേശത്തിനു തന്നെ അഭിമാനമായി കേരളത്തിലെ ഏറ്റവും വലിയ ശിവരൂപം ഗംഗാധരേശ്വരൻ തിരുവനന്തപുരം പൂവാറിനടുത്ത് ആഴിമല ശിവക്ഷേത്ര സന്നിധിയിൽ മിഴി തുറന്നു. ആഴിമല കടൽത്തീരത്ത് അലയടിച്ചുയരുന്ന തിരമാലകൾക്ക് പിന്നിലായാണ് ഒരു ദേശത്തിന് രക്ഷയേകി ഗംഗാധരേശ്വര ഭാവത്തിലുള്ള ശിവരൂപം സാക്ഷാത്കരിച്ചത്. കടലിന് അഭിമുഖമായി 58 അടി ഉയരമുള്ള ഈ ശില്പം അക്ഷരാർത്ഥത്തിൽ ഒരു ദൃശ്യവിസ്മയം തീർക്കുന്നു. ഭഗവാന്റെ അഴിഞ്ഞുലഞ്ഞ ജടയിൽ നിന്നും ഗംഗദേവി ഭൂമിയിലേക്ക് ഒഴുകിയിറങ്ങുന്ന സങ്കല്പത്തിലാണ് 28 വയസ് മാത്രമുള്ള ശില്പി ദേവദത്തൻ ഈ ശില്പം സാക്ഷാത്കരിച്ചിരിക്കുന്നത്. ക്ഷേത്ര മേൽശാന്തി ജ്യോതിഷ് പോറ്റിയാണ് ഈ ആശയം ആഴിമല ക്ഷേത്രം ട്രസ്റ്റിന് സമ്മാനിച്ചത്. അവർ ചുമതലപ്പെടുത്തിയ ദൗത്യം ഒരു തപസാക്കി മാറ്റി ആറു വർഷം കൊണ്ട് ദേവദത്തൻ യാഥാർത്ഥ്യമാക്കി. കാറ്റിന്റെ ഗതിവിഗതികൾ മനസിലാക്കി ഒരു പോറൽ പോലും ഏൽക്കാത്ത തരത്തിലാണ് ദേവദത്തൻ ഈ ശില്പം പൂർത്തിയാക്കിയത്.

ഇവിടെ പാറപ്പുറത്തിരിക്കുന്ന ഭഗവാന്റെ ഒരു കൈയിൽ ആകാശത്തേക്ക് ഉയരുന്ന ത്രിശൂലം. ആ ത്രിശൂലത്തെ ചുറ്റിവളഞ്ഞ് ഭഗവാന്റെ കണ്ഠാഭരണമായ നാഗരാജാവ് വാസുകി. മറ്റൊരു കൈ അഴിച്ച് വിതറിയ ജഡയിൽ പിടിച്ചിരിക്കുന്നു. വലതു കൈകളിലൊന്നിൽ ഉടുക്ക് . മറുകൈ തുടയിൽ വിശ്രമിക്കുന്നു. കപാലങ്ങൾ കോർത്ത മാലയും രുദ്രാക്ഷവും ആഭരണങ്ങൾ . തെല്ലുയർത്തിയ രൗദ്രമായ മുഖം. ഇങ്ങനെയാണ് ഗംഗാധരേശ്വരൻ ഇവിടെ കുടികൊള്ളുന്നത്.

58 അടി ഉയരമുള്ള ഈ ശില്പം പുളിങ്കുടി ആഴിമല ശിവക്ഷേത്രം ട്രസ്റ്റ് ലോകത്തിനും ശിവ ഭക്തർക്കും നൽകിയ അമൂല്യമായ സംഭാവനയാണ്. കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ശിവരൂപമാണിത്. ആഴിമല ശിവക്ഷേത്രത്തിനും കടൽത്തീരത്തിനും ഇടക്ക് ആണ് ഈ കൂറ്റൻ ശില്പം നിലകൊള്ളുന്നത്. അഞ്ചു കോടിയോളം രൂപയാണ് ട്രസ്റ്റ് ഇതിന് ചെലവാക്കിയത്.

