Monday, 20 May 2024
AstroG.in

21 ദിവസം കരിങ്കാളി മന്ത്രം ജപിച്ചു നോക്കൂ, എന്തും ചെയ്യാം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
എല്ലാവരുടെയും പ്രശ്നമാണ് ഭയം. എന്ത് കാര്യത്തിൽ നിന്നും പിന്നോട്ടു വലിക്കുന്ന ഏറ്റവും മോശപ്പെട്ട വികാരങ്ങളിൽ ഒന്നാണ് ഇത്. ഭയം ബാധിക്കുന്ന മനസിന് നല്ല കാര്യങ്ങളൊന്നും ചെയ്യാൻ കഴിയില്ല. ഭയന്ന് മാറി നിൽക്കും. അങ്ങനെ നിഷ്ക്രിയരായി ജീവിതത്തിൽ തിരിച്ചടികൾ നേരിടുന്നവരാണ് ഏറെയും. ദുർചിന്തകൾ ശക്തമാകുന്നതിനെ തുടർന്നാണ് ഭയം മനസിനെ ഗ്രസിക്കുന്നത്. അകാരണമായ ഭയം ആശങ്കയിൽ തുടങ്ങി ഉത്കണ്ഠയും ആധിയും വ്യാധിയുമായി മാറും. ഈ ദുർവികാരം മനുഷ്യരുടെ ശുഭാപ്തി വിശ്വാസമെല്ലാം കെടുത്തിക്കളയും.

ഇതിൽ നിന്നും മുക്തി നേടുന്നിത് ഒരു മാർഗ്ഗമേയുള്ളു. ശുഭചിന്തകൾ ശക്തമാക്കി മനോധൈര്യം വർദ്ധിപ്പിക്കുക. അതിനുള്ള ഏറ്റവും ഫലമായ അനുഷ്ഠാനപരമായ മാഗ്ഗമാണ് ഭദ്രകാളീ ഉപാസന. സാധുക്കളുടെ ഹൃദയ കമലത്തിൽ വസിച്ച് അവരുടെ ഭയപ്പാടുകൾ എല്ലാം നശിപ്പിക്കുന്ന ഭദ്രകാളീ ഭഗവതിയെ കരിങ്കാളി ഭാവത്തിൽ ആരാധിച്ചാൽ എല്ലാ രീതിയിലുമുള്ള ഭയാശങ്കകളും നമ്മെ വിട്ടു പോകും. അനേകമനേകം ആളുകളുടെ പ്രത്യക്ഷാനുഭവമാണിത്. ഭയമകലുക മാത്രമല്ല സകല ശത്രുദോഷങ്ങളും കരിങ്കാളി ഉപാസനയിലൂടെ ശമിക്കും.

കരിങ്കാളി മന്ത്രം
ഖഡ്ഗം കപാലം ത്രിശിഖം ത്രിനേത്രം
വജ്രം ദധാനാം ധൃത ഭീമദംഷ്ട്രാം
അനേക ശത്രോർ ഹൃദയംഖനന്തീ
കൃഷ്‌ണേന കാളീം സതതം ഭജാമി

വാളും തലയോടും ത്രിശൂലവുമേന്തിയ, മൂന്ന് നേത്രങ്ങളുള്ള, ഭയപ്പെടുത്തുന്ന ദംഷ്ട്രകളുള്ള, എണ്ണമറ്റ ശത്രുക്കളെ നശിപ്പിക്കുന്ന, കൃഷ്ണ വർണ്ണയായ രൂപത്തിൽ കാളീ ഭഗവതിയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് അനുസ്യൂതം ഭജിക്കുക – എല്ലാ ഭയപ്പാടുകളും അകന്നു പോകുക തന്നെ ചെയ്യും. കാളീ ഭഗവതിക്ക് സുപ്രധാനമായ ഭരണി നക്ഷത്രം, അമാവാസി തിഥി, ചൊവ്വാഴ്ച ദിവസം തുടങ്ങിയവ കാളീ ഉപാസനയ്ക്ക് അതിവിശേഷമാണ്. ഇതിൽ ഏതെങ്കിലും ദിവസം ഉപാസന തുടങ്ങാം. എല്ലാ ദിവസവും സന്ധ്യയ്ക്ക് ജപിക്കുക. നിത്യവും 3 പ്രാവശ്യമെങ്കിലും ജപിക്കണം . കുറഞ്ഞത് 21,36 തുടങ്ങിയ ദിനങ്ങളിൽ തുടർച്ചയായി ജപിക്കുക. നിത്യവും ജപിക്കുവാൻ കഴിയുമെങ്കിൽ കൂടുതൽ നല്ലത്. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണിനക്ഷത്ര ദിവസം ഭദ്രകാളീ ഉപാസന ഏറെ പ്രധാനമാണ്. ഈ ദിവസങ്ങളിലെ കാളീ ഉപാസനയ്ക്ക് വിശേഷഫലം അതി വേഗം ലഭിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു.

കറുത്ത നിറമുള്ളവൾ എന്നാണ് കാളിയെ പറയുന്നത് എങ്കിലും കറുപ്പും നീലയും കലർന്ന നിറമുള്ളവളായാണ് കാളിയുടെ യഥാർത്ഥ രൂപ സങ്കല്പം. കാളീ മേഘസമപ്രഭാം എന്നാണ് കാളിയുടെ ധ്യാനം ആരംഭിക്കുന്നതെന്ന് ഓർമ്മിക്കുക. ഭദ്ര എന്ന പദം ഭഗവതിയുടെ വിശേഷണമായി ചാർത്തപ്പെടുമ്പോൾ എല്ലാ മംഗളങ്ങളും പ്രദാനം ചെയ്യുന്ന ദേവിയായി കാളിയെ വാഴ്ത്തുകയാണ്. മറ്റു സ്ഥലങ്ങളിലെല്ലാം ഘോരഭാവത്തിൽ കാളിയെ വാഴ്ത്തുമ്പോൾ കേരളീയർക്ക് കാളി ഭദ്രയാണ്. മംഗള വരദായിനിയാണ്. അഭദ്രങ്ങൾ അകറ്റി കാത്തു രക്ഷിക്കുന്ന അമ്മയാണ്. കപലിനി എന്ന് അമ്മയെ ഭജിക്കുന്നത് തലയോട് കൈയിൽ ധരിക്കുന്നതിനാൽ ആണ്. ദാരുകനെ നിഗ്രഹിച്ച ഭഗവതി അവന്റെ തലയോടാന് കൈയിൽ. ഏന്തുന്നത് ഭദ്രകാളിയുടെ
ധ്യാനസങ്കല്പങ്ങളിലെല്ലാം ദേവി കപാലധാരിണി ആണ്.

കരിങ്കാളി മന്ത്രം പോലെ ഭയം മാറുന്നതിന് ഉത്തമമാണ്
ഭദ്രകാളി ഗായത്രി ജപം. നിത്യേന രാവിലെയും
വൈകിട്ടും 56 തവണ വീതം ചൊല്ലുക. ഭയപ്പാടുകൾ മാറുന്നതിനും ടെൻഷനും അകലുന്നതിനും ശാന്തിയും സമാധാനവും ഉണ്ടാകുന്നതിനും ഉറക്കത്തിൽ ദുസ്വപ്നങ്ങൾ കാണാതിരിക്കുന്നതിനും അത്യുത്തമം.

ഭദ്രകാളി ഗായത്രി
ഓം രുദ്ര സുതായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്നോ: കാളി പ്രചോദയാത്

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

error: Content is protected !!