ശില്പകലയിൽ ബിരുദധാരിയായ ദേവദത്തനും സംഘവും 2014 ലാണ് അതിമനോഹരമായ ഈ ശില്പനിർമ്മാണം ആരംഭിച്ചത്. തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിൽ നിന്നാണ് ആഴിമല നിവാസി കൂടിയായ ദേവദത്തൻ ബിരുദമെടുത്തത്. ആദ്യം ഭഗവാന്റെ ചിത്രമാണ് ദേവദത്തൻ കംപ്യൂട്ടറിൽ വരച്ചത്.
അതു കണ്ടപ്പോൾ ക്ഷേത്ര മേൽശാന്തി ജ്യോതിഷ് പോറ്റി ഗംഗാധരേശ്വര സങ്കല്‌പം വർണ്ണിച്ചു കേൾപ്പിച്ചു. അത് ദേവദത്തൻ പൂർണ്ണമനസോടെ ഹൃദയത്തിൽ ആവാഹിച്ചു. അങ്ങനെ ഇപ്പോൾ സാക്ഷാത്കരിച്ച ശില്പത്തിന്റെ രൂപം സിസ്റ്റത്തിൽ വരച്ചു. ശില്പ നിർമ്മാണം ആരംഭിച്ച ശേഷം ഊണും ഉറക്കവുമൊന്നും ദേവദത്തന് പ്രശ്‌നമായില്ല. പല രാത്രികളിലും ഉറങ്ങാതെ ജോലി
ചെയ്തു. ശില്പം പൂർത്തിയാക്കാൻ ആറുവർഷത്തോളം വേണ്ടി വന്നതിന് കാരണം സാമ്പത്തികവും, കാലാവസ്ഥയും മറ്റുമാണെന്ന് ദേവദത്തൻ പറയുന്നു.

” ഭഗവാൻ ജടയിൽ നിന്ന് ഗംഗയെ ഭൂമിയിലേക്ക് അഴിച്ചുവിടുന്ന ഭാവമാണ് ഗംഗാധരേശ്വര സങ്കല്പം.” മേൽശാന്തി ജ്യോതിഷ് പോറ്റി പറഞ്ഞു. “ജലമായാണ് ഭഗവാൻ ഭൂമിയിലേക്ക് ഗംഗയെ പ്രവഹിപ്പിക്കുന്നത്. ജലം സമൃദ്ധിയാണ്. എല്ലാ ഐശ്വര്യത്തിനും ആധാരം ജലമാണ്. ജലസമൃദ്ധമായ ഈ ദേശത്തിന്റെ പ്രത്യേകത കാരണം ഭഗവാന്റെ ഗംഗാധരേശ്വര ഭാവമാണ് ശിവ രൂപത്തിന് ഏറ്റവും ഉത്തമമെന്ന് എനിക്ക് തോന്നി. അങ്ങനെ വലിയൊരു കൂട്ടായ്മയുടെ സാക്ഷാത്കാരമാണ് ഈ സംരംഭം .” അദ്ദേഹം പറഞ്ഞു.

ധ്യാനമണ്ഡപത്തിന്റെ പണി നടക്കുന്നതേയുള്ളു. ആറു മാസത്തിനകം പണി പൂർത്തിയാകും. ഗംഗാധരേശ്വര ശില്പത്തിനു താഴെയാണ് ധ്യാനമണ്ഡപം. 3500 ചതുരശ്ര അടിയാണ് വലിപ്പം. ഭഗവാന്റെ ശില്പത്തിന്റെ ഒരു വശത്ത് ചെറിയ ഗുഹയുണ്ട്. ഇതിലൂടെ 27 പടികെട്ടുകൾ കയറി ഇറങ്ങുമ്പോഴാണ് ധ്യാനമണ്ഡപം. വാസ്തുകലകൾ നിറഞ്ഞ മനോഹരമായ തട്ടിൻപുറങ്ങളും ചാരുതനിറഞ്ഞ ശില്പങ്ങൾ കൊണ്ടലങ്കരിച്ച ചുവരുകളും ഭഗവാന്റെ അർദ്ധനാരീശ്വര രൂപവും ആഴിമല ക്ഷേത്രത്തിന്റെ ചരിത്രം ആലേഖനം ചെയ്ത ചുവരുകളും ധ്യാനമണ്ഡപത്തിന്റെ പ്രത്യേകതയാണ്. ശിവന്റെ ശയന രൂപത്തിലുള്ള ശില്പവും ധ്യാനമണ്ഡപത്തിലുണ്ട്. അപൂർവങ്ങളിൽ അപൂർവമാണ് ശിവന്റെ ശയനരൂപ ശില്പം. ധ്യാനമണ്ഡപം മുതൽ ശിവരൂപം വരെ 78 അടി ഉയരമുണ്ട്. മുന്നൂറ് പേർക്ക് ഒരേസമയം ധ്യാനത്തിനിരിക്കുവാൻ പറ്റുന്ന വിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

അതിമനോഹരമായ ഈ ശിവക്ഷേത്രം തിരുവനന്തപുരം പൂവാർ വഴിയിലാണ്. ആഴിമല ബസ്‌റ്റോപ്പിൽ നിന്ന് നൂറുമീറ്റർ ദൂരമേയുള്ളു ക്ഷേത്രത്തിലേക്ക്. തിരുവനന്തപുരത്തു നിന്നുള്ള ദൂരം 20 കിലോമീറ്റർ മാത്രമാണ്.

ഓം നമ : ശിവായ.

പി.എം.ബിനുകുമാർ
+91 9447694053

error: Content is protected !!